വളാഞ്ചേരീന്ന് നിന്ന് തൃശൂർക്ക് കേറിയ കെഎസ്ആർട്ടിസി ബസ്, കുറ്റിപ്പുറം പാലവും കടന്ന് മാനത്തേക്ക് ലേസറടിച്ച സ്പീഡിൽ പറന്ന് പായുമ്പോഴുണ്ട് വളാഞ്ചേരിയി¬ല്‍ നിന്നുതന്നെ കയറിയ എന്‍റെ സഹസീറ്റുകാരൻ അയാള് പോസ്റ്റാക്കി നിർത്തിയ ഏതോ പാവത്തിന് ഫോൺ ചെയ്യുന്നു
“ന്നെ കാക്കണ്ട, ങ്ങള് പൊക്കോ…. ഞാൻ ലേറ്റാവും, ബസ്സിവിടെ നിർത്തിയിട്ടിരിക്ക്യാണ്…”
ഞാൻ ഒന്ന് പുറത്തേക്ക് നോക്കി ‘ങ്ങേ! ഈ ബസ്സോ?’

സംഭവം നമ്മളും ലേറ്റാവുമ്പൊ, ബസ്സിന്റെയും ട്രൈയിനിന്റെയും ബ്ലോക്കിന്റെയും ഒക്കെ തലയ്ക്ക് ഇടാറുണ്ടെങ്കിലും, അയാള് പറഞ്ഞത് ഒരുമാതിരി ക്രിസ്റ്റഫ¬ര്‍ നോളന്‍റെ സിനിമാകഥ പോലെയായിരുന്നു.
“ഇതിൽ കൂടുതൽ എന്ത് പറ്റാനാ, കഴിഞ്ഞ സ്റ്റോപ്പിൽ നിന്ന് കണ്ടക്ടർ ബസ്സില് കേറാൻ മറന്നു!! ഇപ്പൊ ഞങ്ങള് എല്ലാരും അയാളെ കാത്തു നിൽക്കാണ്.”
ഇത് കേട്ട ചുറ്റും ഇരുന്നിരുന്ന ഞങ്ങള് നാലുപേര് ആ പ്രതിഭാസത്തെ ഒന്നടിമുടി നോക്കി. ചെങ്ങായിയുണ്ടോ നിർത്തുന്നു..
“എന്താ ചെയ്യാലേ… സർക്കാർ ശമ്പളം വാങ്ങീട്ട് ഇവനൊക്കെ തോന്നിവാസമല്ലേ കാട്ടികൂട്ടുന്നത്?”
ഏറ്റോം ലാസ്റ്റ് ഒരു സ്റ്റേറ്റ്മെന്റും.
“വെറുതെയല്ല കെഎസ്ആർട്ടിസി നഷ്ടത്തിലാവുന്നത്…”
അയാളുടെ പറച്ചിൽ കേട്ടപ്പോ തൊട്ടടുത്തിരിക്കുന്ന ഞാൻ വരെ അത് വിശ്വസിച്ചുപോയി. പിന്നെ ഫോൺ വിളിച്ച ആളുടെ കാര്യം പറയാണ്ടോ..
ഫോൺ വെച്ച ശേഷം മൂപ്പര് ഞങ്ങളെ നോക്കിയെന്നു പുഞ്ചിരിച്ചു. ഞാൻ ഫാനായികഴിഞ്ഞിരുന്നു.

ബസ് കണ്ടനകം ഡിപ്പോയില് രണ്ടുമിനുറ്റ് നിർത്തിയിട്ടശേഷം എടുത്ത് അഞ്ചുകിലോമീറ്റർ അപ്പുറത്തുള്ള എടപ്പാൾ ടൗണിലെത്തി. ഡ്രൈവർ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തുനോക്കിയപ്പോ, ദോണ്ടെ മുപ്പത്തിരണ്ട് മിസ്കോള്!!
സ്പോട്ടില് മുപ്പത്തിമൂന്നാമത്തെയും വന്നു, കണ്ടക്ടറാണ്.
“വണ്ടി പോവല്ലേ, ഞാൻ കേറീട്ടില്ല!”

പിന്നെ ചുള്ളൻ കണ്ടനകത്തു നിന്ന് വരുന്നത് വരെ ഞങ്ങള് ഒന്നടങ്കം കട്ട വെയിറ്റിങ്.
ഓട്ടോയിൽ വന്നിറങ്ങിയ കണ്ടക്ടറെ ബസ്സിലുള്ള ബാക്കി യാത്രക്കാര്, ആക്കി ചിരിച്ച് ആനയിക്കുമ്പൊ, ടൈം ട്രാവൽ ചെയ്തു വന്ന ഞങ്ങള് നാല് പേര്, ആ മനുഷ്യനെ ആയിരുന്നു നോക്കിയത്. ‘മായാവി’യിലെ സ്രാങ്കിനെ പോലെ, ‘ഇതെന്ത് മറിമായം? എനിക്ക് ദിവ്യശക്തി കിട്ടിയതാണോ, അതോ കണ്ടക്ടർക്ക് ഭ്രാന്തായതാണോ’ എന്ന കോലത്തിലായിരുന്നു അയാൾ ഇരുന്നിരുന്നത്.
തന്നെ കൂട്ടാതെ പോയ ഡ്രൈവറെ, കണ്ടക്ടറും, സമയത്ത് വണ്ടിയിൽ കയറാത്ത കണ്ടക്ടറെ, ഡ്രൈവറും ഒന്ന് പരസ്പരം നോക്കി. ആ നോട്ടത്തിൽ ഒരു മഹാഭാരതം ഉണ്ടായിരുന്നു, രണ്ട് സീസൺ ഗെയിം ഓഫ് ത്രോൺസും.

Deepu Pradeep