ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഇഹ്‌സാനും അവന്റെ കൂട്ടുകാരനും രണ്ടു ബൈക്കുകളിലായി വീക്കെന്റുകളിൽ കണ്ണൂരിലേക്ക് പോവാറുള്ളത് മാണ്ഡ്യ-ഇരിട്ടി റൂട്ടിലാണ്. ഒരു വെള്ളിയാഴ്ച വൈകുന്നേരം നാട്ടിൽ പോവാനായി ഇഹ്‌സാൻ വിളിച്ചപ്പോൾ കൂട്ടുകാരൻ പിറ്റേന്ന് ജോലിയുണ്ടെന്നറിയിച്ചു. ഇഹ്‌സാൻ അവന്റെ യമഹ ആർ വണ്ണിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ തീരുമാനിച്ചു. മിക്ക ആഴ്ചകളിലും പോരുന്ന വഴിയായത് കൊണ്ട് കാട്ടിലൂടെയുള്ള ആ രാത്രി യാത്രയെ സാധാരണപോലെ തന്നെ കണ്ടതായിരുന്നു അവനന്ന് പറ്റിയ തെറ്റ്.

നേരമന്ന് പതിവിലും ഇരുട്ടിയിരുന്നു….
വിജനമായ കാട്ടു പാതയിൽ വരുന്നവഴിക്ക് ഇഹ്‌സാൻ തിളങ്ങുന്ന ഒരു കാഴ്ച കണ്ടു. കുറച്ചു മുന്നിലായി മുഖം വ്യക്തമാവാത്ത, ദേഹമാസകലം ഗ്ലോ ചെയ്യുന്ന ഒരു വലിയ മനുഷ്യരൂപം!
അതിന്റെ കയ്യിൽ നീണ്ട ഒരു ചങ്ങലയും അതിനറ്റത്ത് ഇരുമ്പിന്റെ ഒരു ഗോളവുമുണ്ടായിരുന്നു.
അവൻ അത് കണ്ട് വണ്ടി സ്ലോ ഡൗൺ ചെയ്തു. റോഡിന്റെ എതിർഭാഗത്ത് നിന്നിരുന്ന ആ രൂപം പൊടുന്നനെ ആ ചങ്ങല ചുഴറ്റി കൊണ്ട് അവനു നേരെ അലറികൊണ്ട് പാഞ്ഞടുത്തു. ഒരു സാധാരണ മനുഷ്യന്റെ വേഗതയല്ല അവനപ്പോൾ കണ്ടത്‌! അപകടം മണത്ത അവൻ നിമിഷാർത്ഥം കൊണ്ട് വണ്ടി റൈസ് ചെയ്ത് അവിടെ നിന്നും പാഞ്ഞു. അതിന്റെ വീശൽ വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് അവന്റെ ദേഹത്ത് കൊള്ളാതെ മാറിയത്.
കൈവെള്ള മുതൽ കാൽനഖം വരെ വിറച്ചുകൊണ്ടാണ് അവൻ അടുത്ത വെളിച്ചം കാണുന്നത് വരെ വണ്ടി എവിടെയും നിർത്താതെ ഓടിച്ചത്. ആക്രമിക്കാൻ വന്നത് മനുഷ്യൻ ആണെങ്കിൽ അവരുടെ കൂട്ടത്തിൽ പെട്ടവരാരെങ്കിലും മുന്നിൽ വീണ്ടും പ്രത്യക്ഷപെട്ടേക്കുമോ എന്ന ഭയം, ഇനി ഒരുവേള കണ്ടത് ഒരു മനുഷ്യനെ അല്ലെങ്കിലോ…..?

ഒരു ഫോർ സിലിണ്ടർ 1000 സിസി മോട്ടോർസൈക്കിൾ ആയതുകൊണ്ട് മാത്രമാണ് ആ രൂപം അത്രയും വേഗത്തിൽ അടുത്തെതും മുൻപ് രക്ഷപ്പെട്ടത് എന്നവൻ പറയും. ശരിയാണ്, വല്ല ബുള്ളറ്റോ സ്‌കൂട്ടറോ ആയിരുന്നെങ്കിൽ ജീവനോടെ കാണില്ലായിരുന്നു…
അതിനുശേഷം അവൻ പിന്നെ ജീവിതത്തിൽ ഒരിക്കലും, പകൽ പോലും ആ റൂട്ട് എടുത്തിട്ടില്ല!

കൂട്ടുകാരോടൊപ്പമിരിക്കുമ്പോൾ പ്രേതകഥകൾ സംസാരിക്കുന്ന ചെറിയൊരു ഒരസുഖമുണ്ടെനിക്ക്. ഉടലാകെ തരിപ്പ് കയറുന്ന രണ്ടു മൂന്ന് വെടിച്ചില്ല് പ്രേതാനുഭവങ്ങൾ അങ്ങനെ കിട്ടിയിട്ടുമുണ്ട്. അതുപോലൊരു രാത്രി, കുറ്റിപ്പുറത്ത് പുഴക്കരയിൽ സിബിൻദാസിനും അശ്വിനും ഒപ്പമിരിക്കുമ്പഴാണ് ശ്യാം അവന്റെ ജൂനിയറായിരുന്ന ഇഹ്‌സാനുണ്ടായ ഈ അനുഭവം പറയുന്നത്.

എന്റെ ബുള്ളറ്റിന്റെ പണിമുടക്കൽ കാലങ്ങളിൽ ഒന്നായിരുന്നതുകൊണ്ട്, അനിയന്റെ ഡ്യൂകിലായിരുന്നു എന്റെ അപ്പോഴത്തെ സഞ്ചാരങ്ങൾ.
രണ്ടു ദിവസം കഴിഞ്ഞ് ഞാൻ മഞ്ചേരിയിൽ ഉള്ളപ്പോഴാണ് ഒരു കൂട്ടുകാരന്റെ വിളി വരുന്നത്. ആൾക്ക് ഇടുക്കി ജില്ല‌യിൽ കാടിനടുത്ത് ഒരു പ്രോപ്പർട്ടിയുണ്ട്. ഞാനിതേവരെ പോവാത്ത ഒരു സ്ഥലം. പിറ്റേന്ന് എറണാകുളത്ത് നിന്നും ഞങ്ങൾ ഒരുമിച്ച് അവിടേക്ക് യാത്ര ചെയ്യാൻ ഒരു പ്ലാനിട്ടിരുന്നു. ആ പ്ലാൻ മാറി, ആള് കാട്ടിലെത്തി. ഞാനും പ്ലാൻ മാറ്റി, മഞ്ചേരി നിന്നും വൈകീട്ട് ഇറങ്ങി രാത്രി ഇടുക്കി പിടിക്കാമെന്നു തീരുമാനിച്ചു.

മഞ്ചേരിയിൽ നിന്നും 55 കിലോമീറ്റർ ഓടിച്ച്‌ വീട്ടിൽ വന്നു ബാഗ് പായ്ക്ക് ചെയ്ത് യാത്ര തുടങ്ങിയപ്പോഴേക്കും സമയം രാത്രി ഏഴു കഴിഞ്ഞിരുന്നു. അറിയാത്ത നാട്ടിൽ, കാട്ടിൽ, അസമയത്താണ് എത്തുക എന്നുറപ്പായി. പക്ഷെ അമ്മാതിരി റിസ്കുകളിൽ എപ്പോഴും അൺസേട്ടിണിട്ടിയുടെ കുറെ ത്രില്ലുകളുണ്ടാവുമല്ലോ… ഞാനതെടുത്തു.

“കൂറ്റൻ വാക മരങ്ങൾ അതിരിട്ട വനാതിർത്തിയുടെ തൊട്ടടുത്തുള്ള കൊച്ചു വീട്, കാട്ടിനുള്ളിലൂടെ കുറച്ച് നടന്നാൽ ആനത്താരിയ്ക്കടുത്തുള്ള ഒരു വെള്ളച്ചാട്ടം, അതിനുതാഴെ കെട്ടിനിർത്തിയ കാട്ടുതണുപ്പുള്ള വെള്ളത്തിൽ മുങ്ങികുളിച്ചു പൊങ്ങുമ്പോൾ കടിക്കാൻ പാകത്തിന് ചാഞ്ഞുനിൽക്കുന്ന ഒരു പേര മരം, വൈകുന്നേരങ്ങളിൽ ദൂരെ താഴ് വരയിലേക്ക് സൂര്യൻ പോയി മുങ്ങുന്നതും നോക്കികിടക്കാൻ പറ്റുന്ന വലിയൊരു പുൽമേട്, അവിടെയങ്ങനെ കിടക്കുമ്പോൾ അപ്പുറത്ത് കാട് തുടങ്ങുന്നിടത്തു നിന്നും കാറ്റ് ചൂളം വിളിച്ചെത്തുന്നതും കാടതേറ്റ് പാടുന്നതും കാണാം…”
നമ്മൾ കാണാത്ത ഒരു സ്ഥലത്തെക്കുറിച്ച് ഒരാൾ പറയുമ്പോൾ ഇങ്ങനെ നമ്മൾ മനസ്സിൽ സൃഷ്ടിക്കുന്ന ഒരു ഭൂമികയുണ്ടാവും… അതിന് യഥാർത്ഥ സ്ഥലവുമായി വലിയ ബന്ധമൊന്നും കാണില്ല. പക്ഷെ അവിടേക്കുള്ള യാത്രയിൽ മൊത്തം ആ വിഷ്വൽ ഇങ്ങനെ മനസ്സിലുണ്ടാക്കികൊണ്ടിരിക്കുന്നത് രസമുള്ള ഒരു സംഗതിയാണ്. അതായിരുന്നു ഈ ഡ്രൈവിന്റെ ഒരു കിക്ക്!

തൃശൂർ കഴിഞ്ഞ് കൊരട്ടി വഴി പോവുന്നവര് ശ്രദ്ധിച്ചിട്ടുണ്ടാവും, അവിടെ റോഡരുകിൽ നിറയെ പാലമരങ്ങളുണ്ട്…. ഞാൻ സിഗ്നൽ എത്തും മുമ്പ്, മുന്നിൽ വരിവരിയായി തെളിഞ്ഞു നിന്നിരുന്ന സ്ട്രീറ്റ് ലൈറ്റുകൾ എല്ലാം ഒറ്റയടിക്ക് അങ്ങ് ഓഫായി! സിഗ്നലിൽ കാത്തുനിൽക്കുമ്പോൾ, പൂത്തു നിൽക്കുന്ന ആ പാലകളിൽ നിന്നുള്ള അരിച്ചിറങ്ങിവന്ന ഗന്ധമെനിക്ക് കിട്ടി! അതെല്ലാം ശ്യാം പറഞ്ഞ ആ കഥ വീണ്ടും എന്നെ ഓർമ്മിപ്പിക്കാനുള്ള ഒരു ട്രിഗർ ആയിരുന്നു. പിന്നെ അങ്കമാലിയും പെരുമ്പാവൂരും മൂവാറ്റുപുഴയും കടന്ന് ഇടുക്കി ജില്ലയിലേക്ക് കടക്കുമ്പോഴും ഇഹ്‌സാന്റെ ആ രാത്രി യാത്രയായിരുന്നു എന്റെ മനസ്സ് നിറയെ…

കമ്പകകാനവും കഴിഞ്ഞ്, വെളിച്ചവും മനുഷ്യന്മാരെയും വണ്ടികളെയും കണ്ടുമുട്ടാത്ത പാതയിലൂടെ പോവുമ്പോൾ മുന്നിൽ നല്ല കോടയിറങ്ങി, തൊട്ടടുത്തുള്ള കാഴ്ച പോലും കാണാൻ വയ്യാത്ത അവസ്ഥ. പണ്ട് തിരുമുറ്റിക്കോട് വെച്ച് ഒരു രാത്രി ബൈക്ക് യാത്രയിൽ, മഞ്ഞുവന്നു പൊതിഞ്ഞപ്പോൾ പിൻസീറ്റിലിരുന്ന് കഴുത്തിലാരോ വിരലുകൾ കൊണ്ടമർത്തിയെന്ന ഷമീമിന്റെ അനുഭവം കൂടി അപ്പോൾ മനസ്സിലെത്തി! എന്റെ പിൻസീറ്റിൽ കെട്ടിവെച്ചിരിക്കുന്ന ബാഗിലായിരുന്നു എന്റെ പ്രതീക്ഷ… അവിടെ ഇനിയാർക്കുമിരിക്കാൻ ഒരു സ്‌പെയ്‌സില്ല!

ലൊക്കേഷനിട്ട സ്ഥലത്ത് എത്തുമ്പോൾ സമയം ഏകദേശം പന്ത്രണ്ട് മണിയോട് അടുത്തിരുന്നു. മെയിൻ റോഡ് കഴിഞ്ഞാൽ പിന്നെ റെയിഞ്ച് കിട്ടില്ലെന്ന് ഫ്രണ്ട് ആദ്യമേ പറഞ്ഞിരുന്നു. അതു വരെ മാപ്പ് ഇട്ട്, അതിനു ശേഷം എടുക്കേണ്ട ടേണുകളും വഴികളും ടെക്സ്റ്റ് മെസേജായാണ് ആള് എനിക്ക് അയച്ചിരുന്നത്. പക്ഷെ കാടിനുള്ളിൽ വെച്ച് എനിക്ക് വഴി തെറ്റി! വഴി ചോദിക്കാൻ വെളിച്ചം കാണുന്ന ഒരു വീടുപോലുമില്ല… ഫോൺ വിളിക്കാൻ ഇനി തിരിച്ച് പത്തു കിലോമീറ്റർ സഞ്ചരിച്ച് മെയിൻ റോഡ് വരെ പോവാൻ ആദ്യം തോന്നിയില്ല.
250 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. കാലിൽ അതിന്റെ വേദനയും, ഇടയ്ക്ക് വെച്ച് കുറച്ച് മോശം റോഡുകൾ തന്ന ക്ഷീണവും തന്നെ കാരണം.

പിന്നെ ഞാൻ പല തവണ പല വഴികളിൽ പോയിനോക്കി, ഒടുവിൽ മെയിൻ റോഡിന്റെ ദിശയും എനിക്ക് തിട്ടമില്ലാതായി. ചില പ്രേതാനുഭവങ്ങളിൽ, യാത്രക്കാരെ ഒരു പിടിയും കൊടുക്കാതെ ചുറ്റിക്കുന്ന ഭൂപ്രദേശങ്ങളെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്‌. കാട്ടിലെ രാത്രികളെ സ്നേഹിക്കാൻ വന്നിട്ട്, ഭയക്കേണ്ട അവസ്ഥയായി തുടങ്ങി…
അവിടെത്തന്നെ എവിടെയെങ്കിലും റെയിഞ്ച് കിട്ടുമോ എന്നറിയാൻ പലയിടത്തായി മോട്ടോർസൈക്കിൾ നിർത്തി ഫോണ് ഉയർത്തി പിടിച്ച് ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു….
അവസാനമായി നിർത്തിയത് ഒരു ചെറിയ കയറ്റം തുടങ്ങുന്നതിന് തൊട്ടുമുന്പിലാണ്, അതിനുശേഷം കുറച്ച് നിരപ്പായ റോഡാണ്, അവിടുന്ന് വീണ്ടുമൊരു കയറ്റം. ദൂരെയെവിടെനിന്നോ ഒരു പ്രാപ്പിടിയന്റെ കരച്ചിൽ കേൾക്കാമായിരുന്നു….
പെട്ടെന്ന് മുന്നിലേക്ക് നോക്കിയ ഞാനാ കാഴ്ച കണ്ടു, മുകളിലെ കയറ്റത്തിൽ നിന്നും എനിക്കടുത്തേക്ക് നടന്നുവരുന്ന ഒരു രൂപത്തെ!!
ഏട്ടടി ഉയരം, തീരെ ചെറിയ തല, വിടർത്തിവെച്ച നാലു കൈകൾ, അതിൽ മുകളിലെ രണ്ടു കൈകൾ ചെറുതും താഴത്തെ രണ്ടെണ്ണം മനുഷ്യനോളം പോന്നതും. അത് ഇറക്കം കഴിഞ്ഞുള്ള നിരപ്പായ ആ റോഡിലേക്കിറങ്ങി. മുന്നിലെ കയറ്റം കാരണം അവിടേക്കുള്ള വിഷൻ എനിക്ക് കിട്ടുന്നില്ല. പക്ഷെ അതവിടെയുണ്ട്!
എനിക്കൊന്നുറപ്പായി, ആ സത്വം ഇനി പ്രത്യക്ഷപ്പെടുക എന്റെ മുന്നിലുള്ള ആ കയറ്റത്തിലാണ്, എന്റെ തൊട്ടടുത്ത്!!
ഇഹ്‌സാനെപോലെ, മോട്ടോർസൈക്കിൾ റൈസ് ചെയ്ത് അതിനെ പാസ് ചെയ്തു പോവാൻ എന്റെ ഡ്യൂക് 200ന് ഒരു 800cc ടെ കുറവുണ്ട്, 3 സിലിണ്ടറിന്റെയും! വണ്ടി 180 ഡിഗ്രി തിരിച്ച് പായാനുള്ള റൈഡിങ് സ്കിൽസൊന്നും എനിക്കില്ല താനും. ഞാൻ ഫ്രീസായി അങ്ങനെ നിന്നുപോയി.

പ്രാപ്പിടിയന്റെ കരച്ചിൽ നിന്നു….. ഞാൻ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുമ്പോൾ അതിന്റെ ചെറിയ തല ആദ്യം ഞാൻ കണ്ടു. പിന്നാലെ ആ രൂപം മുഴുവനായും…. അത് നടന്ന് എന്റെ തൊട്ടരികിലെത്തി, കഴുത്തിൽ തന്റെ മകനെയും വെച്ച് വരുന്ന ഒരച്ഛൻ!
അവർ രണ്ടാളും എന്നെ ശരിക്ക് ഒന്നുനോക്കി, ശ്വാസം വിട്ട് ഞാനും എന്നെ തന്നെ ഒന്ന് നോക്കി. എന്റെ റൈഡിങ് ഗ്ലൗസ് ഇട്ട കൈകൾ രണ്ടും ഹാൻസ് അപ്പ്‌ പൊസിഷനിലായിരുന്നു. തോക്കുമായൊരു കൊള്ളക്കാരനെയോ മാവോയിസ്റ്റിനെയോ കണ്ടിട്ടായിരുന്നെങ്കിൽ ആ ചെയ്തതിന് അർത്ഥമുണ്ട്, പ്രേതത്തെ കണ്ടിട്ട് ഹാൻസ് അപ്പിൽ നിന്നിട്ട് എന്താ കാര്യം? ആ…. പേടിച്ച് മൈൻഡ് അടിച്ച് പോവുമ്പോ നമ്മൾക്ക് ലോജിക്കും ഉണ്ടാവില്ല, കണ്ടിന്യുറ്റിയും ഉണ്ടാവില്ല.

അവിടുത്തെ അഞ്ചു ദിവസത്തെ വാസം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ ഞാൻ ആദ്യം ചെയ്തത്, 180 ഡിഗ്രി സ്കിഡ് ടേണിങ്ങ്‌ പഠിക്കലായിരുന്നു…
തൊട്ടുമുന്നിൽ നിന്നും അക്രമിക്കാനായി ഓടിയടുത്തുവരുന്ന ഒരു ഭീകരരൂപത്തെ, ഓരോ രാത്രിയാത്രയിലും ഞങ്ങൾ മോട്ടോർസൈക്കിളിസ്റ്റുകൾ ഭയപ്പെടുന്നുണ്ട്…. എന്നാലും യാത്ര നിർത്തൂല!