കരിയറിലെ ആദ്യത്തെ പെണ്ണുകാണലിന് പോയത് തിരൂർ പുറത്തൂർ അടുത്തൊരു സ്ഥലത്താണ്. മഴക്കാലത്ത് ഉപ്പുവെള്ളം കയറുകയും കുടിവെള്ള പ്രശ്നവും ഒക്കെ ഉള്ള ഒരു ഏരിയയാണ്… സാധാരണ പെണ്ണുകാണൽ പാർട്ടീസ് അതൊക്കെ നോക്കും, പക്ഷെ നമ്മക്കതൊന്നും ഒരു വിഷയമേ അല്ലാർന്നു.
ഞാനും മാമനും കൂടെ പാട്ടും പാടി പോയി. സോറി, പാട്ടും വെച്ച് പോയി.

ലഡ്ഡുവും കേക്കും ചിപ്സും ടീ പോയിയിൽ വന്നു. കുട്ടി ചായയും കൊണ്ട് വരുന്നതിനും മുന്പ് ഞാൻ ആദ്യത്തെ ലഡ്ഡു എടുത്ത് വായിൽ വെച്ചു,
‘ഫെയ്‌മസ് ബേക്കറി!’
അപ്പോഴേക്കും പാതി ലഡ്ഡു കഴിച്ചിരുന്ന മാമൻ എന്നെ നോക്കി പുരികം പൊന്തിച്ചു. ഞാൻ അതെയെന്ന് തലയാട്ടി.
ആദ്യത്തെ പൊരുത്തം അവിടെ തെറ്റി! പാരമ്പര്യമായി ഞങ്ങൾ കെ ആർ ബേക്കറിയുടെ ആൾക്കാർ ആയിരുന്നെങ്കിലും അടുത്തിടെയായി നെഹൽ ബേക്കസിലേക്ക് മാറിയിരുന്നു. ഫെയ്‌മസ് സിങ്കാവില്ല, ഒട്ടുമാവില്ല.

ആദ്യത്തെ പെണ്ണ് കാണലിന്റെ ലൈറ്റ് ടെൻഷനോടെ മെയിൻ പ്രോട്ടോഗോണിസ്റ്റായ ഞാനിരുന്നു… കുട്ടി വന്നു. എനിക്ക് ആ വൈബ് കിട്ടിയില്ല, ഇതല്ല എന്റെ ഭാവി ഭാര്യ!
വന്ന സ്ഥിതിക്ക് കുട്ടിയോട് ഒന്നും രണ്ടും മിണ്ടി ഇൻസ്റ്റഗ്രാമിൽ ഒരു ഫോളോവറെ കൂട്ടാമെന്ന് ഞാൻ കരുതി. ആൾസോ, ഇനി വരാൻ പോവുന്ന പെണ്ണുകാണലുകൾക്ക് ഒരു എക്‌സ്പീരിയൻസും കിട്ടുമല്ലോ.
പക്ഷെ, ‘ഇനി അവര് രണ്ടാളും എന്തെങ്കിലും സംസാരിച്ചോട്ടെ’ എന്ന ആ കൾട്ട് ക്ളീഷേ ഡയലോഗ് കാരണോര് മൊഴിയുന്നില്ല!!
അമ്മയും അച്ഛനും ആങ്ങളയും ഞങ്ങളെ ഹാളിൽ തന്നെ നിർത്തി സംസാരിപ്പിക്കാനുള്ള മൂഡിലാണ്;
‘അയ്യേ… ഇതെന്ത് ഏർപ്പാടാണ്. തീരേ പുരോഗമനം ഇല്ലാത്ത പരിപാടി.’ ഉണ്ടാവാൻ ബാക്കിയുണ്ടായിരുന്ന സാധ്യതയും അതോടെ അടഞ്ഞു.

“എടീ… ഇന്നൊരു ഇൻട്രോവേർട്ട് ചെക്കൻ പെണ്ണുകാണാൻ വന്നിരുന്നു” എന്ന് ആ കുട്ടി കോളേജിൽ പോയി പറയണ്ടാന്ന് കരുതി ഞാൻ ഏതാണ്ടൊക്കെയോ ചോദിക്കുന്നതിനിടെ മാമൻ, ബേക്കറി ഫെയ്‌മസ് ആണെന്നൊന്നും നോക്കാതെ നല്ല തട്ടായിരുന്നു… പെട്ടെന്നുണ്ട് മാമന് തരിപ്പിൽ പോവുന്നു… പോവുമല്ലോ!
മാമൻ വെള്ളം ചോദിച്ചു.
കുട്ടിയുടെ അമ്മയുടെ മുഖത്ത് ഒരു തപ്പി പിടുത്തം.
“ഹേയ്…. ഇവിടെ അങ്ങനെ വെള്ളം കേറാറൊന്നും ഇല്ല”
“കുറച്ച് മതി, കുടിക്കാൻ ആണ്..”
“ഏയ്, ഇവിടുത്തെ വെള്ളത്തിന് പ്രശ്നമൊന്നുമില്ല…”, അച്ഛൻ.
മാമനുദ്ദേശിച്ചത് സെക്രട്ടറിയേറ്റ് ആയിരുന്നെങ്കില് അവര് നിൽക്കുന്നത് ചാക്ക ബൈപാസിലാണ്.
‘മിക്സ് ചെയ്യാനൊന്നുമല്ലല്ലോ ബെള്ളം ചോദിച്ചത്, കുടിക്കാനല്ലേ?’
പക്ഷെ കുടിവെള്ളം ചോദിച്ചത് ടെസ്റ്റ് ചെയ്യാനാണെന്ന് തെറ്റിദ്ധരിച്ച
അവര് ജന്മം ചെയ്താൽ വെള്ളം തരുന്നില്ല.
എനിക്കുറപ്പായി…. കുടിവെള്ളത്തിന്റെ ടേസ്റ്റ്‌ വ്യത്യാസം കാരണം ആ വീട്ടിൽ ഏതോ പെണ്ണുകാണൽ അലസി പോയിട്ടുണ്ട്!

പാവം മാമൻ പിന്നെയും ചോദിച്ചു…
ഞാനെങ്ങാനും ഓടി അടുക്കളയിൽ കയറി വെള്ളം എടുത്താൽ അതും തടയും എന്ന മൂടാണ് അച്ഛന്. സ്വന്തം മകളുടെ കല്യാണം നടത്താൻ ഏതറ്റം വരെയും പോയേക്കാവുന്ന ഒരു ക്ലാസ്സിക് അച്ഛൻ!
ഋശ്യസൃഗനായിരുന്നെങ്കിൽ മഴപെയ്യിച്ച് മാമന് കുറച്ച് വെള്ളം കൊടുക്കാമായിരുന്നു…
എന്ത് ചെയ്യാനാ ഞാൻ പാവം ദീവു ആയില്ലേ…
കാറിൽ ഗ്ളാസ് കഴുകാൻ വെച്ച വെള്ളം എടുത്ത് മാമന് കൊടുത്താലോ ന് ഞാൻ വിചാരിച്ചതാണ്. പക്ഷെ ആ വെള്ളത്തിന്റെ പഴക്കവും, പിറ്റേന്നത്തെ മാതൃഭൂമി മലപ്പുറം എഡിഷനും ഓർത്തപ്പോൾ അത് വേണ്ടെന്ന് വെച്ചു!

കോണിയുടെ അടുത്ത്, ബാഹുബലി വളയ്ക്കാൻ വിട്ടുപോയ പന പോലെ നിന്നിരുന്ന അങ്ങളയെ നോക്കി, അമ്മയും അച്ഛനുമുണ്ട് എന്തൊക്കെയോ കണ്ണോണ്ടും കയ്യൊണ്ടും കാണിക്കുന്നു…. ‘ഓടിപ്പോയി അപ്പുറത്തെ കടയിൽ നിന്നൊരു കുപ്പി മിനറൽ വാട്ടർ വാങ്ങിക്കടാ’ എന്നായിരിക്കും. ഇപ്പൊ കേറിച്ചെന്ന എനിക്ക് വരെ അത് മനസ്സിലായി, എന്നിട്ടും ആ മണ്ടൻ മിഴിച്ച് നിൽക്കുകയാണ്.
സ്വന്തം അച്ഛന്റെയും അമ്മയുടെയും ആംഗ്യ ഭാഷ പോലും മനസ്സിലാവാത്ത ഒരു അളിഞ്ഞ അളിയൻ.

മാമൻ എന്റെ മുഖത്തേക്ക് ഒന്ന്‌ നോക്കി മുന്നിൽ വെച്ച ചൂട് ചായ ഒറ്റ കുടി!
‘പെണ്ണുകാണലിന് പോവുമ്പോ ഒരു കുപ്പി വെള്ളം കൂടി കൊണ്ടുപോണമെന്ന് എനിക്കറിയൂലായിരുന്നു മാമാ!’