വയനാട് പോവാൻ നിൽക്കുന്ന നിൽപ്പാണ്, ബേസിൽ ജോസഫിന്റെ കല്യാണത്തിന്റെ തലേന്ന് രാത്രി. കൊച്ചിയിൽ നിന്നും വരുന്ന ‘കുഞ്ഞിരാമായണ’ത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ദിപിൽ ദേവിനെയും, നടൻ ദീപക് പറമ്പോലിനെയും കാത്താണ് ആ നിൽപ്പ്. പെരുമഴ പെയ്യുന്ന ആ രാത്രിയിൽ ദിപിലേട്ടന്റെ കറുത്ത സ്‌കോഡ റാപിഡ് കൊച്ചിയിൽ നിന്നും ഞാൻ കാൽകുലേറ്റ് ചെയ്തതിലും അരമണിക്കൂർ നേരത്തെ എത്തി! വണ്ടി നിർത്തി അവർ ഗ്ളാസ് താഴ്ത്തിയപ്പോൾ ഞാനാദ്യം ചോദിച്ചതും അതായിരുന്നു,
“കാറിൽ കേറ്, എന്നിട്ട് പറയാം”.

ഞാൻ കാറിന്റെ പിൻസീറ്റിൽ കയറി ഡോർ അടച്ച ശേഷമാണ് അവർ അതിന്റെ പിന്നിലെ രഹസ്യം പറഞ്ഞത്,
“അളിയാ ഈ വണ്ടിക്ക് ബ്രേക്കില്ലെടാ!!”
“പോടാ..”
ഇജ്‌ജാതി സുയിപ്പാക്കലിനൊന്നും ഞാൻ പൊതുവെ ഞെട്ടികൊടുക്കാറില്ലല്ലോ….
ദീപക് വീണ്ടും പറഞ്ഞു,
“ഇല്ലെടാ, തീരെ ഇല്ല…. ഹാന്റ് ബ്രേക്ക് പിടിച്ചാണ് വണ്ടി ഓടിക്കുന്നത്”
ഞാൻ അപ്പോഴും ഞെട്ടിയില്ല.
ദിപിലേട്ടൻ വണ്ടി മുന്നോട്ടെടുത്ത് ബ്രേക്ക് ചവിട്ടി കാണിച്ച് ഡെമോൻസ്ട്രേറ്റ് ചെയ്തുതന്നു. ഞെട്ടി! നന്നായിട്ട് തന്നെ ഞാൻ ഞെട്ടി!!
ഒരു ഗ്രാം പോലും ബ്രേക്കില്ല!! കാർ മുന്നോട്ട് ചലിച്ചുതുടങ്ങിയ കാരണം എനിക്കിറങ്ങി ഇറങ്ങിയോടാനും പറ്റില്ല, ഐ ആം ട്രാപ്പ്ഡ്!
കൊച്ചി മുതൽ ഇത് വരെ ഒരു കുഴപ്പവും ഇല്ലാതെ വന്നതല്ലേ, ഇനി അങ്ങോട്ടും അതേപോലെ എത്തുമായിരിക്കും എന്ന് ഞാൻ വെറുതെ സമാധാനിച്ചു. എന്നാലും ഇതും വെച്ച് എങ്ങനെ വയനാട് ചുരം കേറും എന്നായിരുന്നു എന്റെ ആകുലതകളത്രയും….

അടിവാരം കഴിഞ്ഞപ്പോൾ സമയം പന്ത്രണ്ടാവാറായിരുന്നു. മഴ തോർന്നിരുന്നെങ്കിലും വണ്ടിയുടെ മുൻഗ്ലാസിൽ മിസ്റ്റ് വന്നു നിറഞ്ഞിരുന്നു. ഒരു കൈ കൊണ്ട് ഹാന്റ് ബ്രേക്കും മറുകൈ കൊണ്ട് സ്റ്റേറിങ്ങും പിടിച്ച് ആ മിസ്റ്റിലൂടെ നോക്കി കഷ്ടപ്പെട്ട് വണ്ടിയോടിക്കുന്ന ദിപിലേട്ടനെ കണ്ട് മനസ്സലിഞ്ഞപ്പോൾ ദീപക് പറഞ്ഞു,
“വണ്ടി നിർത്ത്!”
അതുണ്ടായി.
വണ്ടിയിറങ്ങി ദീപക് നേരെ ഒരു പൊന്തകാട്ടിലേക്ക് ഓടിപ്പോവുന്നതാണ് ഞങ്ങൾ കാണുന്നത്. പിന്നെ തിരച്ചുവരുന്നത് കുറച്ച് ചേമ്പിലയും ചേമ്പിൻതണ്ടുമായാണ്. അളിയൻ അത് വണ്ടിയുടെ ഗ്ലാസ്സിൽ മുഴുവൻ കഷ്ടപ്പെട്ട് ഉരച്ച് തേക്കുന്നത് കണ്ട് ദിപിലേട്ടൻ എന്നെ നോക്കി, ‘എന്തൊരു കുലീനൻ, എന്തൊരു സൽഗുണൻ’ ഞങ്ങള് രണ്ടാളും പറഞ്ഞു.

എല്ലാം കഴിഞ്ഞ് അവൻ തിരിച്ച് കാറിൽ കയറിയപ്പോൾ എഫ് എമ്മിൽ ‘മങ്കാത’ ബിജിഎം….. ആകസ്മികമായിരിക്കും. അതിൽ ഹരം കേറി ദീപക് കാലിൽ കാല് കയറ്റി വെച്ചിരുന്നിട്ടു പറഞ്ഞു,
“ആ, ഇനി വൈപ്പറിട്ടോ”
ദിപിലേട്ടൻ വൈപ്പറിട്ടു. വെള്ളമില്ല!! ചേമ്പിൻ നീരിൽ മുങ്ങിയ ഗ്ലാസിലൂടെ, വൈപ്പർ ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്‌സ് ഉണ്ടാക്കികൊണ്ട് നിരങ്ങി. നേരത്തെ ചെറിയ മങ്ങല് മാത്രമുണ്ടായിരുന്ന ഗ്ലാസ്, ഇപ്പൊ ഫുള്ള് കാണാണ്ടായി കിട്ടി.

തലമണ്ടയ്ക്ക് ഉളി ഇട്ടുകൊടുത്ത പെരുന്തച്ചനെ, ജൂനിയർ പെരുന്തച്ചൻ അവസാനമായി നോക്കിയപോലെ ദിപിലേട്ടൻ ദീപകിനെ നോക്കി…
“ഐഡിയ കറക്ടായിരുന്നു, വെള്ളമില്ലാത്തതാണ് റോങ്ങായത്”
“നിനക്കീ ഐഡിയ എവിടുന്നാണ് കിട്ടിയത്?”
“ഞാൻ വാട്സാപ്പിൽ കണ്ടതാ”
ദിപിലേട്ടന്റെ കണ്ണ് നിറഞ്ഞു.

താമരശ്ശേ…………രി ചുരം!
നട്ടപ്പാതിര, ഗ്ലാസിൽ വെള്ളം വാങ്ങി ഒഴിക്കാൻ ഒരു കട പോലുമില്ല!
“അപ്പൊ ബാക്ക് സീറ്റിലുണ്ടായിരുന്ന ഒന്നരകുപ്പി വെള്ളമോ?” ദിപിലേട്ടൻ എന്നെ തിരിഞ്ഞുനോക്കി,
“അത് ഞാനെടുത്തു കുടിച്ചു. എനിക്ക് മഴ കണ്ടാൽ അപ്പൊ വെള്ളം ദാഹിക്കുമല്ലോ…”
അന്നേരം ദിപിലേട്ടന്റെ മുഖത്ത് ലോകത്തൊരിടത്തും കാണാത്ത ഒരു പ്‌ളെയിൻ മീം ഉണ്ടായി. സിറ്റുവേഷൻ അതായതുകൊണ്ട് ഫോട്ടോ എടുത്തു സൂക്ഷിക്കാൻ പറ്റിയില്ല.

ആ കടുംപാതിരാത്രിയിൽ, ഹാന്റ് ബ്രേക്കിന്റെ പതിനഞ്ച് ഇഞ്ചിൽ മൂന്ന് വിലപ്പെട്ട ജീവനുകൾ സമർപ്പിച്ച്, മുന്നിലുള്ളത് കോട മഞ്ഞാണോ അതോ ചേമ്പിന്റെ നീരാണോ എന്നുപോലുമറിയാതെ, വെറും ഊഹത്തിന്റെ പുറത്ത് ചുരം കയറുമ്പോൾ, ദിപിലേട്ടൻ ദീപകിന്റെ മുഖത്ത് നോക്കി ‘കുഞ്ഞിരാമായണ’ത്തിലെ തന്നെ ഒരു ഡയലോഗാണ് പറഞ്ഞത്,
“നിന്റെ ഒരു ചേമ്പിലെ ഐഡിയ!!”