വേദി: സ്റ്റേഡിയം കോംപ്ലക്സിലെ കമ്പ്യൂട്ടർ ഷോപ്പ്
സമയം: അയിലൊന്നും ഒരു കാര്യല്ല്യ

കാട്രിഡ്ജിൽ ഇങ്ക് നിറയ്ക്കാൻ കൊടുത്ത് കാത്തിരിക്കുന്ന ഞാൻ. സീനിൽ ടെൻഷനില്ലാത്തതുകൊണ്ട് ഉലാത്തിയില്ല. ആ വരുന്നു ഒരു മഞ്ഞഷർട്ടുകാരൻ, അവർ മാൻ! വന്നപാട് അയാളിന്നലെ കൊടുത്ത പ്രിന്ററിന്റെ ക്ഷേമമന്വേഷിച്ചു. കടക്കാരൻ ചെക്കൻ അകത്തുനിന്നും ഒരു എ ഫോർ ഷീറ്റ് എടുത്തുകൊണ്ടു വന്ന്,
“ബ്ലേഡ് പോയതാ, മാറ്റി. ഇപ്പൊ നന്നായി പ്രിന്റ് വരുന്നുണ്ട്”
എന്നും പറഞ്ഞ് ആ പേപ്പർ അയാൾക്ക് കൊടുത്തിട്ട് പ്രിന്റർ എടുക്കാൻ പോയി.
ദാണ്ടടാ മഞ്ഞഷർട്ടുകാരൻ ആ പേപ്പറും നോക്കി മൈന് ചവിട്ടിയ മിലിട്ടിറിക്കാരനെ പോലെ നിക്കണു! നമുക്കീ ക്യൂരിയോസിറ്റിടെ അസ്കിതം ഉള്ളോണ്ട് ആ പേപ്പറിലേക്ക് ഏന്തി വലിഞ്ഞൊന്നു നോക്കി. ബില്ലാണ്, 48,000!! പടച്ചോനെ, ഇമ്മാരി ബില്ലൊക്കെയാണ് ഇവിടെയെങ്കിൽ ഞാൻ ഉലാത്തുന്നതായിരിക്കും ഉത്തമം!

മഞ്ഞഷർട്ടുകാരൻ ആ ബില്ലും കൊണ്ട് കസേരയിൽ തളർന്നിരുന്ന് മഞ്ഞഷര്‍ട്ടിന്റെ ബട്ടന്‍സ് തുറന്ന് നെഞ്ചുഴിഞ്ഞു. ആ സമയം കമ്പ്യൂട്ട¬ര്‍ ഷോപ്പിന്റെ സ്ലൈഡിംഗ് ഡോ¬ര്‍ ഉന്തിതുറന്ന് ഒരു ഹേര്‍ട്ട് അറ്റാക്ക് കേറിവരാ¬ന്‍ പോവുന്നതായി എനിക്ക് തോന്നി. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ സ്വന്തം ഹൃദയത്തെ രക്ഷിക്കാൻ സ്പോട്ടില് ഇറങ്ങി ഓടിയേനെ. സെൽഫിഷനെസ് അടുത്തുകൂടെ പോയിട്ടില്ലാത്ത പുവർ ഗയ്, ആ ഇരിപ്പ് തന്നെ. സോ സാഡ്.

ഒടുവില്‍ കടക്കാരൻ ചെക്കൻ മഞ്ഞഷര്‍ട്ടുകാരന്റെ പ്രിന്ററും കൊണ്ട് വന്നപ്പൊ, പ്രിൻസിപ്പാളിന്റെ മകളെ പ്രാപ്പോസ് ചെയുന്ന രണ്ടാം ക്ലാസുകാരനെ പോലെ അയാൾ വിക്കി വിക്കി ചോദിച്ചു,
“എന്താ ഇത്രേം കാശ്?”
ചുള്ളൻ ആ പേപ്പർ ഒന്ന് നോക്കിയ ശേഷം പറഞ്ഞു,
“അയ്യോ, ഞാനിത് പ്രിന്‍റ് നന്നായി വരുന്നുണ്ട് എന്ന് കാണിക്കാൻ തന്ന പേപ്പറാ, ബില്ലല്ല”
ഉഷാറായിട്ടുണ്ടടാ മിടുക്കാ!
എടുത്തുച്ചാട്ടമില്ലാത്ത ഹൃദയമായതോണ്ട് മാത്രമാണ് മഞ്ഞഷർട്ടുകാരൻ വടിയാവാതിരുന്നത്.

Deepu Pradeep