എഞ്ചിനിയറിംഗ് കോളേജിലെ ശുഹൈബിന്റെ ആദ്യത്തെ കൊല്ലം. എഞ്ചിനീയറിംഗ് ഗ്രാഫിക്സിന്റെ പിരിയഡിൽ, ഡ്രോയിങ്ങ്‌ ഹാളിൽ എല്ലാം വരച്ചു തീർന്നപ്പോൾ ശുഹൈബിന് ഭൂലോക ബോറടി! അപ്പോഴാണവൻ അവന്റെ ഡ്രോയിങ് ടേബിളിൽ പണ്ടാരോ എഴുതിവെച്ച് മാഞ്ഞുതുടങ്ങിയ ഒരു വാക്ക് കാണുന്നത്, ‘കുളിര്’.
കുളിരെങ്കിൽ കുളിര്, അവൻ പേന എടുത്ത് ആ ടൈപ്പോഗ്രാഫിക്ക് ഭംഗി കൂട്ടാൻ തുടങ്ങി.
അതേസമയം ഹാളിലേക്ക് വേറെന്തോ ആവശ്യത്തിന് വന്ന ഡിപ്പാർട്ട്‌മെന്റിലെ പ്രത്യുഷ് സാർ അവന്റെ ആ പ്രവർത്തി കണ്ട് ഉറഞ്ഞുതുള്ളി.

“നീയൊക്കെ ഇതിനാണോ കോളേജിൽ വരുന്നത്?” എന്ന ലൈറ്റ് ചോദ്യത്തിൽ തുടങ്ങി, തെങ്ങിൻപൂങ്കുലയും ബാറ്ററിയും ഇട്ടു വാറ്റിയ ഹെവി വൈറ്റ് ചീത്ത വരെ എത്തി.

ശുഹൈബ് ആദ്യം കുറച്ചുനേരം ഒന്ന് അമ്പരന്നു നിന്നെങ്കിലും സാറിന്റെ ടെമ്പറിനൊരു എൻഡ് കാണാഞ്ഞപ്പോൾ തിരിച്ച് റൈയ്സായി,
“ഞാൻ കുളിര് ന്നെഴുതിയത് ടേബിളിലല്ലേ, സാറിന്റെ ഷർട്ടിലൊന്നുമല്ലല്ലോ..”
എന്നും പറഞ്ഞ് തരിപ്പോടെ ശുഹൈബ് പേനയെടുത്ത് ബാക്കി മൂന്ന് മേശപ്പുറത്ത് കൂടെ അങ്ങെഴുതി, കുളിര് കുളിര് കുളിര്!
.
.
.
.
.
സ്‌ക്രീൻ നിറഞ്ഞു നിൽക്കുന്ന പ്രത്യുഷ് സാറിന്റെ മുഖം. ക്യാമറ 2 കൊല്ലം പിറകിലേക്ക് പോയി…. പ്രത്യുഷ് സാർ കോളേജിൽ ജോയിൻ ചെയ്ത് ആദ്യമായി ക്ലാസെടുക്കാൻ ചെന്നത് തേർഡ് ഇയർ മെക്കാനിക്കലിന്റെ ക്ളാസിലേക്കാണ്. ഒരു തുടക്കക്കാരന്റെ യാതൊരു പതർച്ചയും ഇല്ലാത്ത നൈസ് ഇന്ററോക്കിടെ, ക്ലാസിലെ പിള്ളേർക്കിടയിലൂടെ പ്രത്യുഷ് സാറിന്റെ മുഖം ഒന്ന് പാൻ ചെയ്തപ്പോ കൂട്ടത്തിൽ പരിചയമുള്ള ഒരു ചിരി!
അഞ്ചുരുളിക്കാരൻ ഉണ്ണ്യേട്ടന് ഉരുളികമിഴ്ത്തികിട്ടിയ ഉണ്ടക്കണ്ണൻ, മുരളി!
എൻട്രൻസ് കോച്ചിങ്ങ്‌ സെന്ററിലെ റിപ്പിറ്റേഴ്‌സ് ബാച്ചിൽ പ്രത്യുഷ് സാറിന്റെ അതേ ഹോസ്റ്റലിൽ ഉണ്ടായിരുന്നവൻ!
ഷോക്ക് വിട്ടുമാറാത്ത പ്രത്യുഷ് വായിൽ കിട്ടിയ വാക്കുകൾ കൊണ്ട് വിക്കി വിക്കി ഒരു ചോദ്യമുണ്ടാക്കി,
“നീ ഇതേവരെ പഠിച്ചു കഴിഞ്ഞില്ലേ മുരളീ…?”
“കഴിഞ്ഞിട്ടില്ല… മൂന്നു പ്രാവശ്യം ഒന്ന് ഇയർ ഔട്ട് ആവേണ്ടി വന്നു”
പ്രത്യുഷ് സാറിന്റെ മനസ്സ് നിന്ന് വിറച്ചു, ചിരവപുറത്തിരിക്കുമ്പോൾ ചീറ്റപുലി വരുന്നത് കണ്ട അവസ്ഥ. കാരണം സിമ്പിളാണ്…ജാവയും പൈതണും പോലെ പവർഫുളും. അവരുടെ ഹോസ്റ്റലിൽ അന്ന് മുരളിയായിരുന്നു സകലമാന ഇക്കിളി സിനിമകളുടെയും സ്റ്റോക്കിസ്റ്റ് ആന്റ് ഡീലർ. മുരളിയുടെ ലാപ്ടോപ്പിലെ കണ്ടന്റുകൾക്ക് അന്ന്, ഇന്നത്തെ 1 മില്യൻ സബ്സ്ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലിനേക്കാൾ വിലയുണ്ടായിരുന്നു.
നാട്ടിൽ പോവുന്ന വീക്കെന്റുകളിൽ മുരളിയുടെ അടുത്തേക്ക് പ്രത്യുഷ് ഒരു ബ്ളാങ്ക് സിഡിയുമായി ഓടികിതച്ച് ചെല്ലും. എന്നിട്ട് നാണത്തോടെ നിലത്ത് സ്മൈലികൾ വരച്ചിട്ട് പറയും “മലയാളം മതി”
ഭാഷാസ്നേഹി!
ക്ലാസ് കഴിഞ്ഞുള്ള ബ്രെക്ക് ടൈമിൽ വരാന്തയിലൂടെ നടക്കുകയായിരുന്നു മുരളിയെ പ്രത്യുഷ് സാർ വന്നു വിളിച്ച് കൊണ്ടുപോയി ക്യാന്റീനിൽ കയറ്റി ഇഷ്ടമുള്ളത് ഓഡർ ചെയ്തോളാൻ പറഞ്ഞു.
“ഒരു ഫുൾറൈസും ചിക്കൻ മസാലയും!” (മുരളിക്കപ്പഴും മസാല വിട്ടൊരു കളിയില്ല)
തീറ്റ തുടങ്ങിയ മുരളി തന്റെ ചാക്കിൽ വീണെന്നുറപ്പായപ്പോൾ പ്രത്യുഷ് സാർ അവനോട് പറഞ്ഞു,
“മുരളീ… ദയവ് ചെയ്ത് നീ പഴയ കാര്യങ്ങളൊന്നും ഈ കോളേജിലെ ആരോടും പറയരുത്”
“അയ്യോ… ഞാനത് അപ്പൊ തന്നെ എല്ലാരോടും പറഞ്ഞുപോയല്ലോ.”
ബ്ലും! വക്ക്‌ പൊട്ടിയ ഉരുളിയൊക്കെ കമിഴ്ത്തിയാൽ ഇങ്ങനെ ഇരിക്കും!!
“അവര് കേട്ടപാട് സാറിന് ഒരു പേരും ഇട്ടു!”
“എന്താ?”
“കുളിര്!!”
ക്യാമറ ഡ്രോയിങ്ങ്‌ ഹാളിലേക്ക് തിരിച്ച് വരുന്നു. പ്രത്യുഷ് സാറിന്റെ മുഖം, ശുഹൈബിന്റെ മുഖം…. ശുഹൈബിന്റെ മുഖം, പ്രത്യുഷ് സാറിന്റെ മുഖം.
ഗ്ലോറി, ഗ്ലോറി…. ഗ്ലോറിയസ് മൊമെന്റ്‌സ്!!
ഏതാണ്ട് ചെഗുവേരയുടെ സ്റ്റിക്കറൊട്ടിച്ച ബൈക്ക്, ‘ഛത്രപതി’ന്ന് പേരുള്ള ഓട്ടോറിക്ഷയെ മുട്ടിയ പോലെ.
-Deepu Pradeep