റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വന്ന് ടൌണ്‍ പറിച്ചു നട്ടപ്പോള്‍ , പ്രതാപം നഷ്ടപെട്ട കുറ്റിപ്പുറം പഴയ അങ്ങാടിയിലെ ‘റാഡോ ലോഡ്ജി’ന്‍റെ തട്ടിന്‍പുറത്തെ അഞ്ചാം നമ്പര്‍ മുറി. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത പൂണെ എക്സ്പ്രസ് അപ്രതീക്ഷിതമായി സ്റ്റേഷനില്‍ അലറികരഞ്ഞ് നിന്നപ്പോഴാണ് ഞാന്‍ ആ മുറിയിലേക്ക് ചെന്നുകയറുന്നത്. പിന്നെ ആ മുറിയുടെ വിസ്തീര്‍ണ്ണത്തില്‍ അടയിരുന്നത് ഞങ്ങള്‍ നാലുപേരാണ് . സൌമ്യമായി ചിരിക്കാന്‍ ജനിച്ചനാള്‍ മുതല്‍ ശ്രമിച്ച് പരാജയപെട്ടുകൊണ്ടിരിക്കുന്ന അജയന്‍ . ഏതോ ഇറ്റാലിയന്‍ കാര്‍ ഡിസൈനര്‍ രൂപകല്‍പ്പന ചെയ്തപോലെ, കൂര്‍ത്ത അരികുകളും അഗ്രങ്ങളുമുള്ള മുഖത്തിന്‍റെ ഉടമ ലൂയിസേട്ടന്‍ . ചുണ്ടുരിയാടുന്ന വാക്കുകള്‍ക്കൊപ്പം മുഖത്തെ പേശികള്‍ ചലിപ്പിക്കാത്ത ഇരട്ടകളില്‍ ഒരുവന്‍, നജീബ്. പിന്നെയുള്ളത് ഞാനാണ് . എന്നെ ഞാന്‍ കണ്ടിട്ടില്ലാതതുകൊണ്ട് വിവരിക്കുന്നില്ല.
ഞങ്ങള്‍ എല്ലാ കാര്യങ്ങളും, നല്ലതും ചീത്തയും, ചെയ്യാനായിറങ്ങിപ്പുറപ്പെടുക ഈ അഞ്ചാം നമ്പര്‍ മുറിയില്‍ നിന്നാണ്. അതെ, ഹബീബും നജീബും കല്യാണം കഴിക്കാന്‍ ഇറങ്ങിയത് വരെ ഈ മുറിയില്‍ നിന്നാണ്. ഇതിപ്പോ ലൂയിസേട്ടന്‍ പറഞ്ഞുറപ്പിച്ച ഒരു സെക്കന്റ് ഹാന്‍ഡ് ബസ് കൊണ്ടുവരണം, തലശ്ശേരിയില്‍ നിന്ന്. വരുമ്പോ, അജയന്‍ മാഹിയില്‍ വാങ്ങിച്ചുവെച്ചിട്ടുള്ള അഞ്ചു കെയ്സ് ‘സാധനവും’ എടുക്കണം. ഇത് രണ്ടും കടലുണ്ടി പാലത്തിപ്പുറം ഞങ്ങളെ കാത്തിരിക്കുകയാണ്. ഞങ്ങള്‍ ഹബീബിനെയും ഒന്‍പതരയുടെ ഇന്‍റര്‍സിറ്റിയെയും .
ഉരുമ്മികിടക്കുന്ന കുറ്റിപ്പുറം റെയില്‍വേ സ്റ്റെഷനിലെത്തുന്ന ചൂളം വിളികല്‍ക്കിടയിലെ ഇടവേളകളില്‍ , ആ മുറിയിലൊരുപാട് വാക്കുക്കള്‍ പെറ്റുവീണു. രണ്ടാം പെഗ് തീര്‍ന്നപ്പോഴേക്കും പതിവില്ലാതെ അജയന്‍ തരിപ്പിലായി. കെ പി സി സി പ്രസിഡന്റില്‍ തുടങ്ങി കോണ്ഗ്രസ്സിന്റെ ബൂത്ത് കമ്മിറ്റി മെമ്പര്‍മാര്‍ വരെ ആ മുറിയില്‍ വന്ന് അജയന്‍റെ തെറി കൈപറ്റി മടങ്ങിപോയി. ബാറില്ലാത്ത ബാര്‍ മുതലാളിയുടെ നാക്ക് പിന്നെ തെറിയില്‍ നിന്നും തന്‍റെ ചെയ്തികളിലേക്ക് കൊട്ടിക്കയറി. അജയന്‍റെ മണല്‍ വണ്ടിയെ ഒറ്റിയ ഒരു തിരുനാവായക്കാരന്റെ വീടിന്റെ മതില്‍, അതേ വണ്ടികൊണ്ട് രാത്രി ഇടിച്ചു പൊളിച്ചിട്ട കഥ കേട്ടു. ലൂയിസേട്ടന് പറയാനുണ്ടായിരുന്നത് തന്റെ തൃശൂര്‍ കോഴിക്കോട് ലിമിറ്റെഡ് സ്റ്റോപ് ബസുകളില്‍ ഒന്ന് , ഇന്നലെ പെരുമ്പിലാവില്‍ വെച്ച് ഒരു പെട്ടിയോട്ടോയില്‍ വന്നവരെ പെട്ടിയിലടച്ച കാര്യമായിരുന്നു. ഞങ്ങള്‍ നാലുപേരും ഉണ്ടാക്കിയ വൃത്തത്തിനകത്തേക്ക് നജീബ് ഒന്നും ചര്‍ദ്ദിച്ചില്ലെങ്കിലും, അരമണിക്കൂറിനുള്ളില്‍ ചെയ്ത ആറു ഫോണ്‍ കോളുകളിലൂടെ അവനും അവന്‍റെ ഇക്കയും കൂടി പൊന്നാനിയിലും പട്ടാമ്പിയിലും രണ്ടുകൂട്ടരെ തച്ച് ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അജയനും ലൂയിസേട്ടനും നില്‍ക്കുന്ന വിക്ടറി സ്റ്റാന്റിലേക്ക് നജീബും ഹബീബും കൂടി കയറി നിന്നു. പൊസിഷന്‍ ഇനിയും തീരുമാനിക്കപെട്ടിട്ടില്ല. ഈ ദിവസം തുടങ്ങിയിട്ടല്ലേ ഉള്ളൂ , സമയമുണ്ട്.
സഹ ലോഡ്ജുകാരായ ബംഗാളികളുടെ ശബ്ദം കൂടി ഞങ്ങളുടെ മുറിയിലേക്ക് എത്തിയപ്പോ, ലൂയിസേട്ടന്‍ എഴുന്നേറ്റു.ആസ്സാമുകാരന്‍ ബംഗാളിയോടും, ബീഹാറുകാരന്‍ ബംഗാളിയോടും പച്ച മലയാളത്തില്‍ നാലു തെറി പറഞ്ഞ് ലൂയിസേട്ടന്‍ തിരിച്ചുവന്നിരുന്നു. പതിവുപോലെ ഒരു ചവിട്ടു ചവിട്ടി ലൂയിസേട്ടന്‍ തുടങ്ങിവെക്കും എന്നുറപ്പിച്ച് കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തയ്യാറായി ഇരുന്ന അജയന്‍റെ മുഖത്ത് ഞാന്‍ നിരാശ കണ്ടു. വിക്റ്ററി സ്റ്റാന്റില്‍ അനക്കങ്ങളുണ്ടായില്ല.
ആര്യ വൈദ്യ ശാലയുടെ മുന്നിലെ പാലമരത്തിലിരുന്ന് ഒരു കാക്ക കരയുന്നത് നജീബിന്റെ ചെവിടാണ് ആദ്യം കേട്ടെടുത്തത്.
“ഒരു വിരുന്നുകാരന്‍ ഉണ്ടാവ്വല്ലോ ലൂയിസേട്ടാ ..”
ലൂയിസേട്ടന്‍ കാക്കയെ ഒന്ന് നോക്കി.
“അജയാ, നിലമ്പൂര് അടുത്ത്, ഈ കാലത്തും അമ്പത് ഉര്‍പ്പ്യക്ക് ഒരു ഫുള്‍ ചിക്കന്‍ ബിരിയാണി കിട്ടുന്ന ഒരു ഹോട്ടലുണ്ട്. ഓഡര്‍ ചെയ്താ , ഒരു എയര്‍ഗണ്ണ്‍ പൊട്ടുന്ന സൌണ്ടും കേള്‍ക്കാ , കാക്ക കരയുന്ന സൌണ്ടും കേള്‍ക്കാം”
മുറിയില്‍ ചിരി മുറുകുമ്പോള്‍ ലൂയിസേട്ടന്‍ ആ കാക്കയെ നോക്കുകയായിരുന്നു. കാക്കയിറച്ചിയുടെ സ്വാദ് ആ നാവു അയവിറക്കുന്നത് കണ്ടുതുപോലെ തോന്നി എനിക്ക് . കാക്ക ലൂയിസേട്ടനെ തിരിച്ചൊന്നു നോക്കി പറന്നു പോയി.
മഴയും , ഹബീബും ഒരുമിച്ചു വന്നു. കൂടെയൊരു വാര്‍ത്തയും. ഓവര്‍ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് ഏതോ ഒരുത്തന്‍ താഴേക്ക് ചാടി, പൂണെ എക്സ്പ്രസ്സ് കയറി മരിച്ചത്രെ.
എനിക്കൊരു സംശയമുണ്ടായി , ‘വീഴ്ചയിലാണോ മരിച്ചത് , അതോ ട്രെയിന്‍ കയറിയാണോ മരിച്ചത് ?’ പോയി നോക്കാമെന്ന് ഹബീബ്, വേണ്ടെന്ന് നജീബ്. രൂപ സാദൃശ്യം മാത്രമുള്ള ഇരട്ടകള്‍ ! ഭൂരിപക്ഷം ഹബീബിനൊപ്പമായിരുന്നു. ലൂയിസേട്ടന്‍ ആദ്യം മുണ്ട് മടക്കികുത്തി. വരാന്തയിലും ഗോവണിപടിയിലും മുഴക്കങ്ങളുണ്ടായി. അത് പിന്നെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കും നീണ്ടു.
ഭാരതപുഴ വളഞ്ഞോഴുകുന്നതുകൊണ്ട് വളച്ചുകെട്ടേണ്ടിവന്ന റെയില്‍വേ പാളത്തില്‍ തീവണ്ടികള്‍ വളഞ്ഞുതന്നെ കിടക്കുന്നുണ്ടായിരുന്നു. പടിഞ്ഞാറേ അറ്റത്തുള്ള ഓവര്‍ ബ്രിഡ്ജിനു കീഴെയുള്ള ആള്‍കൂട്ടം, പ്ലാറ്റ് ഫോമിന്‍റെ വളവു തിരിയുന്നതിനനുസരിച്ച് ഞങ്ങള്‍ക്ക് ദൃശ്യമായി വന്നു.
“ലൂയിസേട്ടാ..ടിക്കറ്റ് എടുത്തിട്ടില്ല, ആരെങ്കിലും വന്ന് ചോദിക്ക്യോ ?”
“നീയീ മുണ്ട് കണ്ടോ ?”
“ഉം”
“ആരെങ്കിലും ചോദിച്ചാ, ഇതങ്ങട് പൊക്കി കാണിച്ചുകൊടുക്കും, സിമ്പിളാണ്”
പാന്റ്സിന്റെ പോക്കറ്റില്‍ കയ്യിട്ടു നടക്കുന്ന നജീബിനോട് ലൂയിസേട്ടന്‍ തിരിച്ചു ചോദിച്ചു
“അന്‍റെ പാന്റിനുണ്ട്രാ ആ ഗുണം ?”
മുണ്ടുടുത്ത് നടക്കുന്ന ഞാനും ലൂയിസേട്ടനോട് ഐക്യദാര്‍ട്ട്യം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും ടിക്കറ്റ് എടുത്ത് മരണം കാണേണ്ട ഗതികേടൊന്നും ഞങ്ങള്‍ക്കില്ല.
നജീബ് മൂത്തവനെ വിളിച്ചു..
“എടാ ഹബീബേ, അനക്ക് ഓര്‍മ്മണ്ടടാ നമ്മള് ലാസ്റ്റ് റയില്‍വേ സ്റ്റെഷനിലെക്ക് വന്നത് എന്നാണെന്ന് ?”
“നമ്മളില്ലാത്ത സമയത്ത് കടയില്‍ കേറി അലമ്പിയ ആ അങ്കമാലിക്കാരെ പൊട്ടിക്കാനല്ലേ ?” അതെ, അന്ന് തന്നെയാണ് എല്ലാവരും അവസാനമായി വന്നത് , പതിവുപോലെ നജീബ് ചൊറിഞ്ഞു, ലൂയിസേട്ടന്‍ തുടങ്ങി, അജയന്‍ കേറി മേഞ്ഞു. പക്ഷെ അന്ന് ഒന്നാമതായി ഫിനിഷ് ചെയ്തത് ഇവരാരുമായിരുന്നില്ല, എല്ലാം കഴിഞ്ഞ് കരഞ്ഞ് മാപ്പും പറഞ്ഞ് ആ ചെക്കന്മാര് കയറിപോയ തീവണ്ടിയില്‍ ചാടിക്കയറി ചങ്ങല വലിച്ചു നിര്‍ത്തി വീണ്ടും രണ്ടു പൊട്ടിച്ച ഹബീബാണ്.
“എത്ര കാലായി ലേ? തൊട്ടടുത്തുണ്ടെങ്കിലും ചിലതിനോട് നമ്മള്‍ അകന്നാവും കഴിയുന്നത് ”
ബാര്‍ മുതലാളിയുടെ അടുത്തുനിന്നും പ്രതീക്ഷിക്കാത്തൊരു സിദ്ധാന്തം വന്നു.
ഞങ്ങളുടെ സംഘം ഓവര്‍ ബ്രിഡ്ജിനു താഴെയെത്തി. എല്ലാവരുമുണ്ട്, തീവണ്ടി കണ്ടുപിടിക്കുംപോഴും ഇതേ പ്രായം തന്നെയുള്ള കാന്റീന്‍കാരന്‍ പട്ടര്‍, എഫ് സി ഐ ഗോടൌണിലെ ചാക്കരിയുടെ മണമുള്ള യൂണിയന്‍കാരന്‍ മൊഹമ്മാലിക്ക, മരിച്ചവനെ കാണാന്‍ കൂടിയ ആള്‍ക്കൂട്ടത്തിനിടയിലും പിച്ച തെണ്ടുന്ന സുബ്ബമ്മ,
എല്ലാവര്‍ക്കും സലാം വെച്ചു, ബാക്കി വന്ന ഒന്ന് എസ് ഐ സലാമിനും കൊടുത്തു.
അവിടെ കാണാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല, പലയിടത്തായി ചിതറിത്തെറിച്ച കുറേ ഇറച്ചികക്ഷങ്ങള്‍ , ചോര നനവിട്ട പാളങ്ങള്‍ , ശവശരീരമായി. ഹബീബ് ആ ഇറച്ചികക്ഷ്ണങ്ങളുടെ എണ്ണമെടുക്കുമ്പോള്‍ നജീബ് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പിയുടെ അരികു പറ്റികിടക്കുക്കുന്ന ആ വിരല്‍ എനിക്ക് ഹബീബിന് ചൂണ്ടികാണിച്ചു കൊടുക്കണമെന്നുണ്ടായിരുന്നു.
എസ് ഐ സലാം ഞങ്ങളുടെ സംഘത്തിനടുത്തേക്ക് വന്ന്‍ അജയനെ വിളിച്ചു.
“അജയാ…ആളെ മനസ്സിലായോ നിനക്ക് ?”
“ആരാ ?”
“ശിവന്‍കുട്ടി !”
“ആ വട്ടനോ ?”
“അതേന്ന്‍ , കണ്ടവരുണ്ട് …”
മരിച്ചു കുറ്റിപ്പുറം വിട്ടത് ശിവന്‍കുട്ടി ആയതുകൊണ്ട് അനുശോചന യോഗങ്ങള്‍ പ്രതീക്ഷിക്കണ്ട , കറുത്ത തുണികള്‍ക്ക് വെയിലുകൊള്ളണ്ട.
“പാലത്തിന്റെ മുകളില്‍ നിന്ന് പാളത്തിലേക്ക് മൂത്രമൊഴിക്കുന്ന ഒരു പതിവുണ്ടായിരുന്നല്ലോ അവന്, അപ്പൊ വീണതാവും. ” സലാം, എഴുതാന്‍ പോകുന്ന എഫ് ഐ ആര്‍ എന്താണെന്നുള്ളതിന്റെ ഒരു സൂചന തന്നു .
“വല്ല ലിമിറ്റെഡ് സ്റ്റോപ്പ് ബസ്സും പോയപ്പോ കാറ്റ് തട്ടീട്ട് വീണതാവും” എന്ന് പറഞ്ഞുകൊണ്ട് ലൂയിസേട്ടന്‍ വാച്ച് നോക്കി തന്റെ ബസ് അല്ലെന്ന്‍ ഉറപ്പുവരുത്തി.
ശിവന്‍ കുട്ടി! ഞാന്‍ എത്രയോ തവണ കണ്ടിട്ടുണ്ട്, പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് മൂത്രമൊഴിക്കുന്ന അവനെ. ഉന്മാദത്തിന്റെ പരസ്യ പ്രഖ്യാപനങ്ങള്‍ ! ഞങ്ങളുള്‍പെടുന്ന അവിടുത്തെ ആള്‍ക്കൂട്ടത്തിന്റെ ശബ്ദങ്ങളുടെ കൂട്ടപ്പൊരിച്ചിലില്‍ പുറത്തേക്ക് തെറിച്ചതത്രയും ശിവന്‍കുട്ടി എന്ന നാമമായിരുന്നു. ഇതിന് മുന്‍പ് ഞങ്ങള്‍ ശിവന്‍ കുട്ടിയെ കുറിച്ച സംസാരിച്ചിട്ട് ഒരു വര്‍ഷമെങ്കിലും ആയിക്കാണും. അജയന്‍റെ കാറിന് ഒരിക്കല്‍ വഴിമാറി കൊടുക്കാത്തതിന് ഞങ്ങള്‍ ശിവന്‍ കുട്ടിയെ അടിച്ചിട്ടുണ്ട് . അതില്‍ പിന്നെ അവന്‍ എപ്പോളെന്നെ കാണുമ്പോഴും ഒന്ന് പുഞ്ചിരിക്കും. തര്‍ജമ ചെയ്യാന്‍ ശ്രമിച്ചിട്ടും കഴിയാത്ത ഒരു പുഞ്ചിരി.
“ഭ്രാന്തന്മാരുടെ പ്രതികാരത്തെയാണ് ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത് “ഒരിക്കല്‍ അവന്‍റെ പുഞ്ചിരിയെ കുറിച്ച് ഹബീബ് പറഞ്ഞ ആ വരിയിലായിരിക്കും ഞങ്ങള്‍ക്കിടയിലേക്ക് അവസാനമായി ശിവന്‍കുട്ടി ഒരു വിഷയമായി വന്നത്
എന്‍റെയുള്ളില്‍ ആ സംശയം വീണ്ടും തികട്ടി .എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു, എന്നാല്‍ ചോദിക്കാന്‍ തോന്നുകയുമുണ്ടായില്ല . പക്ഷെ, നജീബ് അടുത്തനിമിഷം സലാമിനോട് അതെ ചോദ്യം ചോദിച്ച് എന്നെ ഞെട്ടിച്ചു , “അവന്‍ ആ വീഴ്ചയിലാണോ മരിച്ചത്, അതോ തീവണ്ടി കയറിയിട്ടോ?”
“അതിപ്പോ നമ്മക്ക് എങ്ങനെ അറിയാനാടാ …ശിവന്‍ കുട്ടിക്കും ദൈവത്തിനും മാത്രം അറിയാം.”
ശിവന്‍ കുട്ടിക്ക് അറിയുമായിരിക്കും, പക്ഷെ ദൈവത്തിനറിയില്ല , എനിക്കുറപ്പാണ്. കാരണം ശിവന്‍ കുട്ടിക്ക് ദൈവമില്ലായിരുന്നു. ഭ്രാന്താവും മുന്‍പ് അവന്‍ എന്നെപോലെ നിരീശ്വരവാദിയായിരുന്നു.
ഇനിയാ ശരീരഭാഗങ്ങള്‍ കുറച്ചു നേരത്തേക്ക് സലാമിന് അവകാശപെട്ടതാണ്. ഈ വള്ളിക്കെട്ട് തീര്‍ത്തിട്ട് കാണാമെന്നു പറഞ്ഞ് സലാമും പോലീസുകാരും പരേതനെ, പരേതന്റെ മുണ്ടില്‍ പെറുക്കിയെടുത്തുകൊണ്ടുപോയി , അതോടൊപ്പം കാഴ്ചക്കാരും , സ്വാഭാവികമായും സുബ്ബമ്മയും , പിന്നെ പൂണെ എക്സ്പ്രസ്സും. പുറകെ വന്ന ഇന്റര്‍സിറ്റിക്ക് ടിക്കറ്റെടുത്ത് കയറി ഞങ്ങളും യാത്രപറഞ്ഞു , ശിവന്‍കുട്ടി ഇല്ലാത്ത കുറ്റിപ്പുറത്തിനോട് .
തലശ്ശേരിയില്‍ നിന്ന് ബസ് പറഞ്ഞതിലും വില കുറച്ച് വാങ്ങി ലൂയിസേട്ടന്‍ കരുത്തുകാട്ടി. അജയനും മോശമാക്കിയില്ല, മാഹിയിലെ പിടിപാട് കാണിച്ചുതന്ന് ഞങ്ങളെ ഞെട്ടിച്ചു. സമാസമം. ശവം കണ്ട് ഒരു യാത്രയ്ക്ക് ഇറങ്ങിയാല്‍ ഇതാ ഗുണം എന്ന് പറഞ്ഞ് നജീബും ഹബീബും ഒരേസമയം ശിവന്‍ കുട്ടിയെ നന്ദിയോടെ സ്മരിച്ചു. അപ്പോഴൊക്കെയും ആ ജഡത്തിന്റെയും പകലിന്റെയും പൊട്ടും പൊടിയും വാരിക്കൂട്ടി ഞാന്‍ ഉണ്ടാക്കിയ ആ ചോദ്യം എന്നെതന്നെ ഉത്തരം മുട്ടിക്കുകയായിരുന്നു. തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇപ്പോള്‍ രാവിലെ കണ്ടതെല്ലാം, കീറിമുറിക്കാതെ തന്നെ പോസ്റ്റ് മോര്‍ട്ടത്തിനു വിധേയനായി കഴിഞ്ഞിട്ടുണ്ടാവും. എനിക്ക് വേണ്ട ഉത്തരം ഇനി ആരില്‍ നിന്നും അറിയില്ലെന്നുറപ്പായിരുന്നു .എന്‍റെ ആ സംശയം എന്നിലിരുന്നുകൊണ്ട് മഴ കൊണ്ടു, വെയിലുകൊണ്ടു , നിലാവ് കൊണ്ടു.
ദിവസം അവസാനിക്കാറായിരിക്കുന്നു. ഇന്നത്തെ വിജയം, ലൂയിസേട്ടനും അജയനും കൂടി പങ്കിട്ടെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.പക്ഷെ ,എനിക്കിനിയും ഉത്തരം കിട്ടിയിട്ടില്ല. കടലുണ്ടി പാലമെത്തിയപ്പോള്‍ ബസ് ഓടിച്ചിരുന്ന ലൂയിസേട്ടന്‍ പെട്ടെന്ന്‍ വണ്ടി നിര്‍ത്തി പിന്നോട്ടെടുത്തു. ബസ് പാലത്തിന് നടുവിലായി പുഴ നോക്കി നില്‍ക്കുന്ന ഒരാളുടെ അടുത്തെത്തി നിശ്ചലമായി. ശിവന്‍ കുട്ടി ! നോട്ടങ്ങളില്‍ നിഗൂടത ഒളിപ്പിച്ച , ഭാവങ്ങളില്‍ ഭാരം കയറ്റിവെച്ച അതേ ശിവന്‍കുട്ടി!! ആ കാഴ്ച എല്ലാവരിലും ഒരേ അളവിലുള്ള ഞെട്ടലാണ് ഉണ്ടാക്കിയത്. അവന്‍റെ ആകാരത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല , എന്നാല്‍ ഞാനൊഴികെയുള്ളവര്‍ക്ക് വേറെയൊപാട് സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാവുകയും ചെയ്തു. അപ്പോള്‍ മരിച്ചതാരാണ് , ശിവന്‍ കുട്ടി നാടുവിട്ടതെന്തിനാണ് ? ഓരോരുത്തരുടെയും മനസ്സ് തൊടുത്തുവിട്ട ചോദ്യങ്ങള്‍ ബാക്കിയുള്ളവരില്‍ തട്ടി പ്രതിഫലിച്ച് തിരിച്ചു വന്നുകൊണ്ടിരുന്നു . അവിടെയുണ്ടായ ഈ ചോദ്യങ്ങളെല്ലാം അക്കമിട്ട് വായിച്ചെടുത്തെന്ന പോലെ മറുപടിയായി ഒന്ന്‍ പുഞ്ചിരിച്ച്, ശിവന്‍ കുട്ടി പാലവും പുഴയും ഒരുമിച്ചു മുറിച്ചു കടന്നു. വിക്ടറി സ്റ്റാന്റില്‍ നിന്നും ലൂയിസേട്ടനും അജയനും ഇറങ്ങി നടന്നു. ഹബീബും നജീബും മുന്‍പേ മാഞ്ഞിരുന്നു. ഞാന്‍ ? ഞാനുണ്ടായിരുന്നില്ലല്ലോ.