(മുന്‍കുറിപ്പ് : ഈ കഥ ഉദ്ഭവിച്ച കാലടി , മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത , കാലടി എന്ന കൊച്ചു ഗ്രാമം ആണ് )
ഇത് ലാലുവിന്‍റെ കഥയാണ് , പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും …..പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം ജീവിതം കൊണ്ട് ലാലു രചിച്ച കഥ .
ഞങ്ങളുടെ നാട്ടില്‍….കാലടിയില്‍ ഈ സംഭവത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല …..
ഇപ്പൊ പ്രേമം എന്ന്‍ കേള്‍ക്കുമ്പോ ഞങ്ങള്‍ കാലടിക്കാര്‍ക്ക് ലാലുവിന്‍റെ എലി പുന്നെല്ലു കണ്ട പോലുള്ള മുഖമാണ് മനസ്സില്‍തെളിയുക .
ലാലുവിന്‍റെ മാത്രമല്ല ,ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച ആ രാത്രി ഇങ്ങനെ തുടങ്ങുന്നു……

എന്നത്തേയും പോലെ കാലടി ഗ്രാമം നേരത്തെ ഉറങ്ങാന്‍ കിടന്നു. കണ്ടനകം ബിവറെജ് അന്ന് മുടക്കമായതിനാല്‍, രാത്രിയിലെ ഓളിയിടലുകളും , അട്ടഹാസങ്ങളും ഇല്ലാതെ നിശബ്ദമായി, പാതിരാത്രിയിലേക്ക്‌ എല്ലാവരും കണ്ണടച്ചു. പക്ഷെ കണ്ണടച്ചു കിടന്നിട്ടും ഒരു കാലടിക്കാരന്‍ മാത്രം ഉറങ്ങിയിട്ടില്ലായിരുന്നു,’ലാലു’.ഉറക്കം വരരുതേ എന്ന് തുപ്രന്‍ങ്കോട്ടപ്പനോട് പ്രാര്‍ത്ഥിച്ചു കിടക്കുകയായിരുന്നു അവന്‍.തലമുഴുവന്‍ മൂടിയിരുന്ന കമ്പിളി പുതപ്പു മാറ്റി അവന്‍ മുറിയുടെ വാതില്‍ തുറന്നു.

പുറത്തേക്കിറങ്ങുമ്പോള്‍ ലാലു സമയം നോക്കി …..പന്ത്രണ്ടര , കൃത്യ സമയമാണ്‌ . അച്ഛന്‍ താളാത്മകമായി കൂര്‍ക്കം വലിച്ചു , അന്തം വിട്ടുറങ്ങുകയാണ്. ലാലു ഒരു കാര്യം ശ്രദ്ധിച്ചു , ആ കൂര്‍ക്കം വലി , മീന്‍കാരന്റെ MITകാലടി സെന്‍ററിലേക്കുള്ള കേറ്റം വലിക്കുന്നത് പോലുണ്ട് .മഹാബോര്‍ ആണ് , സംഗതി തീരെ ഇല്ല . നാളെ രാവിലെ ഉപദേശിക്കാം, ഇന്നിപ്പോ സമയമില്ല .അച്ഛന്റെ കാല്‍തൊട്ടു വന്ദിച്ച് ശബ്ദമുണ്ടാക്കാതെ അവന്‍ വാതില്‍തുറന്ന് പുറത്തേക്കിറങ്ങി .തദവസരത്തില്‍ അവന് ചെറിയൊരു പേടി .”വാതിലടക്കാന്‍ പറ്റില്ല ,ഇനി വല്ല കള്ളന്മാരും കയറുമോ ?, കേറുന്നെങ്ങെ കേറട്ടെ, ഇതിനെക്കാള്‍ വലിയ കര്യമൊന്നുമല്ലല്ലോ അത് .”
താന്‍ പോകുന്നത് ആരും കാണാതിരിക്കാന്‍ വേണ്ടി ലാലു ടോര്‍ച്ച് എടുത്തില്ല .വീടിന്‍റെ പിന്നാം പുറത്തുകൂടെ അവന്‍ പാടത്തെക്കിറങ്ങി . സെവെന്‍സിന് കളിക്കാര്‍ ഇറങ്ങുന്നത് പോലെ, നിലം തൊട്ടു തലയില്‍ വെച്ച്, വാം അപ്പ്‌ ഒക്കെ ചെയ്താണ് അളിയന്‍ പാടത്തേക്കിറങ്ങിയത്
ഈ അര്‍ദ്ധരാത്രി , ചുള്ളന്‍ പോണത് , നാലുവര്‍ഷമായി അവന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് .” എന്തിനാ നമ്മുടെ ഈ കഥാനായകന്‍ ഇപ്പൊ അവളുടെ വീട്ടിലേക്ക് പോണ്” എന്ന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം .തോന്നിയാലും തോന്നിയില്ലെങ്കിലും അവന്‍ പോവും . അവന് പോയെ പറ്റൂ , കാരണം നാളെ അവളുടെ കല്യാണമാണ്, അവന്‍റെ അശ്വതിയുടെ .രണ്ടു പേര്‍ക്കും കൂടി ഒളിച്ചോടാനാണെന്ന് ആരും ദയവായി തെറ്റിദ്ധരിക്കരുത് , കാരണം ലാലു നാലുവര്‍ഷമായി തന്നെ പ്രണയിക്കുന്ന കാര്യം പാവം അശ്വതിക്കറിയില്ല . നായകന്‍ പറഞാലല്ലേ നായികയിതറിയൂ ? അവന് പേടിയായിരുന്നത്രേ ആ പോപുലര്‍ ഡയലോഗു മൊഴിയാന്‍ !!.
പക്ഷെ ഇന്ന്‍ കഥ മാറിട്ടോ, അത് പറയാന്‍ വേണ്ടി മാത്രമാണ് അവനിന്ന് പോകുന്നത് , എല്ലാ ധൈര്യവും സംമ്പരിച്ചുകൊണ്ട് (ഒരു ഭംഗിക്ക് വേണ്ടി പറഞ്ഞതാട്ടോ , കാര്യാക്കണ്ട ).
“കല്യാണ തലേന്ന്‍ ഒരു പെണ്ണിനോട് ഇഷ്ടമാണ് എന്ന്‍ പറയാന്‍ പോവുക” അതെന്തിനാ ? എന്നും നിങ്ങള്‍ക്ക് തോന്നിയേക്കാം.
സത്യം പറയുന്നതുകൊണ്ട് വിഷമം തോന്നരുത് , നമ്മുടെ കഥാനായകന്‍ ഒരു അരവട്ടനാണ്.

പാടത്തെ വെള്ളകെട്ടിലൂടെ ലാലു നടന്നു …..അവന്‍റെ മനസ്സ് അവളെ കാണാന്‍ വേണ്ടി തുടിക്കുകയായിരുന്നു , നാല് വര്‍ഷം നീണ്ട തന്‍റെ പ്രണയത്തിനാണ് ഇന്ന്‍ പരിസമാപ്തി കുറിക്കുന്നത് .
കുമാരേട്ടന്റെ പട്ടി നീട്ടികുരച്ചു ….”ഹും , കാമുക ഹൃദയമെന്തെന്നറിയാത്ത പട്ടി”
“നീ അടുത്ത കന്നിമാസത്തിനു മുന്നേ ചവുമെടാ”. ലാലു പ്രാകി.
പട്ടി കാണാതിരിക്കാന്‍ വേണ്ടി അവന്‍ ഓടി .

ദോഷം പറയരുതല്ലോ , നല്ല അടിപൊളി വീഴ്ചയായിരുന്നു .പെടഞ്ഞെണീറ്റു ലാലു ചുറ്റും നോക്കി
“ഭാഗ്യം ആരും കണ്ടില്ല….”
വലതുകയ്യില്‍ നിന്ന്‍ ചോര ഒലിക്കുന്നുണ്ടായിരുന്നു
“ഇതിന്‍റെയൊക്കെ വല്ല കാര്യൂണ്ടാര്‍ന്നോ ?നാല് കൊല്ലം ഉണ്ടായിരുന്നല്ലോ അപ്പൊ പറഞ്ഞ പോരായിരുന്നോ ?
പോട്ടെ , ഇന്ന്‍ വൈകുന്നേരം അമ്മ പോയിരുന്നല്ലോ , അപ്പൊ പറഞ്ഞയച്ചാലും മതിയായിരുന്നു “
ലാലുവിന്‍റെ ഉള്ളില്‍ നിന്ന്‍ ആരോ പറഞ്ഞു .
“മിണ്ടാതിരിക്കടാ “, ലാലു തന്നെ ആ അജ്ഞാതനെ വിരട്ടി.

ലാലു ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് ഇതായിരുന്നു (ഓളെ കിട്ടില്ല എന്നറിഞ്ഞപ്പോ ഉണ്ടായ പൂതി എന്നും പറയാം ) .
“കല്യാണ തലേന്ന്‍ രാത്രി ഒരാണ്‍കുട്ടി ജനാലയ്ക്കരികെ വന്ന്‍ ഇഷ്ടമാണെന്നു പറയുംമ്പോഴുണ്ടാവുന്ന അവളുടെ അമ്പരപ്പ് , ലോകത്ത് ഇന്നേവരെ ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടില്ലാത്ത ഒരു നിസ്സഹായതാവസ്ഥ , കതിര്‍മണ്ഡപത്തില്‍, താലിക്കുവേണ്ടി തലകുനിക്കുംപോഴും അവനെ തന്നെ നോക്കുന്ന കണ്ണുകള്‍ “
അമ്പലകുളത്തില്‍ കുളിക്കുന്നതിനിടെയാണ് അവനീ പൊട്ടത്തരം ഞങ്ങളോട് എഴുന്നള്ളിച്ചത്. അതുകേട്ട ഞങ്ങളാരും വിചാരിച്ചിട്ടുണ്ടായിരുന്നില്ല അവനിതൊക്കെ കാട്ടികൂട്ടും എന്ന്‍.

ജീവിതതിലാദ്യമായാണ് ലാലു രാത്രി ഒറ്റയ്ക്ക് നടക്കുന്നത് ,ചെറിയൊരു പേടി തോന്നാതിരുന്നില്ല, അതും നടക്കുന്നത് കളത്തില്‍ പറമ്പിലൂടെയാണ്….പ്രേതത്തെ കണ്ടിട്ടുണ്ടെന്ന്‍ ദൈവമില്ലാപാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുരളിയേട്ടന്‍ വരെ പറഞ്ഞിട്ടുള്ള കളത്തില്‍ പറമ്പിലൂടെ!!
ഒരു കാമുകന്‍ ഇത്തരം സന്ദര്‍ഭത്തില്‍ ധൈര്യം കൈവിടാന്‍ പാടില്ല….അവന് മുന്നോട്ടു തന്നെ നടന്നു …..അല്ലെങ്കിലും പ്രണയം പൂത്തുലഞ്ഞു നില്‍കുമ്പോള്‍ എന്ത് പേടി?
ചുണ്ടിലൂടെ മലയാള സിനിമയിലെ പ്രണയഗാനങ്ങളെല്ലാം ഒരാട്ടപ്രദിക്ഷണം നടത്തികഴിഞ്ഞു (പേടി തോന്നാതിരിക്കാനാണ് പാട്ടു  പാടിയത് എന്ന് കുബുദ്ദികള്‍ പറഞ്ഞേക്കും, വിശ്വസിക്കരുത് )
അവളുടെ വീട് എത്താറായി.

“ഒരു പാദസ്വര കിലുക്കം കേള്‍ക്കുന്നു…..വെള്ളിയാഴ്ചയാണ് , നാട്ടപാതിരയ്ക്ക് അതും കളത്തില്‍ പറമ്പിലാണ് നില്‍ക്കുന്നത്”. ഈ ലവ് സ്റ്റോറി യില്‍ ഇങ്ങനെയൊരു ക്ലൈമാക്സ്‌ ഇഷ്ട്ടന്‍ പ്രതീക്ഷിച്ചു കാണില്ല .
അതെ അടുത്തുവരികയാണ്….
“തൃപ്രങ്ങോട്ടപ്പാ…..പ്രേതങ്ങള്‍ക്ക് പ്രണയത്തിലെന്താ സ്ഥാനം” ?
തിരിഞ്ഞു ഓടാനുള്ള ബുദ്ധിപോലും നമ്മുടെ “റിലേ ” പോയ കഥാനായകന് തോന്നിയില്ല
പ്രേതം രണ്ടും കല്‍പ്പിച്ചുള്ള വരവാണ്, അരണ്ട വെളിച്ചത്തില്‍ ലാലു കണ്ടു , സെറ്റുമുണ്ടും മുല്ലപൂവുമണിഞ്ഞ, ബാഗും തൂക്കിയിറങ്ങിയ ‘യക്ഷി’ യെ !!
ഒരലര്‍ച്ച മാത്രമായിരുന്നു പിന്നെ നമ്മുടെ പ്രിയപ്പെട്ട കാമുകന്‍ ബാക്കിവെച്ചത് …..ആകപാടെ കുറച്ചു ബോധം മാത്രം കൈമുതലായുള്ള ലാലു അതും കെട്ടു മലര്‍ന്നടിച്ചുവീണു. ആ അലര്‍ച്ച കേട്ട്,നാളത്തെ സദ്യയും സ്വപ്നം കണ്ടു കിടന്നുറങ്ങിയിരുന്ന ഞങ്ങള്‍ കാലടിക്കാര്‍ മുഴുവനുമെണ്ണീച്ചു

രാവിലെ അവന്‍റെ കുഞ്ഞു ബോധം തെളിഞ്ഞപ്പോള്‍,ആ ഞെട്ടിക്കുന്ന സത്യം അവന്റെ നെഞ്ചിലേക്ക് ഞാന്‍ ചൂടോടെ കോരി ഒഴിച്ചു
“അത് നിന്‍റെ കാമുകിയായിരുന്നടാ……അശ്വതി ….
അവള് എടപാളിലെ ഒട്ടോര്‍ഷക്കാരന്‍ മധുന്‍റെ ഒപ്പം ഒളിച്ചോടാനുള്ള പോക്കായിരുന്നടാ….എന്തായാലും നീ കാരണം എല്ലാരുമറിഞ്ഞു, അവളെ പിടിച്ചു കൊണ്ടുവരികയും ചെയ്തു .
നിന്‍റെ പ്രേമും , അവരുടെ പ്രേമവും ഇപ്പൊ കാലടിക്കാര് മുഴുവനുമറിഞ്ഞു …
നീറ്റു വാ കല്യാണത്തിന് പോണ്ടേ?…പാലടയല്ല പ്രഥമനാണ് എന്നൊരു ന്യൂസ്‌ കേട്ടു, വാ .

വിഷയമവതിരിപ്പിച്ചത് കുറച്ചു കടന്നു പോയോ എന്തോ?…………അവന്‍ വല്ലാത്തൊരവസ്തയിലാണ്
ഉണ്ടാവാതിരിക്കോ ? അവന്റെ മാത്രമല്ലല്ലോ, മൂന്ന്‍ ഹൃദയങ്ങളുടെ സ്വപ്നങ്ങളല്ലേ ഇന്നലെ നാട്ടപാതിരാക്ക് കല്ലത്തായത് .ടൈലര്‍ ‘കട്ട്പീസ്‌’ കുട്ടന്‍ , ബ്ലാക്കിനു ടിക്കറ്റെടുത്ത്,  അതിശയന്‍ കണ്ടിട്ടിരുന്ന പോലെയാണ്‌ അവന്‍ അട്ടത്തേക്കു നോക്കിയിരിക്കണത്.പാവം .

കരി ദിനം ആഘോഷിക്കാനൊന്നും മിനക്കിടാതെ, ആ വിവാദ വിവാഹം വന്‍ വിജയമാക്കിതീര്‍ക്കാന്‍ ഞങ്ങളെല്ലാരും കുടുംബസമേതം പോയി . ലാലുവിനും ഏതാണ്ട് കല്യാണചെക്കന്‍റെ അതേ പരിഗണനയാണ് ലഭിച്ചത്.കല്യാണ കമ്മിറ്റിക്കാര്‍ അവനെ സ്നേഹത്തോടെ സല്‍കരിച്ചു.അശ്വതിയുടെ അച്ഛന്‍ പല്പ്പ്വേട്ടന്‍ കാണിച്ച ആതിഥ്യ മര്യാദയും സ്നേഹവും ഈ അവസരത്തില്‍ ഞാന്‍ എടുത്തുപറയുന്നു .

കേട്ട ന്യൂസ്‌ ശരിയായിരുന്നു. പ്രഥമന്‍ തന്നെയായിരുന്നു പായസം .അതു മത്സരിച്ചുകുടിക്കുംമ്പോഴാണ്‌ മാന്തളിന്റെ ഈ ‘ഏന്‍ഡ് പഞ്ച്’;
“ന്നാലും ഇയ് പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയായല്ലോ ……
കല്യാണതലേന്നത്തെ പ്രണയാഭ്യര്‍ത്ഥന ഓളിലുണ്ടാക്കിയ അമ്പരപ്പ് , ലോകത്ത് ഇന്നേവരെ ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടില്ലാത്ത നിസ്സഹായാവസ്ഥ , താലിക്കുവേണ്ടി തലനീട്ടുംമ്പോഴും അന്നെത്തന്നെ നോക്കികൊണ്ടിരുന്ന കണ്ണുകള്‍ ….എല്ലാം …..!!