വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെയല്ല, പരമ രസികൻ വരട്ടു ചൊറിയിൽ മാന്തുന്നതിനേക്കാളും സമാധാനപരമായ ഒരാനന്ദം വേറെ ഉണ്ട്. കൂട്ടുകാരന്റെ കൂടെ അവന് പെണ്ണുകാണാൻ പോയിട്ട് അങ്ങെത്തുംവരെ ഉപദേശങ്ങൾ നൽകി കൊണ്ടേയിരിക്കുക. ഓരോ പോയന്റിലും അവന്റെ വട്ടമുഖത്തെ ചതുരകുളത്തിൽ വിരിയുന്ന ആമ്പലും, വെട്ടുന്ന സിലോപ്പിയും കണ്ടങ്ങനെ ഇരിക്കുക.

കുട്ടിയുടെ വീടെത്തിയപ്പോഴേക്ക് എനിക്ക് ഏതാണ്ട് രണ്ട് ഐഫ്എഫ്കെ കണ്ട ഒരു സംതൃപ്‌തി കിട്ടിയിരുന്നു. വണ്ടിയിൽ നിന്നിറങ്ങും മുമ്പ് അവൻ ചോദിച്ചു,
“ഞാനപ്പൊ ഏത് മീറ്ററിലാണ് പെരുമാറേണ്ടത്?”
“നീയീ വണ്ടിയിൽ നിന്നിറങ്ങേണ്ടത് വേറൊരു മനുഷ്യനായിട്ടാണ്. നിന്റെ ഓരോ ചലനത്തിലും നിഷ്കളങ്കത മാത്രമേ ഉണ്ടാവാൻ പാടുള്ളൂ…”
പെട്ടെന്ന് അവന്റെ മുഖം മാറി,
“നിഷ്കളങ്കത എനിക്ക് കാണിക്കേണ്ട കാര്യമൊന്നും ഇല്ല…എന്റേലുണ്ട്.”
അവൻ ഇറങ്ങി ഒരു പോക്ക്. അത് മാത്രം ചീറ്റി!

കുട്ടി വന്നു. ചെക്കനെയും പെണ്ണിനെയും പെണ്ണിന്റെ അങ്ങളമാർ, സംസാരിക്കാൻ പറഞ്ഞുവിട്ടത് വീടിന്റെ പിന്നിലുള്ള റയിൽവെ പാളത്തിന്റെ അടുത്തേക്കാണ്. പുരോഗമനം ബോയ്സ്!
രണ്ടു മിനിറ്റ് കഴിഞ്ഞ് അതിലൂടെ ഒരു തീവണ്ടി പോയതിന്റെ പിറകെ തിരിച്ചുവന്ന അവന്റെ മുഖം, പൈനാപ്പിൾ ജ്യൂസാണെന്ന് കരുതി പെനോയിൽ എടുത്തുകുടിച്ച പോലെയുണ്ടായിരുന്നു.
കാറിൽ കയറി ഡോറടച്ച ഉടനെ അവൻ എന്നെ നാല് ചീത്ത,
“കോപ്പ്, നിന്റെ വാക്കും കേട്ട് നിഷ്കളങ്കത കാണിക്കാൻ പോയ എന്നെ പറഞ്ഞാ മതി.”
“നീ എന്താ ചെയ്തത്?”
“തീവണ്ടി പോവുന്നത് കണ്ടപ്പൊ റ്റാറ്റ കാണിച്ചു.”

Deepu Pradeep