പ്ലസ്ടു കഴിഞ്ഞ് കോളേജില്‍ പോവാന്‍ വെമ്പികൊണ്ട് , പതിനേഴ്‌ വയസ്സുള്ള എന്റെ ഹൃദയം ട്രൌസറിട്ടു നില്‍ക്കുന്ന സമയം . ജീവിതം ഇങ്ങനെ തിളച്ച് നില്‍ക്കാണ്, എന്നാല്‍ തിളപ്പിക്കാന്‍ മാത്രം ഒന്നുമില്ലതാനും . അപ്പോഴാണ്‌ ഒരേയൊരു അമ്മാവന്റെ കല്യാണം ഉറപ്പിച്ചത്. മോനെ!…രംഗായിലേ !! ഷൈന്‍ ചെയ്യാന്‍ പറ്റിയ ഇതിലും നല്ലൊരു ചാന്‍സ് കിട്ടാനില്ല.
ഇളയാപ്പയുടെ കല്യാണം ക്ഷണിക്കാന്‍ പോയ ബന്ധുവീട്ടിലെ മൊഞ്ചത്തി , സക്കീറിന്റെ അന്നത്തെ ക്ഷണം കണ്ട് ഇങ്ങോട്ട് പ്രപോസ് ചെയ്ത കഥകൂടി കേട്ടതോടെ സംഗതി വേറെ ലെവലായി. എനിക്ക് വേണ്ടിയും ഒരു കുട്ടി എന്റെ ഏതോ ഒരു ബന്ധുവീട്ടില്‍ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സ് ഷോബി തിലകന്റെ ശബ്ദത്തില്‍ പറഞ്ഞു. സ്പോട്ടില് കല്യാണ കമ്മിറ്റി ഓഫീസില്‍ പോയി കാര്യമവതരിപ്പിച്ചു. കഷണങ്ങളുടെ ഒരു സബ്കോണ്ട്രാക്റ്റ് കല്യാണക്കത്തുകളുടെ രൂപത്തില്‍ ഞാന്‍ ഒപ്പിട്ടു കൈപറ്റി.

അകന്നൊരു ബന്ധത്തില്‍ പെട്ട സുരേട്ടന്റെ ഭാര്യവീടായിരുന്നു ആദ്യം കിട്ടിയ അസൈന്മെന്റ്. ഡിസ്റ്റന്റ് ബന്ധുക്കളുടെയും, കല്യാണത്തിന് വഴിതെറ്റി പോലും വരാന്‍ ചാന്‍സില്ലാത്തവരുടെയും വീടുകളായിരുന്നു എന്റെ ടാസ്ക് എന്ന ദുഖകരമായ സത്യം ഞാന്‍ മനസ്സിലാക്കി. എങ്കിലും രണ്ടായിരത്തി ഏഴിന്റെ തുടക്കത്തില്‍ വീശിയടിച്ച ശുഭാപ്തിവിശ്വാസത്തിന്റെ ട്രെന്‍ഡ് എന്നെകൊണ്ട്‌ അത് ചെയ്യിപ്പിച്ചു.
ഇപ്പറഞ്ഞ ഈ ലാന്‍ഡ്‌ മാര്‍ക്ക് ഏതോ ഒരു കാട്ടുമുക്കാണ്. സാരമില്ല, സുരേട്ടന്‍ കൂടെ വന്നോളും എന്ന് അമ്മമ്മ. ഓ എന്ന് ഞാനും. ഇനി എന്റെ സഹനടനെ പറ്റി വര്‍ണ്ണിക്കാം… ഈ സുരേട്ടന്‍റെ ബുദ്ധിക്ക് ഒരു അഞ്ച് പൈസടെ കുറവുണ്ട് എന്നാണ് ജനസംസാരം. തോട്ടികൊണ്ട്‌ വലിച്ചിട്ട വരിക്കച്ചക്കയ്ക്ക് സേഫ് ലാന്ഡ് ചെയ്യാന്‍ സ്വന്തം നെറുകം തല കാണിച്ചുകൊടുത്തപ്പോള്‍ പറ്റിയതാണത്രേ . പക്ഷെ അക്കഥയൊന്നും ഞാന്‍ വിശ്വസിച്ചിട്ടില്ല…എന്താ കാരണം ? ഞാന്‍ കുട്ടി ആയിരുന്നപ്പോ എനിക്ക് കാണുമ്പോ കാണുമ്പോ പുളിയച്ചാര്‍ വാങ്ങിതന്നിരുന്ന ആ ബന്ധം , അതിന്റെ ആഴം !!
പിറ്റേന്ന് അതിരാവിലെ തന്നെ, ചുണ്ടന്‍ വള്ളം മറിച്ചിട്ട പോലൊരു മീശയും വെച്ച് , ഏറനാട് താലൂക്ക് മുഴുവന്‍ മണപ്പിക്കുന്ന സ്പ്രേയും അടിച്ച് ആശാന്‍ വന്നു നിന്നു.ഞങ്ങള്‍ യാത്ര തുടങ്ങി. മൂന്ന്‍ ബസ് മാറികയറിയപ്പഴെ എനിക്ക് മടുത്തു. മലപ്പുറം ജില്ല വിഭജിക്കണം എന്ന് എസ് ഡി പി ഐക്കാര് പറയുന്നതിലും കാര്യമുണ്ടെന്ന് അന്നേ എനിക്ക് മനസ്സിലായി. എന്തൊരു വിസ്തീര്‍ണ്ണം !! ഒക്കെ കഴിഞ്ഞ് സുരേട്ടന്‍ ഒരു ഓട്ടോറിക്ഷ പിടിച്ചപ്പോ ഞാനും കരുതി, ദാ ഇപ്പൊ എത്തും എന്ന്‍, എവടെ…പിന്നേം പോയി കിലോമീറ്റെര്‍സ് ആന്‍ഡ് കിലോമീറ്റെര്‍സ്. അവസാനം ഒരിടത്ത് വെച്ച് സുരേട്ടന്‍ ഇറങ്ങി, പിന്നാലെ ഞാനും. എനിക്ക് ആശ്വാസമായി ,എത്തികിട്ടിയല്ലോ..പക്ഷെ അവിടുന്ന് പിന്നെ ആ പൊള്ളുന്ന വെയിലത്ത് വീണ്ടും നടന്നു അഞ്ച് കിലോമീറ്റര്‍. ‘പിന്നെന്തിനാണ് മനുഷ്യാ നിങ്ങളാ ഒറ്റൊരിക്ഷ മടക്കിയയച്ചത്?’ എന്നെനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ ഞാന്‍ ചോദിച്ചില്ല. എന്താ കാരണം ? ആ പുളിയച്ചാറിന്റെ സ്വാദ്.

എങ്ങോട്ട് നോക്കിയാലും വിദൂരത , അങ്ങനെത്തെ ഒരു സ്ഥലം. സുരേട്ടന്‍ ഓരോ ദിക്കും നോക്കി ഐന്‍സ്റ്റീനിനെ പോലെ താടിയ്ക്ക് കൈ വെച്ചു നിന്നു. പടച്ചോനെ പെട്ട് ! ഇപ്പഴായിരുന്നെങ്കില്‍ ‘ഫീലിംഗ് ആവ്സം വിത്ത്‌ സ്വന്തം ഭാര്യ വീട്ടിലേക്കുള്ള വഴിയറിയാത്ത ഒരുത്തന്‍’ എന്ന് എഫ്ബീല് സ്റ്റാറ്റസ് എങ്കിലും ഇടായിരുന്നു. അന്നെന്ത് ചെയ്യാന്‍. ആ മൊട്ടക്കുന്നില്‍ ഒരു അകാലമരണം എന്നെ കാത്തിരിക്കുന്നതായി പോലും എനിക്ക് തോന്നി. സുരേട്ടന്റെ വൈഫ് ഹൌസില്‍ എന്നെ കാത്തിരിക്കുന്ന മാംഗോ സ്ക്വാഷും, അച്ചപ്പവും മുറുക്കും മിച്ചറുമാണ് എന്നെ അതില്‍ നിന്നും രക്ഷപെടുത്തിയത്.
ഫൈനലി..കണ്ടുപിടിച്ച്, ഇച്ചിരി കഷ്ടപെട്ടിട്ടാണെങ്കിലും ചെങ്ങായി സ്വന്തം ഭാര്യ വീട് കണ്ടുപിടിച്ച്. ആ സന്തോഷത്തിന്റെ തെളിവായി ആ മുഖത്ത് രണ്ട് സി എഫ് എല്ലിന്റെ പ്രകാശം. ഫുള്‍ മാരത്തോണ്‍ സ്പ്രിന്റൊടിയ ക്ഷീണത്തോടെ ഞാന്‍ ആ വീടിന്റെ കോലായില്‍ പോയി തളര്‍ന്നിരുന്നു. ഈ ദേഷ്യമൊക്കെ ഇവിടുത്തെ സ്ക്വാഷിനോടും മിച്ചറിനോടും തീര്‍ക്കണം എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചിരുന്നു….സുരേട്ടന്‍ ആഞ്ഞു ബെല്ലടിച്ചു. അകത്തുനിന്ന്‍ അനക്കം ഒന്നും വരാത്ത കാരണം ചുള്ളന്‍ രണ്ടു റൌണ്ട് വീട് പ്രദിക്ഷണം വെച്ച് എന്റെ മുന്നില്‍ വന്നു നിന്നു. വീട് മാറിയിട്ടുണ്ടാവുമോ ഈശ്വരാ എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ സുരേട്ടന്‍ എന്ന പ്രതിഭാസം എന്റെ ചിന്തകള്‍ക്കും അതീതമായിരുന്നു.
“മോനെ.. ഇപ്പഴാ ഓര്‍ത്തത്…സുരഭിയും (ഭാര്യ) അമ്മയും കൂടി ഇന്ന് എന്റെ വീട്ടിലേക്ക് വരും എന്ന് പറഞ്ഞിരുന്നു.”
അനുഭൂതി !! അനുഭൂതീന്നും പറഞ്ഞാ പോരാ…വേറെ എന്തൊക്കെയോ..
എന്റെ പെരുവിരലില്‍ നിന്ന് തലച്ചോറിന്റെ ഡെഡ് എന്റിലേക്ക് പാഞ്ഞ ഒരു സ്കഡ് മിസൈലിനെ ഞാന്‍ അണപ്പല്ല് കൊണ്ട് കടിച്ചുപിടിച്ചുവെച്ചു. മാമന്റെ കല്യാണം മിസ്സാവുമല്ലോ എന്ന ഒറ്റ കാരണത്താലാണ് ഞാന്‍ അയാളെ അവിടെയിട്ട് തല്ലികൊല്ലാതിരുന്നത്.