നിന്നുമുള്ളിത്തറയിൽ ദിനേശൻ. മണ്ടത്തരങ്ങൾക്ക് ഒരു നോബൽ സമ്മാനം കൊടുക്കാത്തതുകൊണ്ട്, അതുകൊണ്ടുമാത്രം ലോകപ്രശസ്തൻ ആവാതിരുന്ന ഞങ്ങടെ ദിനേശൻ. അബദ്ധങ്ങളുടെ ഒരു ഘോഷയാത്രയാണവന്റെ ആ ജീവിതം. താലം പിടിച്ച പെൺകുട്ടികളും, ടാബ്ലോയും, ചാലക്കുടി കൈരളിയുടെ ബാന്റ് സെറ്റും ഒക്കെയുള്ള ഒരു ഗ്രാന്റ് ഘോഷയാത്ര.

അനിതരസാധാരണമായ മണ്ടത്തരങ്ങൾകൊണ്ട് ദിനേശൻ, പഞ്ചായത്തിന്റെ സന്തുലിതാവസ്ഥയുടെ മൂട്ടിൽ പൂത്തിരിയും കത്തിച്ച് നടന്നു… ഇടയ്‌ക്കൊരോ ഗുണ്ടും, സമയംകിട്ടുമ്പൊ രണ്ടു കുഴിമിന്നിയും.
പക്ഷെ അറ്റലാസ്റ്റ്, പഞ്ചായത്ത് ഇക്കൊല്ലത്തെ വിശിഷ്ട സേവാ മെഡൽ കൊടുത്ത് ആദരിച്ചത് ദിനേശന്റെ തന്നെ അച്ഛൻ, നിന്നുമുള്ളിതറയിൽ ദാമോദരനെയാണ്. ഡിപ്ലോമ കഴിഞ്ഞ ദിനേശനെ, സേലത്ത് എഞ്ചിനീയറിംഗ് പഠിപ്പിക്കാൻ വിട്ട ആ തീരുമാനത്തിന്, നാടിനെ രക്ഷപെടുത്തിയ ആ നീക്കത്തിന്… തമിഴ്നാട്ടുകാര് കൂടി അനുഭവിക്കട്ടേന്ന്…

പക്ഷെ പളനിസ്വാമിയുടെ തമിഴര് മാത്രമല്ല, പിണറായിയുടെ മലയാളികളും ഒരുമിച്ചാണന്ന് അനുഭവിച്ചത്.
കന്നിമാസം ഒന്നിന് നാട്ടിലേക്ക് വരാൻ ഇറങ്ങിയ ദിനേശന്, സേലത്ത് നിന്ന് പാലക്കാട്ടേക്ക് ഒരു ഡയറക്ട് കെ.എസ്.ആർ.ട്ടി.സി യാണ് കിട്ടിയത്. കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാന്റിൽ വണ്ടി ചായകുടിക്കാൻ നിർത്തിയിട്ടപ്പൊ ദിനേശനൊരു ദാഹം, സിഗരറ്റ് വലിക്കാൻ. തട്ടിൻപുറത്ത് വെച്ചിരിക്കുന്ന ബാഗ് എടുക്കാനുള്ള മടികൊണ്ട് ദിനേശൻ കയ്യുംവീശി പുറത്തിറങ്ങി. ശ്വാസകോശത്തിനൊരു കിങ്ങ്‌സ് കൊടുത്തിട്ട് തിരിച്ചു വന്നപ്പോഴേക്കും ബസ് മുന്നോട്ടെടുത്തിരുന്നു. ഓടികയറിയ ദിനേശൻ ഗാന്ധിപുരം ബസ് സ്റ്റാന്റിനോട് ‘എടുത്തോ’ എന്നുപറഞ്ഞ് രണ്ടു ദീർഘനിശ്വാസം വിട്ടു.
വണ്ടി നോർത്ത് ബ്രിഡ്‌ജ്‌ എത്താറായപ്പോഴാണ് ദിനേശൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയത്, വെറുതെ.
ഇല്ല! ബാഗ് അവിടെയില്ല!!

പിന്നെ ഒച്ചയായി ബഹളമായി…. ഒരുമാതിരി കല്യാണത്തിന്റന്ന് രാവിലെ കാറ്ററിങ്ങുകാരനെ കാണാതായ അറ്റ്മോസ്ഫിയർ.
ദിനേശൻ ഇറങ്ങിയതിന് പിന്നാലെ വേറൊരാൾ ഒരു ബാഗുമായി ഇറങ്ങിയിരുന്നു എന്ന് ബസ്സിലെ ആരോ സംശയം പറഞ്ഞതോടെ സംഗതി സീരിയസ്സായി.
“വണ്ടി പോലീസ് സ്റ്റേഷനിലേക്ക് പോട്ടെ”, ദിനേശൻ.
അത് കേട്ടതും മുൻസീറ്റിലിരുന്ന ഒരു ചെറുക്കനും പെൺകുട്ടിയും ഇറങ്ങി ഓരോട്ടം! ബസ് വാസികൾ ഓടിവളഞ്ഞിട്ട് പിടിച്ചപ്പോൾ രണ്ടും കൂടി അതാ നിന്ന് കരയുന്നു, നാട്ടിൽ നിന്ന് ഒളിച്ചോടുകയാണത്രേ!
ലൂക്ക് ഔട്ട് നോട്ടീസിന്റെ ഭയം.
ദിനേശൻ അവരോട് പൊയ്ക്കോളാൻ പറഞ്ഞു. പോവും മുൻപ് അവർ ദിനേശന്റെ അടുത്തേക്ക് വന്നു,
“ഏട്ടാ… ”
“ഉം”
“ഏട്ടന്റെ പേരെന്താ?”
“ദിനേശൻ”
കുട്ടിയ്ക്കിടാനായിരിക്കും.

ബസ് ഉക്കടം പോലീസ് സ്റ്റേഷന്റെ മുന്നിലെത്തിയപ്പോൾ അവിടെ അതാ വേറൊരു കെഎസ്ആർട്ടിസി. യാത്രക്കാരെല്ലാം പുറത്തും, പോലീസും ബോംബ് സ്‌ക്വാഡും അകത്തും!
“എന്താ?”
“ഉക്കടം ബസ് സ്റ്റാന്റിൽ വെച്ച് ഒരാൾ ബാഗ് ഈ ബസ്സിൽ വെച്ച് ഇറങ്ങിപ്പോയി, ടൈം ബോംബാണെന്നാ തോന്നുന്നത്!!”

രണ്ടു സംസ്ഥാനങ്ങളും കൂടി ദിനേശനെ നോക്കി….
ധും ധും ധും ധും ധുമി നാദം, നാദം നാദം…

Deepu Pradeep