സംഭവം സംഭവിക്കുന്നത്‌ ഒരൊന്നൊന്നര കൊല്ലം മുന്നേണ്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ , കണ്ണൂര്‍ – ഏറണാംകുളം ഇന്റര്‍ സിറ്റി. ട്രെയിന്‍ വന്നു, ഞാന്‍ കൈയ്യ് കാണിക്കാതെ തന്നെ ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടി, വണ്ടി ന്യൂട്ട്രലിലാക്കി. ഞാനേതാ മൊതല് , വണ്ടി നിക്കാന്‍ പോണേന്‍റെ മുന്നെതന്നെ , ഞാനെന്‍റെ കയ്യിലുള്ള മാതൃഭൂമി ആഴ്ചപതിപ്പ് ജനലിലൂടെ എടുത്തൊരു കാലി സീറ്റിലേക്കിട്ടു.
ഈ മാതൃഭൂമി ആഴ്ചപതിപ്പ് സത്യത്തില്‍ Intellectual ആണെന്ന് നാട്ടാരെ കാണിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ് എന്നുള്ളത് , മറ്റൊരു തുണിയുടുക്കാത്ത സത്യം, ഐ മീന്‍ നഗ്ന സത്യം.
ചാടിക്കേറി വണ്ടിക്കുള്ളില്‍ എത്തിയപോ, ആ സീറ്റിലൊരു ഹിന്ദിക്കാരന്‍ ഇരുന്ന് ചിരിച്ച് കാണിക്കുന്നു. ഹായ് നല്ല ചിരി !
മ്മക്ക് മിന്നാരത്തിലെ ജഗതീടെ അത്രക്ക്പോലും ഹിന്ദി അറിയാത്തത് ഓന്റെ ഭാഗ്യം എന്ന് പറഞ്ഞ് ഞാന്‍ നിന്നു. ഓന്‍ എന്റെ സീറ്റെടുത്തതിലല്ലായിരുന്നു എന്റെ സങ്കടം, ഓന്റെ അടുത്തിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടിട്ടായിരുന്നു.
വണ്ടീലാണെങ്കെ ജാതി തിരക്ക്, ഫറൂക്ക് സ്റ്റേഷന്‍ എത്തിയ ടൈം, ഞാന്‍ ഭൂമീലാണോ അതോ ചോവ്വേലാണോ എന്നറിയാതെ നിക്കണ സമയത്ത് , ചുള്ളന്‍ ആഴ്ചപതിപ്പിലെ സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’കീറി മോന്ത തുടയ്ക്കുന്നത് കണ്ട്.തിരൂരെത്തിയപ്പോ നിക്കും കിട്ടി സീറ്റ്!അതും ഷെയര്‍ ചെയ്യാന്‍ ഒരു തെണ്ടി വന്നു , കൂടെ നിന്നവര്‍ ലൈക് അടിച്ചു.ആര്‍ഷ കേരള സംസ്കാരം!
കുറ്റിപ്പുറം എത്താറാവുമ്പോ ആ ഹിന്ദിക്കാരന്‍ ഹിന്ദീല്‍ ചോദിച്ചു ‘ഈ വണ്ടി കണ്ണൂര്‍ എപ്പഴാ എത്താ ?’
ഞാന്‍ എഴുന്നേറ്റ് നിന്ന്‍ തൊഴുതു!