രണ്ടായിരത്തി പന്ത്രണ്ട്.
പച്ചരിച്ചോറും എന്തോകറികളും തിന്ന് ബാഗ്ലൂരിൽ ജോലിചെയ്തു കൊണ്ടിരിക്കുന്ന കാലം. ചില ശനിയാഴ്ചകളിൽ തമിഴ്‌നാട് ബോഡർ കടന്ന്, ഹൊസൂരിലേക്ക് പറന്ന് അവിടെ കൂടും, കൂട്ടുകാരൻ വൈശാഖിന്റെ അടുത്ത്.
ഹൊസൂരിൽ നിന്നും ഉള്ളിലേക്ക് മാറി ബെലഗോണ്ടപ്പള്ളിയെന്ന ഗ്രാമത്തിലെ, വലിയൊരു ആൽമരത്തിനു താഴെയുള്ള ഒരു ഇരുനില വീടായിരുന്നു അവന്റെ വാസസ്ഥലം. ബെലഗോണ്ടപള്ളിയിലെ രാത്രികൾക്ക് ഓർമ്മകളിലിന്നും ജമന്തിപാടങ്ങളുടെ മണമാണ്, തമിഴ് മഞ്ഞു വീഴുന്ന വെളുത്ത രാത്രികൾ! വെറും റൊമാന്റിക്!

അതിലൊരു രാത്രിയിൽ, ആൽമരത്തിന്റെ ഇലകൾ കാറ്റിലൊഴുകുന്നതും കേട്ട്, നിലാവുചേലകൾ മഞ്ഞിലൊളിക്കുന്നതും കണ്ട്, ഞങ്ങൾ ടെറസിൽ മലർന്നു കിടക്കുകയായിരുന്നു…
പെട്ടെന്നായിരുന്നു അവനതുച്ഛരിച്ചത്.
“അവളുടെ ഉടലിൽ ഒരു കവിതയൊഴുകുന്നുണ്ട്…”
ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റ് വീണ്ടും രണ്ട് ഞെട്ടു ഞെട്ടി.
“എന്താ വൈശാഖേ ഇങ്ങനെയൊക്കെ?”
“ഞാനൊരു പുസ്തകം വായിച്ചെടാ….”
എനിക്ക് വീണ്ടും ഞെട്ടേണ്ടതായി വന്നു,
“നീ പുസ്തകം വായിക്കാനൊക്കെ തുടങ്ങിയാ?”
അവൻ ഒന്ന് പുഞ്ചിരിച്ച ശേഷം താഴെപ്പോയി തിരിച്ചുവന്ന് ഒരു വരയിട്ട നോട്ടുപുസ്തകം എനിക്ക് നേരെ നീട്ടി. ഇംഗ്ലീഷിലാണ്, ആ വീട്ടിൽ അവനുമുമ്പ് വാടകയ്ക്ക് താമസിച്ച ഏതോ പെൺകുട്ടി കുറിച്ചിട്ട ഒരു കഥ. കുന്നിമണി പെറുക്കിവെച്ചപോലെയുള്ള അക്ഷരങ്ങളിലെഴുതിയ അവളുടെ ജീവിതകഥ!

അരിച്ചിറങ്ങിവരുന്ന പാലപ്പൂ ഗന്ധത്തിന്റെ ആഴമുള്ള വരികൾ. പരപ്പുകളിൽ നിർത്താതെ വെട്ടുന്ന അവളുടെ അനുഭവങ്ങളുടെ ഓളങ്ങൾ!
ആ രാത്രി വെളുക്കും മുൻപ് ഞാൻ ഒറ്റയിരുപ്പിന് അത് വായിച്ചു. തീർത്തു എന്ന് പറയാൻ പറ്റില്ല, കാരണം ഒടുവിലത്തെ പേജുകൾ അതിലുണ്ടായിരുന്നില്ല!
ഞാൻ വൈശാഖിനെ നോക്കി, അവനും അതിനായി ആ വീട് മുഴുവൻ തിരഞ്ഞുകഴിഞ്ഞതാണ്. കയ്പ്പിന്റെ ഒരു കടൽ അവളെ മുക്കികളയാനായി നിൽക്കുന്ന ഒരു നിമിഷത്തിലാണ് അതിലെ വരികളവസാനിക്കുന്നത്.
അവൾക്കും, അവളുടെ പ്രണയത്തിനും ഒടുവിൽ എന്ത് സംഭവിച്ചിട്ടുണ്ടാവും എന്ന ചോദ്യം, എന്‍റെയും കരള് കൊത്തിവലിച്ചു.

ഞാൻ എഴുന്നേറ്റു,
നൈറ് ഷിഫ്റ്റിന്റെ നിയോൺ ബൾബുകൾ പ്രകാശിക്കുന്ന തൊട്ടടുത്തെ ടി വി എസ് ഫാക്ടറിയുടെ അന്തരീക്ഷത്തിലേക്ക് ഏറെനേരം നോക്കി നിന്നു. ഒടുവിൽ ഏതോ ഒരു നിമിഷത്തിൽ തിരിഞ്ഞ് വൈശാഖിനെ നോക്കി പറഞ്ഞു,
“അളിയാ, ഈ കുട്ടിയെ കണ്ടുപിടിക്കണം”
“നമ്മള് കണ്ടുപിടിച്ചിരിക്കും അളിയാ!”

അവന്റെ സഹമുറിയൻ പഞ്ചാബികാരൻ സാഹിലിന്റെ പൾസർ എടുത്ത് നേരം പുലർന്നപ്പോൾതന്നെ ഞങ്ങളിറങ്ങി. ഹൗസ് ഓണറെയും, ആ വീടിനടുത്ത് മുൻപ് താമസിച്ചവരെയുമൊക്കെ കണ്ടുപിടിച്ച് ആ അജ്ഞാത സുന്ദരിയെ തിരക്കി നടന്നു. പക്ഷെ നിരാശയായിരുന്നു ഫലം. ഇടയ്ക്ക് യാത്ര നിന്നുപോയ ഒരു പഞ്ചറുകടയിലെ കാത്തിരിപ്പിന്റെ ഇടയിലാണ് ആ സംശയം ഞാനവനോട് ചോദിച്ചത്,
“നീയെന്താണ് നിന്റെ കൂടെ ജോലിചെയ്യുന്ന ആരോടും പറയാതെ ഈ പുസ്തകത്തെ പറ്റി എന്നോട് മാത്രം പറഞ്ഞത്? ”
“നിനക്ക് ആ സ്പാർക്ക് ഉണ്ടാവും എന്നെനിക്ക് അറിയാമായിരുന്നു”
എനിക്ക് കിക്കായി.

അന്ന് രാത്രിയാവുമ്പോഴേക്കും അവൾ പഠിച്ചിരുന്ന കോളേജ് ഞങ്ങൾ കണ്ടുപിടിച്ചു. എങ്കിലും രണ്ടു മുഖങ്ങളിലും നിരാശ തന്നെയായിരുന്നു ബാക്കി. വരുന്ന ഞായറാഴ്ച അന്വേഷണം തുടരാം എന്ന തീരുമാനത്തിൽ ഞാൻ ബാംഗ്ളൂരിന്റെ മണങ്ങളിലേക്ക് യാത്ര തിരിച്ചു.
മടക്കയാത്രയിലും, ആ കഥയുടെ ബാക്കി അറിയാനാണോ, അതോ അവളെ കാണാനാണോ എന്റെ മനസ്സ് ധൃതി വെക്കുന്നത് എന്നെനിക്ക് തിരിച്ചറിയാനായില്ല.

അടുത്ത ഞായറാഴ്ച നിർത്തിയിടത്ത് നിന്നും ഞങ്ങൾ വീണ്ടും തുടങ്ങി. ഒടുവിൽ നിർണ്ണയകമായൊരു ദിശ കിട്ടി. ആള് മറാത്തിയാണ്, കോയമ്പത്തൂരിൽ എവിടെയോ ആണിപ്പോൾ താമസം.
ഞങ്ങൾ തിരിച്ച് അതേ ആൽമരത്തിന് താഴെയെത്തി. എന്ത് ചെയ്യണം എനിക്ക് നിശ്ചയമില്ലായിരുന്നു.
“കോയമ്പത്തൂർ അന്വേഷിക്കാം” വൈശാഖിന്റെ ഉള്ളിലെ തീ ഞാൻ കണ്ടു.

അവളെതേടിയുള്ള ഓരോ യാത്രയും അവളിലേക്കുള്ളതായിരുന്നു. പതിയെ ഞാൻ തിരിച്ചറിഞ്ഞു, അവളുടെ വാക്കുകൾക്കൊപ്പം പെയ്ത കുന്നിമണികൾ കൊണ്ടെന്റെ പുഴ നിറഞ്ഞിരുന്നു എന്ന്….
എന്‍റെ ആ ഇഷ്ടത്തിന്റെ കാര്യം ആദ്യമറിയേണ്ടത് വൈശാഖാണ്. അത് പറയാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അവന്‍റെ ഫോണ്‍ വരുന്നത്.
“എടാ… കണ്ടുപിടിച്ചെടാ! കോയമ്പത്തൂർ മറാത്തികളുടെ ഒരു കോളനിയുണ്ട്, അതിലാണ് വീട്”

ആഴ്ച കാത്തിരുന്നു തീർക്കാനുള്ള ക്ഷമയില്ല, പിറ്റേന്ന് തന്നെ ലീവെടുത്ത് ഞങ്ങൾ രണ്ടും കോയമ്പത്തൂർക്ക് വണ്ടി കയറി. യാത്രയ്ക്കിടയിലൊന്നും എനിക്ക് അവനോട് അത് പറയാൻ പറ്റിയില്ല. അതിപ്പൊ ഭക്ഷണം കഴിക്കാൻ വരെ ആമ്പിയൻസ് നോക്കുന്ന നമ്മക്ക്, ഇത്രേം പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ചില്ലറ ആമ്പിയൻസ് ഒന്നും പോരല്ലോ.
പക്ഷെ അവന് ആമ്പിയൻസ് ഒന്നും ഒരു വിഷയമല്ലായിരുന്നു, കോയമ്പത്തൂർ റെയിൽവേസ്റ്റേഷന്റെ കംഫർട്ട് സ്റ്റേഷന്റെ മുന്നിൽ വെച്ചാണ് അവനത് എന്നോട് പറഞ്ഞത്,
“അളിയാ… അവൾ ആ പുസ്തകത്തിൽ സംശയിച്ചപോലെ അവളുടെ ചെക്കൻ അവളെ ചതിച്ചിട്ടുണ്ടെങ്കിൽ, അവളെ എനിക്ക് വേണമെടാ, ഞാൻ എടുത്തോളാടാ….”
‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ…’ എന്ന് മനസ്സിൽ പാടികൊണ്ടിരുന്ന ദാസേട്ടൻ പെട്ടെന്ന് പാട്ട് മാറ്റി,
‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ….’

ഞാൻ തല്ലുണ്ടാക്കാൻ പോയില്ല, കുട്ടി തീരുമാനിക്കട്ടെ.
അവളുടെ വീടെത്തി. അമ്മയായിരിക്കണം, കാണാൻ വന്നതാണ് എന്നു പറഞ്ഞപ്പോൾ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞശേഷം അവളെ വിളിക്കാനായി അവർ അകത്തേക്ക് പോയി.
ആ പുസ്തകം മടക്കിനൽകാൻ ഇത്രയും ദൂരം വന്ന ഈ രണ്ടു യുവാക്കളെ കാണുമ്പോൾ, സന്തോഷം കൊണ്ടവൾ ആദ്യം കെട്ടിപ്പിടിക്കുന്നത് ഞങ്ങളിലാരെയാവും എന്ന് ഞാൻ ആലോചിച്ചു.
പുസ്തകം കൊടുക്കുന്ന ആൾക്ക് കൂടുതൽ വെയിറ്റെജ് ഉണ്ടാവുമെന്ന കണക്കുകൂട്ടലിൽ തഞ്ചത്തിൽ ഞാൻ വൈശാഖിന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങിച്ചു വെച്ചു.

അവൾ ഉമ്മറത്തേക്ക് വന്നു. ഞങ്ങൾ അവളെ കണ്ടു! അവളെ അനുകരിച്ചായിരിക്കണം ഗോതമ്പ് പാടങ്ങൾ വിളയാൻ നേരം ആ നിറമെടുക്കുന്നത്, വശ്യത!
അതിൽ മുഴുകി ഒരുനിമിഷം ഞാൻ നിന്നപ്പോൾ എന്‍റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടു അവൻ ചാടി കേറി കാര്യം പറഞ്ഞു. പക്ഷെ പുസ്തകം എന്റെ കയ്യിലാണല്ലോ, ഞാൻ അത് അവൾക്ക് നേരെ നീട്ടി. ആ ഒരു നിമിഷത്തെ അവളുടെ മുഖത്തെ അമ്പരപ്പ് എനിക്ക് ഫോമാലിനിൽ ഇട്ടുവെക്കാൻ തോന്നി. പക്ഷെ അത് പതിയെ മാറുന്നപോലെ… അവൾ ഉറക്കെ ഒരു ചിരി!
“ഇതെന്‍റെ ആത്മകഥയൊന്നുമല്ല. എക്സാമിന് കോപ്പി അടിച്ചതിന് ടീച്ചർ പണിഷ്മെന്റ്‌ തന്നതാ, സിലബസ്സിലുണ്ടായിരുന്ന ഒരു നോവൽ ഫുൾ പകർത്തി എഴുതിപ്പിച്ചു!!”
ഞങ്ങളുടെ സമസ്ത ജീവകോശങ്ങളുടെയും അടപ്പൂരി….. പൊക!
എനിക്ക് വൈശാഖിന്റെ മുഖത്തേക്കും, വൈശാഖിന് എന്റെ മുഖത്തേക്കും നോക്കണമെന്നുണ്ടായിരുന്നു, കഴിഞ്ഞില്ല.

കുട്ടി കൈവിട്ട് ചിരിക്കുകയാണ്….
തെറ്റുപറയാൻ പറ്റില്ല. പക്ഷെ, പുസ്തകം വായിച്ച് ജീവിതം കൊടുക്കാൻ വന്ന ആ രണ്ട് മണ്ടൻകുണാപ്പികളെ കണ്ട് വീട്ടിലുള്ളവരും കൂടി ആർത്തുച്ചിരിക്കാൻ തുടങ്ങിയതാണ് എനിക്ക് ഇഷ്ടപെടാതിരുന്നത്. എന്റെ കണക്കുകൂട്ടലുകൾ ഒന്നും തെറ്റിയില്ല, ബുക്ക് കയ്യിൽ പിടിച്ച എനിക്ക് തന്നെയായിരുന്നു അവരുടെ കളിയാക്കലിൽ വെയിറ്റേജ്‌.
മറാത്തി ചിരികളുടെ എണ്ണം വീണ്ടും കൂടുന്നതിനിടെ ആ രണ്ടു പാവം മലയാളികൾ പുറത്തേക്ക് ഇറങ്ങിനടന്നു…

തിരിച്ച് ഹൊസൂരിലേക്കുള്ള ട്രെയിനിൽ പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുമ്പോൾ, മുൻപ് വൈശാഖിനോട് ചോദിച്ച അതേ ചോദ്യം ഞാൻ വീണ്ടും ചോദിച്ചു, വേറൊരു ടോണിൽ.
“നീയെന്തിനാടാ തെണ്ടീ, ഈ ബുക്കിന്റെ കാര്യം വേറാരോടും പറയാതെ എന്നോട് തന്നെ പറഞ്ഞത്?”

Deepu Pradeep