അശരീരിപ്പടിയിൽ കോഴികട നടത്തുന്ന ബ്രോയി നൗഫൽ (ശരിക്കും ബ്രോയിലർ നൗഫൽ എന്നായിരുന്നു, പിന്നീട് ലോപിച്ചതാണ്) ഒരു അന്തരീക്ഷ മലിനീകരണൻ ആയിരുന്നു. കോഴിക്കടയിലെ വേസ്റ്റ്, നാടായ നാട്ടിലെ പറമ്പായ പറമ്പിലും തോട്ടിലും റോഡിലും ഒക്കെ വലിച്ചെറിയലായിരുന്നു അവന്റെ പതിവ്.
കോഴി വേസ്റ്റിന്റെ ചാക്ക് വലിച്ചെറിയുന്നതിനിടെ എത്രയോവട്ടം ആൾക്കാര് പിടിച്ച് നല്ല തേമ്പ് തേമ്പി വിട്ടിട്ടും, സിസിടിവി നോക്കി ആളെ തിരിച്ചറിഞ്ഞ് വീട്ടിൽ വന്ന് താക്കീത് കൊടുത്തിട്ടും ബ്രോയി പരിപാടി നിർത്തിയില്ല.’സിനിമയിലെത്ര തെറി പറയാം’എന്ന വിഷയം ഏഷ്യാനെറ്റ് ന്യൂസ് ഹവർ ചർച്ചയ്ക്കെടുത്ത ദിവസം വരെ. ചർച്ച കണ്ടിട്ടൊന്നുമല്ല, സംഭവിച്ചത് വേറൊന്നാണ്.

രാത്രി ഒൻപതരയ്ക്ക് സ്വന്തം ഹോണ്ടാ ആക്റ്റിവ ഓടിച്ച് കുടുംബത്തേക്ക് മടങ്ങുകയായിരുന്നു നൗഫൽ. വീട്ടിലേക്കുള്ള കട്ട റോഡിലേക്ക് തിരിയും മുൻപ് ഷിന്റോന്റെ വീടിനു മുന്നിലെ റോഡ് സൈഡിൽ ചെറിയൊരു ആൾക്കൂട്ടം കണ്ട് നൗഫൽ വണ്ടിയുമായി അവരുടെ അടുത്ത് ചെന്ന് നിർത്തി.
ആൾകൂട്ടത്തിനു നടുവിൽ നിലത്ത് കെട്ടിവെച്ചിരിക്കുന്നൊരു പഴയ പ്ലാസ്റ്റിക്ക് ചാക്ക് കണ്ടപ്പഴേ നൗഫലിന് കാര്യം മനസ്സിലായി… അവൻ മനസ്സിൽ ഊറി ഊറി ചിരിച്ചു. ‘എന്നാലും ഇത് ഏത് കോഴിക്കടക്കാരൻ ആയിരിക്കുമെടാ…’
കാര്യം അവനും ചെയ്യുന്ന കാര്യമാണിതെങ്കിലും മാതൃ പഞ്ചായത്തിനോട് കൂറ് പുലർത്തുന്നത് കൊണ്ട്, വേറെ പഞ്ചായത്തിൽ പോയേ ബ്രോയി വേസ്റ്റ് ഇടാറുണ്ടായിരുന്നുള്ളൂ…
“ഇത് എവിടെയെങ്കിലും കൊണ്ടോയി കളയണം നൗഫലേ”
“അതിനെന്താ, ഇരുന്നൂറ് ഉറുപ്യ തന്നാൽ ഞാൻ കൊണ്ടോയി കളഞ്ഞുതരാം…”
ബ്രോയിക്ക് അറിയാത്ത സ്പോട്ടുകളോ…
ഷിന്റോ ആ നിമിഷം അവനെ തൊഴുതു,
“കോടി പുണ്യമാണ് നീ….”

ഷിന്റോ തന്നെ ആ ചാക്കെടുത്ത് ആക്ടീവയുടെ മുന്നിൽ നൗഫലിന്റെ കാലിന്റെ നടുവിൽ വെച്ചശേഷം ഇരുന്നൂറ് രൂപയും കൊടുത്തു.
ജീവൻ പോയിട്ടും തനിക്ക് കാശുണ്ടാക്കിതരുന്ന കോഴികളെ നന്ദിയോടെ സ്മരിച്ച് നൗഫൽ സ്‌കൂട്ടർ മുന്നോട്ടെടുത്തു…
വണ്ടി പഞ്ചായത്ത് അതിർത്തി കടന്നപ്പോഴാണ് അവൻ ആ ചാക്ക് അനങ്ങുന്നത് ശ്രദ്ധിക്കുന്നത്. വണ്ടി ഓടിച്ചുകൊണ്ടുതന്നെ അവൻ ഷിന്റോയ്ക്ക് ഫോൺ വിളിച്ചു,
“എന്താടാ ഇതിനൊരു ഒരു അനക്കം?”
“അതിന് ജീവനുണ്ട്”
ഒന്നു പൊട്ടിച്ചിരിച്ച് നൗഫൽ ചോദിച്ചു,
“ജീവനുള്ള കോഴി വേസ്റ്റോ?”
“കോഴി വേസ്റ്റോ… അത് വീട്ടിൽ നിന്ന് പിടിച്ചൊരു പെരുംപാമ്പാണ്‌!!”