മംമ്ലിതോ ?
അതെ, മംമ്ലിതം.
അതെന്താ ?
അതൊരു ടൈപ്പ് അവസ്ഥേണ്. കുഴിബോംബ് ചവിട്ടി നിൽക്കുമ്പോ, കാലിന്റെ അടീല് ചൊറിച്ചില് വരുന്ന പോലൊരു അവസ്ഥ!

മധുരം
മൂലേപ്പറമ്പിലെ മണിമാഷിന്റെ ഇളയമോള് സുമിടെ കല്യാണത്തിന്,ഒരു ഫ്‌ളവർ വൈസ് പ്രസന്റേഷനും കൊണ്ട് മാങ്കുറിശ്ശി വീടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്നു ശ്രീകുട്ടനും അനിയൻ വാസുദേവനും.
സുമിടെ കഴുത്തിൽ താലി വീണ സെക്കന്റിൽ തന്നെ, അനിയൻ വാസു ശ്രീകുട്ടന്റെ വലത്തേകൈ ചേർത്തുപിടിച്ചിട്ടു പറഞ്ഞു,
“ഏട്ടാ….അങ്ങനെ ഓളും പോയി !”ശ്രീകുട്ടന്റെ മുഖത്തെ വിഷമം കണ്ടപ്പൊ വാസുവിന് പിന്നെ കൂടുതലൊന്നും പറയാൻ തോന്നീല. പക്ഷെ ശ്രീക്കുട്ടൻ ഒന്ന് പറഞ്ഞു,
“നാട്ടിലെ ലുക്ക് പെങ്കുട്ട്യോള് കല്യാണം കഴിഞ്ഞു പോവുമ്പഴല്ലടാ സങ്കടം, അവരുടെ ഒക്കെ ഭർത്താക്കന്മാരെ കാണുമ്പഴാ. ശോകം”
“സത്യം”

ദേഹണ്ണക്കാരൻ സുന്ദരേട്ടൻ മൂന്നടിയുള്ള ആ അടാറ് പായസചെമ്പിന്റെ ചുറ്റം ഒരുമണിക്കൂർ ഓതിരം ചാടി ഇളക്കി കുറുക്കിയ പാലട പായസം രുചിച്ചിട്ട്, ‘അഞ്ചു പൈസക്കില്ല്യ’ എന്നൊരു സ്പോട്ട് റിവ്യൂ ഇട്ടശേഷം, നാലാമത്തെ ഗ്ലാസ്സ് ചോദിച്ചു വാങ്ങി മോന്തുകയായിരുന്നു വാസു. തൊട്ടപ്പുറത്ത്, പുന്നെല്ല് പൂത്തുപോയ നച്ചെലിയെപോലെ പോലെ ഇരുന്നിരുന്ന ശ്രീകുട്ടനോട് വാസു ചോദിച്ചു.
“അടുത്തതാരാ?”
“ഞാൻ പറയൂല. അന്നോട് പറഞ്ഞ എന്റെ ഒരു പ്രേമവും ഇതേവരെ നടന്നിട്ടില്ല.”
“അത് എന്നോട് പറഞ്ഞതോണ്ടല്ല, ഏട്ടൻ പ്രേമിച്ച പെണ്ണുങ്ങളോട് പറയാത്തത് കൊണ്ടാ. ഒരു പ്രേമം സക്സസ്ഫുൾ ആവണം എന്നുണ്ടെങ്കിൽ മിനിമം, ഏട്ടൻ പ്രേമിക്കുന്ന പെണ്ണെങ്കിലും അതറിഞ്ഞിരിക്കണം ”
ശ്രീക്കുട്ടൻ പായസം പകുതിക്ക് വെച്ച് എഴുന്നേറ്റു. വാസുവിനോടുള്ള ദേഷ്യം ശ്രീക്കുട്ടൻ കൈ കഴുകുന്നിടത്തെ മീൻ സോപ്പിനോട് തീർത്തു.

 

രണ്ടൂസം കഴിഞ്ഞ് ഒരു ഉച്ചയ്ക്ക് ഇരട്ടക്കുളത്തിന്റെ സൈഡിലിരുന്ന് നീന്തലിന്റെ അ ആ ഇ ഈ അറിയാത്ത വാസു, നറുങ്ങു പിറങ്ങുകൾക്ക് നീന്തലിന്റെ തിയറിക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പഴാണ് ശ്രീകുട്ടന്റേയും വാസുവിന്റെയും കോമൺ കൂട്ടുകാരൻ സുബൈർ ഓടിപിടിച്ചുവരുന്നത്.
“വാസോ…അറിഞ്ഞാ? അന്റെ ഏട്ടന് പുത്യേ പ്രേമം! അടുത്ത വൺവെ.”
“അതിലിപ്പോ ഞെട്ടാനൊന്നുമില്ല, എന്റെ ഏട്ടന്റെ പ്രേമം ന്ന് പറഞ്ഞാ എസ്കലേറ്ററിലെ സ്റ്റെപ്പ് പോലെയാണ്. ഒന്ന് കഴിഞ്ഞാ ഉടനെ അടുത്തത് വരും, ഒരു ഗ്യാപ് പോലൂണ്ടാവില്ല .
“ആരാന്ന് അറിഞ്ഞോ ?”
വാസുവിന്റെ മുഖത്തേക്ക് ആകാംഷ തിക്കിത്തിരക്കിവന്നു കൈകെട്ടിനിന്നു.
“ഇല്ല, ആരാ ?”
“ഗായത്രിന്നാണ് പേര്, കുളങ്കര അമ്പലത്തിന്റെ പിന്നിലെ പാടത്തിനടുത്താണ് വീട്. ഇനി ഒന്നുകൂടി പറയാം, ശ്രീക്കുട്ടൻ ഓളെ പ്രപോസും ചെയ്തു!”
“പടച്ചോനെ ! ഓനോ ? ന്നിട്ടോ ?
“ഓളേതാ മൊതല്, ഫേസ്‌ബുക്കില് വന്ന് പ്രപ്പോസ് ചെയ്യാൻ ഏത് കോന്തനും പറ്റും, ആണാണെങ്കിൽ നേരിട്ട് വന്ന് പറ എന്നുപറഞ്ഞു. അതോടെ അന്റെ കാരണോര് ബും. ഇനിയാ ഏരിയേ പോവൂല”.
സംഭവം ചീള് കേസാണെങ്കിലും, ആ ചീള് വാസുവിന്റെ അന്തരീക്ഷത്തിൽ തളംകെട്ടിനിന്നു. വലത്തേ കുളത്തിന്റെ ആഴങ്ങളിലേക്ക് നോക്കി എന്തോ ആഴത്തിൽ ആലോചിച്ചശേഷം വാസു സുബൈറിനോട് ചോദിച്ചു,
“ഇന്നല്ലേ കുളങ്കര അമ്പലത്തില് പൂരം?”
“അതെ.”

വാസു വീട്ടിൽ ചെന്നപ്പോ ശ്രീക്കുട്ടൻ ഗായത്രിടെ ഫേസ്‌ബുക്ക് പ്രൊഫൈലും തുറന്ന് വെച്ചിരിക്കുന്നതാണ് കണ്ടത്. അതുപിന്നെ അങ്ങനെയാണല്ലോ. അവൻ പിന്നൊന്നും നോക്കീല,
“ഏട്ടാ , വാടാ ”
എങ്ങോട്ടാണ് എന്ന ശ്രീകുട്ടന്റെ ചോദ്യത്തിന് ഉത്തരം പറയാതെ, അറുക്കാൻ കൊണ്ടുപോണ പോത്തിനെപോലെ വാസു ശ്രീകുട്ടനെ വലിച്ചു കൊണ്ടിറങ്ങി.
“എങ്ങോട്ടാടാ രണ്ടും”?, അമ്മ.
“ഏട്ടനെ ഒന്ന് ഫേഷ്യല് ചെയ്യിപ്പിച്ചിട്ട് വരാം.”
ശ്രീകുട്ടനും വാസുവും ബൈക്കിൽ കേറിപോകുന്നത് നോക്കിനിന്നുകൊണ്ട് അമ്മ, ഉമ്മറത്തിരുന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉലാത്തുകയായിരുന്ന അച്ഛനോട് ചോദിച്ചു,
“ഈ ഫേഷ്യല് ചെയ്താ മുഖത്തെ പാടൊക്കെ മാറോ ?”
“നിന്റെ ഇളയ മോനല്ലേ കൊണ്ട്പോണത്….. മുഖത്തെ പാടല്ല, മോന്തേടെ ഷേപ്പ് തന്നെ ചെലപ്പോ മാറും.”
അച്ഛനൊരു പഞ്ചിട്ടു വെച്ചു.

പതിനായിരം മനുഷ്യന്മാര് ഒത്തുകൂടിയിട്ടുള്ള കുളങ്കര പൂരം. പൂരപ്പറമ്പിന്റെ ആന്ദോളനങ്ങൾക്കിടയിലൂടെ വാസുവും ശ്രീകുട്ടനും സുബൈറും കൂടി തിക്കിതിരക്കി നടന്നു. പാടത്തിന്റെ അടുത്തുള്ള ആ വലിയ വീടിന്റെ അടുത്തെത്തിയപ്പോഴേക്കും തീർന്നത് ആറ് സംഭാരം, മൂന്ന് കോലൈസ്,രണ്ടുപൊതി കടല, നാല് ഡബിൾ ഓംലറ്റ്, എട്ട് ഐസ്ക്രീം, മൂന്ന് വത്തക്കവെള്ളം. ഗായത്രിയുടെ വീടാണെന്ന് മനസ്സിലായപ്പോ ശ്രീക്കുട്ടൻ തന്റെ ബാക്കിയോട് ചോദിച്ചു.
“വാസോ, എന്താ ഇവിടെ?”
“ആ കാണുന്നതാണ് ഗായത്രിടെ വീട്.”
“അതെനിക്കറിയാ… നമ്മളെന്താ ഇവിടെ ന്നാണ് ചോദിച്ചത്ഇവിടെ ”
“ഏട്ടൻ അവളുടെ വീട്ടിൽ കയറി അവളെ പ്രപ്പോസ് ചെയ്യണം”
“പുന്നാര അനിയാ, ജേഷ്ഠന്റെ ജീവിതം വെച്ചുതന്നെ വിറ്റുണ്ടാക്കണോ?”
“ഉമ്മാക്കി കാണിച്ചു പേടിപ്പിക്കുന്നവരെ ഉമ്മ വെച്ച് ഞെട്ടിക്കണം!”
“അതൊക്കെ ഓവറല്ലേ അനിയാ?”
“നേരിട്ട് വന്ന് പ്രപ്പോസ് ചെയ്യാൻ പറഞ്ഞു അന്റെ ആണത്വത്തയാണ് അവള് വെല്ലുവിളിച്ചിരിക്കുന്നത്. വിട്ടുകൊടുക്കരുതടാ ഏട്ടാ, മാങ്കുറുശ്ശിക്കാര് ആരാന്ന് കാണിച്ചുകൊടുക്കണം.”
സുബൈർ സൈഡിൽ നിന്ന് പിന്താങ്ങി,
“ശര്യാടാ, ആ വെല്ലുവിളി നീ ഏറ്റെടുത്തു ഇപ്പൊ അവളെ പ്രപ്പോസ് ചെയ്താ, ഓള് പിന്നെ ആരാ?”
“ആരാ?”
“അന്റെ പെണ്ണാ”
ശ്രീക്കുട്ടമനസ്സ് അതിലിളകി. വാസു അടുത്ത പൊരിട്ടു.
“നീ ഈ ലോകത്ത് എവിടുന്ന് അവളെ പ്രപ്പോസ് ചെയ്താലും അവള് ചെലപ്പോ നോ ന്ന് പറയും. പക്ഷെ സ്വന്തം വീട്ടിൽ, സ്വന്തം മുറിയിൽ കേറി വന്ന് ഒരുത്തൻ ഇഷ്ടമാണെന്ന് പറഞ്ഞാൽ ആ ചങ്കൂറ്റം കണ്ട് ഏത് പെണ്ണും വീഴും.”
“വീഴോ?”
“വീണിരിക്കും”

“വൻ റിക്‌സാണ് മോനെ. എങ്ങനെ അകത്തുകേറും , പോട്ടെ എങ്ങനെ പുറത്തുവരും ?”
പക്ഷെ വാസു ഫുൾ പ്ലാൻഡ് ആയിരുന്നു.
“ഇവിടെ രണ്ട് സെറ്റ് വെടിക്കെട്ടുണ്ട്. വീട്ടുകാര് എല്ലാവരും വെടിക്കെട്ട് കാണാൻ ടെറസിൽ കേറി നിൽക്കും. ഫസ്റ്റ് സെറ്റ് പൊട്ടുമ്പൊ നീ അകത്തു കേറണം, സെക്കന്റ് സെറ്റ് പൊട്ടുമ്പൊ നീ പുറത്തേക്കും വരണം. രണ്ടു സെറ്റിന്റെയും ഇടയിൽ ഒരു ഇരുപത് മിനുറ്റ് ഗ്യാപ്പുണ്ട്, ആ ഗ്യാപ്പിൽ നീ അവളെ ഫോൺ വിളിച്ചു മുറിയിലേക്ക് വരുത്തി സംഭവം അങ്ങട് കാച്ചണം. സിമ്പിൾ”.
ശ്രീകുട്ടന്റെ ഉള്ളിലൊരു ലവ് സോങ്ങിന്റെ ബാന്റ് സെറ്റ് മുഴങ്ങി. അത് കഴിഞ്ഞപ്പോഴേക്ക് വെടിക്കെട്ടിന് തിരി കൊളുത്തി. ചെക്കൻ ചങ്കിന്റെയും ചോരയുടെയും ആൾ ദി ബെസ്‌റ് വാങ്ങി പോക്കറ്റിലിട്ട് മതില് ചാടി ആ വീട്ടിലേക്ക് കയറി.

മാരകം
ആകാശം മിന്നിച്ച്, ഭൂമി കുലുക്കി, ചെവിട് കലക്കി അവസാനത്തെ ഗുണ്ടും പൊട്ടിതീർന്നു. സുബൈറ് വാസുവിന്റെ മുഖത്തേക്ക് നോക്കി. രണ്ടാൾക്കും ഒരു പ്രേമം സഫലീകരിച്ചതിന്റെ ചാരിതാർഥ്യം.
“ഇപ്പൊ പറഞ്ഞിട്ടുണ്ടാവും”
“ഉം..”
അപ്പോഴാണ് രണ്ടാളും പൂരപ്പറമ്പിൽ മുൻവർഷങ്ങളിൽ ഇല്ലാത്ത ഒരു കീഴ്‌വഴക്കം ശ്രദ്ധിക്കുന്നത്. ഫസ്റ്റ്സെറ്റ് വെടിക്കെട്ട് കഴിഞ്ഞപ്പോഴേക്കും ആൾക്കാരെല്ലാം സ്ഥലം കാലിയാക്കുന്നു! സുബൈറ് കാര്യം തിരക്കി. ഉത്തരം വന്നു,
“ഇപ്പ്രാവശ്യം ഒറ്റ സെറ്റ് വെടിക്കെട്ടെ ഉള്ളൂ !”
ട്വിസ്റ്റ് ! ചേമ്പ് പറിച്ച ട്വിസ്റ്റ് !!
വാസുവും സുബൈറും ആകാശത്തേക്ക് പോകുന്ന പുക നോക്കി നിന്നു. തികച്ചും സന്ദർഭോചിതമായൊരു വ്യൂ.

അധികം വൈകാതെ തന്നെ വാസുവിന്റെ ഫോണിലേക്ക് ശ്രീകുട്ടന്റെ കോൾ വന്നു. ഫോണെടുത്ത വാസു ഹലോനൊന്നും കേട്ടില്ല, ഒരു മോങ്ങലായിരുന്നു അപ്പുറത്തുനിന്ന്
“ന്നെ രക്ഷിക്കടാ സുബൈറേ …”
“ഏട്ടാ നേർവ്വസാവല്ലേ ”
“പോയി പണി നോക്കെടാ നാറീ, ഫോൺ സുബൈറിന് കൊടുക്കെടാ”
അങ്ങനെതന്നെ സംഭവിച്ചു. ഫോൺ കയ്യിലെടുത്ത സുബൈറും ആ കരച്ചില് കേട്ടു.
“സുബൈറേ … എന്താടാ ഇപ്പൊ ചെയ്യാ ? ഇങ്ങനൊരു പെടല് ഞാനെന്റെ ജീവിതത്തിൽ പെട്ടിട്ടില്ല.”
“ഇനി പെടാൻ പറ്റും ന്നും തോന്നണില്ല ശ്രീകുട്ടാ….. ഓൾക്ക് ആങ്ങളമാര് മൂന്നല്ലേ ?”
“ഉം”.
.
.
.
ഘനഗംഭീരമായ നിശബ്ദത. അമ്പത്തിരണ്ട് സെക്കൻഡ് ദൈർഘ്യം.
സുബൈറ് തന്നെ അത് ബ്രേക്ക് ചെയ്തു
“ഓളെവിടെ, ഗായത്രി?”
“ഇവിടെയുണ്ട്”
“ഓള് വീണാ?”
“ഉം. ബോധം കെട്ടിട്ടാ വീണത്. ഞാൻ മുഖത്തു വെള്ളമൊക്കെ തളിച്ച് ഒരുവിധം വീണ്ടെടുത്തിട്ടുണ്ട്. ഇപ്പഴും ഷോക്ക് വിട്ടുമാറാത്തത് കൊണ്ട് ഇതേവരെ നിലവിളിച്ചിട്ടില്ല.”
“നിലവിളിക്കാൻ സമ്മതിക്കരുത്, ഒരുകാരണവശാലും സമ്മതിക്കരുത്.ഇനി ഷോക്ക് എങ്ങാനും മാറിയാൽ, മണ്ടക്കിട്ട് ഒന്ന് കൊടുത്തോ ഇന്നാലും വേണ്ടില്ല. ഓള് നിലവിളിച്ചാ അതോടെ അന്റെ ആപ്പീസ് പൂട്ടും ശ്രീകുട്ടാ.
“ഉം.”
“ന്നാ യ് ഫോൺ വെച്ചോ, ഞങ്ങളൊന്നു പ്ലാൻ ചെയ്തിട്ട് വിളിക്കാ”
ശ്രീക്കുട്ടൻ സുബൈറ് കൊടുത്ത പ്രതീക്ഷയിൽ ഫോൺ വെച്ചു.

“ഇത് വെടിക്കെട്ടിനേക്കാളും ഇരുമ്പുംട്ടാ…”
വാസു അപ്പോഴും പൊക നോക്കി നിൽക്കുകയായിരുന്നു.
“ഇയ്യെന്താണ്ടാ അട്ടത്ത് നോക്കി നിക്ക്ണ്, ഒരു സൊലൂഷൻ പറയ്”
“മൈന്റ് അടിച്ചുപോയി , ഫുൾ ബ്ളാങ്ക്”
“വാസോ… ഒരു സംശയം, ശ്രീകുട്ടന് വല്ലതും പറ്റിയാൽ മാങ്കുറിശ്ശിലെ സ്വത്തൊക്കെ അനക്ക് ഒറ്റയ്ക്ക് കിട്ടും ലേ ?
“ഉം, എന്തേ ?”
“ഏയ്..ഒന്നൂല്യ; ചോദിച്ചെന്നെ ഉള്ളൂ… ഇയായോണ്ട് ഒന്നും പറയാൻ പറ്റൂല.”

ഫോൺ വീണ്ടും ബെല്ലടിച്ചു.പിന്നേം ശ്രീക്കുട്ടൻ. സുബൈർ ഫോണെടുത്തിട്ട് പറഞ്ഞു,
“ശ്രീകുട്ടാ, ഞങ്ങള് ആലോചിച്ചില്ലെടാ”
“അനക്കൊക്കെ അവിടെ പിന്നെന്താണ് പണി ?”
“കൺട്രോൾ കൺട്രോൾ …ആ,കൺട്രോളിന്റെ കാര്യം പറഞ്ഞപ്പഴാ.. ഓളെവിടെ ?”
“താഴെ ചോറുണ്ണാൻ പോയി”
“ഓഹോ…. ഈ മുൾമുനയിലും ഓൾക്ക് തീറ്റയാണല്ലേ മുഖ്യം ?”
“പിന്നെ വീട്ടുകാര് വന്ന് ചോറുണ്ണാൻ വിളിക്കുമ്പോ അവളെന്ത് പറയണം, ‘എന്റെ റൂമില് ശ്രീകുട്ടനുണ്ടമ്മേ, ഞങ്ങൾക്കുള്ള ചോറ് ഇങ്ങോട്ടെടുത്തോ’ ന്നോ ??”
“അതും ശരിയാണ്. എടാ..രക്ഷപെടാൻ ഒരു വഴിയുണ്ട്. ഞങ്ങള് എങ്ങനെയെങ്കിലും വന്ന് വീടിന്റെ മെയിൻ ഓഫാക്കാ.. ആ ഇരുട്ടത്ത് നീ ഓടി പുറത്തെത്തണം”
“ഈ വീട്ടില് ഇൻവെർട്ടർ ഉണ്ട് ”
അതും കൂടി കേട്ടതോടെ സുബൈറിന്റെ കൺട്രോൾ പോയി,
“അണക്ക് ഇൻവെർട്ടർ ഇല്ലാത്ത വല്ല വീട്ടിലേം പെണ്ണിനെ പ്രേമിച്ചാ പോരായിരുന്നോ ഊളേ”
ശ്രീക്കുട്ടൻ വീണ്ടും കരച്ചില് തുടങ്ങി.
വാസു ഫോൺ വാങ്ങി. “ഇങ്ങനെ നെലോളിക്കല്ലേ ഏട്ടാ, ഗായത്രിയെങ്ങാനും കേട്ടാ, നമ്മള് മാങ്കുറിശ്ശിക്കാരുടെ അഭിമാനം എന്താവും?”
“മനുഷ്യൻ ഇവിടെ അടപ്പ് തെറിച്ച് ഇരിക്കുമ്പഴാണ് അവന്റെ ഒരു അഭിമാനം. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അനിയാ..നിനക്ക് സിബ്ലിങ്ങ് റൈവൽറി കാണിക്കാൻ വേറെന്തൊക്കെ മാർഗ്ഗങ്ങളുണ്ടായിരുന്നു, ഇതുതന്നെ വേണായിരുന്നോ ? എന്നെ ഇവിടെ കേറ്റാൻ കാണിച്ച കുരുട്ടുബുദ്ധി ഇറക്കാനും കാണിക്ക്!”
“ഡോണ്ട് വറി, ഒരു വഴിയുണ്ട്.. ടെറസിൽ ചെന്ന് കിഴക്കേ മൂലയിൽ നിന്ന് താഴോട്ട് ചാടിക്കോ. നേരെ കിണറ്റിലെത്തും. വെടിക്കെട്ടു കഴിഞ്ഞു പോവുമ്പോ കാല് തെറ്റി കിണറ്റില് വീണതാണെന്നു പറയാം.”
“അനിയാ വാസൂ…പറയുന്നോണ്ട് ഒന്നും തോന്നരുത്, ഇയൊന്ന് അന്റെ അവതാര ലക്‌ഷ്യം പെട്ടെന്ന് പൂർത്തിയാക്കീട്ട് ഈ ഭൂമീന്ന് പോയിതരോ ? ബാക്കിയുള്ളോർക്ക് ഒന്ന് ജീവിക്കാനാ…ഈശ്വരാ..ദുര്യോധനനെയൊക്കെ സമ്മതിക്കണം, ഇവിടെ ഒരുത്തൻ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് തന്നെ ഊരാൻ പറ്റണില്ല, അപ്പഴാണ് അളിയൻ തൊണ്ണൂറ്റിഒമ്പതെണ്ണത്തിനെ പുഷ്പം പോലെ ഡീൽ ചെയ്തത്.”

മംമ്ലിതം
സമയം രണ്ടര, പൂരപ്പറമ്പ് ശൂന്യമായി. ആൽമരത്തില് തങ്ങിനിൽക്കുന്ന നാല് ഹൈഡ്രജൻ ബലൂണുകളും വാസുവും സുബൈറും മാത്രം പാടത്ത് ബാക്കി. എന്നിട്ടും ആ വീട്ടിലെ ലൈറ്റ് മാത്രം അണഞ്ഞിട്ടില്ലായിരുന്നു.വീട്ടുകാര് ഉറങ്ങിയ ശേഷം പുറത്തുവരാം എന്ന പ്ലാനും ഇങ്ങനെ അന്തമില്ലാതെ നീണ്ടുപോകുന്ന അവസ്ഥ, ആ അവസ്ഥയിലേക്ക് ശ്രീകുട്ടന്റെ വിളി വന്നു.
“ഹലോ”
“ഇതെന്ത് കുന്താടാ…. ആ വീട്ടിലാർക്കും ഉറക്കവും ഇല്ലേ ?”
“ഇവിടെ ചെറിയൊരു പ്രശ്‍നം. ഗായത്രിടെ ആങ്ങളമാര് പൂരപ്പറമ്പിൽ വെച്ച് ആരെയോ തല്ലി. അടികൊണ്ടവൻ സീരിയസ് ആത്രേ”
‘നീയും തയ്‌പ്പിച്ചു വെച്ചോ ഒരു ബ്രേസിയറ്’ എന്ന ഡയലോഗാണ് വാസുവിന്റെ മനസ്സിലേക്ക് ആദ്യം വന്നത്. പിന്നെ ജേഷ്ഠന്റെ ടെൻഷൻ കൂട്ടണ്ടാന്നു കരുതി അത് ആത്മഗതമാക്കി.
“അവൻ ആ വീട്ടിലേക്ക് ചെന്നുകയറിയതിന്റെ ഐശ്വര്യമാവും” എന്ന് സുബൈറും പറഞ്ഞു.

മുറിയിൽ ഗായത്രിയും ശ്രീകുട്ടനും മുഖത്തോട് മുഖം നോക്കിയിരുന്നു. രണ്ടുപേരും മറ്റേയാളുടെ മുന്നിൽ മാനം പോവുമല്ലോ എന്ന ഒറ്റക്കാരണത്താലാണ് കരയാതെ കടിച്ചുപിടിച്ചിരിക്കുന്നത്. ഫേസ്‌ബുക്കിൽ അവനോട് അങ്ങനെ പറഞ്ഞതിൽ അവളിപ്പോ കാര്യമായിട്ട് കുണ്ഠിതപെട്ടുകഴിഞ്ഞിരിക്കുന്നു.
കുറെ കഴിഞ്ഞപ്പോ ശ്രീക്കുട്ടൻ ഉള്ളീന്ന് വന്നൊരു ആശ്വാസവാക്ക് തന്നോട് തന്നെ പറഞ്ഞു. ‘ഏതായാലും ഇത്രയും നേരം ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ, അപ്പൊ ഇനി പേടിക്കാനില്ല….ഞാൻ രക്ഷപെടും’. ഏജ്‌ജാതി ടൈമിംഗ്! ആ ഡയലോഗ് പറഞ്ഞ ആ സെക്കന്റിൽ തന്നെയാണ് അത് സംഭവിച്ചത്. ഒരു പോലീസ് ജീപ്പ് ആ വീട്ടിലേക്ക് കേറിവന്നു! തല്ല് കേസിലെ പ്രതികളായ ആങ്ങളമാർ പിടിക്കാൻവേണ്ടി ആ വീട് സേർച്ച് ചെയ്യാൻ !!
മംമ്ലിതം! അതെ മംമ്ലിതം!!
ശ്രീകുട്ടന്റെ ഉള്ളിൽ ആത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പ് ഒക്കെ കത്തി, രണ്ട് ഗുണ്ടും പൊട്ടി.ശുഭം!

ശ്രീക്കുട്ടൻ വികാരാധീനനായികൊണ്ട് ഫോൺ ചെയ്തു.”വാസോ…സുബൈറേ ..ഇതെന്റെ ലാസ്റ്റ് കോളാവും ..”
“എന്താ ഏട്ടാ ഞാനിനി ചെയ്യേണ്ടത്?”
“അനിയാ…. നീ വീട്ടിൽ ചെന്ന് ഒരു കുഴി വെട്ടിക്കോ, ഞാൻ വന്ന് കിടക്കാം”
“ഏയ് വേണ്ട, അവര് കൊണ്ടോയി കെടത്തിക്കോളും” സുബൈർ.
“ഏട്ടാ , അവളോട് പറ ഏട്ടനെ എവിടെയെങ്കിലും ഒളിപ്പിക്കാൻ. അവളുടെ കൂടെ മാനം പോകണ കേസല്ലേ.”
ശ്രീക്കുട്ടൻ അതില് കേറിപിടിച്ചു. ഗായത്രിക്ക് കൂടെ പിടിക്കുകയല്ലാതെ വേറെ നൃവർത്തി ഉണ്ടായിരുന്നില്ല. അവൾ അവനെയും കൊണ്ട് ആരും കാണാതെ ടെറസിലെത്തി വാട്ടർ ടാങ്ക് ചൂണ്ടി കാണിച്ചുകൊടുത്തിട്ടു തിരിച്ചു മുറിയിലേക്ക് പോയി. അപ്പോഴേക്കും പോലീസ് താഴെ തിരച്ചില് തുടങ്ങിയിരുന്നു. ശ്രീക്കുട്ടൻ സമയം കളയാതെ ഓടി ചെന്ന് വാട്ടർ ടാങ്ക് തുറന്നതും അതിനുള്ളിൽ നിന്ന് മൂന്ന് പേർ പുറത്തേക്ക് ചാടി. ഐ റിപ്പീറ്റ് മൂന്ന് പേർ. ആ മണ്ടന്മാർ, ടാങ്ക് തുറന്നത് പോലീസാണെന്നു വിചാരിച്ച്‌ ടെറസിൽ നിന്നും ഒന്നും നോക്കാതെ ചാടി പിന്നെ ഓടി. പക്ഷെ, രക്ഷയുണ്ടായില്ല, നേരെ ചെന്ന് പെട്ടത് പോലീസിന്റെ കരവലയത്തിൽ തന്നെ.

പോലീസും ബഹളങ്ങളും ഒക്കെ ആറിക്കഴിഞ്ഞപ്പൊ ടെറസിൽ നിന്നും ശ്രീക്കുട്ടൻ മെല്ലെ ഇറങ്ങി നടന്നു. ശ്രീകുട്ടൻ മറയുന്നതുവരെ ഗായത്രി ജനാലയിലൂടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവള് അപ്പൊ മനസ്സിൽ വിളിച്ച തെറികൾ കുറിച്ചെടുത്തിരുന്നെങ്കിൽ ഒരു ഇരുനൂറു പേജിന്റെ നോട്ട്ബുക്ക് തീർന്നേനെ.
ശ്രീകുട്ടനും വാസുവിന്റെയും സുബൈറിന്റെയും അടുത്തെത്തി. സുബൈർ ഒന്നേ പറഞ്ഞുള്ളൂ..
“വീഴ്‌ത്താൻ പോവുമ്പോ ഇങ്ങനെ പോണം…. അവളേം വീഴ്ത്തി, അവളുടെ മൂന്ന് ആങ്ങളമാരെയും വീഴ്ത്തി..നീയും വീണു. ശ്രീകുട്ടാ…..അന്നെകൊണ്ടേ പറ്റൂ”

എല്ലാം കഴിഞ് കാലത്ത് ആറുമണിക്കാണ് ശ്രീകുട്ടനും വാസുവും തിരിച്ച് കുടുംബത്തെത്തുന്നത്, ആഫ്റ്റർ ഫിഫ്റ്റിൻ ബ്യൂട്ടിഫുൾ ഹവേർസ്. വാതില് തുറന്നുകൊടുത്ത അച്ഛന്റെ ചോദ്യം വന്നു,
“എവിടെയായിരുന്നെടാ രണ്ടും ഇത്രയും നേരം?”
വാസുവിന്റെ മുഖത്തേക്കൊന്ന് നോക്കിയശേഷം ശ്രീക്കുട്ടൻ പറഞ്ഞു, “ഒന്ന് ഫേഷ്യല് ചെയ്യാൻ പോയതാ….”
ഫേഷ്യല്, ശ്രീകുട്ടന്റെ ഭാവി അളിയന്മാരുടെ മുഖത്ത് എസ് ഐ ആണ് ചെയ്തത്.