ഓന്‍ തന്നെയൊരു കഥയാണ്‌ , ഇതോന്റെ കഥയാണ്
ക്ലൈമാക്സിലെ കൊടും ട്വിസ്റ്റില്‍ ഓന്‍ ശശികുമാറും , ഓള് ശശികലയും ആവണ കഥ.
കൊല്ലം 2009, പിപ്പിരി ബാബൂന് മീശയും താടിയും ജോയിന്റായ കൊല്ലം !
പൊന്നാനി-കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി . ഒരു ശനിയാഴ്ച ……..

കുന്നത്ത് കുപ്പിപൊട്ടുന്ന സൌണ്ട് അരക്കിലോമീറ്റര്‍ അപ്പുറത്തുനിന്ന്‍ മണത്തറിഞ്ഞിട്ടാണ് സീനിലേക്ക്‌ കുട്ടന്‍റെ മാസ്സ് എന്‍ട്രി.
കുട്ടന്‍ ! പത്തില്‍ തോറ്റപ്പോ , നാടുവിട്ട് ബോംബെയില്‍ ചെന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്ത് “ഞാനിനി ഇന്ത്യേക്കില്ല” ന്ന്‍ പറഞ്ഞ കുട്ടന്‍ ! ‘മകനേ തിരിച്ചുവരൂ’ എന്ന് കുട്ടന്റച്ഛന്‍ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ ( അന്ന് മലപ്പ്രം എഡിഷന്‍ കോട്ടക്കലില്‍ അടിച്ചു തുടങ്ങീട്ടില്ല) പരസ്യം ചെയ്തതിന്റെ രണ്ടാം നാള്‍ കുട്ടന്‍ നാട്ടിലെത്തി . കോഴിക്കോട് എഡിഷനിലെ പരസ്യം കണ്ടു, ബോംബയിലുള്ള കുട്ടന്‍, കൊങ്കണ്‍ റെയില്‍വേയുടെ സ്ഥലമെടുപ്പ് പോലും കഴിഞ്ഞിട്ടില്ലാത്ത അന്ത കാലത്ത് എങ്ങനെ നാട്ടിലെത്തി എന്നത് ഇപ്പളും ഒരു ചുരുളഴിയാത്ത രഹസ്യമാണ് . കുട്ടന്റച്ഛന്‍ വിചാരിക്കണത് ‘ഒക്കെ മാതൃഭൂമിയുടെ പവറാ’ ണെന്നാണ് . അതുകൊണ്ടാണ് മടങ്ങി വന്ന കുട്ടന് മേലെ അങ്ങാടീല് ടൈലര്‍ ഷാപ്പ് ഇട്ടുകൊടുത്ത്, അതിനു ‘മാതൃഭൂമി കട്ടിങ്ങ്സ്’ എന്ന് പേരിട്ടത് . ടൈലര്‍ഷാപ്പിനൊപ്പവും പ്രചരിപ്പിക്കുന്നുണ്ട് ഒരു സംസ്കാരം , അത് പിന്നെ പറയാം.

കുട്ടന്‍ ചെന്ന് നോക്കുമ്പോ ഫസ്റ്റ് റൌണ്ട് കഴിഞ്ഞിരുന്നു. തിരുമ്പണ കല്ല്‌മ്മെ തവള കുട്ട്യോള് ഇരിക്കണ മാരി ഇരിക്ക്യാണ്‌ ഭീകരനും, പിപ്പിരി ബാബുവും , വെപ്രാളം വിഭീഷും .

സാധനം കിളി സോഡയാണ്. അതെ കിളി സോഡ !! കുപ്പിടെ പുറത്ത് പറക്കണ കിളിയുടെ സ്റ്റിക്കറൊട്ടിച്ച സോഡ , അടിച്ചാല്‍ തലയില്‍ നിന്ന് കിളി പറക്കണ സോഡ ! വണ്‍ & ഓണ്‍ലി കിംഗ്‌ ഫിഷര്‍ ബിയര്‍ . അതിന്റെ വിജയ്‌ മല്യക്ക് പോലുമറിയാത്ത നാട്ടു ഭാഷയാണ്‌ കിളി സോഡ .

നാരങ്ങ സോഡ മണപ്പിച്ചാല്‍ വരെ പിപ്പിരിയാവണ പിപ്പിരി ബാബു നല്ല കിണ്ടിയാണ്, ജാതി കരച്ചില് .
വെപ്രാളം വിഭീഷ് സമാധാനിപ്പിക്കുന്നുണ്ടായിരുന്നു
“ഇയിങ്ങനെ മോങ്ങല്ലേ പിപ്പിര്യെ….പോലീസാരന്‍ ചെള്ളക്കിടണ ആദ്യത്തെ മനുഷ്യനൊന്നും അല്ലാലോ നീയ് ? ഒരഅബദ്ധോക്കെ ഏതു പോലീസാരനും പറ്റും ”
” അയാളെ പോലീസിലിടുത്ത പോലീസുകാരനാണ് ആ അബദ്ധം പറ്റീത് . കള്ള പന്നി ” ഭീകരന്‍ ഒരു രക്ഷേ ഇല്ല , കട്ട കലിപ്പിലാണ്

സംഭവം കോണ്‍സ്റ്റബിള്‍ സുഗുണന്‍ ബബൂന്റെ ചിറിക്ക് തച്ചേന്റെ ഒന്നാം വാര്‍ഷികാണ് ഈ നടക്കണത്‌ . കിളിയടിക്കാന്‍ ഒരു കാരണം കാത്തിരിക്കുമ്പളാണ് ഇത് കത്തുന്നത് .കഴിഞ്ഞ കൊല്ലം ഇതേ ദിവസായിരുന്നു സുഗുണന്റെ കല്യാണം…. അന്ന് ടൈലര്‍ ഷാപ്പില്‍ കുട്ടന്‍റെ അസിസ്റ്റന്ടായിരുന്ന ബാബു, കല്യാണ ഷര്‍ട്ടിനു കുടുക്ക് വെക്കാന്‍ മറന്നു. സേഫ്ടി പിന്നുകൊണ്ട് കുത്തി നിര്‍ത്തിയ കല്യാണ ഷര്‍ട്ടുമിട്ട് വന്ന സുഗുണന്‍ സാര്‍ , താലി കെട്ടും മുന്‍പ് കല്യാണ പന്തലിലുണ്ടായിരുന്ന ബാബൂന്റെ ചിറിക്ക് കൊട്ടി . ആ ഗദ്ഗത നിമിഷത്തിന്റെ അയവിറക്കല്‍ , ഛെ ബിയറിറക്കലാണ് ഈ നടക്കണത്‌

കിളിപറത്താന്‍ തന്നെയും വിളിക്കാത്തതിന്റെ നീരസത്തിനോട് പോയി പണി നോക്കാന്‍ പറഞ്ഞ് കുട്ടന്‍ ഒരു കുപ്പിയെടുത്തു ചുടുക്കനെ മോന്തി , എന്നിട്ട് പിപ്പിരിയെ മൂപ്പിച്ചു കൊടുത്തു
“ന്നാലും ഷര്‍ട്ടിന്റെ ആറ് സുന വെക്കാന്‍ മറന്നേന് മുഖത്ത് തേമ്പിത് കൊറേ കൂടിപോയി ”
“ഇനിക്ക് അതിന് പ്രതികാരം ചെയ്യണം , ഇന്നെന്നെ ചെയ്യണം ” മോങ്ങല് പൌസ് ചെയ്ത് ബാബു പറഞ്ഞു

“ശര്യാ , മ്മക്കൊരു പണി കൊടുക്കണം ! എല്ലാ പോലീസാര്‍ക്കും ഇതൊരു പാഠം ആവണം “.
അവരെല്ലാരും ബാബുവിന്റെ പ്രതികാരത്തിനായി എന്തും ചെയ്യാനായി തയ്യാറായികഴിഞ്ഞിരുന്നു. അതിപ്പോ വെള്ളടി കമ്പനീന്ന് പറഞ്ഞാ അങ്ങനേണ്. രക്തബന്ധത്തിന് പോലും അത്രക്കങ്ങട് ഗുമ്മുണ്ടാവില്ല
“എന്ത് പണി കൊടുക്കും ?”

ആ ആലോചനയ്ക്കിടയിലാണ് ആറാം പ്രേമവും പോകാളിയ പുഷ്പന്‍ അങ്ങോട്ട്‌ നടന്നു വന്നത്
ആ വരവില്‍ പന്തികേട്‌ ഡൌട്ടടിച്ച ചോദ്യം ഭീകരന്‍ ആണ് ഉന്നയിച്ചത്
“ഇയെന്താണ്ടാ അവാര്‍ഡ് സില്‍മേന്ന് സ്ഥലം മാറ്റം കിട്ടിയ നായകനെ പോലെ നടക്കണത്‌ ? ”

“നാളെ ഓള്‍ടെ കല്ല്യാണാടാ”

“ആരടെ ?”

“മ്മടെ കോണ്‍സ്റ്റബിള്‍ സുഗുണേട്ടന്റെ പെങ്ങള്ടെ ! …… രണ്ടു കൊല്ലായിട്ട് ഓളിന്റെ കാമുകിയാണ് !  ഞാന്‍ കാര്യായിട്ട് പ്രേമിക്കുന്നുണ്ടായിരുന്നു ,അതോള്‍ക്കറിയില്ലട്ടോ ”
നാലുപേരുടെയും മോന്തകള്‍ കണ്ണേങ്കാവ് പൂരത്തിന് കുഴിമിന്നി തെളിഞ്ഞ മാരി തെളിഞ്ഞു.

“ഇതിലും നല്ലൊരു ചാന്‍സില്ല , എങ്ങനൊക്കെ പണി കൊടുക്കാം ?”
“കല്യാണത്തിന് പോയി ഹലാക്കിലെ തീറ്റ തിന്നാം , മുടിപ്പിക്കണം ” ഭീകരന്റെ സജഷന്‍ വന്നു , ടച്ചിങ്ങ്സിനായി വാങ്ങിയ കോലുമുട്ടായി ഈമ്പികൊണ്ട് .
“വേണ്ട്രാ , എന്നൊക്കെ ഞാന്‍ ക്ഷണിക്കാത്ത കല്യാണത്തിന് പോയി തിന്നിട്ടുണ്ടോ , അന്നൊക്കെ ഇക്ക് വയറിളക്കം പിടിച്ചിട്ടുണ്ട് ” കുട്ടന്‍റെ കുമ്പസാരം .
“ന്നാ രാവിലെ പോയിട്ട് പായസ ചെമ്പ് കട്ട് കൊണ്ടരാ ?” വീണ്ടും ഭീകരന്‍ !
“ഭീകരാ……………!! (ബാസ്സ് കൂട്ടിയ ശബ്ദത്തോടെ പിപ്പിരി ചൂടായി ) , അണക്കീ തിന്നാ തിന്നാ ന്നൊരു വിചാരം മാത്രേ ഉള്ളൂ ?”
ഭീകരന്റെ മുഖത്തേക്ക് നിഷ്കളങ്കത തത്കാല്‍ എടുത്തു വന്നു ,
“എന്താന്നറിയില്ല , നിക്ക് ടെന്‍ഷന്‍ കേറ്യാ അപ്പൊ എന്തെങ്കിലും തിന്നണം ”
“ഈ നീയൊക്കെ അപ്പൊ വല്ല ഇന്റെര്‍വ്യൂവിനും പോയാ , അവടിരിക്കണോരെ വരെ പിടിച്ചു തിന്നൂലോ ”

അവസാനം ഒരു ദുല്‍മ് ഐഡിയ തെളിഞ്ഞത് പിപ്പിരിയുടെ തലേലാണ്
“മ്മക്ക് ……………….ഇന്ന് രാത്രി പോയിട്ട് കല്യാണ പെണ്ണ് കിടക്കണ മുറി പൂട്ടാം . രാവിലെ കല്യാണ കമ്മിറ്റിക്കാര് വാതില് തല്ലി പൊളിക്കണത് വിറ്റായിരിക്കും. സുഗുണന് അതിലും വലിയൊരു നാണക്കേട്‌ വരാനില്ല . ചെലപ്പോ മുഹൂര്‍ത്തം വരെ വൈകിപോവും ! ”

“ന്നാ അത് വേണ്ട , മുഹൂര്‍ത്തം വൈക്യാ, സദ്യേം വൈകും ! ” – ഭീകരന്‍

എല്ലാവരും ഭീകരന്റെ മുഖത്ത് നോക്കി പല്ല് ഞെരിച്ചോണ്ടിരിക്കുമ്പോ , വെപ്രാളം വിഭീഷ് ഒറ്റയ്ക്ക് ഭീകരന്റെ അടുത്തേക്ക് ചെന്ന് തോളില്‍ കൈ വെച്ച് പറഞ്ഞു……

“ഭീകരാ……നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യൂല്ല്യ , നിന്റെയൊക്കെ പോഷകാഹാര കാലത്ത് പോഷകം തന്നവനെ തല്ലണം ”

ഭീകരന്‍ തെറ്റ് തിരുത്തി

“ന്നാ ശരി, ആ മുറി മാത്രല്ല എല്ലാ മുറീം പൂട്ടാം !!”

“പുന്നാര ഭീകരാ…….ഭീകരത സൃഷ്ടിക്കല്ലേ. കല്യാണ വീടാണ് . തോനെ ആള്‍ക്കാരുണ്ടാവും , തോനെ അടീം കിട്ടും”
“അടി വിഷയാക്കണ്ട , പക്ഷെ ആര് ചെയ്യും ?”

എല്ലാവരും മുഖത്തോട് മുഖത്ത് നോക്കിയിരിക്കുമ്പോള്‍ അത് കേട്ടു
“മ്മീ ”

അതെ ചെമ്മീന്റെ മ്മീ !!
അതുകേട്ടു എല്ലാവരും നോക്കി ,പട്ടാളക്കാരനെത്ര ഉണ്ട കണ്ടതാ എന്ന ഭാവത്തില്‍ നില്‍ക്കുന്ന കട്ട് പീസ്‌ കുട്ടന്‍ !
കുട്ടനേതാച്ച്ട്ടാ ഐറ്റം . പണ്ട് സ്കൂളില്‍ മാജിക് ഷോ ഉണ്ടാവുമ്പോ ‘
ധൈര്യമുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സ്റ്റെജിലേക്ക് വരിക ‘ എന്ന് മജീഷ്യന്‍ വിളിച്ചു പറയുമ്പോ എല്ലാവരും കുട്ടന്റെ മുഖത്തേക്കാത്രേ നോക്കാ . ഇനി കുട്ടന്‍ എത്തീട്ടില്ലെങ്കില്‍ ഹെഡ് മാസ്റ്റര് വിളിച്ചു പറയൂത്രേ “മാജിക്കാരാ , കുട്ടന്‍ വന്നിട്ട് മതിട്ടോ ഈ ഐറ്റം ‘ ന്ന്‍
അങ്ങനെയുള്ള കുട്ടന്‍ ഇത് ഏറ്റെടുത്തി ട്ടുണ്ടെങ്കില്‍ പിന്നൊന്നും നോക്കാനില്ല .

“ഞാന്‍ പണ്ടവിടെ ആശാരി പണി എടുത്തിട്ടുണ്ട് . ഓള്‍ടെ മുറിക്ക് രണ്ടു സൈഡും ഓടാംപുളി ഉള്ള വാതിലാണ് . പൂട്ടാനൊരു പൂട്ട്‌ നമ്മള് കൊണ്ടോവണ്ടേരും” വിഭീഷ് പ്ലാന്‍ ചെയ്യാന്‍ തുടങ്ങി.
“പൂട്ടാന്‍ താക്കോല് വേണ്ടാത്ത ഒരു ഫോറിന്‍ പൂട്ട്‌ ക്ലബ്ബില്‍ കെടക്കണ്ട് . അത് മതി ”
കാര്യങ്ങളെല്ലാം പെട്ടെന്ന് സെറ്റായ സന്തോഷത്തില്‍ ബിവരേജില്‍ നിന്നും വീണ്ടും സാധനമിറങ്ങി .
അന്ന് കുന്നത്തെ പൊന്തകാട്ടില്‍ തോനെ കിളി പറന്നു .

സമയം: പുലര്‍ച്ചെ ഒന്നര , വേദി : ക്ലബ് പരിസരം
പോവാന്‍ നില്‍ക്കുന്ന കുട്ടന്റെ മുന്നില്‍ പുഷ്പന്റെയുള്ളിലെ കാമുകന്‍ പുറത്തു ചാടി
“ഓള് പാവാടാ , ഒച്ചയുണ്ടാക്കാതെ പൂട്ടീട്ട് പോരണം.നാളെ കല്യാണല്ലേ ,സുഖായി ഉറങ്ങിക്കോട്ടെ , ശല്ല്യപെടുത്തണ്ട ”
പുഷ്പന്‍ കണ്ണ് തുടച്ചു .

താക്കോലില്ലാത്ത ഫോറിന്‍ പൂട്ടുമായി ബൈക്കിന്റെ അടുത്തേക്ക് സ്ലോ മോഷനില്‍ നടക്കുന്ന കുട്ടനെ. പിപ്പിരി പിന്നില്‍ നിന്നും വിളിച്ചിട്ട് ചോദിച്ചു.
“കുട്ടാ……ഗുദാമിലെ ഏരിയേണ് ! അണക്ക് ഒറ്റയ്ക്ക് പോവാന്‍ പേടിയുണ്ടോ ? ഞാന്‍ വരണോ ? ”
കുട്ടന്‍ അതെ സ്ലോ മോഷനില്‍ ആന്റി ക്ലോക്ക് വൈസ് തിരി തിരിഞ്ഞു . ആ മുഖത്ത് പിപ്പിരിക്ക് കൊടുക്കാന്‍ ഒന്നര കിലോ പുച്ഛമുണ്ടായിരുന്നു , ഒരു ഡയലോഗും,
“നീയൊക്കെ ട്രൌസറിടാന്‍ പഠിക്കുന്ന കാലത്ത് ഞാനിവിടെ പാന്റിട്ട്‌ നടക്കുന്നുണ്ടായിരുന്നു ” punch !
ഭീകരന്‍ റ്റാറ്റ കൊടുത്തു , കുട്ടന്‍ പോയി .
“സൂപ്പര്‍ മാരിയോ രാജകുമാരീനെ രക്ഷിക്കാന്‍ പോണ പോലെ തുള്ളിച്ചാടി പോണുണ്ട് , എന്താവുംണാവോ ? ”
ബാക്കിയെല്ലാവരും ക്ലബ്ബില്‍ പോയി വാള് വെച്ചും വെക്കാതെയുമായി കിടന്നുറങ്ങി .

പിറ്റേന്ന് ആദ്യം തല പൊങ്ങി വീട്ടില്‍ പോയ വെപ്രാളം വിബീഷ് , വെപ്രാളം പിടിച്ചു തിരിച്ചോടി വന്നു. എല്ലാവരെയും വിളിച്ചു ആ കാര്യം പറഞ്ഞു .
“കുട്ടന്‍റെ കല്യാണം കഴിഞ്ഞു !! ”
ഭീകരന്റെ വായില്‍ നിന്ന് ഒന്നേ വരാന്‍ ഉണ്ടായിരുന്നുള്ളൂ
“സദ്യേ ബിരിയാണ്യാ ??”
എല്ലാവരും പോസ്റ്റടിച്ചു നിക്കണ കണ്ടപ്പോഴാണ് അവന്‍റെ കുഞ്ഞു കുഞ്ഞു ബോധം മെല്ലെ തെളിഞ്ഞത്
“ങേ !! ഇന്നലെ രാത്രി മുറി പൂട്ടാന്‍ പോയ ഓന്‍ എപ്പളാ കല്യാണം കഴിച്ചേ ? ”
വിഭീഷ് കാര്യം വിശദമാക്കി ,
“രാവിലെ കല്യാണ പെണ്ണിന്റെ വാതില്‍ തുറക്കണില്ല . എല്ലാവരും കൂടി വാതില് പൊളിച്ചു അകത്തു നോക്ക്യപ്പോ മുറീല് കല്യാണപെണ്ണും കുട്ടനും !! കുട്ടനെ ആദ്യം പൊട്ടിച്ചു , പിന്നെ കെട്ടിച്ചു “.
ഐഡിയ കൊടുത്ത പിപ്പിരിയെ പുഷ്പന്‍, ആറാം ബോളും സിക്സറടിച്ച യുവരാജിനെ സ്റ്റുവര്‍ട്ട് ബോര്‍ഡ് നോക്കിയ പോലെ നോക്കി, എന്നിട്ടൊരെയൊരു വാക്കും,
“മനപ്പൂര്‍വ്വാ ”

ഗുണപാഠം : ഒരു മുറി, രണ്ടു സൈഡില്‍ നിന്ന് പൂട്ടാം