ജീവിതത്തിലാദ്യമായി സോഷ്യൽ മീഡിയ വഴി ഒരു പെണ്കുട്ടിയെ പ്രാപ്പോസ് ചെയ്യുന്നത് രണ്ടായിരത്തി പതിമൂന്നിലാണ്.
അന്ന് ഞാനീ വിഷാദ-പ്രണയ കഥകൾ ഒക്കെ എഴുതുന്ന കാലമായിരുന്നത് കൊണ്ടു ഇച്ചിരി വെറൈറ്റി അപ്രോച്ചായിരുന്നു,

ഒരുപാട്‌ സംസാരിച്ച, രാവേറെ വൈകിയ ഒരു ചാറ്റിൽ പെട്ടെന്നൊരു നിമിഷം ഞാനവളുടെ പേര് വിളിച്ചു.
ഒരു മൂളൽ കൊണ്ടായിരുന്നു അവൾ അതിനു വിളികേട്ടത്. അവളത് പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി.

പലകുറി മനസ്സിൽ പറഞ്ഞു പാകപ്പെടുത്തിയ വരികൾ ഞാൻ മെല്ലെ ടൈപ്പ് ചെയ്തു….
“ഇപ്പൊ നിന്നെ കണ്ടാൽ എന്നും മഴ പെയ്യുന്ന നാട്ടിൽ നിന്നും വരുന്ന ഒരു പെൺകുട്ടിയെ പോലെയുണ്ട്…
പോരുന്നോ എന്റെ നാട്ടിലേക്ക്,
നിളയിൽ മുങ്ങിപ്പോവുന്ന വൈകുന്നേരങ്ങളോട് പുഴമണലിലിരുന്ന് യാത്ര പറയാൻ,
കുളങ്കരവേലയ്ക്ക് പാടത്തെ ആൽമരത്തിനു താഴെ കൈ ചേർത്ത് പിടിച്ചുനിന്നാ വെടിക്കെട്ടുകാണാൻ….
ചെല്ലൂർ കുന്നിലെ ഉദയങ്ങൾ കാണാൻ….
ഇരട്ടകുളത്തിൽ മഴ പെയ്യുന്നത് കാണാൻ…

രണ്ടു മിനുട്ട് സൈലൻസ് ആയിരുന്നു….

“എനിക്ക് കരച്ചില് വരുന്നു”
ഇതായിരുന്നു ആദ്യത്തെ മറുപടി.

ഐറ്റം ഏറ്റെന്നു മനസ്സിലായപ്പോൾ ഞാൻ എനിക്കുത്തരം വേണമെന്ന് ധൈര്യത്തോടെ പറഞ്ഞു….. വന്നു,
മനോഹരമായിട്ടുള്ള ഒരു മറുപടി

“ഇനിയുള്ള പ്രണയകഥകളിലൊക്കെ എന്നെ നായികയാക്കുമെങ്കിൽ,
എനിക്ക് വേണ്ടി എന്നും കഥകൾ പറഞ്ഞ് മഴ പെയ്യിച്ച് തരുമെങ്കിൽ,
ഞാൻ വരാം…
ഭാരതപുഴയിലേക്ക്, കുളങ്കരപാടത്തേക്ക്, ചെല്ലൂർ കുന്നിലേക്ക്, ഇരട്ടകുളത്തിലേക്ക്…. ആ നാട്ടിലേക്ക്”

ഇന്ന്, ഒരാവശ്യവും ഇല്ലാതെ ആ പ്രേമ ഓർമ്മകൾ ഇങ്ങനെ ഇരുന്ന് അയവിറക്കി കഴിഞ്ഞപ്പോൾ ഇക്കാര്യം ഞാനെന്റെ ഭാര്യയോട് പറഞ്ഞു.
അവളെന്നെ, മൃഗശാലയിലെ സിംഹത്തിന് ആരോറൂട്ട് ഇട്ടുകൊടുത്ത പോലെയൊരു നോട്ടം!
“മൂന്നു കൊല്ലമായി കല്യാണം കഴിഞ്ഞിട്ട്… ഇതൊന്നും എനിക്കിതേവരെ കാണിച്ച് തന്നിട്ടില്ല!!”

“അത് പിന്നെ…. ഞാൻ, പ്രളയം, കൊറോണ, ലോക്ക് ഡൗൺ… ഞാൻ മാത്രമല്ല അവരെല്ലാവരും..”