എന്നെങ്കിലും ഒരു കഥയാവും എന്ന് കരുതി കാത്തിരിക്കുന്ന ഒരു കടലാസുകഷണം എന്നുമാ മേശപ്പുറത്ത് ഉണ്ടായിരുന്നു.അതിപ്പോള്‍ ചിരിക്കുന്നുണ്ടാവും, ഇന്ന് താനൊരു കഥയായി മാറും എന്നറിഞ്ഞിട്ട്. മുഴുമിപ്പിക്കാതെ വെച്ച ഒരു കഥയുണ്ട് ഇപ്പോഴതില്‍. ഒരേയൊരു വരി, അതിലുടക്കിയാണ് ഇന്നലെ രാത്രി ആ കഥ മുഴുമിപ്പിക്കാനാവാതെ മടക്കിവെച്ചത്. അതിനപ്പുറം കഥയാണ്, പക്ഷെ ആ വരി എത്ര ശ്രമിച്ചിട്ടും മുന്നില്‍ തെളിഞ്ഞില്ല
ഇനിയും പുലര്‍ന്നിട്ടില്ലാത്ത ആ രാത്രിയില്‍, മുറിയിലേക്ക് നടക്കുമ്പോള്‍ അയാള്‍ തിടുക്കപെടുന്നുണ്ടായിരുന്നു. ആ വരി കൂടി പെട്ടന്ന് എഴുതിച്ചേര്‍ക്കാന്‍ അയാളുടെ വിരലുകള്‍ വിറച്ചുകൊണ്ടിരുന്നു.
മുറിയിലെത്തിയയുടന്‍ ആ കടലാസുകഷണം എടുത്തുവെച്ച്, അയാള്‍ കസേരയില്‍ കിടന്നു. മനസ്സ് ഇനിയും പുറത്തേക്ക് തികട്ടിയിട്ടില്ലാത്ത ആ വരി ഓര്‍ത്തെടുക്കാന്‍ അയാള്‍ കണ്ണടച്ചു. പക്ഷെ മനസ്സ് അതു പറഞ്ഞു കൊടുത്തപ്പോഴേക്കും മൂന്നുമണിക്കൂറും, ഒരു പാക്കറ്റ് ‘ഗോള്‍ഡി’ന്റെ പുകയും ആ മുറിയില്‍ നിന്നും പുറത്തേക്ക് പോയികഴിഞ്ഞിരുന്നു.
ആ മുഖത്ത് ഒരു ചിരി തെളിഞ്ഞു. പതിയെ കണ്ണുകള്‍ തുറന്നു. അയാള്‍ ആ കടലാസു കഷണം കൈയ്യിലെടുത്തു. ഇല്ല പേന കാണുന്നില്ല !! സിരകളിലേക്കൊഴുകി വന്ന വാക്കുകള്‍ പൊടുന്നനെ നിലച്ചുപോയതു പോലെ തോന്നി അയാള്‍ക്ക് . ഒരാള്‍ക്ക് ജീവിക്കാനുള്ള വായു മാത്രം കഷ്ടിച്ചു കടന്നുവരുന്ന ആ ഒറ്റമുറിയില്‍, ഒരു ഷോട്ടിലൊതുങ്ങുന്ന അവിടുത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അയാള്‍ പരതി. ഒരു കഥയ്ക്കോ കഥാപാത്രതിണോ വേണ്ടിയല്ല, തന്‍റെ കയ്യിലുണ്ടായിരുന്ന ഒരു പേനയ്ക്കുവേണ്ടിയാണ് വിഭ്രാന്തി ബാധിച്ചവനെ പോലെ അയാള്‍ തിരഞ്ഞുകൊണ്ടിരുന്നത്.
അയാള്‍ക്കറിയാമായിരുന്നു ആ വരികള്‍ അയാള്‍ക്ക് വേണ്ടി കാത്തുനില്‍ക്കില്ലെന്ന്. കഴിവതുംവേഗം പകര്‍ത്തിയെഴുതണം, അല്ലെങ്കില്‍ ആ കഥ മുഴുവനായി തന്നെ തനിക്കു നഷ്ടപെട്ടേക്കാം.അയാള്‍ മുറിയിലെ ഓട്ടം നിര്‍ത്തിയ ക്ലോക്കിലേക്ക് നോക്കി,’രണ്ടു മണി’! എന്നിട്ട് ആ പേന തിരയാനായി അയാള്‍ പുറത്തേക്കോടി.വഴിയെവിടെയോ വീണുപോയതായിരിക്കും എന്ന് അയാള്‍ക്കുറപ്പായിരുന്നു.
ഇടവേളകള്‍ നല്‍കി പെയ്യുന്ന ഒരു മഴ അപ്പോഴും പുറത്തു ഒറ്റയ്ക്ക് ബാക്കിയുണ്ടായിരുന്നു. അയാളുടെ നടത്തത്തിന്റെ വേഗത കൂടിവന്നു. വലിയങ്ങാടി, ബോംബെ ഹോട്ടല്‍, ബീച്ച് റോഡ്, പിന്നെ പേരറിയാത്ത ഒരുപാട് ഊടുവഴികള്‍ ……വഴികള്‍ നടന്നു തീര്‍ത്തുകൊണ്ടിരിക്കുമ്പോഴും ആ പേന മാത്രം അയാളില്‍ നിന്നകന്നുനിന്നു, ഇന്നലെ ആ വരി ചെയ്തതു പോലെ .
അയാള്‍ വ്യക്തമായി കേട്ടു. പിറകില്‍ നിന്നൊരു സ്ത്രീ ശബ്ദം!
“പേനയല്ലേ വേണ്ടത് ?ഞാന്‍ തരാം.”
അയാള്‍ ഞെട്ടിതിരിഞ്ഞുനോക്കി. തൊട്ടടുത്ത് ഒരു സ്ത്രീരൂപം.
“ആരാ നീ …?”
“രണ്ടക്ഷരം.”
“വേശ്യ?”
“അല്ല. യക്ഷി!”
അതിനും രണ്ടക്ഷരംമാത്രം !! പക്ഷെ തനിക്കെന്തുകൊണ്ട് അതു ചോദിക്കാന്‍ തോന്നിയില്ല?? മനസ്സിന് സംശയം.
മുഖത്ത് നിഗൂഡതയൊളിപ്പിച്ച ഒരു ചിരിയുണ്ട്, ആഴമേറെയുള്ള കണ്ണുകളാണ്, ലഹരി സന്നിവേശിപ്പിച്ച ശരീരമാണ്. അയാള്‍ അവളുടെ അഴകളവുകള്‍ കണ്ണുകള്‍കൊണ്ട് തിട്ടപെടുത്തുകയായിരുന്നു.
തന്നില്‍ നിന്നും അവളിലേക്ക് പേരറിയാത്തൊരു ഊര്‍ജമൊഴുകുന്നതായി അയാളറിഞ്ഞു.
“എന്താ എന്നെയും വേണോ?”
ഒരു ചിരി മുഖവരയാക്കി അയാള്‍ മറുപടി പറഞ്ഞു, “ഞാന്‍ ഇതുവരെ നേടിയതൊക്കെയും ഐസിലിട്ട മീനുകളെ പോലുള്ള വേശ്യകളായിരുന്നെങ്കിലും, അവര്‍ക്കൊക്കെയും ചോരയും മാംസവും ഉണ്ടായിരുന്നു. അത് രണ്ടുമില്ലാത്ത ഒരു പെണ്ണിനെ എനിക്ക് വേണ്ട “.
“ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ പെണ്ണല്ല, യക്ഷിയാണെന്ന്.”
“പക്ഷെ നിന്നെ കാണുന്നത് വരെ എനിക്ക് രണ്ടും ഒന്നായിരുന്നു.”
പെണ്ണെക്ഷി ചിരിച്ചു. വശ്യത !!
“യക്ഷിയായ നീയെങ്ങനെ ഇവിടെ വന്നു ?”
“വഴിതെറ്റി വന്നതാണ്, വഴികാണിച്ചു തരാന്‍ ആരെങ്കിലും വരുമെന്ന് കരുതി കാത്തുനിന്നതാണ്. അപ്പോഴാണ് ഒരു പേന വീണുകിട്ടിയത്. പേന തരണമെങ്കില്‍ പക്ഷെ വഴി കാണിച്ചുതരണം.”
അയാള്‍ സമ്മതം മൂളി. പക്ഷെ എവിടേക്കാണെന്ന് ചോദിയ്ക്കാന്‍ അയാള്‍ മറന്നിരുന്നു.
യക്ഷി ആ പേന അയാള്‍ക്ക് നേരെ നീട്ടി. അതു വങ്ങുമ്പോള്‍ ആ പരുക്കന്‍ വിരലുകള്‍ വിറച്ചില്ല.
കടുംചോപ്പുള്ള അവളുടെ അധരങ്ങള്‍ വീണ്ടും ചലിച്ചു, “നടന്നോ നിന്റെ മുറിയിലേക്ക്, പക്ഷെ തിരിഞ്ഞുനോക്കരുത്.”
“അപ്പൊ നിനക്ക് വഴിയറിയേണ്ടേ?”
“വഴി…..നീയെനിക്ക് കാണിച്ചു തന്നു കഴിഞ്ഞു”
അയാള്‍ തിരിഞ്ഞു നടന്നു. പേന വീണു പോവാതിരിക്കാന്‍ അയാള്‍ മുറുകെ പിടിച്ചിരുന്നു.
പിറകില്‍ നിന്നും ഒരിക്കല്‍കൂടിയാ സ്ത്രീ ശബ്ദം, “ഇനി നിന്റെ കഥകളില്‍ എന്നുമീ യക്ഷിയുണ്ടാവും “.
അയാള്‍ തിരിഞ്ഞു നോക്കാതെ വാക്ക് പാലിച്ചു.