സാധാരണ ഒരു കഥ എഴുതാൻ വേണ്ടി ഇൻവെസ്റ്റ്‌മെന്റ് ഒന്നും ചെയ്യേണ്ടി വരാറില്ല. പക്ഷെ ഈ കഥ അങ്ങനല്ല, ദെണ്ണിച്ചുണ്ടാക്കിയ രണ്ടായിരം രൂപ ചിലവാക്കിയിട്ടു കിട്ടിയ കഥയാണ്….

2014 ലാണ്‌. രാത്രി പത്തുമണി, റോഡിൽ നിന്ന് എന്തോ ബഹളം കേട്ട് ഞാൻ വീടിന്റെ വാതിൽ തുറന്നു നോക്കുമ്പോൾ അവിടെ സാമാന്യം ഗുഡ് ഒരു ആൾക്കൂട്ടം. ഞാൻ ഇറങ്ങി ചെന്നു നോക്കി….
എന്താ?
ഒരു പെരുമ്പാമ്പിനെ പിടിക്കുന്നതാണ്!
യാ ഹുദാ… വെറും പാമ്പ് ന്ന് കേട്ടാൽ തന്നെ അസ്ഥി വിറയ്ക്കും, അപ്പഴാണ് പെരും പാമ്പ്!

കൂടിനിൽക്കുന്നവരിൽ കൂടുതലും അതുവഴി പോവുമ്പോൾ പാമ്പിനെ കണ്ട് നിർത്തിയവരാണ്. ഞാൻ ചെന്നപ്പോഴേക്കും രണ്ടുപേർ അതി സാഹസികമായി അതിനെ കീഴ്‌പ്പെടുത്തികഴിഞ്ഞിരുന്നു. പെരുപാമ്പിനെ അവര് രണ്ടാളും ചേർന്ന് ഒരു കീറചാക്കിലേക്ക് നിക്ഷേപിച്ചു. പാമ്പ് പോവുന്ന പോക്കില് രണ്ടാളെയും വാലു മടക്കിയൊരു തോണ്ടല്, രണ്ടുപേരുടെ കയ്യിലും ഓരോ മുറിവായി കിട്ടി. ചൂടികയർ കൊണ്ടു ചാക്ക് കെട്ടി കഴിഞ്ഞപ്പോഴാണ് ആദ്യത്തെ റൂമർ പരന്നത്,
“പെരും പാമ്പിന്റെ വാലില് വിഷമുണ്ടാവും!”
സൈലൻസ്.
“ഞാനും കേട്ടിട്ടുണ്ട്, വിഷം മുറിവിലൂടെ രക്തത്തിൽ കലരും”
വീണ്ടും സൈലൻസ്.
പാമ്പ് പിടുത്തക്കാർ പരസ്പരം നോക്കി വെള്ളമിറക്കി.
‘മരണത്തിലും പിരിയാത്ത സൗഹൃദം’ ആഹാ, ഒരു ആറു കോളം വാർത്തയ്ക്ക് പറ്റിയ ടൈറ്റില്!
“മുറി കയ്യില് ആയതുകൊണ്ട് തലച്ചോറിലെത്താൻ ഇനി അധികം സമയം വേണ്ട…”
അടുത്ത വൈദ്യശാസ്ത്രഞ്ജനും വന്നു.
അത് കേട്ടതും ആദ്യത്തവൻ ഒറ്റ കരച്ചിലായിരുന്നു.
“അയ്യോ…!”
കാഴ്ച കാണാൻ നിർത്തിയ ഒരു ഓട്ടോറിക്ഷയിൽ അപ്പൊ തന്നെ അവരെ ആശുപത്രിയിൽ കൊണ്ടോയി. ഒരു മാസ് ബി ജി എമ്മിൽ ചാക്കിൽ കിടക്കുന്ന പാമ്പിന്റെ മുഖത്തേക്ക് ക്യാമറ ക്രാഷ് സൂം!

അത് കഴിഞ്ഞ് ക്യാമറ എന്റെ ക്ളോസപ്പിലേക്ക് കട്ട് ചെയ്ത് വന്നപ്പോൾ ഞാൻ ചുറ്റും നോക്കുകയായിരുന്നു…. അവിടെ ആരുമില്ല, ഞങ്ങള് നാലാൾകാര് മാത്രം ബാക്കി… ഞാനും അച്ഛനും മാമനും പാമ്പും!
സ്പോട്ടില് അന്തരീക്ഷം കാലിയായിരിക്കുന്നു!!
ഇരുട്ടത്ത് ഇരിക്കുന്ന ചാക്ക് മെല്ലെ, ‘ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ’ എന്ന പാട്ടിന്റെ ബീറ്റില്‍ ഇളകാന്‍ തുടങ്ങി…
അതെങ്ങാനും പുറത്ത് വന്നാൽ ഒന്നുകിൽ ഞങ്ങളുടെ തൊടി, അല്ലെങ്കിൽ ഓപ്പോസിറ്റ് ഉള്ള മാമന്റെ തൊടി… ഇനിയുള്ള കാലം മുഴുമനും ആ പെരുപാമ്പിനെയും പേടിച്ച് ഞങ്ങൾക്ക് കഴിയേണ്ടിവരും. പാമ്പിനെ ആരും കണ്ടിട്ടില്ലായിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു… അത് അതിന്റെ വഴിക്ക് പോയേനെ. ഇതിപ്പോ കണ്ടും പോയി, പിടിച്ചും പോയി.

ചാക്കിൽ നിന്ന് രക്ഷപെടാൻ പാമ്പ് തലങ്ങും വിലങ്ങും കിടന്നു പുളഞ്ഞു, ആ പഴയ പ്ലാസ്റ്റിക്ക് ചാക്ക് ആണെങ്കിൽ‌ ഏത് നിമിഷവും പാമ്പിന് പരോള് അനുവദിക്കും എന്ന കണ്ടീഷനിലാണ്….
ഞാൻ ഞങ്ങളുടെ ഒന്നാം വാർഡിന്റെ മെംബറെ വിളിച്ച് കാര്യം മുഴുവൻ പറഞ്ഞു.
കാലടി-വട്ടംകുളം പഞ്ചായത്തിന്റെ അതിർത്തിയിലുള്ള ഞാനാണെന്നു മനസ്സിലായപ്പോൾ മെമ്പർ,
“ശേ… ആ പാമ്പ് രണ്ടു ഇഴച്ചിൽ അങ്ങു ഇഴഞ്ഞിരുന്നെങ്കിൽ അപ്പുറത്തെ പഞ്ചായത്ത് ആയേനെ”
“മെംബറേ…..”
“നീയൊന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിക്ക്, അവര് വന്നോളും”
ഞാൻ നേരെ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, കാര്യം കേട്ടപ്പോള്‍ അവര് ലൊക്കേഷന്‍ വിശദമായി തിരക്കി,
“കാലടി നടക്കാവ് റോഡില്‍, നടക്കാവ് എത്തണോ?”
“വേണ്ട, അതിന് മുന്‍പാണ്”
“ശ്ശേ, നടക്കാവ് ആയിരുന്നെങ്കില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ പരിധി ആയേനെ”
“പോലീസുകാരാ….”

പോലീസും കൈ മലർത്തി,
“ഇവിടെ അതിനെ സൂക്ഷിക്കാൻ സ്ഥലമൊന്നുമില്ല മോനെ”
“എന്നാ പിന്നെ ഞാൻ അതിനെ തുറന്ന് വിടട്ടെ?”
“ഇനി വിട്ടിട്ട് പാമ്പിന് വല്ലതും പറ്റിയാൽ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസാണ്”
‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ!’
“പിന്നെ ഞാൻ ഇനി എന്ത് ചെയ്യണം?”
“നിയറസ്റ്റ് ഫോറസ്റ്റ് ഓഫീസ് നിലമ്പൂർ ആണ്, അവരെ കോണ്ടാക്റ്റ് ചെയ്ത് നോക്കു”
ഞാൻ ശരി ന്ന് പറഞ്ഞു ഫോണ് വെക്കുമ്പോൾ പോലീസുകാരൻ,
“മോനെ…അതിനി ചാക്കിന്റെ ഉള്ളില്‍ കിടന്നു ചത്താലും കേസാണ് ട്ടോ”
‘കോടിയുടുത്തല്ലോ ഉണ്ണി ചാടിമറഞ്ഞല്ലോ!!’
റോഡില്‍ കിടന്ന പാമ്പിനെ എടുത്ത് ചാക്കിന്റകത്ത് വെച്ചു എന്ന അവസ്ഥ!

നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലെ ഫോണ് മണിയടിച്ചു.
ഞാൻ അവർക്കുള്ള ഉപഹാരത്തെ പറ്റി വർണ്ണിച്ചു,
“അവിടെ വന്നു എടുക്കാന്‍ ഉള്ള വകുപ്പൊന്നുമില്ല, നിങ്ങള് നാളെ ഇങ്ങോട്ട് കൊണ്ട് വന്നോളു..”
ഞാൻ നിറകണ്ണുകളോടെ ആ ചാക്കിലേക്ക് ഒന്ന് നോക്കി…
‘നല്ല കുട്ടിയായി കിടന്നുറങ്ങിയാല്‍ നാളെ നിലമ്പൂര്‍ക്ക് ടൂര്‍ കൊണ്ടുപോവാം’ എന്ന് പാമ്പ് പറഞ്ഞാൽ കേട്ടിരുന്നെങ്കിൽ എന്ത് സുഖം…

പോലീസ് സ്റ്റേഷനിലും ഫോറസ്റ്റിലും വിവരമറിഞ്ഞ സ്ഥിതിക്ക് ഇനി ആ പാമ്പെന്റെ തലയിലാണ്…. ജീവിതത്തിൽ അതേവരെ ഒരു പെണ്ണ് പോലും തലേലാവാതിരുന്ന എനിക്ക് അടിച്ച ഒരു ലോട്ടറിയേ…
അപ്പോഴേക്കും കുറച്ച് നാട്ടുകാരും കൂട്ടുകാരുമൊക്കെ വിവരമറിഞ്ഞ് വന്നു, അത്രയും സമാധാനം. പക്ഷെ ആരും പാമ്പിനെ ഏറ്റെടുക്കാൻ ഉള്ള ധൈര്യം കാണിച്ചില്ല.
“രാത്രി പുറത്ത് വെക്കാൻ പറ്റില്ല… വല്ല നായയോ കുറുക്കനോ വന്നു കടിക്കും”
വീട്ടിൽ ഒരു പട്ടികൂടോ കോഴിക്കൂടോ ഇല്ലാതിൽ ഞാൻ അന്നാദ്യമായി വ്യസനിച്ചു. ഉണ്ടെങ്കിൽ വെളിച്ചാവുന്നത് വരെ അതിനകത്ത് ഇട്ടു വെക്കാമായിരുന്നു…
ഞാൻ നോക്കുമ്പോൾ അച്ഛനുണ്ട് ഗെയിറ്റിന്റെ അവിടെനിന്ന് എന്റെ മുറിയിലേക്ക് നോക്കി എന്തോ ആലോചിക്കുന്നു! പിന്നെ അച്ഛൻ തന്നെ പറഞ്ഞു,
“അതിലും ഭേദം ചാക്കാ…”

ഇനിയാണ് രക്ഷകന്റെ പിറവി. കൂട്ടത്തിൽ ആരാണ് സജസ്റ്റ് ചെയ്തത് എന്നെനിക്കറിയില്ല, പക്ഷെ ആരോ… എടപ്പാൾ ഉള്ള ഒരു മുത്തിനെ പറ്റി പറഞ്ഞു.
“ആള് പാമ്പ്‌ പിടുത്തക്കാരൻ ഒന്നുമല്ല… പക്ഷെ ഒരു പിരി ഇല്ലാത്തത് കൊണ്ട് എല്ലാ വള്ളി കേസുകളും പിടിച്ചോളും. അഞ്ചോ പത്തോ കൊടുത്താൽ അയാളിതിനെ കൊണ്ടുപോയി നിലമ്പൂർ എൽപ്പിച്ചോളും”
ജീവിതത്തിൽ ഇന്നേവരെ ഒരാള് ഫോണെടുക്കണേ എന്ന് പ്രാര്ഥിച്ചിട്ട് ഞാൻ ഫോൺ വിളിച്ചിട്ടില്ല….സൂപ്പർഹീറോകൾ നിരാശപ്പെടുത്താറില്ലല്ലോ!
പതിനഞ്ചാം മിനുറ്റിൽ മുത്ത് പ്രത്യക്ഷപ്പെട്ടു. അധികം സൈസ് ഒന്നുമില്ലാത്ത ഒരു കുഞ്ഞു മനുഷ്യൻ…

ഞങ്ങൾ ചാക്ക് കാണിച്ചുകൊടുത്തപ്പോൾ മുത്ത് അത് തുറക്കാൻ ഒരുങ്ങി,
അച്ഛൻ പറഞ്ഞു, “വേണ്ട, തുറക്കണ്ട”
“ഐ… അവനെ ഒന്ന് കാണട്ടെ”
ആ കോണ്ഫിഡൻസിന്റെ ഒരു ലെവൽ!
മുത്ത്, ഫോണിലെ ടോർച്ച് അടിച്ചുകൊണ്ടു ചാക്കിന്റെ കെട്ടഴിച്ചിട്ട് ചാക്കിലേക്ക് നോക്കിയിട്ട് ഒരു പുഞ്ചിരി,
“ഇത് ചെറുത്…”
ചാക്കിന്റെ അടപ്പ് തുറന്നുകിട്ടിയതും, പാമ്പ് റോക്കി ഭായ് ആയിലേ…. ഒരു കുടച്ചിലങ്ങു കുടഞ്ഞു പാമ്പ് പുറത്തേക്ക് ചാടി!
മുത്ത്, ഒരു സൂപ്പർഹീറോയും ഇന്നേവരെ ചെയ്തുകണ്ടിട്ടില്ലാത്ത ഒരു സാധനം ഇട്ടു, നിന്ന നിൽപ്പിൽ ബാക്കിലേക്കൊരു ട്രിപ്പിൾ ജംപ്! ട്ടും ട്ടും ട്ടും!!!
“ചെറുതല്ല, ചെറുതല്ല!” മുത്ത് കിതച്ചുകൊണ്ടു നിലവിളിച്ചു. ഞങ്ങൾ ചിതറിയോടി…
അത്രയും നേരം ചാക്കിൽ കിടന്ന പാമ്പിന് ഒരു കാര്യം ബോധ്യം വന്നിരുന്നു… എങ്ങനെയെങ്കിലും രക്ഷപെട്ടില്ലെങ്കിൽ ഇതെന്റെ വാട്ടർലൂ ആണ്.

പിന്നെ ഞങ്ങൾ നോക്കിയപ്പോൾ കാണുന്നത് എന്താ?
ആദ്യത്തെ ഞെട്ടലിന് ശേഷം ട്രാക്ക് തിരിച്ചുപിടിച്ച മുത്ത്, ഇഴഞ്ഞു രക്ഷപ്പെട്ടു പോവാന്‍ ശ്രമിച്ച പാമ്പിന്റെ വാലിൽ കുമ്പിട്ട് പിടുത്തമിട്ടു നില്‍ക്കുന്നു! ആ കുറവുള്ള പിരിയുടെയാണ്… അല്ലെങ്കിൽ ലോകത്താരെങ്കിലും ചെയ്യോ?
തൂക്കി നോക്കിയാല്‍ പാമ്പ്‌ എന്തായാലും മുത്തിനേക്കാൾ മൂന്നര കിലോ കൂടുതല്‍ കാണും. പക്ഷെ മുത്ത് വിട്ടില… പെരുപാമ്പ് അയാളെ പമ്പരം പോലെ ചുഴറ്റി കുടഞ്ഞു കളയാനും, തിരിഞ്ഞ് ചെന്ന് വരിഞ്ഞു പിടിക്കാനും ഒക്കെ ശ്രമിക്കാൻ തുടങ്ങി. നടുറോഡിൽ കിടന്നുള്ള അവരുടെ ഡബ്ലിയു ഡബ്ലിയു എഫ് കണ്ട് പേടിച്ച് ഞങ്ങൾ എല്ലാവരും റോഡിന്റെ ഓരത്ത് തന്നെ നിന്നു.
നടക്കാവിലുള്ള നിസാർ എന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് പറഞ്ഞു,
“നിനക്ക് അടുത്ത കഥയ്ക്ക് ഉള്ളതായല്ലോ”
“ഉം… പാമ്പ് വിഴുങ്ങിയില്ലെങ്കിൽ!”

ഒടുവിൽ ഒരു മണിക്കൂറിന്റ പരിശ്രമത്തിന് ശേഷം, പട്ടികയും മരകക്ഷണങ്ങളും ഒക്കെ വെച്ച് എങ്ങനെയൊക്കെയോ ഞങ്ങൾ അതിനെ വേറെ നല്ലൊരു ചാക്കിലാക്കി.
ചാക്ക് കെട്ടുമ്പോൾ മുത്ത് ചാക്കിലേക്ക് നോക്കി പറഞ്ഞു,
“കള്ളൻ… ഞങ്ങളെ‌ ചെറുതായിട്ട് ഒന്ന് പേടിപ്പിച്ചു”
“ചെറുതായിട്ടോ….!”
തൊണ്ടയിൽ നിന്നല്ല, അതെന്റെ അണ്ടകടാഹത്തിൽ നിന്നു വന്നൊരു ശബ്ദമായിരുന്നു.
ടാറ്റ പറഞ്ഞു പോവാൻ നേരം ഞാൻ മുത്തിനോട് പറഞ്ഞു…
“പാമ്പിന്റെ വാലില് ഒരു പ്ലാസ്റ്റിക് നൂല് കുടുങ്ങി കിടപ്പുണ്ട്”
“കുട്ടൻ ഒന്നു ഉറങ്ങിക്കോട്ടെ, ഞാൻ എടുത്ത് കളഞ്ഞോളാ”
കോണ്ഫിഡൻസിന്റെ ഫ്ലിപ്കാർട്ടാണ്!
അഞ്ചോ പത്തോ അല്ല മുത്ത് വാങ്ങിയത്, രൂപാ രണ്ടായിരമാണ്…
“ബുദ്ധിമുട്ടുള്ള പണിയായിരുന്നല്ലോ..”
‘ആര് ബുദ്ധിമുട്ടാക്കി…? രണ്ട് ഇഷ്ടിക വെച്ചു തേച്ചാൽ തീരുമായിരുന്നു ഒരു മതിലില്, ടൈൽസും മാർബിളും ജാളിയും ഡെക്കറേഷൻ സ്റ്റോണുമൊക്കെ വെച്ചത് ഇയാള് തന്നെയല്ലേ?’

എന്താന്നറിയില്ല… രണ്ടു ദിവസം കഴിഞ്ഞ് കുറ്റിപ്പുറത്ത് ഒരു പെരുമ്പാമ്പിനെ പിടിച്ച ന്യൂസ് പത്രത്തിൽ വായിച്ചപ്പോൾ എനിക്ക് മുത്തിനെയും ‘പട്ടണപ്രവേശ’ത്തിലെ ഗഫൂർക്കാനെയും ഓർമ്മ വന്നു…
പാമ്പ് നിലമ്പൂർ കണ്ടിട്ടില്ലല്ലോ… നിലമ്പൂരാണെന്നും പറഞ്ഞ് ലോഞ്ച് കുറ്റിപ്പുറത്ത് ഇറക്കിയതാണോ എന്തോ?