തെക്ക് മാണൂർകായലിനും വടക്ക് ഭാരതപുഴയ്ക്കും മധ്യേ, കുഴിമന്തിയിലെ കറുവപ്പട്ട പോലെ കിടക്കുന്ന ഞങ്ങടെ പഞ്ചായത്തിന്‍റെ വൊക്കാബലറിയിലേക്ക് ആ പേര് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് അംബരീഷാണ്.
അംബരീഷ്, സോമൻ പണിക്കരുടെ കാലം തെറ്റിപിറന്ന മൂത്ത സന്തതി. അതെ, കയ്യിലിരുപ്പ് വെച്ച് രണ്ടായിരത്തി അമ്പത്തില്‍ ജനിക്കേണ്ട വിത്തായിരുന്നു. ടൈം ട്രാവൽ, ഏലിയൻ അബ്‌ഡക്ഷൻ, അസ്റൽ പ്രോജക്ഷൻ…. സാധ്യതകൾ പലതാണ്, ഞങ്ങള് പക്ഷെ ചിന്തിച്ച് മിനക്കടാനൊന്നും പോയിട്ടില്ല.
ഗൾഫിൽ ശമ്പളം കൊടുക്കുന്ന അറബിക്ക് ഹനുമാന്‍സ്വാമിടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട്, മൂത്ത ജേഷ്ഠനാണെന്നും പറഞ്ഞ് ചുണ്ടിന് സർജറി ചെയ്യാന്‍ വേണ്ടി കാശ് പറ്റിച്ച മൊതലാണ്. അതേ അറബി പിന്നീടൊരിക്കൽ കേരളത്തിൽ ടൂറിന് വന്നപ്പോൾ കയറിയൊരു ഹോട്ടലിൽ, ഹനുമാന്‍റെ ഫോട്ടോ മാല തൂക്കിയിട്ടിരിക്കുന്നത് കണ്ട്, “തിമോത്തി അൽബാനി” എന്ന് പറഞ്ഞ് കണ്ണടച്ച് നിന്നത്രെ. വന്ന ടാക്സിയുടെ ഡ്രൈവർ “കരയണ്ട അറബിയേട്ടാ…. ഹനുമാൻ ചിരഞ്ജീവിയാണ്, മരണമില്ല” ന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ അംബരീഷ് നാട്ടിലെത്തി, ലങ്കാദഹനം!

ഹനുമാൻസ്വാമി കാരണം തൊഴില്ലായ്മ നിരക്കുയർത്തിയ അംബരീഷ്, രണ്ടു മാസം കഴിഞ്ഞ് മറ്റു നിവൃത്തിയൊന്നുമില്ലാതെ ഫാമിലി ബിസിനസ് ഏറ്റെടുക്കാന്‍ തന്നെ തീരുമാനിച്ചു. റിട്ടയര്‍ ചെയ്ത് പഞ്ഞികിടക്കയില്‍, ‘ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല ശശ്യെ…’ എന്ന ബാനർ പിടിച്ചു കിടക്കുന്ന അച്ഛന്‍റെ കയ്യില്‍ നിന്നും ബാറ്റന്‍ വാങ്ങി അവന്‍ തുടങ്ങി.
അംബരീഷ്, ‘ജ്യോത്സ്യന്‍ അംബരീഷ്, ഡിപ്ലോമ സിവില്‍ എഞ്ചിനിയറിംഗ്’ എന്ന് ബോര്‍ഡ് വെച്ച അന്ന് തന്നെയാണ് ശാസ്ത്രലോകം പ്ലൂട്ടോയെ നവഗ്രഹങ്ങളില്‍ നിന്ന് പുറത്താക്കുന്നത്. ആഹാ…. അടിച്ചാപ്പൊളി അരങ്ങേറ്റം!

അരിങ്ങോടര് മുതല് അർണോൾഡ് ഷ്വാസ്‌നഗറ്‌ വരെ ഗൂഗിൾ റിവ്യൂ ചെയ്തിട്ടുള്ള, മൾട്ടി മാനുവിന്‍റെ ‘പുഷ്ഠി ജിം’. അന്നത്തെ വർക്ക് ഔട്ട് കഴിഞ്ഞ് ജിമ്മിന്‍റെ താഴെ, അംബരീഷും മൾട്ടി മാനുവും എന്തോ ചർച്ചയിലായിരുന്നു. കാണുന്നവർക്ക് അവര് ‘ജ്യോതിഷവും ബോഡി മസിൽസും’ സമന്വയിപ്പിച്ച് ഒരു ഫിറ്റ്നസ് വ്ലോഗ് തുടങ്ങാനുള്ള ഡിസ്കഷനിലാണെന്ന് തോന്നുമെങ്കിലും, സത്യത്തിൽ രണ്ടാളും ആൽപെൻലീബേ കോലുമുട്ടായിക്ക് വിലകൂട്ടിയതിനെ പറ്റി സംസാരിക്കുകയായിരുന്നു….
അപ്പോഴാണ് അവരുടെ അടുത്തേക്ക് സിസി ഡെക്കറേഷൻസ് ഉടമ ഉരുളി മുരളിയേട്ടൻ വരുന്നത്, മകൾ നയനയുടെ കല്യാണം ക്ഷണിക്കാൻ. കല്യാണം മാനുവിനെ മാത്രം ക്ഷണിച്ച് ഉരുളിയേട്ടൻ ഛെ, മുരളിയേട്ടൻ അംബരീഷിന്‍റെ മുഖത്തേക്ക് നോക്കി രണ്ട് ഇളി ഇളിച്ചിട്ടുപ്പോയി. കാരണമുണ്ട്, രണ്ടുമാസം മുമ്പ്‌ വരെ നയനയുടെ അസ്ഥിയും ആത്മാവും ആന്ദോളനവുമെല്ലാം അംബരീഷായിരുന്നു. അറബി പിരിച്ചുവിട്ടപ്പോൾ അവളും കൊടുത്തു, ടെർമിനേഷൻ ലെറ്റർ! മാനുവിന്‍റെ കയ്യിൽ നിന്നും ആ കല്യാണകത്ത് വാങ്ങി തുറന്നുനോക്കുമ്പോൾ, അവന്‍റെ രണ്ടു തുള്ളി കണ്ണീര് കത്തിലെ അവളുടെ പേരിൽ തന്നെ പതിച്ചു….

അരങ്ങേറ്റം തൊട്ട് അഞ്ച് നാൾ കാറ്റും കൊണ്ടിരുന്ന അംബരീഷിന്‍റെ കവടികളെ തേടി ആദ്യം വന്നത് അഞ്ചാഴ്ച പഴക്കമുള്ള ചാണകത്തിന്‍റെ ഒരു സ്മെല്ലായിരുന്നു, രാധാകൃഷ്ണന്‍ മൂപ്പര്!
“ഏതാ രാധാകൃഷ്ണേട്ടാ സ്പ്രേ?”. അംബരീഷിന് ചോദിക്കാതിരിക്കാനായില്ല.
തെല്ല് അഭിമാനത്തോടെ ഒന്ന് പുഞ്ചിരിച്ചശേഷം മൂപ്പര്, “ഇത് നാട്ടില്‍ കിട്ടില്ല”
“കിട്ടണ്ട, വാങ്ങാതിരിക്കാനാണ്…”
ഒന്നിരുത്തി മൂളിയശേഷം മൂപ്പര് ജാതകം പുറത്തെടുത്തു.

ഡെറാഡൂണിലെ താമസസ്ഥലത്തിനടുത്തുള്ള മിലിട്ടറിയുടെ പറമ്പിൽ വേസ്റ്റ് ഇടാൻ പോയി ഇപ്പൊ എൻ ഐ എ അന്വേഷണം നേരിടുന്ന മകൻ, പുകയില്ലാത്ത അടുപ്പുണ്ടാക്കാൻ വന്ന ആലുവക്കാരൻ അടുക്കളയിൽ തൂങ്ങിമരിച്ചതോടെ മുടങ്ങിയ മകളുടെ വീടുപണി….. രാധാകൃഷ്‌ണൻ മൂപ്പര് തന്‍റെ പ്രശ്നങ്ങളുടെ പെട്ടി പൊട്ടിച്ചു.
“ഇതൊന്നും പോരാഞ്ഞ് ഭാര്യ സരോജിനിയ്ക്കിത് ഫോർത്ത് സ്റ്റേജാ…….. സംശയരോഗത്തിന്‍റെ!”

പ്രശ്നങ്ങളെല്ലാം കേട്ട അംബരീഷ് പ്രശ്‌നം വെച്ചുനോക്കി…. പിന്നെ കവടിയിലേക്ക് നോക്കി അംബരീഷ് മുഖത്ത് കഷ്ടപ്പെട്ടൊരു ഞെട്ടലുണ്ടാക്കി. ട്ടും! അത് മൂപ്പര് കണ്ടില്ല, അംബരീഷിന് രണ്ടാമതും ഉണ്ടാക്കേണ്ടിവന്നു.
“എന്താ അംബരീഷേ?”
അംബരീഷ് അസാധാരണമാം വിധം ശബ്ദം താഴ്ത്തി പറഞ്ഞു, “നിങ്ങളുടെ പറമ്പിലെ കിണറ്റിനുള്ളിൽ എന്തോ ഉണ്ട്!!”
“ഉണ്ട്, വെള്ളമല്ലേ?”
കളഞ്ഞു!
“വെള്ളത്തിനു താഴെ”
“ഉണ്ട്… പാറ!”
പിന്നേം കളഞ്ഞു.
“എടോ മനുഷ്യാ പാറയ്ക്കും താഴെ…. നിധിയുണ്ട്, നിധി!!”

രാധാകൃഷ്ണൻ മൂപ്പര് രണ്ടരകട്ടയുടെ ഒരു ഞെട്ടു ഞെട്ടീട്ട് രണ്ടരമിനുട്ട് ഫ്രീസായിട്ടിരുന്നു. ആ ഇരുപ്പ് കണ്ട അംബരീഷിന്‍റെ മനസ്സ്, ഒരു ആഞ്ചിയോഗ്രാമും രണ്ട് ആഞ്ചിയോപ്ലാസ്റ്റിയും ചെയ്യാൻവേണ്ടി തയ്യാറെടുത്തു. പക്ഷെ വേണ്ടി വന്നില്ല,
“എന്താ പറഞ്ഞേ??”
“രാധാകൃഷ്ണേട്ടാ….. ആ കിണറ്റിനടിയിൽ നല്ലൊരു നിധിയുണ്ട്, ‘സുഡിനാം ക്ലൂരി’.
“സുഡിനാം ക്ലൂരിയോ?”
“ആ…. പണ്ട് ബ്രിട്ടീഷുകാരെ പേടിച്ച് നാട്ടുകാർ ഒരു സുദിനം നോക്കി ക്ലൂ വെക്കാതെ കുഴിച്ചിട്ടതാ…. അത് വെളിച്ചം കാണുന്നതോടെ നിങ്ങളുടെ വീട്ടിലെ സർവ്വ പ്രശ്നങ്ങളും തീരും; മോൾടെ വീട്ടിലെ അടുപ്പും പുകയും, മോന്‍റെ ലൈഫിൽ പുകയും മാറും”.
അംബരീഷിനെ നിറകണ്ണുകളോടെ നോക്കി രാധാകൃഷ്‌ണൻ മൂപ്പരുടെ ഉള്ളിലെ അലക്സ, ‘നന്മയുള്ള ലോകമേ….’ പാടി.
കിട്ടിയ തക്കത്തിന് അംബരീഷ് ബാക്കി അടിച്ചു,
“പക്ഷെ ഇനി സാധനം എടുക്കുന്നത് വരെ ആ കിണർ ഇളക്കരുത്, വെള്ളം കോരുന്നത് കൊണ്ട് കുഴപ്പമില്ല… പക്ഷെ ഒരു കാരണവശാലും മോട്ടർ അടിക്കരുത്, നിധി മണ്ണിന്‍റെ അടിയിലേക്കാണ്ടു പോവും”
“അയ്യോ… നാളെയാണ് മുരളിയുടെ വീട്ടിലെ കല്യാണം… അവര് വെള്ളമെടുക്കുന്നത് ഞങ്ങളുടെ കിണറ്റിൽ നിന്നാ”
അംബരീഷിന്‍റെ മനസ്സ്: ‘അതെ… അത് തന്നെയാണല്ലോ എന്‍റെ ലക്ഷ്യം!’
ലോകത്തൊരു നിരാശാ കാമുകനും കൊടുക്കാത്ത പണി…. ‘ഡെക്കറേഷൻകാരന്‍റെ മോൾടെ കല്യാണം, നല്ല ഡെക്കറേഷനോടെ നടക്കും!’. ഉരുളി മുരളിയും മിസ്സിസ് മുരളിയും, നയന മുരളിയുമൊക്കെ നിർത്താതെ വെള്ളം കോരുന്ന ആ രംഗം ആലോചിച്ച് അംബരീഷ് ഇപ്പോഴേ ചിരി തുടങ്ങി. സ്വന്തം കാല് കഴുകാനുള്ള വെള്ളം കല്യാണചെക്കൻ തന്നെ കോരികൊണ്ടുവരുന്നത് കാണുമ്പോഴുണ്ടാവുന്ന ആ കോരിതരിപ്പും…. ചീപ്പ് ത്രിൽസ്!

ദക്ഷിണ തന്നശേഷം രാധാകൃഷ്ണൻ മൂപ്പര് തുള്ളിച്ചാടി പോവുന്നതും നോക്കി അംബരീഷ് നിന്നു. പ്രഥമ പ്രവചനം പാളിയാലെന്താ, പ്രതികാരം നടക്കുമല്ലോ… കിണറിനടുത്തുള്ള കല്യാണവീട്ടിലെ തിരക്കും ബഹളവും കാരണം മൂപ്പർക്ക് എന്തായാലും ഇന്ന് രാത്രി നിധി മാന്തൻ പറ്റില്ല എന്ന് അംബരീഷിന് ഉറപ്പുണ്ടായിരുന്നു. പക്ഷെ പിറക്കാതെ പോയ അമ്മായിയപ്പന്‍റെ വാട്ട സ്വഭാവം കാരണം ബന്ധുക്കളാരും കല്യാണതലേന്ന് അവിടേക്ക് തിരിഞ്ഞുനോക്കാൻ പോവുന്നില്ല എന്ന കാര്യം അംബരീഷിന് ഗണിക്കാൻ പറ്റിയില്ല. അതിലാണ് എല്ലാം തെറ്റിയത്…

രാത്രി പന്ത്രണ്ടുമണി. പതിനാലാം വാർഡിന്‍റെ തെക്കേ അറ്റത്തുള്ള വീട്ടുകാർ ഘനഗംഭീരമായ ഒരു ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റു. ‘കള്ളൻ സത്യരാജ് സബ് ജയിലിൽ നിന്നിറങ്ങിയോ’ എന്ന സംശയത്തോടെ വീടും പറമ്പും ജംഗമങ്ങളും ഒന്നു ടോർച്ചടിച്ച് നോക്കിയിട്ട് എല്ലാവരും വീണ്ടും കിടന്നു, ഒരാളൊഴികെ….
പഞ്ചായത്ത് ലൈബ്രറിയിൽ നിന്ന് കഴിഞ്ഞയാഴ്ച ‘ഷെർലോക്ക് ഹോംസ് സമ്പൂർണ്ണ കൃതികൾ’ വായിക്കാൻ എടുത്ത അപ്പുട്ടന്‍ വാര്യർ. വാര്യർ ടോർച്ചെടുത്ത് വീടിന് പുറത്തേക്ക് ഇറങ്ങി, ആകാശം നോക്കി, നിലം മണത്ത്, മണ്ണ് ചവച്ച്, ഇലകൾ നക്കി തന്‍റെ അന്വേഷണം തുടങ്ങി…

അധികം വൈകാതെ നാട് ഒരു സ്ഫോടനശബ്ദത്തിൽ ഞെട്ടി വിറച്ചു!
എല്ലാവരും ഒച്ച കേട്ടയിടത്തേക്ക് മണ്ടിപാഞ്ഞെത്തി, നയന നിവാസിന്‍റെയും സരോജിനി നിലയത്തിന്‍റെയും ബോർഡർ!
അപ്പു വാര്യരുണ്ട് തെങ്ങിന്റെ ചോട്ടിൽ ബോധം കെട്ടു കിടക്കുന്നു. തട്ടിയുണർത്തി വിളിച്ചപ്പോൾ കണ്ണു തുറന്നു, പിന്നാലെ വായയും,
“വീണത് ഉൽക്കയാണ്!!”
“പക്ഷെ നിലത്ത് കിടക്കുന്നത് നിങ്ങളാണല്ലോ…”
“അതല്ലെടോ… ഞാനെന്‍റെ കണ്ണുകൊണ്ട് കണ്ടതാ… ഒരു തീഗോളം താഴേക്ക് വരുന്നത്”
“പോടോ, ഉൽക്ക വീണതാണെങ്കിൽ അതിന്‍റെ പൊട്ടും പൊടിയുമൊക്കെ ഇവിടെത്തന്നെ കാണില്ലേ?”
“അതൊക്കെ നാസക്കാര് അപ്പൊ തന്നെ വന്നു എടുത്ത് കാണും, ഐസ്ആർഒ ക്കാരും അവർക്ക് കൂട്ടുണ്ടല്ലോ…” ആരോ താങ്ങി.
“ശരിയാ…ഒരു കിലോ ഉൽക്കയ്ക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ കോടികളാ വില”
അടക്കാ കച്ചവടം നടത്തുന്ന ഹംസത്തലി തന്‍റെ അറിവ് പങ്കുവെച്ചു.

പഴയ വിഷകുപ്പിയുടെ കഥയോർമ്മയുള്ളത് കൊണ്ട് അധികമാരും അപ്പുട്ടൻ വാര്യരെ വിശ്വസിക്കാൻ പോയില്ല. പക്ഷെ കേട്ട ശബ്ദം എവിടെനിന്ന് വന്നെന്നറിയാൻ എല്ലാവരും ചേർന്ന് രണ്ടു പറമ്പുകളിലുമായി തിരച്ചിലാരംഭിച്ചു…
“എന്നാലും നമ്മുടെ നാട്ടില് ഈ സമയത്ത് ഒരു ഉൽക്ക വീഴാൻ എന്താവും കാരണം?”
“സോമൻ പണിക്കരുടെ മോൻ അംബരീഷ് നാട്ടില് വന്നിട്ടുണ്ടല്ലോ, അവനുള്ളയിടത്ത് ഉൽക്കയല്ല സൗരയുധം വരെ വന്നു വീഴും”
ടെൻഷന്‍റെ ഇടയിലും ഉരുളിയേട്ടൻ പഴയ പ്രേമത്തിന്‍റെ മാത്തമാറ്റിക്‌സ് പുറത്തെടുക്കുന്നുണ്ടായിരുന്നു..
അപ്പോഴേക്കും അയൽകൂട്ടം ഒരു സൈഡിൽ നിന്ന് തുടങ്ങി കഴിഞ്ഞിരുന്നു…
“കല്യാണവീട്ടില് ഉൽക്ക വീഴാൻ പാടില്ല”
“അതെ, ദുശ്ശകുനമാണ്…. പെണ്ണിന്‍റെ അച്ഛനാണ് ദോഷം!”
അത്‌കേട്ട മുരളി ചൂടായി, ” കല്യാണപെണ്ണൊന്നും അല്ലല്ലോ വീണത്, ഉൽക്കയല്ലേ… അതെഴുന്നേറ്റ് പൊക്കോളും”
സ്ഥലകച്ചവടക്കാരൻ കുഞ്ഞപ്പൻ മുരളിയുടെ അടുത്തേക്ക് വന്നു, “ഉൽക്ക വീണ പറമ്പിന് വിലകിട്ടില്ലട്ടോ മുരളിയെ….”
അതുകേട്ട മുരളി ഒന്നാലോചിച്ചു നിന്നു.
“ഈ വീടും പറമ്പും കൊടുക്കുണ്ടോ?”
മുരളി പല്ലു ഞെരിച്ചു, “മുണ്ടഴിഞ്ഞ് നിൽക്കുമ്പോതന്നെ നിനക്ക് കോണകം കച്ചവടം ആക്കണം അല്ലേടാ…?”

ഈ സമയം കിണറ്റിലെ ഇരുട്ടിൽ, പാറപ്പുറത്ത് ഒരാൾരൂപം നിൽക്കുന്നുണ്ടായിരുന്നു, നിധിയെടുക്കാൻ താഴേക്കിറങ്ങുമ്പോൾ കയറുപൊട്ടി വെള്ളത്തിൽ വീണ രാധാകൃഷ്ണൻ മൂപ്പര്!
ആ ശബ്ദമാണ് നാട്ടുകാർ ഒരു കാര്യവുമില്ലാതെ ആദ്യം കേട്ടത്.
പിന്നെ അപ്പൂട്ടൻ വാര്യർ അന്വേഷിച്ചന്വേഷിച്ച് കിണറിനു സമീപത്തെത്തിയപ്പോൾ, ശ്രദ്ധ തെറ്റിക്കാൻ വേണ്ടി സാറൊരു നമ്പറിട്ടു. എങ്ങാനും നിധി കിട്ടിയില്ലെങ്കിൽ, പാറ പൊട്ടിക്കാനായി പ്ലാസ്റ്റിക് കവറിൽ കരുതിയിരുന്ന തോട്ടയുണ്ടായിരുന്നു മൂപ്പരുടെ കയ്യിൽ. അത് കത്തിച്ച് മുകളിലേക്ക് ഒര് ഏറ്!
മൂപ്പര് വിചാരിച്ച പോലെയല്ല തോട്ട വിചാരിച്ചത്, ഡെസിബല് മാറി പൊട്ടി!
കിണറ്റിന് ചുറ്റും ആൾക്കൂട്ടം! പോച്ചുഗീസുകാരെ ഓടിക്കാൻ ബ്രിട്ടീഷുകാരെ വിളിച്ചോണ്ടുവന്ന സാമൂതിരിയുടെ അവസ്ഥയായി….
മൂപ്പര് തലയിൽ കൈവെച്ച് കുത്തിയിരുന്നു, തറനിരപ്പിലേക്ക് തിരിച്ച് ചെല്ലുമ്പൊ എന്ത് വിശദീകരണം കൊടുക്കും എന്നാലോചിച്ച്….

അയൽകൂട്ടമടങ്ങുന്ന ആൾക്കൂട്ടം കിണറും കൂടിയൊന്ന് പരിശോധിക്കാം എന്ന് കരുതി അടുത്തേക്ക് നീങ്ങിയപ്പോഴാണ് അടുത്തത് കേൾക്കുന്നത്, ഒരു നിലവിളിയായിരുന്നു.
‘പരിചയമുള്ള ശബ്ദമാണല്ലോ…..’ രാധാകൃഷ്ണൻ മൂപ്പര് മനസ്സിലോർത്തു.
“ഈശ്വരാ സരോജിനി!”
“അയ്യോ….. എന്‍റെ രാധേട്ടനെ കാണാനില്ലേ……”. നിലവിളി ഉച്ചത്തിലായി, എല്ലാവരും കിണറുവിട്ട് മൂപ്പരുടെ വീട്ടിലേക്കോടി.
മൂപ്പര് രക്ഷപെട്ടു.
‘അവളെകൊണ്ടൊരു ഉപകാരമുണ്ടായി!’ കിണറ്റിൽ എക്കോയുള്ളൊരു ആത്മഗതം.
പെട്ടെന്നതാ അടുത്ത നിലവിളി, ഫ്രം നയനയില്ലാത്ത വെറും നിവാസ്.
“മുരളിയേട്ടാ………. നമ്മുടെ മോളെ കാണാനില്ല!!”

ശരിക്കും ഉൽക്ക വീണത്‌ അപ്പഴാണ്‌.
‘രാധാകൃഷ്‌ണൻ മൂപ്പരും നയനയും കൂടി ഒളിച്ചോടി!’
കണക്ഷൻ ലിങ്കുണ്ടാക്കാൻ നമ്മടെ നാട്ടുകാർക്കുണ്ടോ പാട്…
കുലുങ്ങി! സരോജിനിനിലയത്തിലെ ഭൂകമ്പ മാപ്പിനിയിൽ 4.6 ന്‍റെയൊരു പ്രകമ്പനം രേഖപ്പെടുത്തി. ‘എനിക്കിനി ജീവിക്കേണ്ടേ…’ എന്ന് പറഞ്ഞ് സരോജിനി മാഡം കിണറ്റിൽ ചാടി ജീവനൊടുക്കാനായി കരഞ്ഞുകൊണ്ട് ഓരോട്ടം. നാട്ടുകാർ പിടിച്ചുവെച്ചതുകൊണ്ട്, ‘ഭാര്യ മണ്ടയ്ക്ക് വീണു മരിച്ചു’ എന്ന വെറൈറ്റി മരണം രാധാകൃഷ്ണൻ മൂപ്പർക്കുണ്ടായില്ല.

തറനിരപ്പിൽ നടക്കുന്ന വെബ് സീരീസിന്‍റെ കഥയെ പറ്റിയൊന്നും അറിയാതെ രാധാകൃഷ്ണൻ മൂപ്പര് ഫോൺ ഓണാക്കി അംബരീഷിനെ വിളിച്ചു
“അംബരീഷേ…. സഹായിക്കണം, ഞാനിവിടെ കിണറ്റിൽ വീണ് കിടക്കുകയാ….”
“ഇപ്പൊ പറ്റില്ല രാധാകൃഷ്ണേട്ടാ…. ഞാനും നയനയും കൂടി ഒളിച്ചോടികൊണ്ടിരിക്കുകയാണ്, നാളെ താലികെട്ട് കഴിഞ്ഞിട്ട് വരാം…”
കെട്ടാനിരുന്ന ഗൾഫുകാരന്‍റെ ജോലിയും പോയിട്ടുണ്ടന്ന് കല്യാണതലേന്ന് അറിഞ്ഞ നയന വളരെ പെട്ടെന്ന് പ്രേമത്തിന് വേണ്ടി എല്ലാം ത്വജിക്കുകയായിരുന്നു…

ശോഭയും പ്രഭയുമുള്ള വേറെ വിഷയം കിട്ടിയതുകൊണ്ട് ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അപ്പുട്ടൻ വാര്യർ മെല്ലെ എഴുന്നേറ്റു….. അവിടുത്തെ സറീലിസ്റ്റിക് അനുഭവങ്ങൾ കണ്ടുനിൽക്കുന്ന തന്‍റെ കണ്ണടവെച്ച ഇളയ പുത്രനെ വാര്യർ ആൾകൂട്ടത്തിനുള്ളിൽ നിന്നും അടുത്തേക്ക് വിളിച്ചു,
“മോനെ നീയെങ്കിലും എന്നെ ഒന്ന് വിശ്വസിക്ക്…. വീണത് ഉൽക്കയാണ്”
“സത്യം പറ…….. അച്ഛൻ ഇലൂമിനാറ്റി അല്ലേ?”
“പഫാ…. നിന്‍റെ തന്തയാടാ  ഇലുമിനാറ്റി”