എഞ്ചിനീയറിംഗ് കഴിഞ്ഞ് കോഴിക്കോട് ക്യാഡ്-ക്യാം-പ്രൈമവേറ കോഴ്സ് ചെയ്യുന്ന കാലം. രാവിലെ കുറ്റിപ്പുറത്ത് നിന്ന് കണ്ണൂർ പാസഞ്ചറിന് കേറും, വൈകുന്നേരം ഇന്റർസിറ്റിക്ക് മടങ്ങും. അതിനിടയിൽ പാരഗണും, റഹ്മത്തും, കലന്തനും, അമ്മ മെസ്സും, പിള്ളൈ സ്നാക്സും, സാഗറും, ടോപ്ഫോമും… ക്രൗണും, കോർണേഷനും, കൈരളിയും, അപ്സരയും…. പരമസുഖം.
നാട്ടിലെ ഫ്രണ്ട് സർക്കിളിൽ നിന്ന് എല്ലാവരെയും വെട്ടിച്ച് ആദ്യം കല്യാണം കഴിച്ചത് ഡോൾബി ഗിരീഷായിരുന്നു അതിലിപ്പോൾ ഡോൾബി ദുഃഖിക്കുന്നുണ്ടെങ്കിലും അന്ന് നല്ല സന്തോഷത്തിലായിരുന്നു. ആ സന്തോഷ നിമിഷങ്ങളുടെ ഇടയ്ക്കാണ് ഡോൾബി എനിക്കും അച്ചുവിനും അവന്റെ കൂടെ ഖത്തറിൽ ഉണ്ടായിരുന്ന ഒരു കോഴിക്കോട്ടുകാരൻ സ്റ്റജിലിനെ പരിചയപ്പെടുത്തുന്നത്.
“എന്താ ജോലി?”
“എനിക്കീ കടത്തിന്റെ പരിപാടിയാണ്”
വെറൈറ്റി.
ഞാനും അച്ചുവും തമ്മിൽ അടക്കിപ്പിടിച്ച് സംസാരിച്ചു,
“എന്ത് കടത്തായിരിക്കും?”
“സ്വർണ്ണമായിരിക്കും, അല്ലാതെ തോണിയും കൊണ്ടുള്ള കടത്ത് വള്ളം പരിപാടി ഒക്കെ എന്നേ അന്യം നിന്നതാണല്ലോ….”
“ശരിയാ.”
പുഷ്പ റൈസും റൂളുമൊന്നും അന്ന് റിലീസാവത്തത് കൊണ്ട് രക്തചന്ദന കടത്തൊന്നും ഞങ്ങൾ ചിന്തിച്ചതേയില്ല. ഡോളർ കടത്ത് ചർച്ചകൾ മാധ്യമങ്ങൾ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് അതും ആലോചിച്ചില്ല.
സ്വർണ്ണം തന്നെ, ഉറപ്പിച്ചു.
സ്റ്റജിലിന്റെ കയ്യിലുള്ള രണ്ട് മോതിരവും കഴുത്തിലെ രണ്ടുപവനും ഞങ്ങളുടെ നിഗമനം അരക്കിട്ടുറപ്പിച്ചു. കല്യാണത്തിരക്കിനിടയിൽ കൂടുത്തലങ്ങോട്ടു സംസാരിക്കാനൊന്നും പറ്റിയില്ലെങ്കിലും ഞങ്ങള് ഫ്രണ്ട്സ് എല്ലാവരും ഫോട്ടോ എടുക്കാൻ കേറിയപ്പോൾ ഫോണിൽ ഫോട്ടോ എടുത്ത് തന്നതൊക്കെ അയാളായിരുന്നു. എന്തൊരു എളിമയുള്ള കടത്തുകാരൻ
അന്ന് രാത്രിയുണ്ട്, ‘എടാ നീ നാളെ കോഴിക്കോട് പോവുന്നില്ലേ?’ എന്ന് ചോദിച്ചുകൊണ്ട് ഡോൾബിയുടെ ഫോൺ കോൾ. സ്റ്റജിൽ അവന്റെ ഒരു ബാഗ് ഡോൾബിയുടെ വീട്ടിൽ മറന്നുവെച്ചിരുന്നു. ഒരു ജോഡി ഡ്രസ് മാത്രമേയുള്ളൂ… പക്ഷേ കോഴിക്കോട് എത്തിക്കണം. രാവിലെ ഡോൾബിയുടെ വീട്ടിൽ പോയി ബാഗെടുത്ത് അത് കോഴിക്കോട് സ്റ്റജിലിനെ ഏൽപ്പിക്കാം എന്ന മിഷൻ ഞാൻ ഏറ്റെടുത്തു. ഉടനെ വന്നു സ്റ്റജിലിന്റെ ഫോൺ… അതൊരു തുടക്കമായിരുന്നു. ഞാൻ മറക്കാതിരിക്കാൻ പിന്നെ ആളുടെ വക ആ രാത്രിയും പിറ്റേന്ന് രാവിലെയുമൊക്കെയായി ഒരു ലോഡ് കോളുകൾ, റിമൈന്റർ മെസേജുകൾ.നമ്മളൊക്കെ സ്വർണ്ണം മറന്നു വെച്ചാൽ പോലും ഇങ്ങനെ കിടന്നു വിളിക്കില്ല.
രാവിലെ ഡോൾബിയുടെ അടുത്ത് നിന്നും ഞാൻ ആ ബാഗ് കൈപ്പറ്റി. ഡെല്ലിന്റെ ലാപ്ടോപ്പിന്റെ കൂടെ ഫ്രീ കിട്ടുന്ന ഒരു കറുത്ത ബാഗ്. വലിയ കനമൊന്നും ഇല്ല. ഉച്ചയ്ക്ക് ക്യാഡ് സെന്ററിൽ വന്ന് ബാഗ് വാങ്ങിച്ചോളാം എന്നായിരുന്നു സ്റ്റജിൽ പറഞ്ഞിരുന്നത്. മെസേജുകൾ വീണ്ടും വന്നു… സ്റ്റേഷൻ എത്തിയോ, ട്രെയിൻ വന്നോ, ബാഗ് മടിയിൽ തന്നെ ഇല്ലേ? സാധാരണ ഇങ്ങനെയുള്ള ഓവറാക്കൽ റിമെയ്ന്ററുകൾ വന്നാലേ ഉറപ്പാണ്, അത് കൊണ്ടുപോവുന്നവൻ എവിടെയെങ്കിലും ബാഗ് മറന്നുവെക്കുമെന്ന്… പക്ഷേ ഇവിടെ ഞാനായത് കൊണ്ട് സൂക്ഷിച്ച് കൊണ്ടുപോയി.
ലൈറ്റ് വിന്റസ്, സ്റ്റേബിൾ അറ്റ്മോസ്ഫിയർ… പിന്നാലെ രണ്ടാം റെയിൽവേ ഗെയിറ്റ് മുറിച്ചുകടക്കുന്ന ആൾക്കാരുടെ ക്ലിയറൻസും കൂടി കിട്ടിയപ്പോൾ തീവണ്ടി കോഴിക്കോട് റെയിൽവെസ്റ്റേഷൻ റൺവേയിൽ ലാന്റ് ചെയ്തു. ചെറിയ ബട്ടർ ലാന്റിങ്. എത്തിച്ചേർന്ന വിവരം സ്റ്റജിലിന് മെസേജ് അയച്ച് അറിയിപ്പിച്ചശേഷം, വണ്ടി നിർത്തിയ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ഞാൻ മേൽപ്പാലം മുറിച്ച് നടന്ന് ഒന്നിലെത്തി. ദേ, സൽക്കാര ഹോട്ടൽ എന്നെ നോക്കി എന്തോ പറയുന്നു.… Read the rest