പള്ളിപ്പുറം സ്റ്റേഷനിൽ നിന്ന് മ്മടെ തൃശൂർ-കണ്ണൂർ പാസഞ്ചർ പുറപ്പെടാൻ തയ്യാറായി ഇങ്ങനെ ആക്സിലറേറ്റർ റൈസ് ചെയ്തു നിൽക്കാണ്. ഊമയായ ഒരു പാവം ഭിക്ഷക്കാരന് കാലിൽ ചവിട്ടുകിട്ടിയപ്പോ, ‘അയ്യോ’ ന്ന് പറഞ്ഞത് കണ്ട് കമ്പാർട്ട്മെന്റിന്റെ കരളലിഞ്ഞു പോയ ആ നിമിഷം….
തീവണ്ടിയുടെ സ്രാങ്ക് ഫസ്റ്റിട്ട് വണ്ടിയെടുത്ത സ്പ്പോട്ടില്, വാതിൽക്കൽ വായുവിഴുങ്ങി നിന്നിരുന്ന ഒരു ചെക്കൻ പണിപറ്റിച്ചു. തൊട്ടുമുന്നിലെ സീറ്റിൽ ഇരുന്നിരുന്ന ഒരു ചേച്ചിയുടെ കഴുത്തിലെ മാലയും പറിച്ച് ഇറങ്ങിയൊരോട്ടം !!
ഞാനുൾപടെയുള്ള യാത്രക്കാരെല്ലാം അനാക്കോണ്ട ഇരുമ്പുലക്ക വിഴുങ്ങിയ പോലെ ഇങ്ങനെ ഫ്രീസായി നിന്നു, രണ്ട് സെക്കന്റ്. അപ്പൊ ദേ പിന്നാലെ വെടിച്ചില്ല് പോലെ ആ ചേച്ചിയുടെ ഭർത്താവ് ഒരൊറ്റ പാച്ചില്. ചേയ്സ് !!

വണ്ടി മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കള്ളനും ഭർത്താവും റെയിൽവേ സ്റ്റേഷന്റെ വേലിയും പിന്നിട്ട് ശരവേഗത്തിൽ വിശാലമായ പാടം റൈയ്സ് ട്രാക്കാക്കി.
ആരൊക്കെയോ പറഞ്ഞു “ചങ്ങല വലിക്ക്”
അപ്പൊഴുണ്ട് അപ്പുറത്ത് നിന്ന് കാരോലപ്പത്തിന്റെ കളറും, ക്രീം ബണ്ണിന്റെ മനസ്സുമുള്ള ഒരുത്തൻ തിക്കിതിരക്കി ഓടി വരുന്നു.
“ഞാൻ വലിക്കാം, ഞാൻ വലിക്കാം… ഇന്റെ കുറെ കാലായുള്ള ആഗ്രഹാണ് ചങ്ങല വലിച്ചു ഒരു തീവണ്ടി നിർത്തല്.”
“അവിടിരിക്കടാ… ഇവിടെ വലിച്ച് എക്സ്പീരിയന്‍സുള്ളവരുണ്ട്”. വേറൊരു മൊതല്‍.
“വേണ്ട, ആരും വലിക്കണ്ട..!” ചേച്ചി.
എല്ലാവരും ചേച്ചിയെ നോക്കി. മാല പോയിട്ടും ചേച്ചി മണൽലോറി കണ്ട ഭാരതപുഴയെ പോലെ ഒരു എക്സ്പ്രഷൻ ചെയിഞ്ചും ഇല്ലാതെ ഇരിക്ക്യാണ്. യു സീ ദി ഐറണി, ഡോണ്ട് യു?
“ആ മാല റോൾഡ് ഗോൾഡാ !!”
ട്ടും! ഞങ്ങള്‍ തല വെട്ടിച്ച സൌണ്ടാണ് ആ കേട്ടത്. ഉടുമുണ്ട് അഴിഞ്ഞുപോയിട്ടും ചോരാത്ത ആത്മവീര്യത്തോടെ കള്ളനെ ചെയ്സ് ചെയ്യുന്ന ആ ഭർത്താവിനെ നോക്കി ഞങ്ങള്‍ കുറച്ച് നെടുവീർപ്പിട്ടു. സോ ശോകം.
“സ്വർണ്ണമാലയൊക്കെ കൊണ്ടുവിറ്റ് കള്ളുകുടിച്ചിട്ട് അയാള് തന്നെ വാങ്ങി തന്നതാ ആ റോൾഡ് ഗോൾഡ്‌.”
വാവ്! ഷോർട്ട് ടേം മെമ്മറി ലോസ്!!

മുപ്പതു ഉർപ്പ്യടെ മാലയ്ക്ക് വേണ്ടി വിദൂരതയിലേക്ക് മണ്ടിപാഞ്ഞു കൊണ്ടിരിക്കുന്ന ആ കള്ളനും ചുള്ളനും കമ്പാർട്ട്മെന്റിന്റെ വിങ്ങലായി.