അതെ സല്‍സമുക്ക് . കാലടി കണ്ടനകം റോഡില്‍ കാടുമൂടികിടക്കുന്ന പഴയ കല്ലുവെട്ടുംമടയുടെ അടുത്തുള്ള ആ വളവിനു കുറച്ചുകാലംമുന്നെ വരെ പേരൊന്നും ഉണ്ടായിരുന്നില്ല. ഓരോ സ്ഥലത്തിനും ആ പേരുവരുന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണല്ലോ? പക്ഷെ , ഇവിടെ സംഭവിച്ചത് വേറെ ചിലതാണ് .

കഞ്ചന്‍ കുട്ടനാണു അതിന്‍റെ ആദ്യത്തെ ഇര.അന്ന് കണ്ടനകം ബീവറെജില്‍ നിന്നും രണ്ടു കുപ്പി സല്‍സ വാങ്ങി വരുന്ന വഴി, കഞ്ചന്‍റെ സൈക്കിള്‍ ആ വളവില്‍ വെച്ച് മറിഞ്ഞു, സല്‍സ പൊട്ടി. അന്ന് കാലടിയില്‍ കഞ്ചനു കിട്ടിയത് സല്‍സ കാത്തിരുന്ന സില്‍ബന്തികളുടെ സ്വീകരണമായിരുന്നു. കുപ്പി പൊട്ടിക്കാനിരുന്നവര്‍ കഞ്ചനെ പൊട്ടിച്ചു. പക്ഷെ കുറ്റം കഞ്ചന്‍റെയായിരുന്നില്ല, അതിനുശേഷവും അവിടെ വെച്ച് സല്‍സകുപ്പികള്‍ ഒന്നൊന്നായി പൊട്ടാന്‍ തുടങ്ങി. കാറില് വന്നാലും, നടന്നു വന്നാലും, ഓട്ടോല് വന്നാലും, ഇനി ഓടിവന്നാലും രക്ഷയില്ല, അവിടെയെത്തിയാല്‍ സല്‍സകുപ്പി പൊട്ടി സല്‍സ സല്‍സടെ പാട്ടിനു പോയിരിക്കും. അതില്‍പിന്നെ കണ്ടനകം ബീവറെജില്‍ നിന്നും സല്‍സവാങ്ങി, ആ സല്‍സയോടുകൂടി കാലടി സെന്‍റെറില്‍ എത്തിയിട്ടില്ല.


യുവകുടിയന്മാര്‍ മുതല്‍ റിട്ടയേര്‍ഡ് കുടിയന്മാര്‍ വരെ അതിനു ശ്രമിച്ചു, പക്ഷെ നടന്നില്ല. എത്ര മുറുക്കി പിടിച്ചാലും അവിടെ വെച്ച് കുപ്പി നിലത്തു വീഴും, ഇനി വല്ല വണ്ടിയിലാണ് വരുന്നതെങ്കിലോ, വണ്ടിയിടിക്കും, കുപ്പിപൊട്ടും. അങ്ങനെയാണ് പേരില്ലാത്ത ആ വളവ് ‘സല്‍സമുക്ക്’ എന്നറിയപെടാന്‍ തുടങ്ങിയത്.

കാലടിയിലെ കുടിയന്മാരും കുടിക്കാത്തവരും പിന്നെ ഊണിലും ഉറക്കത്തിലും ചിന്തിച്ചത് സല്‍സമുക്കിനെ കുറിച്ച് മാത്രമായിരുന്നു. കൂതറ OCR മുതല്‍ ഷിവാസ് റീഗല്‍ വരെ ഒരു വിരലില്‍ ബാലന്‍സ് ചെയ്തു സല്‍സമുക്കിലൂടെ കൊണ്ടുവരാം, നിലത്തുവീണാല്‍ പോലും പൊട്ടില്ല. വിജയ്‌ മല്ല്യയുടെ കിംഗ്‌ഫിഷര്‍ പോലും, കഥകേട്ടു കൈവിറക്കുന്നവരുടെ കയ്യിലിരുന്നു താഴെ വീഴാതെ കണ്ടനകത്തു നിന്നും കാലടിയിലെത്തും. പക്ഷെ സല്‍സ മാത്രം……. സല്‍സ മാത്രം ഇവിടെ എത്തിയില്ല. കാലടിയിലെ സല്‍സ ഫാന്‍സ്‌ കുറ്റിപ്പുറം ‘സല്‍ക്കാര’യിലും, എടപ്പാള്‍ ‘ദേവലോക’ത്തും പോയി നിര്‍വൃതിയടഞ്ഞു. പൊട്ടിപ്പോയ സല്‍സകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സല്‍സമുക്ക് കണ്ടാല്‍, മദ്യവിരുദ്ധ സിമിതി ജില്ലാ പ്രസിഡണ്ട് വരെ കരഞ്ഞുപോവും .

നവംബര്‍ 6. അന്ന്, സല്‍സയൊഴുകാത്ത കാലടിയില്‍ കുഞ്ഞിരാമന്‍ കാലുകുത്തി. കഴിഞ്ഞ പ്രാവശ്യം ഉറപ്പിച്ചിട്ടു പോയ കല്യാണം കഴിക്കാന്‍, രണ്ടു മാസത്തെ ലീവിന് ഏറെ സന്തോഷത്തോടെയാണ് മുപ്പത്തിമൂന്നുകാരന്‍ കുഞ്ഞിരാമന്‍ കുവൈറ്റില്‍ നിന്നും ലീവിന് വന്നിട്ടുള്ളത്. വന്ന അന്ന് രാത്രി അത്താണിപാടത്ത്, നിയുക്തവരനും കൂട്ടുകാരും ഒത്തുകൂടി. ഇത്തിരി ജാടയോടെ കുഞ്ഞിരാമന്‍ അരയില്‍ കരുതിയിരുന്ന ഡ്യൂട്ടീഫ്രീ കവറിനുള്ളിലെ കുപ്പി പുറത്തെടുത്തു .
“ജോണി വാക്കര്‍ ബ്ലാക്ക്‌ ലേബല്‍ !! ”
തൊരപ്പന്‍ അബുവും കുട്ടപ്പനുമൊക്കെ ചാടിവീണു കടിപിടി കൂടുന്ന രംഗം കാത്തുനിന്ന കുഞ്ഞിരാമന് തെറ്റി! കഞ്ചന്‍ കുട്ടനും, കിണ്ടി ശശിയും അതിലേക്കു നോക്കുന്നത് പോലുമില്ല!!
പൊളിച്ചുവെച്ച വായ അടച്ചു കുഞ്ഞിരാമന്‍ ചോദിച്ചു.
“അല്ലാ ഇങ്ങള്‍ക്കെന്തു പറ്റി?”
“ഇപ്പൊ കാലടീലെ ഏതു കുടിയന് നീയീ സാധനം കൊണ്ടു കൊടുത്താലും തിരിഞ്ഞു നോക്കില്ല.”
“എന്തേ, എല്ലാരും എന്നെപോലെ കുടി നിര്‍ത്തിയാ?”
ഒരു മണ്ണുങ്കട്ട എന്തിനോവേണ്ടി നീട്ടിയെറിഞ്ഞു കുട്ടപ്പന്‍ ഉത്തരം പറഞ്ഞു,
“നിര്‍ത്തിയിട്ടില്ല ……നീ ഒരു കുപ്പി സല്‍സ ഇവടെ കൊണ്ട് വന്നു നോക്ക്, അതിനായി ഇവിടെ ചിലപ്പോ കൊലപാതകം വരെ നടക്കും. ഇപ്പൊ കാലടിയില്‍ ഒരു കുപ്പി സല്‍സക്ക് സ്വര്‍ണ്ണത്തേക്കാള്‍ വിലയാണ് .
“അയ്യേ, സല്‍സയോ?”
ഇപ്പൊ കുഞ്ഞിരാമന് പുച്ഛം. സ്കൂളില്‍ പഠിക്കുമ്പോ ആരോ കുടിച്ചു വലിച്ചെറിഞ്ഞ കാലി സല്‍സ കുപ്പീല് വെള്ളമൊഴിച്ച് കുടിച്ചവനാ അളിയന്‍.
“അതെ, സല്‍സ….”
കാലടിയിലെ ‘സല്‍സവിലാസ’ങ്ങള്‍ കിണ്ടി ശശി കുഞ്ഞിരാമന് വിവരിച്ചു കൊടുത്തു.
“ഇവിടെ പൊട്ടാത്തോരു കുപ്പി സല്‍സയെത്താന്‍ ഗുരുവായൂര് ആനയൂട്ട്‌ വരെ നടത്തിയ ടീമ്സുണ്ട്. ഇപ്പൊ ഇവിടെല്ലാര്‍ക്കും സല്‍സ മതി. ഈ അവസ്ഥേല് അതുകുടിച്ചു കിട്ടണ കിക്ക് വേറൊന്നിനും തരാനും പറ്റില്ല.”

കുഞ്ഞിരാമന് ചിരി വന്നു ഒരു ഗ്രാമത്തിലെ കുടിയന്മാര്‍ മുഴുവന്‍ ഒരു ബ്രാണ്ടിക്കുപ്പിക്ക് വേണ്ടി കാത്തിരിക്കുന്നു!
“ചിരിക്കണ്ട കുഞ്ഞിരാമാ….. ഇവിടെ പൊട്ടിയ സല്‍സ കുപ്പികള്‍ക്ക് കയ്യും കണക്കുമില്ല. നീ ആണാണെങ്കില്‍, കണ്ടനകത്തു നിന്ന് ഒരു കുപ്പി സല്‍സ വാങ്ങി കാലടി സെന്ററില്‍ എത്തിക്ക്‌, ഞങ്ങള്‍ക്ക് അത് മാത്രം മതി.”
തൊരപ്പന്‍ ഇത്തിരി ഗൌരവത്തോടെയാണ് പറഞ്ഞത് .

കുഞ്ഞിരാമന്‍ ആ വെല്ലുവിളി ഏറ്റെടുത്തു.
“പക്ഷെ ഒറ്റ കണ്ടീഷന്‍, ഇതില്‍ വിജയിക്കുന്ന തന്നെ ആരും ‘സല്‍സ കുഞ്ഞിരാമാ, സല്‍സ കുഞ്ഞിരാമാ’ ന്ന് വിളിക്കരുത്. എന്നെ എന്‍റെ പഴയ പേരുതന്നെ വിളിച്ചാമതി, കൂമന്‍ കുഞ്ഞിരാമന്‍”
“ഓക്കേ ഏറ്റു”
വെറും രണ്ടര കിലോമീറ്റെര്‍, അതും ഇത്രശ്ശെ പോന്നൊരു കുപ്പിയുമായി വരാനെന്താ ഇത്ര പണി? എന്നാണ് അവന്‍ ചിന്തിച്ചത്. പക്ഷെ കുഞ്ഞിരാമനറിയില്ലായിരുന്നു, ഇന്ന് ഒരൊറ്റ കാലടിക്കാരനും അബോധാവസ്ഥയില്‍ ആ വെല്ലുവിളിക്കുമുന്നില്‍ ‘ഉം’ എന്ന് മൂളില്ല എന്ന്.

നവംബര്‍ 7, നാളെയാണ് കുഞ്ഞിരാമന്റെ കല്യാണം, പക്ഷെ ഇന്നാണ് അതിനേക്കാള്‍ വലിയ സുദിനം. ആ ധീരദൌത്യം ഏറ്റെടുത്ത കല്യാണചെക്കന്‍, ഇന്നാണ് സല്‍സ കാലടിയില്‍ എത്തിക്കാമെന്നു ഏറ്റിരിക്കുന്നത്.കല്യാണ പാര്‍ട്ടി ആ സല്‍സ പൊട്ടിച്ചാണ് തുടങ്ങുന്നത് .
ബീവറെജ് അടക്കാന്‍ നേരത്ത്, രാത്രി ഒന്‍പതു മണിയോട് കൂടിയാണ് കുഞ്ഞിരാമന്‍ കണ്ടനകത്ത്‌ എത്തിയത് .
“ഒരു സല്‍സ”
ജീവനക്കാര്‍ ഞെട്ടിത്തരിച്ചു നിന്നു, സഹക്യൂവന്മാര്‍ അടക്കം പറഞ്ഞു. അടിച്ചു പാമ്പായി കിടന്നിരുന്നവര്‍ വരെ ആ വീരനെ എണീറ്റ്‌ നിന്നു എത്തി നോക്കി .
ഓര്‍ക്കാപ്പുറത്ത് വേള്‍ഡ്കപ്പ്‌ ഫൈനല്‍ കളിയ്ക്കാന്‍ അവസരം കിട്ടിയ ശ്രീശാന്തിനെപോലെ കുഞ്ഞിരാമന്റെ ഹൃദയവും വിജൃംബിച്ചു. അതു വാങ്ങി പുറത്തേക്കു നടക്കുമ്പോള്‍ കുഞ്ഞിരാമന് തന്നോട് തന്നെ അസൂയ തോന്നി.

“രാമാ….നാളെ എപ്പഴാ മുഹൂര്‍ത്തം ?”
എല്‍ പി സ്കൂളില്‍ തന്നെ പഠിപ്പിച്ച ശേഖരന്‍ മാഷാണ് .
“ഒന്‍പതരയ്ക്ക്, മാഷ് വരില്ലേ ”
“ഞാന്‍ നേരത്തെ എത്തില്ലേ. അല്ലാ എന്താപ്പ കയ്യില് ? കല്യാണ തലേന്നും വെള്ളമടിക്കാതെ ഉറക്കം വരില്ലേ?
“അയ്യോ മാഷെ, ഞാന്‍ കുടി നിര്‍ത്തിയിട്ടു അഞ്ചാറു കൊല്ലായി. ഇത് ഒരു കുപ്പി സല്‍സയാണ് കാലടീക്ക് കൊണ്ടാവാനാ.”
“എന്തത്താന്‍റെ കുഞ്ഞിരാമാ, അന്‍റെ തലയ്ക്കു ഓളണ്ടോ? നിനക്ക് സല്‍സമുക്കിനെക്കുറിച്ച് അറിയാഞ്ഞിട്ടാ. ഇതായിട്ടു അവിടേക്ക് പോണത് അപകടാണ്. ഈ കുപ്പി നീ ഇവിടെ കല്ലുമ്മെ എറിഞ്ഞു പൊട്ടിച്ചോ, എന്നാ നിനക്ക് ജീവനോടെയെങ്കിലും വീട്ടിലെത്താം.”

വിജൃംബിച്ചുകൊണ്ടിരുന്ന ആ ഹൃദയം പെട്ടെന്ന് സെവന്‍സില്‍ പെനാല്‍ട്ടി കിക്ക് തടുക്കാന്‍ നിക്കണ ഗോളീടെ പോലെ പെടച്ചു തുടങ്ങി. അവര്‍ക്ക് ചുറ്റും ആളുകൂടി, സല്‍സമുക്കിന്‍റെ ഭീകരത വിവരിച്ചു കൊടുക്കുമ്പോള്‍ ഒരു കുടിയന്റെയും നാവു കുഴഞ്ഞില്ല. കുഞ്ഞിരാമന് വേണ്ടേര്‍ന്നിലാന്നായി. അവന്‍ മാഷിനേം വിളിച്ചോണ്ട് അവിടുന്ന് നടന്നു.

“മാഷെ , എനിക്കതവിടെ എത്തിച്ചേ പറ്റൂ , പക്ഷെ ഇപ്പൊ പേടിയാവുന്നു, എന്താചെയ്യാ?”
“നീ കുറച്ചടിച്ചോ, KSRTC വര്‍ഷാപ്പിന്‍റെ പിന്നില്‍ വാറ്റുണ്ട്, അവിടെ ഒരു ‘കാട്ടുതീ’ കിട്ടും, ധൈര്യത്തിന് ബെസ്റ്റാ”
കുഞ്ഞിരാമന്‍ ജീവിതത്തിലാദ്യമായി മാഷെ തൊഴുതു, എന്നിട്ട് നേരെ വിട്ടു, കാട്ടുതീ കുടിക്കാന്‍ .

പക്ഷെ അകത്തു കയറ്റിയ ധൈര്യം കുറച്ചു കൂടി പോയി. നല്ല കിണ്ടിയായിട്ടാണ് കുഞ്ഞിരാമന്‍ തന്‍റെ യമഹ എഫ് സിയില്‍ കയറിയത്. ആരോ സ്റ്റാര്‍ട്ടാക്കികൊടുത്തു. ബോധമില്ലെങ്കിലും, ഗള്‍ഫിലെ ഓര്‍മ്മയില്‍ വലതുവശത്തുകൂടിയാണ് വണ്ടിയോടിക്കുന്നത് എങ്കിലും, ഒരു കൈ അരയിലെ സല്സയുടെ മോളില്‍തന്നെയായിരുന്നു.

എല്‍പി സ്കൂള്കഴിഞ്ഞപ്പോ വണ്ടി ഓഫായി.കുഞ്ഞിരാമന് സല്‍സമുക്കിന്‍റെ ‘കളികള്‍’ മണത്തു. കിക്കായ കുഞ്ഞിരാമന്‍ കിക്കറടിക്കാന്‍തുടങ്ങി, 3,9,17…. രക്ഷയില്ല, ആഞ്ഞടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടാവുന്നില്ല. കുഞ്ഞിരാമന്‍ വിട്ടില്ല, ബൈക്കവിടെ വെച്ച് കാലടിയിലേക്ക് നടക്കാന്‍ തുടങ്ങി.
“സല്‍സ മുക്ക് നടന്നു താണ്ടിയാല്‍ വെയിറ്റ് കൂടുകയേ ഉള്ളൂ ”

പതിനൊന്നരയായി, മാലപ്പടക്കവും നോട്ടുമാലയുമായി കാത്തുനില്‍ക്കുകയാണ് കുഞ്ഞിരാമന്‍റെ കമ്പനിക്കാര്‍. ഉറക്കം വേണ്ടെന്നു വെച്ച് മറ്റു കുടിയന്മാര്‍ കൂടി കാലടി സെന്ററില്‍ എത്തിച്ചേര്‍ന്നു. ഇന്ന് ഞങ്ങളുടെ ‘സല്‍സശാപം’ മാറും, ഇതുവരെ തങ്ങളെ കളിയാക്കിയിരുന്ന തവനൂരിലെയും എടപ്പാളിലെയും കുടിയന്മാരുടെ മുന്നിലൂടെ ഇനി തല ഉയര്‍ത്തി പിടിച്ചു നടക്കാം.
“ശശിയേ……..പിന്നിക്കോക്ക്യാ, ഓണതലേന്ന് ബീവറെജിലുള്ളതിനേക്കാള്‍ ആളുണ്ട്, മ്മടെ സല്‍സ നാട്ടാര് കൊണ്ടോവോ ?”. കുട്ടപ്പന് പേടി
“അവന്‍ സല്‍സ കൊണ്ടുവരുന്നത് നമ്മക്ക് കുടിക്കാനാ, അത് നമ്മള് തന്നെ കുടിക്കേം ചെയ്യും.”കുട്ടപ്പന് സന്തോഷമായി.
എട്ടില്‍ പഠിക്കുമ്പോ അറിയാതെ (ഇനി അറിഞ്ഞിട്ടാണോ എന്ന് അറിയില്ല ) ലേഡീസ് ടോയ് ലെറ്റില്‍ കയറിയ പ്രിന്‍സിപ്പാളെ പൂട്ടിയിട്ടു കൂവിയവനാണ് കുഞ്ഞിരാമന്‍. അവന്റെ ആ ധൈര്യത്തിന്റെ വിശ്വാസ്യതയാണ് ആ കൂടി നില്‍ക്കുന്ന ജനക്കൂട്ടം.

പക്ഷെ, കുഞ്ഞിരാമനെ കാത്തിരുന്നവരുടെ നെഞ്ചുകളിലേക്ക് തീകോരിയിട്ടുകൊണ്ട് ആ ന്യൂസ് ഫ്ലാഷായി .
“കുഞ്ഞിരാമന്‍ ബോധമില്ലാതെ സല്‍സ മുക്കില്‍ കിടക്കുന്നു ”
“അപ്പൊ സല്‍സ?” അതെ, അവിടെ കൂടിനിക്കുന്നവര്‍ക്കറിയേണ്ടത് സല്‍സയെകുറിച്ചായിരുന്നു, അവനെ കുറിച്ചല്ല .
‘രതി നിര്‍വ്വേത’ത്തില്‍ പണ്ട് ജയഭാരതി (ഇപ്പൊ ശ്വേത മേനോനും) കിടക്കണ പോലെയാണ് മണവാളന്‍ ഓഫായി കിടക്കുന്നത്. പൊട്ടിയ കുപ്പിയില്‍ നിന്ന് അവസാന തുള്ളി സല്‍സയും മണ്ണിലേക്ക് ഒഴുകി കഴിഞ്ഞിരുന്നു .

പിറ്റേന്ന്, തന്‍റെ കല്യാണ ദിവസം ഉച്ചക്ക് ഒന്നരയ്ക്കാണ് എടപ്പാള്‍ ആസ്പത്രീല്‍ വെച്ച് കല്യാണ ചെക്കന്‍റെ ബോധം തെളിയുന്നത്. കണ്ണ് തുറന്നത് ക്ലോക്കിലെക്കായിരുന്നു.
“കല്യാണം?” കുഞ്ഞിരാമന്‍ ചോദിച്ചു
“കഴിഞ്ഞു, കഴിഞ്ഞു ……..അതെ മുഹൂര്‍ത്തത്തില്‍ തന്നെ ഓളെ വേറാരോ കെട്ടി “കഞ്ചന്‍ എടുത്തടിച്ചപോലെ മറുപടി കൊടുത്തു .
പക്ഷെ തൊരപ്പന്‍ കുറച്ചു സീരിയസ് ആയിട്ടാണ് ബാക്കി പറഞ്ഞത് .
“കല്യാണതലേന്ന് പോലും വെള്ളമടിച്ചു വഴീക്കിടക്കണ ഒരു കള്ളുകുടിയനെ അവര്‍ക്ക് വേണ്ട എന്ന് പറഞ്ഞു”
കുഞ്ഞിരാമന്‍ നാലു പേരുടെ മുഖത്തേക്കും നോക്കി, ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു,
“നിങ്ങളൊക്കെ കാരണാ എന്‍റെ കല്യാണം മുടങ്ങീത്”
കുട്ടപ്പാന്‍റെ കണ്ട്രോളുപോയി, “എടാ കള്ളുകുടിയാ……. അന്നോട്‌ ഞങ്ങള് പറഞ്ഞോ കാട്ടുതീ പോയി മോന്താന്‍? എന്നിട്ട് കുറ്റം ഞങ്ങള്‍ക്ക്.” സല്‍സ കിട്ടാത്ത ദേഷ്യമാണ് കുട്ടപ്പന് .
തൊരപ്പന്‍ കുഞ്ഞിരമാനോട് മയത്തില്‍ ചോദിച്ചു,
“അല്ലടാ ….. നീയെന്തിനാ നടന്നു വന്നെ? ബൈക്കില്‍ വന്ന ചിലപ്പോ സല്‍സ കാലടീല് എത്തിയേനെ, നിന്‍റെ കല്യാണവും ചിലപ്പോ നടന്നേര്‍ന്നു”
“വരണവഴി ബൈക്ക് ഓഫായി, അരമണിക്കൂറ് നിന്ന കിക്കറടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടായില്ല”
അത് കേട്ടതോടുകൂടി തൊരപ്പനും അലറി, “സല്‍സകുഞ്ഞിരാമാ, യമഹ കിക്കറില്ലാതെ ഇറക്കുന്ന എഫ് സിയുടെ ഏതു കിക്കറാടാ നീ അരമണിക്കൂറടിച്ചത് ?”

വാല്‍കക്ഷണം:
1. പാവം സല്‍സമുക്കിനു, കല്യാണം മുടക്കി എന്ന പേര് കൂടി സല്‍സകുഞ്ഞിരാമന്‍ കാരണം ചാര്‍ത്തികിട്ടി .

2. സല്‍സകുഞ്ഞിരാമന്‍റെ പെണ്ണിനെ കെട്ടിയത്, ഒരു ബീവറെജ് ജീവനക്കാരന്‍ തന്നെയായിരുന്നു എന്ന് പിന്നീടറിഞ്ഞു. എന്ത് ചെയ്യാനാ? …….. വിധി, ഇപ്പോഴത്തെ മലയാള സിനിമ പോലെയാണ്, ഫുള്ള് ട്വിസ്റ്റാ!

3. ലീവ് പെട്ടന്ന് മതിയാക്കി തിരിച്ചുപോകുമ്പോ, സല്‍സ മുക്കില്‍ കാറു നിര്‍ത്തിച്ചു, പൊട്ടികിടക്കുന്ന സല്‍സ കുപ്പികളിലേക്കു നോക്കി സല്‍സകുഞ്ഞിരാമന്‍ കുറച്ചുനേരം കരഞ്ഞു എന്ന് ഡ്രൈവര്‍ ബഷീറിക്ക പറഞ്ഞറിഞ്ഞു.
“കുഞ്ഞിരാമേട്ടന്‍ ആരെയോര്‍ത്താണാവോ കരഞ്ഞത്, പെണ്ണിനെയോ അതോ സല്‍സയെയോ?”