സച്ചിനും ഒലിവർഖാനും നയൻതാരയും ലാലേട്ടനുമൊക്കെ അഞ്ച് സെന്റ് വീതം വളച്ചുകെട്ടി വീടുവെച്ച് താമസിക്കുന്ന എന്റെ ആരാധനാ ലിസ്റ്റിലേക്ക് ഒരു കിളി കസേരയിട്ടിരിക്കുന്നത് പ്ലസ് വണ്ണിന് പഠിക്കുമ്പഴാണ്.
വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവാനായി എടപ്പാൾ ടൗണിൽ ബസ്സ് കാത്തുനിൽക്കുമ്പോൾ ആദ്യം വരുന്ന ചെത്ത് ബസ്സ് ‘യദുകൃഷ്ണ’യിലും, ലുക്ക് പെൺകുട്ടികളുടെ പള്ളിപെരുന്നാളുള്ള ‘പി എ സൺസി’ലും കയറാതെ ഞങ്ങൾ തീപ്പെട്ടികൂട് പോലുള്ള ‘സിന്ദഗി’ ബസ്സിന് വേണ്ടി കാത്തുനിൽക്കാനുള്ള കാരണം അതിലെ ആ കിളിയായിരുന്നു.
നൂറ്റിച്ചില്ലാനും ആൾക്കാര് നിറഞ്ഞു നിൽക്കുന്ന എടപ്പാൾ ചുങ്കത്ത്, ബാക്കിയുള്ള ബസ്സുകാര് സ്ഥലപ്പേര് മാത്രം വിളിക്കുമ്പോ, ഈ കിളിയളിയൻ യാതോരു സ്റ്റേജ് ഫിയറും ഇല്ലാതെ മുണ്ടും മടക്കിക്കുത്തി നിന്ന് നീട്ടിയൊരു വിളിയുണ്ട്,
“പാടം കാണാം പുഴ കാണാം, കുറ്റിപ്പുറം കുറ്റിപ്പുറം കുറ്റിപ്പുറം….
സീറ്റുണ്ട് പാട്ടുണ്ട്, കുറ്റിപ്പുറം കുറ്റിപ്പുറം കുറ്റിപ്പുറം….
കാണാൻ കൊള്ളാവുന്ന കണ്ടക്ടറുണ്ട്, കുറ്റിപ്പുറം കുറ്റിപ്പുറം കുറ്റിപ്പുറം….
അതിലും ഗ്ളാമറുള്ള കിളിയുണ്ട്, കുറ്റിപ്പുറം കുറ്റിപ്പുറം കുറ്റിപ്പുറം….”
മാർക്കറ്റിങ്ങിന്റെ മരം!
കൂറ്റനാട് ബസ്സിലിരിക്കുന്നവര് വരെ ഓടി വന്ന് കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുക്കും. ന്നാലോ, സീറ്റും കിട്ടില്ല, പാട്ടും കേൾക്കില്ല. പുഴയുടെയും ഗ്ളാമറിന്റെയും കാര്യം പിന്നെ ഒന്നിനൊന്ന് ശോകമാണല്ലോ. പക്ഷെ ആ നാക്കിന്റെ നേക്കിലാണ് കാര്യം!

ആ പഴയ കിളിയുടെ സ്പെസിലേക്ക് പുതിയൊരു കിളി നീന്തിതുടിച്ച് വന്നത് ഈയടുത്താണ്.
ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ വെട്ടിത്തിരിഞ്ഞ് പുളഞ്ഞു പായുന്ന ഒരു തൃശൂർ-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്. ആഹാ, ചങ്കിടിക്കുന്ന ചന്തം! പുത്തനത്താണിയിൽ നിന്നാണ് മെയിൻ കഥാപാത്രങ്ങൾ സീനിലേക്ക് അല്ല ബസ്സിലേക്ക് കയറുന്നത്. ഒരു രണ്ടാം ക്ലാസുകാരിയും, അവളുടെ അച്ഛനും. ഇൻസൈഡ് ഒക്കെ ചെയ്ത ഒരു യോഗ്യൻ! സീറ്റ് കിട്ടാതെ രണ്ടുപേരും നിൽപ്പാണ്. കുട്ടിയുടെ തോളത്താണെങ്കിൽ നല്ല കനമുള്ള ഒരു ബാഗും. എന്നാൽ യോഗ്യൻ ചേട്ടൻ അതൊന്നു വാങ്ങി കയ്യിൽ പിടിക്കാനോ, മുകളിൽ വെക്കാനോ പോലും മിനാക്കിടാതെ മൊബൈലിൽ മാന്തികൊണ്ടിരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോൾ കുട്ടിയ്ക്ക് അതാ ഛർദ്ദിക്കാൻ വരുന്നു! ബസ്സിന്റെ അന്തരീക്ഷത്തിൽ പെട്ടെന്ന് ടെൻഷൻ കേറി. ബാക്കിലിരിക്കുന്നവരിൽ ചിലർ തലതാഴ്ത്തി, ചിലർ മുഖം പൊത്തി.
മുൻഡോറിൽ നിൽക്കുന്ന കിളി ഇതറിഞ്ഞയുടൻ ഡ്രൈവറുടെ സീറ്റിന്റെ അടുത്തേക്ക് ഒരു പാറൽ. പിന്നെ അവിടെ തൂക്കിയിട്ടിരിക്കുന്ന പാക്കറ്റിൽ നിന്ന് ഒരു കീശയും എടുത്തുകൊണ്ട് ആളുകളെ വകഞ്ഞുമാറ്റി നേരെ കുട്ടിയുടെ അടുത്തേക്ക്. കുട്ടി ചർദ്ദിച്ചപ്പോഴേക്കും അടിയിൽ കീശ! നാരോ എസ്കേപ്!!
‘മണിച്ചിത്രത്താഴി’ൽ ഓടിവന്ന് ചായഗ്ലാസ് തട്ടിയിട്ടശേഷം ലാലേട്ടൻ കിതച്ചത് പോലെ കിളി നിന്ന് കിതച്ചു. വേറെ ലെവൽ ഡെഡിക്കേഷൻ! പിറകിലെ സീറ്റിലിരുന്നവർ മുഖത്ത് നിന്നും കയ്യെടുത്ത് കിളിയെ നന്ദിയോടെ നോക്കി. കിളിയുടെ മുഖത്ത് എട്ടു കട്ടടെ ചാരിതാർഥ്യം.

ഇതില് ട്വിസ്റ്റ് എവിടെ?
ദാ വരുന്നു.
കുട്ടിയുടെ ചർദ്ദിക്കൽ ഒക്കെ കഴിഞ്ഞപ്പോൾ, യോഗ്യൻ ആ കീശ ഒരു കെട്ട് കെട്ടിയിട്ട് പുറത്തേക്ക് ഒറേറ്. എവിടുന്ന്? എൻപത് കിലോമീറ്റർ സ്പീഡിൽ പായുന്ന ആ ബസ്സിൽ നിന്ന്! കാറ്റടിച്ച് കവർ പൊട്ടി അകത്തേക്ക്… ബാക്കിലിരുന്നിരുന്ന എല്ലാവർക്കും മുഖം നിറച്ച് കിട്ടി.
ആ കിളി ഒരു മൃഗമായി മാറുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ അയാൾ ഉടനെ ആ കുട്ടിയുടെ രണ്ടു ചെവിയും പൊത്തുകയാണുണ്ടായത്. ദീർഘവീക്ഷണം! അജ്‌ജാതി തെറിയായിരുന്നു പിന്നെ ബസ്സിലുണ്ടായത്.