മലപ്പ്രം ജില്ലയെ കീറിമുറിച്ചുകൊണ്ട് കോഴിക്കോട് മുറിയ്ക്കാ¬ന്‍ പെടച്ച് പായുന്ന പൂനെ എക്സ്പ്രസ്സ്.
അതിനകത്തിരിക്കുന്ന നാടിന്റെ മുത്ത്, നാട്ടാരുടെ സ്വത്ത്, അടാപ്പുറത്തെ സുര aka സുരേട്ടൻ. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കിടക്കുന്ന അബൂക്കറിക്കയെ കാണാനുള്ള പോക്കാണ്. അതോടെ അബൂക്കറിക്ക മെമ്മോറിയൽ ആവുമെന്ന് ഞങ്ങൾ.

തിരൂര്ന്ന് ഓടികേറിയ ആ കട്ടിമീശക്കാരന്, അയാളുടെ കണ്ടകശനി മൊട്ടിട്ടപ്പോൾ തോന്നിയത് മ്മടെ സുരേട്ടന്റെ അടുത്ത് പോയിരിക്കാനാണ്. ഇരുന്നു.
ആമുഖമായി ഒന്ന് നൈസായിട്ട് പുഞ്ചിരിച്ച് അയാൾ സുരേട്ടനോട് ചോദിച്ചു,
“ഈ വണ്ടിയില്‍ ചെക്കിംഗ് ഒക്കെ ഉണ്ടാവാറുണ്ടോ?”
ഇര! സുരേട്ടന്റെ ഖല്‍ബില് വളമിടാതെ വാഴകുലച്ച സന്തോഷം!!
“ഉണ്ടാവാറുണ്ടോന്നോ! ഈ ട്രെയിനില് കാറ്ററിംഗ്കാര് വരുന്നപോലെയാണ് ടി ടി മാര് വരാറ്.”
കട്ടിമീശക്കാരന്റെ വോയ്സിൽ പെട്ടെന്നൊരു ദയനീയത‍ ,
“അയ്യോ, ഞാന്‍ ടിക്കറ്റ് എടുത്തിട്ടില്ല, പ്രശ്നാവോ ?”
അത്യന്തം നാടകീയമായി ഒരു ഞെട്ട് ഞെട്ടികൊണ്ട് സുരേട്ടന്‍ നെഞ്ചത്ത് അങ്ങട്ട് കൈവെച്ചു. അത്രയും മതിയായിരുന്നു കട്ടിമീശക്കാരന്റെ നെഞ്ചില് എ ക്ലാസ് പൊരിയിടാ¬ന്‍.
“നിങ്ങളെന്ത് പണിയാന്നും കാണിച്ചത്? ഈ വണ്ടിക്കാണെങ്കില്‍ ഇനി കോഴിക്കോട് എത്തും വരെ വേറെ സ്റ്റോപ്പില്ല. എന്തായാലും പൊക്കും!”
ഉടനെ അതുവഴി പോയ കാറ്ററിംഗ്കാരന്റെ കയ്യീന്ന് കട്ടിമീശക്കാര¬ന്‍ ഒരു ‘റെയില്‍ നീര്‍’ വാങ്ങി കുടിച്ചു.

കുറച്ചുനേരം ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്ന ശേഷം അയാള്‍ വിക്കി വിക്കി ചോദിച്ചു,
“ഫൈന്‍ അടിക്ക്യാണെങ്കില്‍… അത് ഏകദേശം എത്ര ഉണ്ടാവും… ?”
“അതീ ട്രെയിനിന്റെ ആദ്യത്തെ സ്റ്റോപ് മുതല് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ചാര്‍ജിന്റെ നാലിരട്ടി വരും, ഒരു പത്തു മൂവായിരം ഉര്‍പ്പ്യണ്ടാവും”
ജന്മത്ത് തീവണ്ടിയിൽ ടിക്കറ്റെടുത് യാത്ര ചെയ്തിട്ടില്ലെങ്കിലും സുരേട്ടന് ആ കാര്യത്തിലൊക്കെ നല്ല തിട്ടമായിരുന്നു.
കട്ടിമീശക്കാര¬ന്‍ പഴ്സിരിക്കുന്ന പോക്കറ്റിലൊന്നു തടവിയശേഷം മെല്ലെ എഴുന്നേറ്റു. ഇരുപ്പുറയ്ക്കില്ലല്ലോ, സ്വാഭാവികം. പിന്നെ അറുക്കാൻ കെട്ടിയിട്ട ആടിനെ പോലെ കുറെ ഉലാത്തലുകൾ മാത്രം.

വണ്ടി കല്ലായി സ്റ്റേഷൻ എത്തിയപ്പോ അയാൾക്ക് കഴിച്ചിലാവാൻ പോവുന്നതിന്റെ തെളിച്ചമുണ്ടായി. പക്ഷെ, ആ ആശ്വാസത്തില്‍ വിട്ട നിശ്വാസം ഭൂമി ടച്ച് ചെയ്യും മുൻപ് വണ്ടി അതാ അങ്ങട് പിടിച്ചിട്ടു. തേഞ്ഞരഞ്ഞു!
അയാൾ സുരേട്ടനെ ദയനീയമായി നോക്കി.
സുരേട്ടനുണ്ടോ റെസ്റ്റ്?
“ടി ടി ക്ക് കംപാർട്മെന്റ് മാറി കേറാൻ വേണ്ടി നിർത്തീതാവും.”
ആ പാവം കിള്ള വെറച്ച്, വാതിലിനടുത്ത് പോയി പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് അത് സംഭവിക്കുന്നത്.
കാരുണ്യ ഭാഗ്യക്കുറിയും കൊണ്ട് കഥയിലെ കാമിയോ റോളുകാരൻ വന്നിട്ട്, ഒരു കാരുണ്യവുമില്ലാതെ ഒറ്റ പറച്ചിലാ..
“ടിക്കറ്റ്, ടിക്കറ്റ് ”
കേട്ടപാട് കട്ടിമീശക്കാര¬ന്‍ തിരിഞ്ഞുപോലും നോക്കാതെ ചാടി ഇറങ്ങിയൊരോട്ടം, നൂറേ നൂറ്റിപ്പത്തില് ഒരു ക്വിക്ക് സ്പ്രിന്റ്!
എനിക്കുറപ്പാണ്, അത്രയും സ്പീഡിൽ കല്ലായീന്ന് കോഴിക്കോട്ടേക്ക് ജനശദാബ്ദി പോലും എത്തില്ല.

Deepu Pradeep