ഉത്തര കർണ്ണാടകയിലെ ഏതോ നാട്ടുവഴിയിലൂടെ, ഇടയ്ക്കിടെ ഓഫായിക്കൊണ്ടിരിക്കുന്ന ഒരു ലോക്കൽ ബസ്സിലെ മൂന്ന് യാത്രക്കാരിൽ ഒരാളായി എന്റെ രാത്രി മുന്നോട്ട് പോവുകയായിരുന്നു… നഗരകാഴ്ചകൾ പോലെയല്ല വെളിച്ചമില്ലാത്ത നാട്ടുവഴികൾ, കാണുന്ന കാഴ്ചകളിൽ പാതി നമ്മൾ പൂരിപ്പിക്കേണ്ടതായി വരും. പേരറിയാത്ത കുറെ ഗന്ധങ്ങളെയും, കാട് കടന്നുവരുന്ന നിശബ്ദതകളെയും ഞാനതിനുവേണ്ടി കൂട്ടുപിടിക്കുന്നുണ്ടായിരുന്നു.
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കാണ് യാത്ര. ബസ് അവസാനിക്കുന്നിടത്തേക്കാണ് എന്റെ ടിക്കറ്റ്. പക്ഷെ ലക്ഷണങ്ങൾ കണ്ടിട്ട് ബസ്, യാത്ര സ്വയം അവസാനിപ്പിക്കുമെന്ന് തോന്നി. പിന്നെന്ത് ചെയ്യണം എന്ന് ഞാൻ ചിന്തിച്ചില്ല. ലക്ഷ്യങ്ങളില്ലാത്ത യാത്രകളിൽ തടസ്സങ്ങൾക്ക് പ്രസക്തിയില്ലല്ലോ.

ബസ് വീണ്ടും നിന്നു. ആഴമുള്ള ഇരുട്ടാണ് ചുറ്റും. അതിലേറെ പരപ്പുള്ള ഉന്മാദവുമുണ്ട്. ഞാൻ ഞാനായി ജീവിക്കുന്നതിന്റെ ഉന്മാദം. എഞ്ചിനോട് കയർത്തും കിണുങ്ങിയും കേണും കരഞ്ഞും ഡ്രൈവർ സ്റ്റാർട്ട്‌ ആവാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു…. മുൻസീറ്റിൽ ഒറ്റയ്ക്കിരിക്കുന്ന ആ പെൺകുട്ടി ധൈര്യത്തിനായി തെളിച്ച മൊബൈൽ വെട്ടം മാത്രമുണ്ട് ബസ്സിൽ. അവളുടെ കവിളത്ത് ആ വെട്ടം വരച്ച വെള്ളിചിത്രങ്ങളുണ്ടായിരുന്നു. ഭയം പുരണ്ട കണ്ണുകൾ എന്നെയും നോക്കി, ചിത്രങ്ങളിൽ കാർവെള്ളിമേഘങ്ങൾ!
എന്റെ പിറകിലുണ്ടായിരുന്ന മുഖം വ്യക്തമല്ലാത്ത ആ നരച്ച താടിക്കാരൻ സീറ്റിൽ നിന്നെഴുന്നേറ്റു മുകളിലെ കമ്പിയില്‍ പിടിച്ചു…. പിന്നെ വണ്ടിയില്‍ നിന്നിറങ്ങാതെ മുന്നിലെ റോഡിലേക്ക് തന്നെ നോക്കിനിന്നു. അയാളുടെ കണ്ണുകൾ എന്തോ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നി. ഡ്രൈവർ തന്റെ അവസാന ശ്വാസമെടുക്കും പോലെ ഒരു പ്രയോഗം നടത്തിയപ്പോൾ എഞ്ചിൻ വീണ്ടുമുണർന്ന് ബസ് അനങ്ങാനായൊരുങ്ങി. ബസ്സിലെ വെളിച്ചത്തേക്കാൾ മുൻപ് തെളിഞ്ഞത് ആ പെണ്കുട്ടിയുടെ കണ്ണുകളായിരുന്നു. അയാൾ അങ്ങനെ തന്നെ നിന്നു.

അലൈൻമെന്റ് തെറ്റിയ ബസ്സിന്റെ ചക്രങ്ങളുണ്ടാക്കുന്ന സംഗീതം കേൾക്കാം… ചില്ല് ജനാലക്കപ്പുറം കാട് മൂളുന്നുണ്ട്. പെട്ടെന്ന്, ദൂരെ ഒരു മലയ്ക്ക് മുകളിൽ നിന്നും ചെറുതല്ലാത്ത ഒരു വെളിച്ചം ഞാൻ കാണാൻതുടങ്ങി. പൗർണ്ണമി രാത്രിയായിരുന്നു അത്! ഫെബ്രുവരി മാസവും.
കേട്ടു മാത്രം അറിഞ്ഞിട്ടുള്ള കരികാന പരമേശ്വരി ക്ഷേത്രത്തിലെ മൂൺ ലൈറ്റ് മ്യൂസിക് ഫെസ്റ്റിവലിനെ കുറിച്ചോർത്തു. മലമുകളിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കാറുള്ള, ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന കച്ചേരി! ലക്ഷണങ്ങൾ കണ്ടിട്ട് അതു തന്നെയായിരിക്കണം, ഹൊന്നാവാറിനടുത്തെ നിൽകോട് ഗ്രാമം. എനിക്കൊരു പുഞ്ചിരിയുണ്ടായി. ചില യാത്രകളിൽ ചിലപ്പോൾ നമ്മളെ തേടി ലക്ഷ്യങ്ങൾ ഇങ്ങോട്ടെത്തും.
പക്ഷെ ബസ്സിന്റെ കണക്കുകൂട്ടലുകളെക്കുറിച്ച് എനിക്ക് തിട്ടമില്ലായിരുന്നു, ആ പെണ്കുട്ടിയുടെ പ്രാർത്ഥനയുടെ ഫലത്തെപറ്റിയും.

ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ബസ് അവസാനമായി ഒന്ന് കുലുങ്ങികൊണ്ട് കണ്ണടച്ചു. ഞാൻ നോക്കിയത് അവളെയാണ്, ഭയം! കണ്ണ് നിറച്ചും കവിള് ചുവപ്പിച്ചും അതങ്ങനെ ആ മുഖത്ത് പൂത്ത് നിൽക്കുകയാണ്, ചന്തമുണ്ടത് കാണാൻ.
ഫോണിൽ അവൾ ആരെയൊക്കെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നെ ബസ് ജീവനക്കാരോട് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഒടുവിൽ ഒരു നിരാശയോടെ അവൾ ബാഗ് എടുത്ത് എഴുന്നേറ്റു. ഇറങ്ങും മുൻപ് എന്തോ… എന്നെ മാത്രം അവൾ ഒന്ന് നോക്കി.

ബസ് ജീവനക്കാർ ബസ്സിനകത്ത് കിടന്നുറങ്ങാനും, നരച്ച താടിക്കാരൻ പിറകിലേക്ക് നടക്കുവാനുമാണ് തീരുമാനിച്ചത്. പെണ്കുട്ടി മുന്നിലേക്ക് നടന്നു, ഞാനും…
നീൽകോടിലേക്കുള്ള വഴി അതുതന്നെയാണോ എന്ന് അവളോട് തിരക്കണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു…
ഞാൻ പിറകിലുണ്ടെന്നറിഞ്ഞിട്ടും അവൾ വേഗം കൂട്ടിയില്ല, കുറച്ചതുമില്ല. അപ്പൂപ്പൻതാടി ഇളംകാറ്റിൽ ഒഴുകുന്നതു പോലൊരു നടപ്പ്.
പണ്ടിതുപോലൊരു രാത്രിയിൽ, ഉദയംപേരൂരിൽ വെച്ച് സക്കറിയയുടെ മുന്നിൽ നടന്നിരുന്ന പെൺകുട്ടി പെട്ടെന്ന് നിലത്തറ്റം വരെ തൊടുന്ന നാക്കുമായി തിരിഞ്ഞുനിന്ന ആ സംഭവത്തെകുറിച്ചോർത്തു. ചോരയൊലിപ്പിച്ച് കൊണ്ട് ആ രൂപം പിന്നെ അവന് പിറകെ അലറികൊണ്ടോടിയതും….

ഒരു പ്രണയനൈരാശ്യം അതിജീവിക്കാൻ വേണ്ടി നാടുവിട്ടതായിരുന്നു ഞാൻ.
കലർന്ന് കലങ്ങി കിടക്കുന്നതെല്ലാം ഒഴിച്ചുകളഞ്ഞേ പറ്റൂ…. മനസ്സ് തെളിയണം.
രണ്ടു ദിവസം മുൻപുള്ള രാത്രി വീട്ടിൽ നിന്നിറങ്ങി തിരൂർ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ ആദ്യം വന്നത് പൂർണ്ണ എക്സപ്രസ്സായിരുന്നു. പുലർച്ചെ കുംട്ടയിൽ ഇറങ്ങി നേരെ ഗോകർണ്ണത്തെത്തി… സോസ്റ്റലിൽ വെച്ച് പരിചയപ്പെട്ട സഞ്ചാരികളോടും ഓം ബീച്ചിൽ കണ്ടുമുട്ടിയ ഹിപ്പികളോടും മഹാബലേശ്വര ക്ഷേത്രത്തിലെ തീർഥാടകരോടും വിഷമം മറക്കാനായി ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. അതിൽ ചിലരോട് അവളെ പറ്റിയും, ഞങ്ങളുടെ ആ പ്രണയത്തെപറ്റിയും…
ഒടുക്കം, അതിമനോഹരമായി സന്തൂർ വായിക്കുന്ന ഒരു ഡെൻമാർക്കുകാരൻ ആഗസ്റ്റ് ആണെന്നോട് അത് മുഖത്ത് നോക്കി പറഞ്ഞത്,
“അവൾ നിന്നെ വഞ്ചിച്ച കഥയാണ് ദേഷ്യത്തോടെയും വിഷമത്തോടെയും നീ പറയുന്നത് എങ്കിലും, നിന്റെ കവിൾ പൂക്കുന്നുണ്ട്, കണ്ണു തെളിയുന്നുണ്ട്…
നീയിപ്പോഴും അവളെ പ്രേമിക്കുന്നുണ്ട്!”
എന്റെ ചിരി മാഞ്ഞു. ഭഗവാൻ കഫേയിൽ നിന്നിറങ്ങി നടന്ന് തീരത്തെ ആളൊഴിഞ്ഞ ഭാഗത്ത് പോയി ഞാൻ ഉച്ചത്തിൽ കരഞ്ഞു. പിന്നെ മുങ്ങി കുളിച്ചുവന്നു. എന്നിട്ടും കരയിലെത്തിയപ്പോൾ ഉപ്പുവെള്ളത്തോടൊപ്പം അവളും എന്റെ ദേഹത്തുണ്ടായിരുന്നു.

ഓർമ്മയിൽ നിന്ന് നിന്നാ പാതയിലേക്ക് തിരിച്ചെത്തിയപ്പോൾ ബസ്സിൽ ഉണ്ടായിരുന്ന ആ പെൺകുട്ടി എന്റെ മുന്നിലുണ്ടായിരുന്നില്ല!! അവളും അവളുടെ മൊബൈൽ വെട്ടവും ആ അന്തരീക്ഷത്തിൽ തൊട്ടുമുൻപുള്ള നിമിഷം വരെ ഉണ്ടായിരുന്നതിന്റെ യാതൊരു സൂചനയും അവശേഷിപ്പിക്കാതെ അപ്രത്യക്ഷരായിരിക്കുന്നു! കണ്ണുകൾ ആവും വിധമൊക്കെ അവളെ തിരഞ്ഞു പരാജയപ്പെട്ടു.
പിന്നെ ഞാൻ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി, അവളെന്റെ തോന്നലായിരുന്നു. ഞാൻ തന്നെ എന്റെയൊരു തോന്നലാണെന്നെനിക്ക് പലകുറി തോന്നിയിട്ടുള്ളതുകൊണ്ട് മനസ്സിന് ആ കുട്ടിയുടെ കാര്യത്തിൽ ഞെട്ടലോ സങ്കടമോ വന്നില്ല.

കാട് പിടിതരുന്നില്ല.
നേരത്തെ വെളിച്ചം കണ്ട കരികാനയിലേക്കുള്ള വഴിയിലേക്കാണോ അതോ അതിന്റെ എതിർ ദിശയിലേക്കാണോ എന്റെ സഞ്ചാരമെന്നു പോലും എനിക്ക് ആ ഇരുട്ടിൽ തിട്ടപ്പെടുത്താനായില്ല..
ഊരേതാണെന്നറിയാതെ, ആവിടുത്തെ രാത്രികളെങ്ങനെയാണെന്നറിയാതെ നടക്കുന്ന നടത്തത്തിന് ആക്കം കൂടേണ്ടതാണ്. ഞാനിന്നു പക്ഷെ പതിവിലും പിറകെയാണ്. അവളെക്കുറിച്ചുള്ള ഓർമ്മകൾ മായ്ക്കാൻ ഗോകർണ്ണത്തിനാവില്ലെന്നു മനസ്സിലായപ്പോൾ ഇന്ന് പകൽ റൂം വെക്കേറ്റ് ചെയ്ത ഇറങ്ങിയതാണ്.
ബസ് സ്റ്റാന്റിൽ നിന്നാദ്യം കണ്ട ബസ്സിൽ ബോർഡ് പോലും നോക്കാതെ കയറി ഇരിക്കുമ്പോൾ ഒരു നാടോടി സ്ത്രീ എന്റെ അടുത്തേക്ക് വന്നു മുഖത്ത് നോക്കി ചൊല്ലിപ്പറഞ്ഞ വാക്കുകൾക്ക് പിന്നിലെ പൊരുളെന്താണെന്ന് ഞാൻ വീണ്ടുമാലോചിച്ചു…
“നീയിന്നാ മലമുകളിൽ നിന്ന് പൊട്ടിവീഴും, താഴെവീണെൻ കാട്ടിൽ മരിക്കും!”
എന്റെ ഉള്ളിലെ ഏതോ ഞാൻ ആ വാക്കുകൾ കേട്ട നിമിഷത്തിൽ തന്നെയാണിപ്പോഴും. ‘ഏത് കാട്, ഏത് മല?’

എന്റെ പിറകിലായി ഒരു പഴയ സ്‌കൂട്ടറിന്റെ വെട്ടമുണ്ടായി. വെളിച്ചത്തിന് പിറകെ രൂക്ഷമായ മദ്യത്തിന്റെ വാസനയും. ഗ്രാമവാസികളിലൊരാൾ പണി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിലാണ്…
നീൽകോടിലേക്കാണെന്നു പറഞ്ഞ്
കൈ കാണിച്ചപ്പോൾ അയാൾ എന്നെയും കൂടെ കൂട്ടി…
അത്രയും ആശ്വാസം, ഇനി വഴിയറിയാതെ കാട് താണ്ടണ്ടല്ലോ…
വണ്ടി ഓടിക്കുന്നതിടെ അയാൾ പുറത്തെ കാറ്റിനോട് ഒരു കവിത ചൊല്ലുന്നുണ്ടായിരുന്നു. എനിക്കറിയാത്ത കന്നഡയിൽ ആ ഓൾഡ് കാസ്‌കിന്റെ കവിത രാത്രിയോട് ചേർന്നൊഴുകി,
‘ഇനി എന്റെ വെയിലുകൾ നിന്നെ ചുടും,
ഇനി നിന്റെ രാത്രികളിൽ വിഷാദം പൂക്കും,
നിറമറ്റ നേരങ്ങളിൽ എൻ ഓർമ്മ വേവും,
.
.
.
എങ്കിലുമെൻ ഓളങ്ങളിൽ,
നിൻ നിലാവ് വെട്ടും,
ഓരോ തിരയിലും നീ പതയും’

അമ്പലത്തിലേക്കുള്ള കവാടത്തിനരികെ അയാൾ വണ്ടി നിർത്തി. അവിടുന്നങ്ങോട്ട് അഞ്ച് കിലോമീറ്റർ മല കയറണം. അയാൾക്ക് വേറെ വഴിയാണ് പോവേണ്ടിയിരുന്നത്. നന്ദിസൂചകമായി ഒരു പൈൻറ് ഓൾഡ് കാസ്‌കിനുള്ള കാശ് ഞാൻ പോക്കറ്റിൽ വെച്ചു കൊടുത്തപ്പോൾ മുകളിൽ അമ്പലത്തിൽ കൊണ്ടു വിട്ടുതരാമെന്നായി അയാൾ. വേണ്ടെന്നു പറഞ്ഞ് ഞാൻ മുകളിലേക്ക് നടന്നു…
മലമുകളിൽ നിന്നും മഞ്ഞിലൂടെ അരിച്ചരിച്ചു വരുന്ന പൗർണ്ണമി രാത്രിയുടെ സംഗീതം! എന്റെ നടത്തം വേഗത്തിലായി, കിതപ്പിനൊപ്പം ഈണങ്ങൾ തെളിഞ്ഞു കേൾക്കാൻ തുടങ്ങി..
ശ്രീധർ ഹെഗ്‌ഡെ ഭൈരവിയിൽ ജയ ദുർഗേ ആലപിക്കുമ്പോഴാണ് ഞാൻ ആ മലമുകളിലെത്തിയത്…
പിന്നെ പണ്ഡിറ്റ് ഓംകാർ നാഥ്‌, പൂർണ്ണിമ ഭട്ട്, നാഗരാജ് ഹെഗ്‌ഡെ, നയൻ യാഗ് വാൾ, അശോക് നടികർ…
കലാകാരന്മാർ പ്രകൃതിയെ തൊടുന്ന നിമിഷങ്ങൾ!
ആൾക്കൂട്ടത്തിൽ നിന്ന് മാറി ഒരു പാറപ്പുറത്ത് ഞാനിരുന്നു… താഴെ, പൂർണ്ണനിലാവിന്റെ വെട്ടത്തിൽ കുളിച്ചു നിൽക്കുന്ന താഴ് വരയും കണ്ട്…

ചുറ്റിനും ഇടതൂർന്ന കാടുള്ള ആ മലയുടെ മുകളിൽ ആകെയുണ്ടായിരുന്നത് ആ ക്ഷേത്രം മാത്രമാണ്. അവിടെ നിന്നും കിട്ടുന്ന രാത്രി ഭക്ഷണം കഴിക്കുന്നതിടെയാണ് പാറപ്പുറത്ത് കൂടിയിരിക്കുന്ന വിദേശികളും സ്വദേശികളുമായ ആസ്വാദകർക്കിടയിൽ ഞാൻ ആഗസ്റ്റിനെ വീണ്ടും കണ്ടത്! ആറോ ഏഴോ വരുന്ന ഹിപ്പി സുഹൃത്തുക്കളുടെ ഇടയ്ക്ക് ചന്തമുള്ളൊരു കാഷായവേഷം ധരിച്ച്
മേലിൽ ഏതോ വാസന തൈലം പുരട്ടിയിട്ടുള്ള ഇരുപ്പ്. ഞാൻ അടുത്തേക്ക് ചെന്നു,
“നീ ഇവിടെയും എത്തിയോ?”
പ്രണയഭാരങ്ങൾ കൊണ്ടലയുന്നവനെ കണ്ട് ആഗസ്റ്റ് ചിരിച്ചു.
ഞങ്ങൾ പിന്നെ ഒരുമിച്ചിരുന്നു…

ശാരദ ഭട്ടിന്റെയും ഉമാ ഹെഡ്ഗെയുടെയും ജുഗൽബന്തി അവസാനത്തോടടുക്കുമ്പോൾ, മോക്ഷ സമാനമായ ഒരു ശീതം, മഞ്ഞിനോടൊപ്പം ഞങ്ങളെ വലയം ചെയ്തിരുന്നു. ആഗസ്റ്റ് കുറച്ചുനേരം എന്നെ നോക്കി ഇരുന്നു…
“നീ ആ പ്രണയകഥ ഒരിക്കൽ കൂടെ പറ, ഈ രാത്രി നിലാവത്ത്, കീർത്തനങ്ങൾ ശ്രുതിമീട്ടുമ്പോൾ നീയാ കഥ പറയുന്നത് കാണാൻ ഒരു ഭംഗിയുണ്ടാവും”. ആഗസ്റ്റ് നിർബന്ധിച്ചു.
ഓംകാർ നാഥ്‌ ഗുൽവാദി തബല വായിക്കുമ്പോൾ ഞാൻ ഞങ്ങളെ പറ്റി വീണ്ടും പറഞ്ഞു തുടങ്ങി…
ഒരു സിനിമാ തിയേറ്ററിൽ കൂട്ടുകാരന് വേണ്ടി എടുത്ത ടിക്കറ്റ് അവൻ വരുന്നില്ലെന്നുറപ്പായപ്പോൾ ക്യൂ നിൽക്കുന്നവരിൽ ആർക്കെങ്കിലും കൊടുത്ത് കാശാക്കാൻ ശ്രമിക്കുന്നതിനിടെ എന്റെ അടുത്തേക്ക് വന്ന അവളെക്കുറിച്ച്… പിന്നെ ഒരുമിച്ച് ആ സിനിമ കണ്ടപ്പോൾ ആരംഭിച്ച സൗഹൃദത്തെ കുറിച്ച്, പിന്നെയെപ്പോഴോ അവൾക്ക് വേണ്ടി ചിറകടിക്കാൻ തുടങ്ങിയ എന്റെ ചിത്രശലഭങ്ങളെക്കുറിച്ച്…
ഓർത്തെടുക്കുമ്പോഴൊക്കെയും കരളിൽ കുളിരുറവ പൊട്ടുന്ന കാക്കത്തൊള്ളായിരം നിമിഷങ്ങളെക്കുറിച്ച്…
ആ ഒരു സമയത്തിന് മുൻപോ പിൻപോ ഞാൻ അവളെക്കുറിച്ച് അത്രയും മനോഹരമായി സംസാരിച്ചിട്ടില്ല…

അവളിൽ നിന്ന് ഞാൻ ഒറ്റയ്ക്ക് മടങ്ങിയെത്തിയപ്പോൾ പൂർണ്ണചന്ദ്രൻ അസ്തമിക്കാനൊരുങ്ങി നിൽക്കുകയാണ്… മലമുകളിലെ സംഗീതവും.
ആഗസ്റ്റ് ഇമ വെട്ടാതെ എന്നെയും നോക്കി ഇരിക്കുന്നു..
“How far will you go for love?”
പിൽകാലത്ത് കാഡ്ബറി ഡയറിമിൽക്കിന്റെ പരസ്യത്തിൽ വന്ന ചോദ്യം!
ഒരാൾ തന്റെ പ്രണയത്തിന് വേണ്ടി എത്ര കാതങ്ങൾ സഞ്ചരിക്കും?
പ്രണയത്തിന് വേണ്ടി രാജ്യങ്ങളും ഭൂഗന്ധങ്ങളും താണ്ടിയവരെ കുറിച്ച് വായിച്ചിട്ടുള്ളതുകൊണ്ട് ഞാൻ മിണ്ടാതെ നിന്നു. അത് മനസ്സിലാക്കികൊണ്ടു തന്നെ ആഗസ്റ്റ് അടുത്ത ചോദ്യം ചോദിച്ചു,
“How far will you go to forget your love?”
വീട്ടിൽ നിന്നിറങ്ങിയശേഷം സഞ്ചരിച്ച ദൂരങ്ങളൊക്കെയും ഞാനോർത്തു നോക്കി… ഒരുപാടുണ്ട്, ഇനിയും വേണ്ടിവരും.
ആഗസ്റ്റ് തുടർന്നു,
“ഒരു പ്രണയം മറക്കാൻ വേണ്ടി ദൂരയാത്ര ചെയ്യേണ്ട കാര്യമില്ല…
നീ നിന്റെ ഉള്ളിലേക്ക് തന്നെ സഞ്ചരിച്ചാൽ മതി… അവളെ വെറുക്കാതെ മറക്കാൻ തുടങ്ങും, ഓർക്കാതെ ചിരിക്കാൻ പഠിക്കും…”

പുലർച്ചെ കുന്നിൻചെരുവിലൂടെ സൂര്യൻ വരവറിയിച്ചു. ഓർമ്മിക്കാനേറെയുള്ള ഒരു രാത്രിയുടെ അവസാനം… ആ വർഷത്തെ മൂൺ ലൈറ്റ് ഫെസ്റ്റിവലിന്റെയും.
ക്ഷേത്രത്തിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ഞാൻ യാത്രപറഞ്ഞു പോവാനൊരുങ്ങുമ്പോൾ ആഗസ്റ്റ് ചോദിച്ചു,
“നിങ്ങൾ ആദ്യം കണ്ട ആ സിനിമയ്ക്ക് ഒരു പേരുണ്ടോ?”
“ഉം”
“എന്താണ്?”
“കിസ്മത്ത്!”
ആഗസ്റ്റ് ഉറക്കെച്ചിരിച്ചു, ഞാനും.
താഴ്‌വരയിലെ തണുപ്പിലെവിടേക്കോ മനസ്സിനുള്ളിൽ ഭാരങ്ങൾ പറത്തികളഞ്ഞ് ആ മലയിറങ്ങുന്ന എന്നോടായി ആഗസ്റ്റ് പിറകിൽ നിന്നും വിളിച്ചു പറഞ്ഞു…
“എഴുതുക, എഴുതികൊണ്ടേയിരിക്കുക…. ഒടുവിൽ ഒരുനാൾ നീ അവളെക്കുറിച്ചും എഴുതിവെക്കും…”

എഴുതി.