പണ്ട്, പള്‍സറിനും പാഷന്‍പ്ലസിനും പണ്ട്, കേരളാ ജ്യോഗ്രഫി മാറ്റിമറിച്ച ഒരു വണ്ടി മഞ്ഞ പെയിന്റടിച്ചു പിക്ചറിലേക്ക് വന്നു, ജെസിബി!
കുട്ട്യോള്‍ക്ക് റോഡ്‌റോള¬ര്‍ കാണിച്ചുകൊടുത്ത് ചോറുണ്ണുപ്പിക്കുന്ന ആ ടെക്നികിനെ, കുട്ട്യോള് തിരിച്ച് പുഛ്ചിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ജെസിബിടെ ആ വരവോടുകൂടി അണ്ണാക്കില്‍ ചോറുരുളകള്‍ക്ക് വീണ്ടും ഡിമാന്റായി.
അധികം വൈകാതെതന്നെ മുത്ത്, കേരളത്തിന്റെ കുന്നും കാടും തോടും പാടവും തോണ്ടികൂട്ടി പലജാതി ക്ലേ മോഡലിംഗ് ചെയ്യാന്‍ തുടങ്ങി. എങ്കിലും ഞങ്ങടെ നാടിന് ഒരു ജെസിബി കണികാണാ¬ന്‍ കിട്ടിയിരുന്നില്ല. അന്യനാട്ടില്‍ പോയി ജെസിബി കണ്ടുവന്നവരുടെ റിവ്യൂവ്സ് കേട്ട് കോരിത്തരിച്ചിരിക്കാനെ ഞങ്ങള്‍ക്ക് യോഗമുണ്ടായിരുന്നുള്ളൂ…
ഒടുവില്‍, അരിമാവില്‍ പാലുംവെള്ളം ഒഴിച്ച കളറുള്ള ജുബിലേട്ടന്റെ അച്ഛ¬ന്‍ (ഇനിയിപ്പോ എങ്ങനെ വേണേലും പൊക്കിപറയാലോ) സ്വന്തമായുണ്ടായിരുന്ന കുന്ന് മാന്താ¬ന്‍ നാട്ടിലേക്ക് ജെസിബി കൊണ്ടുവരാ¬ന്‍ തീരുമാനിച്ചു. അന്ന് ഫ്ലെക്സ് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഞങ്ങള് മൂപ്പരടെ ഫോട്ടോ വെച്ച് എട്ടേ എട്ടിന്റെ പത്തെണ്ണം അടിച്ചേനെ. അജ്ജാതി എക്സൈറ്റ്മെന്റ്.

ഒരു ടോപ്‌ തിങ്കളാഴ്ച, ജെസിബി നാടുകുലുക്കി കടന്നുവന്നു. വെറും ആരവം. പക്ഷെ അതിനകത്ത് ജെസിബിയേക്കാ¬ള്‍ മൂത്തൊരു ഐറ്റം ഇരുപ്പുണ്ടായിരുന്നു, ഡ്രൈവര്‍ കോയമ്പത്തൂരുകാര¬ന്‍ തങ്കരാജ്. പിന്നെ തങ്കരാജിന്റെ വണ്‍മാ¬ന്‍ ഷോ യ്ക്കായിരുന്നു ഞങ്ങള് സാക്ഷ്യം വഹിച്ചത്. തങ്കരാജ് ഗിയര്‍ ഇടുന്നതും, ഹോണ്‍ അടിക്കുന്നതും, സ്റ്റിയറിംഗ് പിടിക്കുന്നതും, എന്തിന് മൂക്ക് ചൊറിയുന്നത് വരെ ഒരു സ്റ്റൈലിലാണ്.
കുട്ടികള്‍ കൂട്ടമായി തങ്കരാജിനു ചുറ്റും കൂടി ആര്‍പ്പുവിളിച്ചു. അതിന്റെ തീവ്രത രേഖപെടുത്തിയത് യെസ്ടര്‍ഇയ¬ര്‍ സൂപ്പര്‍സ്റ്റാ¬ര്‍ ആനപ്പാപ്പാ¬ന്‍ കുട്ടാപ്പുവിന്റെ മുഖത്തെ റിക്ട¬ര്‍ സ്കെയിലി¬ല്‍ ആയിരുന്നു.
തങ്കരാജ് വണ്ടിയില്‍ നിന്നും അള്‍ട്രാ സ്ലോ മോഷനി¬ല്‍ ചാടിയിറങ്ങി. പിന്നെ, തീപ്പെട്ടി കത്തിച്ചു മുകളിലേക്കെറിഞ്ഞ് വായുവില്‍ വെച്ച് സിഗരറ്റ് കത്തിക്കുന്ന അടാറ് ഐറ്റം. സ്വാഗ്! പിടിച്ചാ കിട്ടാത്ത സ്വാഗ്!!
മുല്ലപ്പെരിയാര്‍ ഒരു നീറ്റലായി മനസ്സിലുള്ളത്കൊണ്ട് ഞങ്ങള് ചിലര്‍ കയ്യടിച്ചില്ല. പക്ഷെ ഇനിയും വൈകിയാല്‍, ആത്മസംയമനം കയ്യീന്നുപോയി എല്ലാവരുടെ ഉള്ളിലും ഒരു തങ്കരാജ് ഫാന്‍സ്‌ ഘടകം രൂപം കൊണ്ടേക്കും, ഉറപ്പാണ്. എന്നാലും ജെസിബിയെ ഓര്‍ത്ത് ഞങ്ങ¬ള്‍ തങ്കരാജിനു മാപ്പുകൊടുത്തു. അതിനുശേഷം ആ മഞ്ഞ കളറില്‍ ഒന്ന് തൊട്ട് നിര്‍വൃതിയണയാ¬ന്‍ വേണ്ടി കൈനീട്ടിയപ്പോള്‍, തങ്കരാജ് ഒരു സ്പാന¬ര്‍ കയ്യിലെടുത്ത് ഞങ്ങളെ ഒരു വിരട്ട¬ല്‍.
ആ സെക്കന്റി¬ല്‍, ഞങ്ങള്‍ ജെസിബിയും മഞ്ഞകളറും കോയമ്പത്തൂരും വരെ വെറുത്തു. ജുബിലേട്ടന്റെ അച്ഛന്‍ വന്ന് തങ്കരാജിനോട് മുണ്ടഴിച്ചിട്ടു ബഹുമാനം കാണിക്കുന്നത് കണ്ടപ്പോ, ഞങ്ങള്‍ മനസ്സിലെ ആ ഫ്ലക്സുകള്‍ വലിച്ചുകീറി തീയിടുകയും ചെയ്തു. കുന്നോണറിന് കൈ കൊടുത്ത് തങ്കരാജ് അടുത്ത സിഗരറ്റും അതേപോലെ കത്തിക്കാന്‍ പുറത്തെടുത്തു. തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഡീസ¬ല്‍ ക്യാനില്‍ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എവടെ… തമിഴ്നാട് 2 – കേരളം 0.

ഞങ്ങള്‍ ഉണ്ടകഴിഞ്ഞ പട്ടാളക്കാരെ പോലെ പരസ്പരം നോക്കി.
“ഇനിയെന്ത് ചെയ്യും?”
ഉത്തരം കുഞ്ഞുട്ടിടെ വകയായിരുന്നു, “എന്റെലൊരു പഞ്ച് ഡയലോഗുണ്ട്”.
“എന്താ?”
“കുന്ന് മാന്താ¬ന്‍ വന്നാ¬ല്‍ കുന്ന് മാന്തണം, അല്ലാതെ നമ്മളെ മാന്തരുത്!”
“വേണ്ട, അവിടെത്തന്നെ വെച്ചോ”
ഈ കണ്ടതൊക്കെ അഭിമാനക്ഷതം ആയിട്ടെടുത്ത വേറൊരാള്‍ കൂടി ഉണ്ടായിരുന്നു അവിടെ, ജുബിലേട്ടന്റെ അച്ഛച്ചന്‍. മൂപ്പര് തങ്കരാജിന്റെ അടുത്തേക്ക് പതിയെ നടന്നെത്തി ചെന്നശേഷം ചോദിച്ചു.
“അല്ല മോനെ…. എന്താ പ്പ അന്‍റെ പ്രശ്നം?”
“പ്രോബ്ലമാ…ഇത് വന്ത് എന്നുടെ സ്റ്റൈല്. ജെസിബി ഡ്രൈവര്‍ നാ സുമ്മാവാ അമ്മാവാ ?”
“ജെസിബിക്കെന്താ കൊമ്പുണ്ടോ..?”
“ആ ഇരുക്ക്…ഇത് മറ്റ് വണ്ടിമാതിരി കെടയാത്. ഇന്ത വണ്ടി ഒരേ സീറ്റിലിരുന്നു രണ്ടു സൈഡിലേക്കും ഓടിക്കാം.”
“അപ്പൊ തോണിയോ ??”
.
.
.
മൗനം.
“തോണി ഒരു സീറ്റിലിരുന്നു എങ്ങോട്ട് വേണെങ്കിലും ഒടിച്ചൂടേ മോനേ തങ്കരാജേ…?”
അതുവരെ കുതിച്ചുപാഞ്ഞിരുന്ന തങ്കരാജിന്റെ 88 എച്ച്.പി എഞ്ചിന്‍ പൊടുന്നനെ ഓഫായി. കണ്ണിലുണ്ടായിരുന്ന പള്ളിപെരുന്നാള് റേബാന്‍ ഊരി പോക്കറ്റില്‍വെച്ച് തങ്കരാജ് വിക്ടറി സ്റ്റാന്റി¬ല്‍ നിന്നിറങ്ങി നടന്നു. ആ മുഖം ജെ സി ബി മാന്തിയിട്ട ഒരു മൊട്ടക്കുന്നു പോലെ വറ്റിയിരുന്നു.

Deepu Pradeep