2007, വട്ടംകുളം ഐഎച്ച്ആർഡിയിൽ പ്ലസ്റ്റു അടുപ്പത്ത് വെച്ച് തിളയ്ക്കാൻ കാത്തിരിക്കുന്ന കാലം. മൊബൈൽ ഫോണൊക്കെ ഓരോരുത്തരായി സ്വന്തമാക്കി വരുന്നതേയുള്ളൂ. അപ്പോഴേക്കും അതുണ്ടാക്കുന്ന പുകിലുകളും തുടങ്ങി.

ഇന്റഗ്രെഷനിൽ ഉണ്ടകുടുങ്ങിയ ശേഷമുള്ള ഒരു ലഞ്ച് ബ്രേക്ക്. നീതു ഞങ്ങളുടെ അടുത്തേക്ക് ഒരു മൊബൈൽ നമ്പറും കൊണ്ടുവന്നു. അവളെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്ന ഒരുത്തന്റെ നമ്പർ. സംഭവം ഒരു ക്വട്ടേഷനാണ്, അവനെ വിളിച്ച് തെറി പറയണം, പിന്നീടവന് ഫോണിലേക്ക് നോക്കാൻ വരെ വിരക്തി തോന്നുന്ന തെറി. ഹരം! ഏറ്റു.
കോയിൻബോക്‌സിൽ ഡീസലടിക്കാൻ വേണ്ടി നീതു ഒരുർപ്പ്യടെ അഞ്ച് കോയിനുകളും തന്നു. ഒരു രൂപയുടെ തെറി പറഞ്ഞ് ബാക്കി നാല് രൂപയ്ക്ക് സെന്റർഫ്രഷ് വാങ്ങിയാലോ എന്നൊരു ഓപ്‌ഷൻ ഞങ്ങൾക്ക് തോന്നാതിരുന്നില്ല. പക്ഷെ അത് ചെയ്യാതെ ഞങ്ങൾ നാലും പുറത്തേക്ക് നടന്നു. എന്തോണ്ടാ? ആത്മാർഥത, വെറും ആത്മാർഥത!

ഇക്കാടെ ഹോട്ടലിലെ ചൂട് പൊറോട്ടയും, ബീഫിന്റെ ഗ്രേവിയും തന്ന എനർജിയിൽ ഞങ്ങൾ നമ്പർ ഡയൽ ചെയ്ത് ഒരറ്റത്തുനിന്ന് തുടങ്ങി. ചെക്കൻ മറ്റേയറ്റത്തുനിന്ന് ദയനീയമായി എല്ലാം ഏറ്റുവാങ്ങി. രണ്ടു കോയിൻസ് കഴിഞ്ഞിരിക്കെ, ഞങ്ങൾ സമ്പൂർണ്ണ വിജയത്തിനരികെ നിൽക്കെ, സംഭവം തിരിഞ്ഞു. അവൻ ഓടി അങ്ങാടിയിലോ കളിസ്ഥലത്തോ എത്തിയിട്ടുണ്ടാവണം, അവിടുന്നിങ്ങോട്ട് മൂന്നു നാല് ശബ്ദത്തിൽ നല്ല വെറൈറ്റി തെറികൾ വന്നുതുടങ്ങി. ഹരം അവരുടെ സൈഡിലായി. ഞങ്ങൾ വീക്കായികൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട്, ഞങ്ങളുടെ തെറികൾക്ക് റിപ്പീറ്റേഷൻ വന്നുതുടങ്ങി. ഇടയ്ക്ക് പൌസുകളും.

ഈ വൈകിയ വേളയിലാണ് നായകൻറെ എൻട്രി. ബി ക്ലാസിലെ ചക്കര (സാങ്കൽപിക നാമമാണ്, പക്ഷെ ആളൊരു ചക്കര ആയതുകൊണ്ട് ചക്കരാന്ന് വിളിക്കാം) എങ്ങോട്ടോ പോവുകയായിരുന്ന അളിയൻ ഞങ്ങളെ കണ്ട് ഫോണിന് അടുത്തേക്ക് വന്നതാണ്. ഞങ്ങൾ വിളിക്കുന്നത് തെറിയാണെന്നു മനസ്സിലായപ്പോൾ മച്ചാൻ ‘ഇങ്ങോട്ട് താ’ ന്ന് പറഞ്ഞു ഫോൺ പിടിച്ചൊരു വാങ്ങലായിരുന്നു.
ആനന്ദഭൈരവിയിൽ തുടങ്ങി, മാധ്യമാവതിയാണെന്ന് തോന്നിപ്പിച്ച് ഖരഹരപ്രിയയിൽ അവസാനിക്കുന്ന ഒരു നെടുനീളൻ തെറി! പുളകം!!
പിന്നെ വെണ്ടയ്ക്ക, തക്കാളി, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ ചേർത്ത് സെക്കൻഡ് ഗിയർ. അവന്മാരുടെ പത്തുതലമുറ മുന്പുള്ളവർ വരെ കുഴിയിലിരുന്ന് ചെവിപൊത്തിക്കരയുന്ന തേർഡ്….
മോനെ! രംഗായിലേ… ഇബ്രാഹിക്കടെ കടയിലേക്ക് ഉപ്പിലിട്ട മാങ്ങയും അച്ചാറുമൊക്കെ വാങ്ങാൻ വന്ന എട്ടാംക്ലാസുകാരെ വിരട്ടി വാങ്ങിയ ഒറ്റരൂപാ കോയിനുകൾ ഫോണിലേക്ക് ഞങ്ങൾ ആവേശത്തോടെ വാരികോരിയിട്ടു… അങ്ങേ തലയ്ക്കൽ അവര് നാലഞ്ച് പേരുണ്ടായിട്ടും ചക്കരയോട് അടിച്ചുനിൽക്കാൻ പറ്റിയില്ല.
‘മേലാൽ ഇതാവർത്തിക്കരുത്’ എന്നൊരു താക്കീത് കൂട്ടിച്ചേർത്ത് ഫോൺ വെച്ചശേഷം അവൻ ഞങ്ങളോട് ചോദിച്ചു,
“അല്ലാ… നമ്മളിപ്പൊ എന്തിനാ അവരെ തെറി വിളിച്ചേ?”

ഒക്കെ കഴിഞ്ഞ് എല്ലാരും പോയപ്പോ ഞാൻ മാത്രം അവിടെ ചുറ്റിപറ്റി നിന്നു. എന്തിനാ? എന്റെ കയ്യിൽ ബാക്കിയായ രണ്ടു രൂപകൊണ്ട് ഒറ്റയ്ക്ക് പൈനാപ്പിൾ ഉപ്പിലിട്ടത് വാങ്ങാൻ. അപ്പോഴാണ് ആ കോയിൻ ബോക്സ് ബെല്ലടിക്കുന്നത്. ഫോൺ ഞാൻ തന്നെ എടുത്തു, അവന്മാരായിരുന്നു… ഒരേയൊരു വാക്യം, “ഇന്നത്തെ ദിവസത്തിന് ഒരു വൈകുന്നേരം കൂടി ബാക്കിയുണ്ട്”. വെറും പഞ്ച്! കിടുക്കികളഞ്ഞു.

ആ പറഞ്ഞ വൈകുന്നേരമായി… വീടിനു മുന്നിലെ സ്റ്റോപ്പിൽ ബസ്സിറങ്ങിയ ചക്കരയെ ഒരു സംഘം വളഞ്ഞു. ഏയ് പേടിക്കണ്ട… പേടിക്കണ്ട.. അവന്‍റെ കൂട്ടുകാര് തന്നെയായിരുന്നു.
“എടാ..ഉച്ചക്ക് നമ്മളെ വിളിച്ചൊരു ടീം തെറി പറഞ്ഞെടാ… ഞങ്ങള് നീ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു”
ചക്കര വീണ്ടും തിളച്ചു
“നമ്പർ താടാ”.
ബെല്ലടിച്ചത് അതേ കോയിൻബോക്സ്. കടക്കാരനായിരുന്നു ഫോണെടുത്തത്.
ചക്കര അലറി, “ആരാടാ ഇത്?”
“ഇത് കോയിൻബോക്‌സാണ്”
“കോയിൻബോക്സോ, എവിടുത്തെ കോയിൻബോക്സ്?”
“വട്ടംകുളം ഐഎച്ച്ആർഡിയുടെ അടുത്തുള്ള കോയിൻബോക്‌സ്”
ചക്കര ശ്ശടേന്ന്‍ ഫോൺ വെച്ചു.
“അത് നോർത്ത് ഇന്ത്യയിൽ എവിടെയോ ആണെടാ… അവന്മാർ പേടിച്ചിട്ട് നമ്പർ ഡൈവേർട്ട് ചെയ്തതാവും”

Deepu Pradeep