അപ്പുക്കുട്ടന്റെ നിശ്ചയം കഴിഞ്ഞ് കല്യാണത്തിന് ഒരു ആറുമാസത്തെ ഗ്യാപ്പുണ്ടായിരുന്നു. അപ്പുക്കുട്ടൻ റൊമാന്റിക്കായ ആറുമാസങ്ങൾ! അതിലൊന്നിലാണ് ആദ്യഭാര്യയുടെ ഛെ, ഭാവിഭാര്യയുടെ പിറന്നാൾ വന്നത്. ചെക്കൻ ത്രില്ലടിച്ചില്ലേ…. മിന്നാമിനുങ്ങും കുട്ടി ബാക്ക് ലൈറ്റ് കത്തിക്കാൻ പഠിച്ചപോലെ.

ബർത്തഡേടെ തലേന്ന് രാത്രി പതിനൊന്നര ആയപ്പോൾ അപ്പുക്കുട്ടൻ ബൈക്കെടുത്ത് ശാരികയുടെ വീട്ടിലേക്ക് വിട്ടു. ശാരികയുടെ മുറിയോട് ചേർന്നുള്ള ഓപ്പൺ ടെറസിലേക്ക് ഗിഫ്റ്റുള്ള കവർ നീട്ടിയെറിഞ്ഞശേഷം, അവളെ ഫോൺവിളിച്ച് സർപ്രൈസിക്കാനായിരുന്നു അവന്റെ പ്ലാൻ. വീടിനു മുന്നിലെത്തിയ അപ്പുക്കുട്ടൻ ബൈക്കിൽ നിന്നിറങ്ങാതെ ചുറ്റും നോക്കി…. മിഥുനത്തിലെ കാറ്റ്, നിലാവുള്ള രാത്രി, ആഹാ…. വെറും റൊമാന്റിക്!
ഗിഫ്റ്റുള്ള കവറിൽ ഒന്നുമ്മ വെച്ച് അപ്പുക്കുട്ടൻ മുകളിലേക്ക് എറിഞ്ഞതും, ചെകിട്ടത്തൊരു അടി വീണു!! മുന്നിൽ ഭാവി അളിയനും നാല് കൂട്ടുകാരും!
“വന്ന് വന്ന് വീടിന്റെ അകത്തേക്ക് വരെ വേസ്റ്റ് എറിയാൻ തുടങ്ങിയോടാ?”
വീണ്ടും ഇടി.

അപ്പുക്കുട്ടന്റെ അളിയന്, വേസ്റ്റ് ഇടാൻ വരുന്ന സാമൂഹ്യവിരുദ്ധരെ പിടിക്കാൻ പറ്റിയില്ലെങ്കിലും അപ്പുക്കുട്ടന്റെ ആഗ്രഹം നടത്താൻ പറ്റി. ഇരുപത്തിരണ്ടു വയസ്സ് തികച്ച ശാരിക, ആദ്യം കേട്ടത് അപ്പുക്കുട്ടന്റെ ശബ്ദമുള്ള കരച്ചിലും, ആദ്യം കണ്ടത് ആങ്ങള അപ്പുകുട്ടേട്ടന് കൊടുത്ത ഗിഫ്റ്റുമായിരുന്നു.

കാര്യം മനസ്സിലാക്കി മാപ്പു പറഞ്ഞ് തിരിച്ചയക്കും നേരം ആങ്ങള, ഫിലമെന്റ് അടിച്ച മിന്നാമിനുങ്ങിനെ പോലെ നടന്നിരുന്ന അപ്പുക്കുട്ടനെ ഒന്ന് പിറകീന്ന് വിളിച്ചു,
“അളിയാ…..ആകാംഷകൊണ്ടാ….. എന്തായിരുന്നു ആ ഗിഫ്റ്റ്?”
ചീർത്ത കവിള് തലോടികൊണ്ട് അപ്പുക്കുട്ടൻ മറുപടി പറഞ്ഞു,
“പൊട്ടുന്ന ഗിഫ്റ്റായിരുന്നു അളിയാ…”