നമ്മുടെ നാട്ടിൽ വിക്സ് മുട്ടായിയും സെന്റർഫ്രഷും ഇങ്ങനെ സെയിൽസ് റെക്കോർഡുകൾ പഴങ്കഥയാക്കുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ്. സിഗരറ്റ്
വലിച്ചശേഷം ഇത് വായിലിട്ടാൽ മണം കിട്ടില്ല എന്നൊരു വിശ്വാസം.
പക്ഷെ ഷിജുവിന്റെ കേസിൽ അതായിരുന്നില്ല സ്ഥിതി. എന്നൊക്കെ അവൻ സിഗരറ്റ് വലിച്ചിട്ട് വീട്ടിൽ കേറിയിട്ടുണ്ടോ, അന്നൊക്കെ അവനെ അവന്റമ്മ പൊക്കിയിരിക്കും.
കൂട്ടുകാരുടെ അഡ്വൈസറിങ് കമ്മറ്റി കൂടി.
“സിഗരറ്റ് പിടിക്കുന്ന വിരലിന്റെ മണം കിട്ടുന്നുണ്ടാവും” കനപ്പെട്ട നിരീക്ഷണം വന്നു.
‘ബൈക്കിന്റെ പ്രട്രോൾ ടാങ്ക് തുറന്ന് വിരൽ വെച്ചാ മതി, സിഗരറ്റിന്റെ മണം പോവും’ എന്ന് സജസ്റ്റ് ചെയ്തത് ഫ്രണ്ട് റിയാസാണ് (റിയ അല്ല, അത് ചന്ദ്രികടെ ആള്)
പക്ഷെ, എണ്ണ കമ്പനികളുണ്ടോ സമ്മതിക്ക്ണ്? ഒരു സെക്കന്റ് തുറന്ന് വെച്ചാ അപ്പൊ ആവിയാവും അഞ്ചുർപ്പ്യടെ പെട്രോള്.
അങ്ങനെ ഷിജു പ്രകൃതിയിലേക്ക് മടങ്ങി. പേരമരം & കമ്മ്യൂണിസ്റ്റ് പച്ച. അതിന്റെ ഇലയെടുത്ത് കയ്യിൽ തേക്കലായി. എവിടെ,
എന്നാലും അമ്മ പിടിക്കും.
അവസാനം അവൻ ഗതികെട്ട് അമ്മയോട് ചോദിച്ചു,
“അതെങ്ങനെയാണ് അമ്മാ സിഗരറ്റിന്റെ മണം അമ്മ ഇത്ര ഈസിയായിട്ട് തിരിച്ചറിയുന്നത്”?
“എനിക്ക് സിഗരറ്റിന്റെ മണം ഒന്നുമറിയില്ല”
കണ്ണ് തള്ളുന്ന സ്മൈലിയോടൊപ്പം ഷിജു,
“പിന്നെങ്ങനെയാണ് ഞാൻ വലിച്ച് വരുമ്പൊ അമ്മ ഇങ്ങനെ കൃത്യമായി പൊക്കുന്നത്?”
“അല്ലാണ്ട് എന്റെ മോൻ നേരം പുലർച്ചയ്ക്കും, നട്ടപ്പാതിരയ്ക്കും വിക്സ് മുട്ടായിയും വായിലിട്ട് വരില്ലല്ലോ..”

Deepu Pradeep