കൂട്ടുകാരനൊപ്പം കനറാ ബാങ്കിൽ ഒരാവശ്യത്തിന് പോയി പോസ്റ്റായി ഇരിക്കുംമ്പഴാണ് അവനവിടെയുണ്ടായിരുന്ന അവന്റെ നാട്ടുകാരനായ ഒരു മനുഷ്യനെ കാണിച്ചുതരുന്നത്, മാനുക്ക. അവരുടെ നാട്ടിൽ ഒരുപാട് മാനുമാരുണ്ടായിരുന്നതു കൊണ്ട്, മൂപ്പരാള് വി കെ മാനു എന്നായിരുന്നു പരക്കെ അറിയപ്പെട്ടിരുന്നത്.
വെള്ള കുപ്പായവും കള്ളി തുണിയും പോരാഞ്ഞിട്ട് തലയിൽ പിരിച്ചുവെച്ച വേറൊരു വെള്ള തോർത്തും, അതാണ് വി കെ. ‘വെള്ള കുട്ടൻ മാനു ലോപിച്ചിട്ടാണോ വി കെ മാനു ആയത്’ എന്ന് ഞാൻ ഡൗട്ടടിച്ചു. അടുത്തനിമിഷം തന്നെ ഇനീഷ്യലിനെ തെറ്റായി വ്യാഖ്യാനിച്ചതിൽ ഞാൻ പശ്ചാതപിക്കുകയും ചെയ്തു.

ചെങ്ങായി എപ്പോഴും വലതുകാലിൽ മുട്ടിന് അടുത്ത് ചെറിയ വട്ടത്തിൽ ഇങ്ങനെ ഉഴിയുന്നത് കാണിച്ചുതന്നിട്ട് കൂട്ടുകാരൻ ചോദിച്ചു,
“ആളാ ഉഴിയുന്നത് എന്താണെന്ന് മനസ്സിലായോ…….?”
“എന്താ….?”
“അതൊരു വജ്രമാണ്!”
“വജ്‌റോ!!….കാലിന്റെ ഉള്ളിലോ?” എന്റെ ഞെട്ടലിട്ടു വെച്ചിരുന്ന ബോട്ടിലിന്റെ അടപ്പ് വരെ പൊട്ടി.
“ആടാ….”
“എന്നാ പിന്നെ അത് ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്ത് വിറ്റൂടെ???”
“മൂപ്പർക്ക് ലക്ഷ്വറിയിൽ വലിയ താത്പര്യമില്ലായിരിക്കും….”
‘ഹോ… തങ്കപ്പെട്ട മനുഷ്യൻ എന്ന് പറയുന്നത് പോലെ വജ്രപ്പെട്ട മനുഷ്യൻ!’ ആത്മഗതം വന്നു.

ജ്വല്ലറിയിലെ കൂട്ടിലും, കള്ളക്കടത്തുകാരുടെ പെട്ടിയിലും മാത്രം കണ്ടിട്ടുള്ള വജ്രം എങ്ങനെ മൂപ്പരുടെ കാലിലെത്തി എന്നായിരുന്നു പിന്നെ എന്റെ ചിന്ത. ജന്മനാ ഉള്ളതാണെങ്കിൽ ബാലരമയിലെ ചുരുളഴിയാത്ത രഹസ്യങ്ങളിൽ വരേണ്ടതാണ്… ഇനി മുണുങ്ങിയതാണെങ്കിൽ അതൊരു ബയോളജിക്കൽ വണ്ടറാണ്. അവസാനം രണ്ടായിരത്തിനാല് ഏപ്രിൽ പത്തിൽ നടന്ന ആ ഫ്‌ളാഷ് ബാക്കിലേക്ക് പോവാൻ കൂട്ടുകാരൻ എനിക്കൊരു ഊബർ വിളിച്ചുതന്നു.

കടുത്ത മമ്മുക്ക ആരാധകനായിരുന്ന മാനു അന്ന് റിലീസാവാൻ പോവുന്ന ഒരു സിനിമ കാണാൻ കാശെങ്ങനെ ഒപ്പിക്കും എന്ന ചിന്തയോടെ പാടത്ത് പശൂനെ കെട്ടാൻ പോയതായിരുന്നു. കുനിഞ്ഞുനിന്ന് മാനു കുറ്റി അടിച്ച് തറയ്ക്കുമ്പഴാണ് ഷാർപ്പ് ഷൂട്ടർ അലവിയും സംഘവും കൊക്കിനെ പിടിക്കാൻ എയർ ഗണ്ണുമായി പാടത്തേക്കിറങ്ങിയത്. അലവിക്ക് അന്ന് കരിയറിലാദ്യമായി ഉന്നം കിട്ടി. ഉണ്ട മാനുവിന്റെ കാലിൽ!
ബേജാറോടെ ഓടി അടുത്തുവന്ന സംഘം, ആദ്യം നോക്കിയത് ഗോമാതാവിനെയാണ്…. ‘ഹോ…ആശ്വാസം!’
വണ്ട് എന്തോ കുത്തിയതാണെന്ന് വിചാരിച്ച് നിന്നിരുന്ന മാനു, വന്നവന്മാരെ ഒന്ന് സംശയത്തോടെ നോക്കി.
ഒന്നും അറിയാത്ത ഭാവം നടിക്കൽ ആയിരുന്നു പൊന്നീച്ച രാജേഷിന്റെ മെയിൻ ഐറ്റം. അതിട്ടു,
“ഞങ്ങളുടെ ഒരു ഉണ്ട എങ്ങാനും ഈ വഴിക്ക് വരുന്നത് കണ്ടിരുന്നോ….?”
മാനുക്ക, ഒറ്റ ആട്ട്!
പിന്നെ മാനുക്കയ്ക്ക് ആശുപത്രിയിൽ പോവാൻ നുള്ളിപെറുക്കി നൂറു രൂപ എടുത്ത് കൊടുത്ത് അവര് തടി സലാമത്താക്കി.

മാനുക്ക ഏതാ ഐറ്റം, കിട്ടിയ കാശിന് നേരെ തിരൂർ ഖയാമിൽ ചെന്ന് ആ സിനിമ FDFS കണ്ടു, ‘വജ്രം’.
പടം കണ്ടു കഴിഞ്ഞപ്പഴാണ് കാലിന്റെ ഉള്ളില് വേദന തുടങ്ങിയത്…. പോക്കറ്റിൽ ബാക്കി അറുപത് രൂപയുണ്ട്. മാനുക്ക നേരെ അടുത്തുകണ്ട മെഡിക്കൽ സ്റ്റോറിൽ പോയി ചോദിച്ചത്രേ….
“മോനെ, വെടി കൊണ്ടാൽ പുരട്ടുന്ന ഓയൻമെന്റ് ഏതാ ഉള്ളത്?”
മെഡിക്കൽഷോപ്പിൽ നിന്നും ബി ഫാം ഡിഗ്രിയുള്ള കുറച്ച് കിളികൾ ആകാശത്തേക്ക് പറന്നു
“ഓയിന്മെന്റ് ഇല്ലെങ്കിൽ തുള്ളിമരുന്നായാലും മതി”
കിളികൾ തേഞ്ഞിപ്പാലത്ത് യൂണിവേഴ്‌സിറ്റിയിൽ ഇറങ്ങി ഡിഗ്രി സർട്ടിഫിക്കറ്റ് തിരികെകൊടുത്തു.

ഞങ്ങൾ ഇരുന്നിരുന്നതിനു മുന്നിലെ കൗണ്ടറിൽ തന്റെ ടോക്കൻ വിളിച്ചപ്പോൾ വി കെ ചെന്നുപോയി നിന്നു.
“പേരെന്താ?”
“മാനു”
“ഫുൾ നെയിം പറയൂ….”
“വെടി കൊണ്ട മാനു! ”
വി കെ ഇനീഷ്യലായിരുന്നില്ല….!!

Deepu Pradeep