“അളിയാ… ന്യൂയർ ബാംഗ്ലൂർ ആക്കാം?”
ഡിസംബർ മുപ്പത്തിയൊന്നിന്‌ രാവിലെ എഴുന്നേറ്റപ്പഴാണ് സുനീറിന്റെ തലയിൽ ആ വെളിച്ചം കത്തുന്നത്. അത് കെടും മുൻപ് അവൻ കൂട്ടുകാരൻ മനാഫിനെ വിളിച്ചതാണ്‌ സിറ്റുവേഷൻ.

മനാഫ് മറ്റതാണ്. ട്രി എന്ന് കേട്ടാൽ, ബാക്കി പ്പാണെന്ന് ഉറപ്പിച്ച് ബാഗെടുത്ത് ഇറങ്ങുന്ന മറ്റേ അസുഖം പിടിച്ച ടീംസിൽ പെട്ടവൻ.
“ഒക്കെ അളിയാ! വിടാം.”
കൂൾ. ട്രിപ്പ് സെറ്റായി, ന്യൂയറും.
“സുനീറേ, ശ്രീരാജിനെയും സംഗീതിനെയും ഞാൻ വിളിച്ച് റെഡിയാക്കാം, നീ ഷിബുവിനെ വിളിക്ക്”
“ഷിബുവിനെ ഒക്കെ വിളിക്കേണ്ട കാര്യമുണ്ടോ, അവൻ ഇന്നേവരെ ഏതെങ്കിലും ട്രിപ്പിന് വരാതിരുന്നിട്ടുണ്ടോ?”
“എന്നാലും ഒന്നു വിളിച്ച് വിവരം പറഞ്ഞേക്ക്”

“ഷിബോ….നീ എവിടെയാണ്?
“ഞാൻ മരുന്ന് വാങ്ങാൻ വന്നതാ?”
“എന്നാ മരുന്ന് വീട്ടിൽ കൊടുത്തിട്ട് പെട്ടെന്ന് റെഡി ആയി നിൽക്ക്, നമ്മള് ബാംഗ്ലൂർ പോവാ”
“ഞാനില്ല.”
ആ മറുപടിയിൽ സുനീർ ഞെട്ടി പണ്ടാറടങ്ങി. ‘ഷിബു! നോ വേ!!’.
“മൃണാളിനിടെ പ്രസവം ഇന്നാ,
ഈ സമയത്ത് ഞാൻ എങ്ങനെയാടാ വീട്ടിൽ നിന്ന് വിട്ട് നിൽക്കാ?”
പ്രാരാബ്ദം! ട്രിപ്പ് അവിടെ കരിഞ്ഞു.
“സാരമില്ലെടാ…. അതാണല്ലോ മുഖ്യം, നടക്കട്ടെ.”
വിഷമത്തോടെയാണെങ്കിലും സുനീർ ഫോണ് വെച്ചു.

ഉടനെ വരുന്നു മനാഫിൻറെ കോൾ.
“അളിയാ ഞങ്ങള് വണ്ടിയെടുത്ത് പുറപ്പെട്ടു, ഹോട്ടലും ബുക്ക് ചെയ്തിട്ടുണ്ട്”
ശുഷ്കാന്തിടെ വല്യച്ഛൻ!
സുനീർ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
സാഹചര്യം അതായതുകൊണ്ട് മനാഫിന്, വന്ന ദേഷ്യം തിരിച്ച് വിഴുങ്ങേണ്ടി വന്നു.

വൈകുന്നേരം ഫേസ്‌ബുക്കിൽ ഓരോരുത്തരുടെ ന്യൂയർ ആഘോഷങ്ങളുടെ ഫോട്ടോ കണ്ടപ്പോഴുണ്ടായ വിഷമത്തിൽ സുനീർ വീണ്ടും ഷിബുവിനെ വിളിച്ചു
“പ്രസവിച്ചോ?”
(ആത്മഗതം: പ്രസവിച്ചു കഴിഞ്ഞെങ്കിൽ ഫോർട്ട് കൊച്ചിയെങ്കിലും പോവാമായിരുന്നു…)
“ഇല്ലെടാ, വേദന തുടങ്ങി.”
“ഉം…ബ്ലഡ് വല്ലതും ആവശ്യം വന്നാൽ വിളിക്ക്”

സൂര്യനും അസ്തമിച്ചു പ്രതീക്ഷകളും അസ്തമിച്ചു. പക്ഷെ പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുന്നത് കാമുകിയുടെ ശബ്ദം കേട്ടുകൊണ്ടാവണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു സുനീറിന്. അതിനുവേണ്ടി അവൻ രാത്രി പതിനൊന്നരയ്ക്ക് തന്നെ പെണ്ണിനെ വിളിച്ച് സംസാരം തുടങ്ങി. വേറെ വിഷ് കാരൊന്നും വിളിച്ച് ഇടയിൽ കേറില്ലല്ലോ, ഏത്? പക്ഷെ കൃത്യം പതിനൊന്നേ അമ്പത്തി ഒമ്പതിന് ഫോണിൽ ഒരു കോൾ, ഷിബുവാണ്. സുനീർ കാമുകിയുടെ കോൾ കട്ട് ചെയ്ത് ഷിബുവിനെ തിരിച്ച് വിളിച്ചു.
“എടാ എന്താ?”
“മൃണാളിനി പ്രസവിച്ചു.”
“എന്ത് കുട്ടിയാ?”
“മൂരിക്കുട്ടി”
“മൂരിയാ!!!?”

കാര്യം അറിഞ്ഞപ്പോൾ കയറുപൊട്ടിച്ചത് മനാഫാണ്, “സ്വന്തം മോന് ഷിബു എന്ന് പേരിട്ട്, വീട്ടിലെ പശുവിനെ മൃണാളിനി എന്ന് വിളിക്കുന്ന അവന്റെ അച്ഛന്റെ പ്ലോട്ട് ട്വിസ്റ്റ്.”