ആരുടെയെങ്കിലും പ്രേമം കുളമാക്കി കയ്യിൽ കൊടുത്തിട്ടുണ്ടോ? ചെയ്തു നോക്കണം, നല്ല രസാണ്.

തൃശൂർ-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പുകളുടെ സ്പീഡ് സംസ്ഥാനപ്രസിദ്ധമാണല്ലോ (ലോകപ്രസിദ്ധം എന്നൊന്നും പറയാറായിട്ടില്ല)
അക്കിക്കാവ് പൂരത്തിന്റെ ബ്ലോക്കിൽ പെട്ട് ലേറ്റായി നഷ്ടപെട്ട സമയം, കോഴിക്കോട് എത്തുംമുൻപ് തിരിച്ചുപിടിക്കാൻ വേണ്ടി പറന്നു പാഞ്ഞ ‘വായുപുഷ്പം FP’ അന്ന് പല കുഞ്ഞു സ്റ്റോപ്പുകളിലും യാത്രക്കാർക്ക് വണ്ടി നിർത്തികൊടുത്തില്ല, ക്വയറ്റ് നാച്ചുറൽ.

കൂട്ടത്തില് നമ്മടെ കഥാനായികയും ഉണ്ടായിരുന്നു. അടുത്ത സ്റ്റോപ്പിൽ നിന്ന് അവൾ പൊരിവെയിലത്ത് നടന്നു വരുന്നത് അവളുടെ അങ്ങാടിയിലെ കാത്തിരുപ്പ് കേന്ദ്രത്തിലിരിക്കുന്ന ചെറുപ്പക്കാർ കണ്ടു. സ്വാഭാവികമായിട്ടും ആ പെൺകുട്ടിയെ വായ്നോക്കുന്ന ഒരുത്തൻ ആ കൂട്ടത്തിൽ ഉണ്ടാവുമല്ലോ… അവൻ ഇറങ്ങി ചെന്ന് ഇടപെട്ടു…
“എന്താ നടന്നു വരുന്നത്?”
“ബസ്സ് നമ്മുടെ സ്റ്റോപ്പിൽ നിർത്തിയില്ല”
അവന്റെ പ്രേമം അടുപ്പത്തു വെച്ചിരുന്ന
അണ്ടകഡാഹത്തിലെ അണ്ടാവ് തിളച്ചു”
“സുറുമീ…. ഞാനിതിന് പ്രതികാരം ചെയ്യും!”
“വേണ്ട.”
“വേണം…. സുറുമി നാളെ ഇതേ സമയത്ത് നമ്മുടെ ബസ് സ്റ്റോപ്പിൽ വായോ, ആ ഡ്രൈവർ കരയുന്നത് ഞാൻ കാണിച്ചുതരാം”
സുറുമി പുഞ്ചിരിച്ച് തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നകന്നു.

അവൻ കൂട്ടുകാരുടെ നടുവിൽ ചെന്നു നിന്ന് പ്രഖ്യാപിച്ചു, “ആ ഡ്രൈവറെ അങ്ങനെ വിട്ടാൽ പറ്റില്ല, നാളെ ബസ് തടുത്തിട്ട് അവനൊരു പണി കൊടുക്കണം”
“അയ്ന് അയാള് നിന്നുതരോ, മ്മളെ കണ്ടാ അത്രയ്ക്ക് ടെറർ ആണെന്നൊക്കെ തോന്നോ?”
ദി പ്രാക്ടിക്കൽ പേർസൺ.
“എണ്ണത്തിലും വണ്ണത്തിലും അല്ല, ആറ്റിട്യൂടിലാണ് എല്ലാതും… നമ്മള് സ്‌ട്രോങ് ആയി അങ്ങു നിൽക്കണം”
അപ്പൊ ദേ വേറൊരുത്തൻ,
“നിക്ക് ചിരി വരും”
അതങ്ങനെ ഒരു കൊറോണ.
“ചിരിക്കരുത്, ചിരിക്കരുത്… ചിരി വന്നാൽ കംപ്ലീറ്റ് പാളും… പ്ലീസ്, സുറുമിയെ വീഴ്ത്താൻ പറ്റിയ അവസരമാണ് ”
ആ കാമുകന് വേണ്ടി എല്ലാരും ഇൻ ആയി.

ഈ കഥയൊന്നും അറിയാതെയാണ് ഞാൻ പിറ്റേ ദിവസം അതേ ബസ്സിൽ കയറിയത്. സൈഡ് സീറ്റ് കിട്ടിയ സന്തോഷത്തിൽ ഹെഡ്ഫോണിൽ ഒരു വല്ലം പൊന്നും പൂവും വെച്ച്, മനസ്സിലെ മരതകമണികളിലുണരുമൊരു അരിയമധുരമണിയാം എത്തിയപ്പഴേക്ക് ഞാൻ ഉറങ്ങി.

സ്റ്റോപ്പിൽ വെച്ച് കാമുകനും കൂട്ടരും ‘വായുപുഷ്പം’ തടുത്തു. സുറുമി അങ്ങാടിയിലെ കടയിൽ പപ്പടം വാങ്ങാൻ എന്ന പേരില് ഇത് കാണാൻ ചുറ്റിപറ്റി നിൽക്കുന്നുമുണ്ടായിരുന്നു. സംഗതി സക്‌സസ് ആയാ അവനെ പപ്പടം കൊടുത്ത് പ്രപോസ് ചെയ്യാനായിരിക്കും!
പ്രതികാര കമ്മിറ്റി ആ ധൃതിക്കാരൻ ഡ്രൈവറെ വളരെ മാന്യമായി അഞ്ച്‌ തെറിവിളിച്ച്, വലിച്ചിറക്കി ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി ഇരുത്തി.
എന്നിട്ട് ഒരു ഗ്ളാസ് തിളച്ച ചായ മുന്നിൽ കൊടുത്തു.
“ഈ ചായ കുടിച്ചാൽ നിനക്ക് പോവാം,”
ടഫ് ടാസ്‌ക്! ധൃതിക്കാരൻ കുടുങ്ങി, ആ തിളച്ച ചായ പെട്ടെന്ന് മോന്തികുടിച്ചാൽ അണ്ണാക്ക് വേസ്റ്റാകും, ചൂടാറ്റി പതിയെ കുടിച്ചാൽ ട്രിപ്പ് ലേറ്റാവും… ഏത് വേണമെന്ന് അയാൾക്ക് തീരുമാനിക്കാം.
ഉടക്കാൻ നിന്നിട്ട് ട്രിപ്പ് മൊത്തം കുളമാക്കി മുതലാളിയുടെ കയ്യിൽ നിന്ന് പുളിച്ച ആട്ടു കിട്ടണ്ടാന്ന് കരുതി ഡ്രൈവർ ആ ചായ, ഊതി ഊതി മോന്തി മോന്തി കുടിക്കാൻ തുടങ്ങി. ചായയുടെ ഛായ പോലുമില്ലാത്ത ഒരു ചായ!
പക്ഷെ കുടിച്ചു പോവും, അത്രയ്ക്ക് ആറ്റിട്യൂടാണ്
ഓരോരുത്തരുടെ മുഖത്തും അപ്പൊ ഉണ്ടായിരുന്നത്.

ഞാന്‍ ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ ദേ ബസ് ഒരു സ്ഥലത്ത് നിർത്തിയിരിക്കുന്നു, ഡ്രൈവർ ഇരുന്ന് ചായ കുടിക്കുന്നു….
ശുദ്ധ മനസ്സാണല്ലോ…. ഞാൻ ഉറക്കപ്പിച്ചില്‍ കണ്ണുതുടച്ചുകൊണ്ട് പുറത്തിറങ്ങി വെയിറ്റിങ്ങ് ഷെഡിന്റെ മറ്റേ അറ്റത്ത് പോയിരുന്നശേഷം ഒറ്റ ഓഡറാ….
“ഒരു സ്‌ട്രോങ്ങ്, മധുരം കൂട്ടി”

ബസ്സിലുള്ള എല്ലാവരും ചിരിച്ചു… അവന്റെ കൂടെ ചായ തിളപ്പിക്കാൻ നിന്നവന്മാരും ചിരിച്ചു….
പിന്നെ ഡ്രൈവർ അവിടെ ഇരിക്കേണ്ട കാര്യമില്ലല്ലോ….

കാത്തിരുപ്പുകേന്ദ്രത്തിൽ കളസം കീറി നിൽക്കുന്ന ആ കാമുകനെ ഞാൻ ഒന്ന് നോക്കി. അവന് ഇനിയവിടെ ഒരു ബോർഡ് വെച്ചാ മതി, ‘വായുപുഷ്പം ടീസ്റ്റാൾ’
നന്ദ്രി, വണക്കം!

സുറുമി പപ്പടം കാച്ചാൻ എപ്പഴേ പോയിരുന്നു. നന്മയുള്ള ലോകമേ എന്നൊക്കെ വെറുതെ പാടുന്നതാണ്…. അങ്ങനൊന്ന് ഇല്ല്യ.

-Deepu Pradeep