ലൈഫിലാദ്യമായി നേരിട്ടൊരു പെൺകുട്ടിയുടെ മുഖത്ത് നോക്കി പ്രാപ്പോസ് ചെയ്യുന്നത് രണ്ടായിരത്തി ഏഴിലാണ്, എന്റെ പ്ലസ്റ്റു കാലം… പക്ഷെ സ്‌കൂളിൽ നിന്നായിരുന്നില്ല ആ സുന്ദരസുരഭിലസംഭവം. അക്കൊല്ലത്തെ ശിവരാത്രി ദിവസം, ഇവിടെ തന്നെയുള്ള ഒരു പ്രസിദ്ധ‌ അമ്പലത്തിലെ പ്രസാദ ഊട്ടിന്റെ ക്യൂവിൽ വെച്ചായിരുന്നു അത്…

നല്ല തിരക്കുള്ള ദിവസമായിരുന്നു (ദൈവസഹായം), പ്രസാദ ഊട്ടിന്റെ ക്യൂ ആണെങ്കിൽ അന്ന് മൂന്ന് മണിക്കൂറിന് അടുത്തും (ദൈവസഹായം പ്രോ). ക്യൂവിൽ എന്‍റെ തൊട്ടു പിറകിൽ വന്നു നിന്നത് ഒരു പെണ്‍കുട്ടിയാണ് (ദൈവസഹായം പ്രോ മാക്സ്) നമുക്കൊക്കെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിയിരുന്നാല്‍പോലും അടുത്ത് ഒരു പെണ്‍കുട്ടിയെ കിട്ടാറില്ലാത്ത അത്ര ലക്കായിരുന്നത് കൊണ്ട് ഞാന്‍ ശെരിക്കും ഞെട്ടി.

ചെയ്ഞ്ച് റോസിന്റെ വൈകുന്നേരത്തെ നിറമുള്ള പട്ടു പാവാട ഉടുത്തൊരു പെണ്‍കുട്ടി! ആദ്യം ശ്രദ്ധിച്ചത് അവളുടെ കണ്ണാണ്… പതിനേഴു വസന്തങ്ങൾ കൊണ്ടുനടക്കാറുണ്ടായിരുന്നു അവളാ കണ്ണിൽ… എന്നൊക്കെ ഭംഗിയ്ക്ക് എഴുതിയാലും കൂടില്ല. കണ്ടമാത്രയില്‍ തന്നെ ആത്മാവിലെ ടൌണ്‍ഹാളില്‍ പ്രേമം ഭദ്ര ദീപം കൊളുത്തി ആരംഭിച്ചു.

പിക്ക് അപ്പ്‌ ലൈനുകൾ ഞാൻ പലതും ആലോചിച്ചു… അവസാനം,
“പ്രസാദ ഊട്ടിന് പായസം ഉണ്ടാവോ?”
എന്ന് ചോദിച്ചാണ് ഞാൻ തുടങ്ങിയത്.
“ഉം… ഇപ്രാവശ്യം രണ്ട് തരമുണ്ട്” എന്നവൾ മറുപടി പറഞ്ഞു. സംഗതി പായസത്തെ പറ്റിയായതുകൊണ്ട് ഞങ്ങള് പെട്ടെന്ന് കണക്റ്റായി!
പിന്നെ ആ മൂന്നു മണിക്കൂർ!! വാതോരാതെ ഞങ്ങൾ ലോകത്തെ പറ്റിയും ഇഷ്ടങ്ങളെ പറ്റിയും സ്വപ്നങ്ങളെ കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്ന മൂന്ന് മണിക്കൂർ… പാലടയും പരിപ്പും മാത്രമല്ല വേറെയും കുറെ കോമൺ ഇൻട്രസ്റ്റുകൾ ഞങ്ങൾക്കിരുവർക്കും ഉണ്ടായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഹാരിസ് ജയരാജ് “നെഞ്ചുക്കുൾ പെയ്തിടും മാമഴയ്” ഇറക്കുന്നത് 2008 ലാണെങ്കിലും എന്റെ മനസിനുള്ളിൽ 2007 ൽ തന്നെ വന്നു പാടി തന്നിരുന്നു.

ഒടുവിൽ ഹാളിന് അകത്തെത്തി അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രണയങ്ങളെ കുറിച്ചായിരുന്നു ഞങ്ങൾക്കിടയിലെ സംസാരം….
പെട്ടെന്നൊരു നിമിഷം….എന്റെ കൈ വിരലിനറ്റത്തൊരു വിറയൽ, അത് തലച്ചോറിലെത്തും മുൻപ് ഞാനാ പോപുലർ വാക്യം പറഞ്ഞു തീർത്തു! അവൾ ഒരു ചോറുരുള കഴിക്കാൻ തുടങ്ങുമ്പോഴായിരുന്നു അത്. അവളാ ഉരുള തിരിച്ച് ഇലയിലേക്ക് തന്നെ ഇട്ടു!
അത്രയും നേരം ക്യൂ നിന്ന ക്ഷീണത്തിൽ നല്ല വിശപ്പുണ്ട് എന്ന് പറഞ്ഞ് നന്നായി കഴിച്ചുകൊണ്ടിരുന്ന അവൾ പിന്നെ ഒരു വറ്റ് കഴിച്ചില്ല, വെള്ളം മാത്രം എടുത്ത് കുടിക്കുന്നു…
‘എന്താണ് എന്നോട് ഇഷ്ടം തോന്നിയത്?’ എന്നായിരുന്നു അമ്പരപ്പ് മാറിയശേഷമുള്ള അവളുടെ ആദ്യപ്രതികരണം. ഞാൻ ഓരോ പോയന്ടസായി പറഞ്ഞുകൊടുക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ ഇലയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.

സ്വാഭാവികമായും നോ എന്നായിരുന്നു അവസാനം എനിക്ക് കിട്ടിയ പ്രതികരണം. വലിയ സങ്കടം ഒന്നും തോന്നിയില്ല…
ഊരും പേരുമൊക്കെ അറിയാമായിരുന്നെങ്കിലും അവളുടെ ഇഷ്ടം പിടിച്ചുപറ്റാൻ പിന്നീട് പരിശ്രമിച്ചതുമില്ല. ഇല കൊട്ടയിലേക്കിട്ട് കൈ കഴുകി ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് നടന്നു. ആ പ്രണയം അങ്ങനെ അവിടെ തീർന്നു.

2013, കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്ര. രാവിലത്തെ ഏറനാടിന് കുറ്റിപ്പുറത്ത് നിന്ന്
കയറി ഒഴിഞ്ഞ സീറ്റ് നോക്കി നടക്കുമ്പോൾ ഞാനാ കാഴ്ച കണ്ടു,
തീവണ്ടി പാളത്തിനൊപ്പം കൂട്ടുവരുന്ന ഭാരതപുഴയിലേക്ക് നോക്കി ഇരിക്കുന്ന ഒരു പെൺകുട്ടി. അതാ പഴയ കുട്ടി തന്നെയാണെന്ന് എനിക്കെന്‍റെ കണ്ണു പറഞ്ഞുതന്നു….
മറന്നു കഴിഞ്ഞിരുന്നതാണ്, പക്ഷെ എന്തോ…. അന്നേരമിളകിയ പുഴയിൽ അവളുണ്ടായിരുന്നു, പിന്നീടൊഴുകിയ കാറ്റിലും.

അവളുടെ എതിരെയുള്ള ഒഴിഞ്ഞ സീറ്റിൽ തന്നെ ഞാനിരുന്നു. ഇടത് നെഞ്ചിന്‍റെ കന്നിമൂലയിൽ ഒരു ചിത്രശലഭം പിടച്ചുതുടങ്ങി…
പക്ഷെ അവൾ എന്നെ കണ്ട ഭാവം നടിക്കുന്നില്ല. ‘തിരിച്ചറിയാഞ്ഞിട്ടായിരിക്കുമോ? അതോ ഇനി അത് അവളല്ലാതിരിക്കുമോ…?’
ഏയ്,
ആറു വർഷങ്ങൾക്ക് ശേഷമുള്ള കാഴ്ചയാണ്… കനകാംമ്പരത്തിന്റെ ഇതളു പോലെയുണ്ടായിരുന്ന ആ മുഖത്തെ, പുരികം മുതൽ താടിയെല്ലു വരെ മാറ്റങ്ങളുണ്ട്, പക്ഷെ നമ്മുടെ കണ്ണിന് തെറ്റുമെന്ന് നമ്മൾ പ്രതീക്ഷിക്കില്ലല്ലോ. എനിക്കാകെ സംശയമായി….

ഞാന്‍ പലകുറി പ്രതീക്ഷയോടെ ആ മുഖത്തേക്ക് നോക്കി, പല ആംഗിളുകളിൽ ഇരുന്നു നോക്കി, ഫോണെടുത്ത് കൂട്ടുകാരെ വിളിച്ച് ഒരു കാര്യവുമില്ലാതെ എന്റെ പേര് ഉറക്കെ പറഞ്ഞു. ഞാൻ ‘മൂണ്‍ട്രാം പിറൈ’ ക്ലൈമാക്സിലെ കമലഹാസനെ പോലെയാവുകയായിരുന്നു…. പക്ഷെ കുട്ടീന്റെ അംനീഷ്യം മാറിയില്ല.
പിന്നെയാണ് എനിക്ക് കത്തിയത്, അടുത്തിരിക്കുന്ന ചെക്ക് ഷർട്ടുകാരൻ അവളുടെ അച്ഛനാണ്. ലദ്ദേഹമാ വാച്ചിട്ട കൈയ്യൊന്നു നീട്ടി വീശിയാല്‍, ഇടയ്ക്കെന്‍റെ മുഖം പെടും. അതീന്ന് വാച്ചിന്‍റെ ചില്ലോ, എന്‍റെ പല്ലോ…. ഏതോ ഒന്ന് രക്ഷിക്കാനായിരിക്കും അവൾ കണ്ട ഭാവം നടിക്കാത്തത്. സാമാർഥ്യക്കാരി!
ഖൽബ് അഡ്രിനാലിൻ ഉത്പാദനം തൽക്കാലത്തേക്ക് നിർത്തിവെച്ച് അടങ്ങിയിരുന്നു.

വേറൊന്നിനുമല്ലായിരുന്നു, കഴിഞ്ഞ 6 വർഷങ്ങൾക്കിടയിൽ ജീവിതത്തിൽ സംഭവിച്ചതിനെപ്പറ്റി ഒക്കെയൊന്നു സംസാരിക്കണം…
പിരിഞ്ഞതിൽ പിന്നെ എന്നെ ഓർത്തിരുന്നോ എന്നൊന്നറിയണം…
അന്ന് തോന്നാത്തത് പിന്നീട് തോന്നി എന്നവൾ പറഞ്ഞാൽ… ചിലപ്പോൾ, ഫോണ് നമ്പർ ഒന്നു വാങ്ങിച്ചുവെയ്ക്കണം….

തീവണ്ടി അങ്കമാലി എത്താറാവുമ്പോൾ അവളുടെ അച്ഛൻ ടോയ്ലെറ്റിൽ പോയപ്പോൾ എനിക്കാ കാത്തു കാത്തിരുന്നിരുന്ന അവസരം കിട്ടി. ഞാൻ അവളുടെ മുന്നിലേക്ക് നീങ്ങിയിരുന്ന് അവളെ നോക്കി ഒന്നു ചിരിച്ചു. മൊമെന്റ്! പക്ഷെ അവളാ കണ്ണു വെട്ടിച്ചു കളഞ്ഞു
.
.
.
.
കുറച്ച് നേരത്തെ ഒരു ശ്യൂന്യതയുണ്ടായി…
അതോടെ ഞാനുറപ്പിച്ചു, അത് ഞാൻ സ്നേഹിച്ച ആ പെൺകുട്ടിയല്ല എന്ന്.
ആ കണ്ണിൽ ഒരു ചെറിയ തിളക്കം പോലും അതുവരെ ഞാൻ കണ്ടില്ല. എനിക്ക് കൃത്യമായ കണക്കുണ്ട്, ആ യാത്രയിൽ അമ്പത്തിയഞ്ചു തവണ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കിയിരുന്നു… അതിൽപിന്നെ ഞാൻ നോക്കിയില്ല (ഫാൻസി നമ്പറിൽ തന്നെ നിർത്തി)

തീവണ്ടി എറണാംകുളം സൗത്തിലെത്തുന്നതിനും വളരെ മുന്പ് ഞാന്‍ എഴുന്നേറ്റ് വാതില്‍ക്കല്‍ പോയി നിന്നു. ഞാൻ ആ പഴയ ക്യൂവിലായിരുന്നു… അന്നത്തെ ആ രസമുള്ള കോൺവസേഷനുകളോർത്തു,
ഞാൻ എന്തായിരിക്കും അതിൽ പിന്നെ അവളുടെ പിറകെ നടക്കാതിരുന്നത് എന്ന് ചിന്തിച്ചു…
പിന്നെ എന്താണ് ഒരു പെൺകുട്ടിയും മനസ്സിൽ കേറാഞ്ഞത് എന്നദ്ബുദപ്പെട്ടു…
എന്തായിരിക്കും ഈ കുട്ടിയെ കണ്ടപ്പോൾ എനിക്കവളെ ഓർമ്മ വന്നത് എന്നാലോചിച്ചു…

വണ്ടി പയ്യെ നിന്നു. തീവണ്ടിയില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ അവളിരിക്കുന്ന ജനല്‍ കടന്നുവേണം എനിക്ക് പോവാന്‍. അവസാനമായി ഒരിക്കൽ കൂടി ഞാനവളെ ആ ജനാലയിലൂടെ നോക്കി,
അപ്പോള്‍… ആ നിമിഷം അവൾ എന്നെ നോക്കി അപ്രതീക്ഷിതമായി പുഞ്ചിരിച്ചു!
വള്ളിമുല്ലകാടുകൾ പൂക്കുന്ന പോലുള്ള ചിരി, അത് അവൾ തന്നെയായിരുന്നു!!

നമ്മള് മരിക്കാൻ കിടക്കുമ്പോ അത്രയും നാളത്തെ നമ്മുടെ ജീവിതം ഒരു സിനിമപോലെ നമ്മുടെ മുന്നിൽ തെളിയുമെന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒന്നുണ്ടെങ്കില്‍ അവളുടെ ആ ചിരി എന്തായാലും എന്‍റെ ആ റീലിലുണ്ടാവും. നാളിതുവരെയായിട്ടും എനിക്ക് ആർത്ഥമോ പൊരുളോ പൂരിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു പുഞ്ചിരി!