ലുലു മാൾ പിവിആറിൽ ഒരു ഹൊറർ പടം ത്രിഡി. വേറാരെയും കൂട്ടീല, ഒറ്റയ്ക്ക് പോയി. കരുത്ത് തെളിയിക്കാനല്ല, ഞെട്ടുന്നത് ആരും അറിയില്ലല്ലോ.

പ്രേതത്തിന്റെ ആദ്യ എൻട്രിയുടെ തൊട്ടുമുന്നത്തെ സെക്കന്റ്. പ്രേതം എങ്ങനെയായിരിക്കും എന്നെ പേടിപ്പിക്കാൻ പോവുന്നത് എന്ന ആകാംഷയോടെ കണ്ണ് ഇറുക്കിയടയ്ക്കാൻ റെഡിയായികൊണ്ട് ഞാൻ ഇരിക്ക്യാണ്. പെട്ടെന്ന്, എന്തോ സാധനം സ്പീഡിൽ വന്നെന്റെ മുഖത്ത് തട്ടി.
“കുട്ടൂസാ….!!” ചില ഞെട്ടലുകളിൽ ദൈവത്തിന്റെ പേര് വരെ മാറിപ്പോവും!
ഭാഗ്യത്തിന് എന്റെ നിലവിളി ഒപ്പം വന്ന പ്രേതത്തിന്റെ നെലോളിയിൽ മുങ്ങിപ്പോയി. ആരും അറിഞ്ഞില്ല.

പ്രേതം ഒന്നാമത്തെ കൊലപാതകം നടത്തികൊണ്ടിരിക്കുമ്പൊ വീണ്ടും രണ്ടെണ്ണം! ഇപ്രാവശ്യം തലയിലാണ് വീണത്. ഇതെന്ത് പണ്ടാരം? നോക്കിയപ്പോ ഒന്നും കാണാനുമില്ല. ചെറിയ എന്തോ വസ്തുവാണ്, പക്ഷെ എന്റെ ഞെട്ടലുകൾ ചെറുതല്ലായിരുന്നു. ഇതിനി ഹൊറർ സിനിമയുടെ എഫക്റ്റ് കൂട്ടാൻ പിവിആർ കാര് തന്നെ ഇടുന്ന നമ്പറായിരിക്ക്യോ? കൊടുക്കുന്ന കാശിന് കൂടുതൽ മൂല്യം (?) അങ്ങനെയാണെങ്കിൽ മുന്നിലിരിക്കുന്നവർക്കും കിട്ടണ്ടേ? ഇത് ഞാൻ മാത്രം ഇങ്ങനെ ‘കീചകവധ’ത്തിലെ കത്തിവേഷം പോലെ റെസ്റ്റില്ലാതെ ഞെട്ടിക്കൊണ്ടിരിക്കുന്നു.
നാലേ, അഞ്ചേ, ആറേ…. പ്രേതത്തെക്കാൾ കൂടുതൽ തവണ അത് വന്നു. ‘ഇനി വല്ല ഗൗളിയും മുട്ടയിടുന്നതാണോ?’ പിവിആറിലെവിടുന്നാ ഗൗളി?
അടർന്നു വീഴുന്ന സീലിങ്ങ്, തുമ്പി പാറ്റ പൂമ്പാറ്റ, ചാത്തനേറ്….. എന്റെ ചിന്തകൾ ഫോറസ്റ്റ് പെർമിഷൻ എടുക്കാതെ കാട്കയറി.

ഞാൻ പ്രേതത്തിനെ പേടിക്കണോ അതോ അതിനെ പേടിക്കണോ എന്ന് വ്യാകുലപെട്ടിരിക്കുമ്പോൾ അടുത്തത് വന്ന് നേരെ ഷർട്ടിന്റെ ഉള്ളിലേക്ക് ഒറ്റ പോക്ക്. ഞാൻ ചാടി എഴുന്നേറ്റ് തുള്ളിച്ചാടി ഷർട്ട് കുടഞ്ഞു.
ഇനി പറ്റൂല, ഇതിനൊരു തീരുമാനം ഉണ്ടാക്കീട്ടെ വേറെ എന്തുമുള്ളൂ. ഞാൻ ത്രിഡി ഗ്ലാസ് ഊരി അതെന്താണെന്നറിയാൻ അതിനെയും പ്രതീക്ഷിച്ചിരുന്നു. പ്രേതത്തിന്റെ അടുത്ത എൻട്രിക്ക് മുൻപേ വരവുണ്ടായി. എന്താ?
കടല! കടല ഏലിയാസ് കപ്പലണ്ടി!!

ഏത് വക്ക് പൊട്ടിയവനാണ് തോല് തിന്നിട്ട് കടല വലിച്ചെറിയുന്നത് എന്നറിയാൻ ഞാൻ ചുറ്റുംനോക്കി. തൊട്ടടുത്ത് സീറ്റിൽ തന്നെയുണ്ടായിരുന്നു മൊതല്. അമ്മയുടെ മടിയിലിരിക്കുന്ന ഒരു കൊച്ചുകുട്ടി. സ്നിക്കേർസ് തിന്നുകൊണ്ടിരിക്കുന്ന ലവൻ അതിലെ ചോക്ക്ലേറ്റ് ഇറക്കി കടല നീട്ടി തുപ്പികൊണ്ടിരിക്കുകയാണ്. ദേ അടുത്തത്….. എന്റെ വായ അടഞ്ഞ് കിടക്കുകയായിരുന്നത് കൊണ്ട് അണ്ണാക്കിൽ പോയില്ല, അമ്മാരി ഉന്നം!
പിന്നെ ഒരു സ്നിക്കേഴ്സിൽ കമ്പനിക്കാര് നിറയ്ക്കാറുള്ള കടലകൾ തീർന്നത് കൊണ്ട്, അതുകൊണ്ടു മാത്രം ഏറ് നിന്നു.

മാതാപിതാക്കളോട് ഒരപേക്ഷ, കടല ഇഷ്ടമല്ലാത്ത മക്കൾക്ക് സ്നിക്കേർസിനു പകരം വല്ല പൂവൻ പഴവും വാങ്ങികൊടുക്കുക. പ്രത്യേകിച്ചും ഞങ്ങളെപോലുള്ളവർ അപ്പുറത്ത് ഹൊറർ പടം കണ്ട് അടപ്പ് ലൂസായി ഇരിക്കുന്ന വേളയിൽ…