Tag: ദീപു പ്രദീപ്

സൈക്കോ ബാലചന്ദ്രൻ
‘അഞ്ചാം പാതിര’കണ്ട് ഇൻസ്പിറേഷനായി കുപ്പി ഭരണിയും സുർക്കയും വാങ്ങിച്ച് അടഞ്ഞുകിടക്കുന്ന പഴയ വീട് വാടകയ്ക്കെടുത്ത് സൈക്കോ ആവാൻ പോയ റബ്ബർ സുകുവിനെ പോലെ അല്ല… ബാലചന്ദ്രൻ ജന്മനാ സൈക്കോ ആണ്. ബസ്സിന്റെയും ലോറിയുടെയും ഒക്കെ പിറകിൽ ‘റാഷ് ഡ്രൈവിങ് കണ്ടാൽ വിളിക്കൂ’ എന്നെഴുതിയിരിക്കുന്നത് കണ്ടാലുടൻ ആ നമ്പറിൽ വിളിച്ച് പരാതിപെട്ട് ആ ഡ്രൈവറിന്റെ അന്നം മുട്ടിക്കുക, അങ്ങാടിയിൽ വന്നു വഴി ചോദിക്കുന്ന വണ്ടിക്കാരുടെ കൂടെ കയറി, ‘വഴി കാണിച്ചു തരാ’മെന്ന് പറഞ്ഞ് പെങ്ങളുടെ ബന്ധുക്കളുടെയും വീട്ടിൽ വിരുന്നു പോവുക, മരണവീട്ടിലിരുന്ന് വെള്ളമടിക്കുന്നവരുടെ അടുത്ത് പോയി, വീട്ടുടമസ്ഥൻ ബിയർ തണുപ്പിച്ചത് ഡെഡ് ബോഡി കിടക്കുന്ന ഫ്രീസറിൽ വെച്ചാണെന്നു പറഞ്ഞുപരത്തി ലഹളയുണ്ടാക്കുക… ഇങ്ങനെ ആമസോണിൽ പോലും കിട്ടാത്ത അലമ്പുകളും പോക്രിത്തരങ്ങളുമാണ് സൈക്കോ ബാലചന്ദ്രന്റെ ഷോപ്പിംഗ് കാർട്ടിൽ ഉള്ളത്.
പരിസരത്ത് രണ്ടുമൂന്നു വലിയ അമ്പലങ്ങളുള്ള അങ്ങാടിയില്‍ ഒരു പൂജാ സ്റ്റോഴ്സ് നടത്തുകയാണിപ്പൊ ബാലചന്ദ്രൻ. പണ്ട് കക്ക വാരാൻ പോയിരുന്ന ബാലചന്ദ്രനെ വഞ്ചിച്ച് കാമുകി പുളിക്കൽപറമ്പിലെ പൂജാ രാജൻ, മണല് വാരാൻ പോയിരുന്ന ബേബിയെ കെട്ടിയ ശേഷമാണ് ബാലചന്ദ്രന്‍ പൂജാ സ്റ്റോഴ്സ് തുടങ്ങിയത്. പൂജ വാരിയതിന് ശേഷമാണ് ബാച സൈക്കോ ആയതെന്നും, അതല്ല സൈക്കോ ആണെന്നറിഞ്ഞ് പൂജ സ്വന്തം ജീവിതം വാരിയെടുത്തോണ്ടോടിയതാണെന്നുമുള്ള രണ്ടു വാദങ്ങൾ പഞ്ചായത്ത് തലത്തിൽ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുളിക്കൽപറമ്പിലെ രാജേട്ടൻ എപ്പൊ അതുവഴി പോയാലും, ജീവിച്ചിരിക്കുന്ന തന്റെ മകളുടെ ആ സ്മാരകത്തിന്റെ ബോർഡിലേക്ക് നോക്കി പല്ലിറുമ്മി ഇങ്ങനെ നിൽക്കുന്നത് കാണാം. മോൾടെ പേരാണോ ന്ന് ചോദിച്ചാ ആണ്, അല്ലാ ന്ന് പറഞ്ഞാ അല്ലല്ലോ…
സെറ്റ് പല്ലു വെച്ച സിന്ധി പശുവിന്റെ മുഖഛായയുള്ള ഞങ്ങളുടെ അങ്ങാടിയിൽ, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിന്റെ തൊട്ടപ്പുറത്തെ അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടറിൽ തൂക്കിയിട്ടിട്ടുള്ള ഒരു ഫ്ലെക്സ് കാണാം… ‘ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിന് നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവും കാരണം ഈ സ്ഥാപനം എന്നെന്നേക്കുമായി പൂട്ടുന്നു’ ബാചയെ ഉദ്ദേശിച്ചാണ്, ബാചയെ തന്നെ ഉദ്ദേശിച്ചാണ്, ബാചയെ മാത്രം ഉദ്ദേശിച്ചാണ്…. ഇനി നിങ്ങള് തന്നെ പറ, ഈ ബാലചന്ദ്രനെ സൈക്കോ ന്ന് വിളിച്ചാ മതിയോ?
പൂജാ സ്റ്റോഴ്‌സ് പൂട്ടിക്കാൻ പുളിക്കൽപറമ്പിൽ രാജൻ കാട്ടുപാതയിൽ പോയി കൂടോത്രം ചെയ്തതിന്റെ പിറ്റേ ആഴ്ചയിലാണ് പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് പൂട്ടുന്നത്… കാട്ടുപാതയിൽ നിന്ന് കുട്ടിച്ചാത്തന്മാര് വന്നപ്പോൾ ബാലചന്ദ്രൻ അവരെയും വഴി തെറ്റിച്ചു എന്നൊരു കോമഡി പഞ്ചായത്തിന്റെ എയറിൽ കിടന്നു കറങ്ങുന്ന ഒരു നാൾ… സ്വന്തം കല്യാണ നിശ്ചയത്തിന്റെ തലേന്ന് ലൈഫിലാദ്യമായി ഫേഷ്യല് ചെയ്ത ബൈക്കിൽ വരവെ, ചടങ്ങിന് കൊണ്ടുപോവാനുള്ള വെറ്റില വാങ്ങിക്കാൻ വേണ്ടി വെടിക്കെട്ടുകാരൻ സുഭീഷ്, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിൽ ഒന്ന് കേറി. “എവിടുന്നാ ഭാവഗായകാ?” ലൈറ്റ് ആയി പാട്ടൊക്കെ പാടുന്ന സുഭീഷ്, ബാച താറ്റിയതാണെന്ന് മനസ്സിലാവാതെ ആ ഒരൊറ്റ പ്രയോഗത്തില് ഫ്‌ളാറ്റായിട്ടുണ്ടാവും. ഇരട്ട ഗ്രാമി അവാർഡ് കിട്ടിയ സന്തോഷത്തോടെ സുഭീഷ് പറഞ്ഞു, “ഞാൻ എടപ്പാളിൽ നിന്ന് മാംഗോ ഫേഷ്യല് ചെയ്ത് വരുന്ന വഴിയാ..” ബാലചന്ദ്രൻ ഒരൊറ്റ ഞെട്ടൽ!
“ഫേഷ്യല് ചെയ്തിട്ട് ബൈക്കിലാണോടാ മണ്ടാ നീ വന്നത്?”
“അതേ… എന്തേ”
“കറുത്ത് പോവുമെടാ… ചൂട് തട്ടിയാ നിന്റെ മുഖത്ത് തേച്ച കെമിക്കൽസിന് റിയാക്ഷൻ സംഭവിച്ച് സ്കിന്ന് കറുക്കും!”… Read the rest

പീതാംബരൻ പ്രീമിയർ ലീഗ്
ഷവര്‍മ്മ നിരോധിച്ച ദിവസം. സിന്ധി പശുവിന്‍റെ ഗ്ലാമറും, വെച്ചൂര്‍ പശുവിന്‍റെ മുഖശ്രീയുമുള്ള, പി.എം.യു.പി സ്‌കൂൾ ആണ് വേദി. പി ഫോർ പീതാംബരൻ, എം ഫോർ മെമ്മോറിയല്‍ (അങ്ങേർക്കിതൊന്നും കാണേണ്ടി വന്നില്ല)
ആറ് ബിയിലെ വിദ്യാര്‍ഥി സമൂഹത്തിനെ, പുതുതായി പണികഴിപ്പിച്ച ബയോളജി ലാബിലേക്ക് ബയോളജി ടീച്ചർ ഔട്ടിങ്ങിന് കൊണ്ടുപോയതോടെയാണ് കഥ തുടങ്ങുന്നത്. കോഴിക്കോട് ബീച്ചില്‍ ക്യാരറ്റും മാങ്ങയും ഉപ്പിലിട്ടുവെച്ചതുപോലെ, ഫോര്‍മാലിന്‍ ഭരണികളില്‍ കിടക്കുന്ന തവള പ്രാണി മൃഗാദികളെ കണ്ട് കുട്ടികള്‍ വായും പൊളിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഏറ്റവും പിന്നിൽ നിന്ന് ഓരൊച്ച പൊന്തുന്നത്,
“ടീച്ചർ… ഞങ്ങള് വല്ലതിനെയും കൊണ്ടുവന്നാൽ ഇതേപോലെ ഇട്ടു വെക്കുമോ?”
ദാ നിക്കുണു നമ്മടെ മൊതല്‍, ശ്രീജുട്ടന്‍!
അവന്‍റെ വാസനയ്ക്കൊരു പ്രോല്‍സാഹനം ആയിക്കോട്ടെ ന്ന് കരുതി ടീച്ചര്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു,
“കൊണ്ടുവന്നോളൂ… ഡൊണേറ്റഡ് ബൈ എന്ന് പേരെഴുതിതന്നെ വെക്കാം”
ചെക്കന്‍ വല്ല പാറ്റയെയോ പഴുതാരെയൊയോ കൊണ്ടുവരുമെന്നല്ലേ ടീച്ചര്‍ വിചാരിച്ചത്.
നിന്നെ പിണഞ്ഞു പടര്‍ന്നുകയറിയ മുല്ലവള്ളികള്‍.
പിന്നെ മൊട്ടിട്ടു പൂത്ത നീയും.

ഇരുട്ടിവെളുത്ത പേരില്ലൂര്‍
തുലാമഴ പോലെ കര്‍ക്കിടകം ഒലിച്ചിറങ്ങി പോയൊരു രാത്രി കഴിഞ്ഞുണ്ടായ തിങ്കളാഴ്ച. പേരില്ലൂര്‍ അന്ന് പതിവിലേറെ ഉത്സാഹഭരിതയായി കാണപ്പെട്ടു.
അഞ്ചു മണി, സൂര്യന്‍ കിടക്കപ്പായയില്‍ നിന്ന് എഴുന്നേറ്റ്, ലുങ്കിയും തപ്പിപിടിച്ചെടുത്ത് ചുറ്റി, പേരില്ലൂരിന്‍റെ ആകാശത്ത് വന്ന് മടക്കികുത്തിനിന്നു. സംഭവം വെളുത്തു, നേരം. വേട്ടേക്കരന്‍കാവിന്‍റെ ആലില്‍ കെട്ടിയ സ്പീക്കറിലൂടെ, എം.ജി ശ്രീകുമാര്‍ അന്നത്തെ ഭക്തി ഗാനങ്ങളെല്ലാം പാടി തീര്‍ത്തു. ഇനി യാവുവിന്‍റെ ഊഴമാണ്. ഞങ്ങളുടെ പേരില്ലൂരിന്‍റെ ജീവശ്വാസമായ കുണ്ടില്‍ സ്റ്റോര്‍സ് തുറക്കാനായി യാവു അപ്പോള്‍ കുഞ്ഞിമ്മു മന്‍സിലില്‍ നിന്നും പഞ്ചായത്ത് റോഡിലേക്ക് ഇറങ്ങി.

ശിവന്‍കുട്ടിവിജയം
റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വന്ന് ടൌണ്‍ പറിച്ചു നട്ടപ്പോള്‍ , പ്രതാപം നഷ്ടപെട്ട കുറ്റിപ്പുറം പഴയ അങ്ങാടിയിലെ ‘റാഡോ ലോഡ്ജി’ന്‍റെ തട്ടിന്‍പുറത്തെ അഞ്ചാം നമ്പര്‍ മുറി. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത പൂണെ എക്സ്പ്രസ് അപ്രതീക്ഷിതമായി സ്റ്റേഷനില്‍ അലറികരഞ്ഞ് നിന്നപ്പോഴാണ് ഞാന്‍ ആ മുറിയിലേക്ക് ചെന്നുകയറുന്നത്. പിന്നെ ആ മുറിയുടെ വിസ്തീര്‍ണ്ണത്തില്‍ അടയിരുന്നത് ഞങ്ങള്‍ നാലുപേരാണ് . സൌമ്യമായി ചിരിക്കാന്‍ ജനിച്ചനാള്‍ മുതല്‍ ശ്രമിച്ച് പരാജയപെട്ടുകൊണ്ടിരിക്കുന്ന അജയന്‍ . ഏതോ ഇറ്റാലിയന്‍ കാര്‍ ഡിസൈനര്‍ രൂപകല്‍പ്പന ചെയ്തപോലെ, കൂര്‍ത്ത അരികുകളും അഗ്രങ്ങളുമുള്ള മുഖത്തിന്‍റെ ഉടമ ലൂയിസേട്ടന്‍ . ചുണ്ടുരിയാടുന്ന വാക്കുകള്‍ക്കൊപ്പം മുഖത്തെ പേശികള്‍ ചലിപ്പിക്കാത്ത ഇരട്ടകളില്‍ ഒരുവന്‍, നജീബ്. പിന്നെയുള്ളത് ഞാനാണ് . എന്നെ ഞാന്‍ കണ്ടിട്ടില്ലാതതുകൊണ്ട് വിവരിക്കുന്നില്ല.

22 Male മലപ്പുറം
ഒരൂസം. കൃത്യായിട്ട് പറഞ്ഞാ മേയ് പന്ത്രണ്ടാന്തി. വൈന്നേരം കോട്ടക്കുന്ന് വായനോക്കാന്‍ പോയിട്ട്, കോലൈസ് ഈമ്പി കൊണ്ടിരിക്കുമ്പളാണ് ഷാജഹാന്‍ ആ സംഭവമറിഞ്ഞത് ‘ജോലി കിട്ടി’!
കൂടെയുള്ള ടീംസിനോട് ഷാജഹാന്‍ കാര്യം പറഞ്ഞു കണ്ണൊന്ന് അടച്ചുതുറന്നപ്പൊ ഒരു ഹോട്ടലിലെത്തിയിരുന്നു.
ഭീകരന്‍റെ ആ തീറ്റ കണ്ടപ്പോ ഷാജഹാന് ഒന്ന് ഉപദേശിക്കാതിരിക്കാന്‍ തോന്നീല.
“അളിയാ….. ശത്രുക്കള് ട്രീറ്റ് തരുമ്പപ്പോലും ഇങ്ങനെ തിന്നരുത്.”
“ഉം……….” കനത്തിലൊന്നിരുത്തി മൂളീട്ട് ഭീകരന്‍ അടുത്ത ഷവായ് ഓഡറീതു.
ജോലികിട്ടിയ കാര്യം ഷാജഹാന്‍ നാട്ടിലാദ്യം പറഞ്ഞത്, മെയിന്‍ ചങ്ങായി കൂസനോടാണ്. അതെ കൂസന്‍ …… ലോകത്ത് ഒന്നിനെയും കൂസലില്ലാത്ത അതേ കൂസനോട്. കൂസന്‍ അതിനും തന്‍റെ മാസ്റ്റർപീസ് ഡയലോഗടിച്ചു.
“ഈ ബാഗ്ലൂരൊക്കെ എന്നാ ഇണ്ടായെ?”.
പിന്നെ പറഞ്ഞത് അബൂട്ടിക്കാനോടാര്‍ന്നു.
“മോനെ …..ബാംഗ്ലൂരാണ്, പോയിട്ട് വലീം വെള്ളടീം ഒന്നും തൊടങ്ങാന്‍ നിക്കണ്ട”
ഷാജഹാന്‍ മൊമെന്റില് റിപ്ലെ കൊടുത്തു,
“ഇല്ല അബൂട്ടിക്ക,ഞാന്‍ ഇനിയൊന്നും തൊടങ്ങാന്‍ പോണില്ല”
‘അല്ലെങ്കിലും ഒരേ സംഭവം രണ്ടു പ്രാവശ്യം തൊടങ്ങാന്‍ പറ്റില്ലല്ലോ’ (ആത്മഗധം)