ജനറേട്ടറിൽ പെട്രോള് കഴിഞ്ഞോ എന്ന് തീപ്പെട്ടിയുരച്ച് നോക്കി, ഇഹലോകവാസം വെടിപ്പായിട്ട് വെടിഞ്ഞ കുമാരേട്ടന് ഒരു മോനുണ്ട്, ഷാജി. ‘ഷാജിക്ക് ഒരു സ്റ്റാൻഡേർഡ് ഇല്ലാ’ന്ന് എല്ലാരും പറഞ്ഞപ്പൊ, റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് വാങ്ങി, ‘ഷാജിക്ക് സ്റ്റാൻഡേർഡ് ഉണ്ട്’ന്ന് മാറ്റി പറയിച്ച ഷാജി (350).

ആ സെയിം ഷാജിയാണ് നടുറോഡിൽ ബ്ലാഡറ് പൊട്ടിയ രണ്ടാം നമ്പർ ബോളിനെപോലെ ദാ ചോര ഒലിപ്പിച്ച് കിടക്കണത്. സ്റ്റാൻഡേർഡ് ചക്രമുരുട്ടികൊണ്ട് അപ്പുറത്തും കിടപ്പുണ്ട്.
ഈ കാഴ്ച ആദ്യം കണ്ടത് നമ്മടെ സുരേട്ടനായിരുന്നു. വിധി! സുരേട്ടൻ ബേജാറോടെ വാരിയെടുത്ത് വണ്ടിയിൽ കേറ്റുമ്പൊ ഷാജിയുടെ ബോധം മൂന്നേ മൂന്ന് വാക്കുകളെ പറഞ്ഞുള്ളൂ…
“ബേബി…… ബേബി…… ബേബി.”
പിന്നാലെ അത് കെട്ടു, ബോധം.
സുരേട്ടൻ ഉടനെതന്നെ തെക്കും വടക്കുമുള്ള അങ്ങാടിയിലെ ചെക്കന്മാരെ വിളിച്ച് പറഞ്ഞു
“മക്കളേ… ബേബിന്ന് പേരുള്ള ഒരു വണ്ടി കണ്ടാ അപ്പൊ തടഞ്ഞോ, നമ്മടെ ഷാജിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതാണ്”

പാരഡൈസ് ഹോസ്പിറ്റലിൽ വെച്ച് ഏതാണ്ട് രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാണ് സ്റ്റാൻഡേർഡ് ഷാജിയുടെ അമ്പിളി മാറുന്നത്. ഷാജിടെ കൃഷ്ണമണി ആദ്യം കണ്ടത് സുരേട്ടനെ തന്നെയായിരിന്നു. ഷാജിയുടെ ഉള്ള ബോധമൊന്നു വന്നുകിട്ടാ¬ന്‍ വെപ്രാളപ്പെട്ട് കാത്തുനില്‍ക്കുകയായിരുന്ന സുരേട്ട¬ന്‍. ഓടി അവന്റെ അടുത്തേക്ക് വന്നു,
“ഷാജ്യേ… ബേബിന്ന് പേരുള്ള രണ്ടു ഓട്ടോ¬ര്‍ഷകളും ഒരു ലോറിയും കിട്ടിയിട്ടുണ്ട്. പെട്ടെന്ന് പറ, അന്നെ ഇടിച്ചത് ഓട്ടോർഷയാണോ, ലോറിയാണോ?”
“രണ്ടുമല്ല. ഞാൻ നമ്മടെ സുകുവേട്ടന്റെ മോള് സുമിനെ തിരിഞ്ഞുനോക്കിയപ്പോ ബാലൻസ് തെറ്റി വീണതാ..”
പുരികം മേലോട്ട് പോയ സുരേട്ടൻ ബെഡിൽ വന്നിരുന്നു, “പിന്നെന്തിനാടാ കുമാരന്റെ മോനെ നീ ബേബി ബേബി ന്ന് നെലോളിച്ചോണ്ടിരുന്നത്”?
“അത് ഞാൻ എന്നെ ബേബി ഹോസ്പിറ്റലിൽ കൊണ്ടോവാൻ പറഞ്ഞതല്ലേ, എന്റെ മെഡിക്കൽ ഇൻഷൂറൻസ് അവിടെ മാത്രേ എടുക്കൂ..”
സുരേട്ടൻ ഞെട്ടാനൊന്നും നിന്ന് സമയം കളയാതെ മുണ്ട് മടക്കികുത്തികൊണ്ട് ഒരൊറ്റ മണ്ടലാ.

സുരേട്ടന്റെ വാക്കും കേട്ട് ചെക്കന്മാര് രണ്ടരമണിക്കൂ¬ര്‍ തടഞ്ഞുവെച്ച ആ ബേബികളുടെ ഡ്രൈവര്‍മാര് അവന്മാരെ ചവിട്ടികൂട്ടി ബേബിയിലേക്ക് തന്നെയാണ് പറഞ്ഞയച്ചത്.

Deepu Pradeep