ധൃതിയിൽ മരിച്ചുപോകുന്ന ശീലമുണ്ടായിരുന്നു അവന്‍റെ വീട്ടിലെ പുരുഷന്മാർക്ക്. അവന്‍റെ അച്ഛനും, അച്ഛച്ഛനും വയസ്സ് നാൽപ്പതാവാൻ കാത്തുനിന്നിട്ടില്ല. വല്യച്ഛനും രണ്ടു മക്കളും അവരേക്കാൾ ധൃതി കാണിച്ച് മുപ്പത്തിൽ തന്നെ ഭൂമി വിട്ടു. തലനരച്ച ഒരു പുരുഷന്‍റെയും ഫോട്ടോയോ, ഓർമ്മകളോ ആ വീട്ടിലില്ല…. പടിഞ്ഞാറോട്ട് ദർശനമുള്ള ശിവക്ഷേത്രത്തിന് എതിരെയായി നിൽക്കുന്ന ആ വീടിനാണ് പ്രശ്നമെന്നാണ് കവടി ഗണിച്ചവരെല്ലാം പറഞ്ഞത്. ശരിയായിരിക്കണം, ചെറുപ്പത്തിൽ തന്നെ നാടുവിട്ടുപോയ അവന്‍റെ അച്ഛന്‍റെ വല്യമ്മാമ അറുപത്തിയഞ്ചു വയസ്സുവരെ ബോംബെയിൽ ജീവിച്ചിട്ടുണ്ട്. ഒടുവിൽ ഭാഗം ചോദിക്കാനായി നാട്ടിൽ വന്നപ്പോൾ, വീതിച്ചുകിട്ടണം എന്നാഗ്രഹിച്ചിരുന്ന കുളത്തിലേക്ക് വീണാണ് വല്യമ്മാമ എണ്ണം കൊടുത്തത്. 

പതിനെട്ട് കഴിഞ്ഞതോടെ സ്വാഭാവികമായും അവന്‍റെ ചിന്തകളിലേക്ക് ഓലക്കീറും വെള്ളത്തുണിയുമെത്തി. ഐവർമഠത്തിന്‍റെ വണ്ടി സ്വപ്നങ്ങളില്‍ മുറ്റത്ത് വന്നുനിന്ന് വിറകും ഗ്യാസ് കുറ്റിയും ബ്ലോവറും ഇറക്കുന്നതും  കാണാൻ തുടങ്ങി, അമ്പിളികുന്നത്തെ കാലൻ കോഴിയുടെ ഓരോ കൂവലിലും ബന്ധുക്കളും നാട്ടുകാരും അവനെ വെറുതെയോർക്കാൻ തുടങ്ങി. പതിയെ, ജീവിച്ചിരിക്കുന്നത് മരിക്കാതിരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിത്തുടങ്ങി. കാലൻ കുരുത്തക്കേട് കാണിക്കുമെന്നു കരുതി ആരും കടം തരുന്നില്ല,  കൂടെ നടക്കുന്നില്ല, കൂട്ടുകാർ അവരുടെ ബൈക്കിൽ പോലും കയറ്റുന്നില്ല. തിടുക്കത്തിൽ വിധവയാവാൻ വലിയ താല്പര്യമില്ലാത്തതുകൊണ്ട് ഇഷ്ടം തോന്നിയ പെണ്‍കുട്ടികളും അടുക്കുന്നില്ല. അവൻ  വീടിന് തീയിടണോ, അതോ നിരീശ്വരവാദി ആവണോ എന്ന ചിന്തകളിലേക്ക് കടന്നു.

‘നാടുവിടടാ!’ ഒരു ദിവസം കുളത്തിൽ മുങ്ങാൻകുഴി ഇടുമ്പോൾ വെള്ളത്തിനടിയിൽ വെച്ച് വല്യമ്മമായുടെ ശബ്ദം കേട്ടു. കരയിലേക്ക് കയറി തോർത്തും മുൻപ് അവൻ ചേക്കേറാൻ പറ്റിയ നാടും നഗരങ്ങളും ആലോചിച്ചെടുക്കാന്‍ തുടങ്ങി. ബോംബെയിൽ വല്യമ്മാമ കഴിച്ച രണ്ടു കല്യാണങ്ങളിലെ സന്തതി പരമ്പരകൾ മുന്നിലുണ്ട്. അതിലും വടക്ക് ഹരിയാനയിൽ അരി കച്ചവടം നടത്തുന്ന ഭാസിയേട്ടനുണ്ട്, സിക്കിം പോലീസിൽ അയൽവാസി കുഞ്ഞിക്കണ്ണനുണ്ട്. മുന്നിൽ വഴികൾ കൂടിയാലും പ്രശ്നമാണ്. രണ്ടര ദിവസങ്ങൾ നീണ്ട ആലോചനകൾക്കൊടുവിൽ അതേ കുളക്കരയിൽ ചെന്നിരുന്ന് മൂന്ന് കല്ലെടുത്ത് നീട്ടിയെറിഞ്ഞപ്പോൾ തലയ്ക്കകത്ത് ഓളം വെട്ടി. ‘വല്യമ്മമായുടെ വഴിയേ പോവാം… ‘ പക്ഷെ വീടിരിക്കുന്നിടത്തുനിന്ന് അമ്പത് കിലോമീറ്ററിനപ്പുറം താനിതേവരെ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടില്ലല്ലോ എന്നോർത്തപ്പോൾ അതേ ഓളം പരിഭ്രമത്തിന്‍റെ ചുഴിയായി, ബേജാറിന്‍റെ തിരയായി.  

ആ സമയത്താണ് കേളാഗൂറിലേക്ക് ഒരു  ചായകുടിക്കാൻ പോയ ചേക്കുട്ടി നാട്ടിലേക്ക് തിരിച്ചുവരുന്നത്. സഞ്ചാരത്തിന്‍റെ കാര്യത്തിൽ പേരില്ലൂരിന്‍റെ സന്തോഷ് ജോർജ് കുളങ്ങരയായിരുന്നു ചേക്കുട്ടി. ചേക്കുട്ടി പോവാത്ത നാടുകളില്ല, കാണാത്ത മനുഷ്യന്മാരില്ല…. ലോകം മൊത്തം സഞ്ചരിക്കാനുള്ള സീസൺ ടിക്കറ്റ് കിട്ടിയ ഒരു മനുഷ്യൻ. എത്ര കറങ്ങിതിരിഞ്ഞാലും രണ്ടു മാസത്തിലൊരിക്കൽ ചേക്കുട്ടി തിരിച്ച് നാട്ടിലെത്തും. “ഉമ്മയോളം വലിയൊരു നാടില്ല” ചേക്കുട്ടി കാരണം പറയും. അർത്ഥം മനസ്സിലായില്ലെങ്കിലും കേട്ടവർ തലയാട്ടിക്കൊടുക്കാറുണ്ടായിരുന്നു. 

പേരറിയാത്ത ഊരുകളുടെ മണങ്ങൾ കൊണ്ട് പേരില്ലൂരിൽ വന്നിറങ്ങുന്ന ചേക്കുട്ടി ആദ്യം തന്‍റെ ട്രങ്ക് പെട്ടി നിലത്തുവെച്ച് മണ്ണിൽ ഒന്നുമ്മ വെക്കും. പിന്നെ തലചെരിച്ച് അതേ മണ്ണിന്‍റെ ചെവിയിൽ പറയും, “ചേക്കുട്ടി ഇങ്ങെത്തി!”പിന്നെ വീടെത്താനുള്ള ധൃതിയാണ് ചേക്കുട്ടി മൂപ്പരുടെ കാലുകൾക്ക്. പടി കടന്നുചെല്ലുന്ന ചേക്കുട്ടി, ആദ്യമായി കാണുന്ന ഒരു മലയെപോലെ സ്വന്തം വീടിനെ നോക്കി കുറേനേരം നിൽക്കുന്നത് കാണാം… നൊസ്സിറങ്ങിപോവുന്നത് അപ്പോഴാണത്രേ! നൊസ്സില്ലാത്ത ചേക്കുട്ടിയെ മാത്രമേ ഉമ്മ വീട്ടിൽ കയറ്റിയിരുന്നുള്ളൂ… വരവറിയിച്ചുകൊണ്ട് തലയ്ക്കകത്തെ മരപ്പൊത്തിൽ നിന്നും ഒരു വണ്ട് മൂളാൻ തുടങ്ങുമ്പോൾ ചേക്കുട്ടി പെട്ടിയുമെടുത്ത് ഇറങ്ങുകയും ചെയ്യും.

പാതി കറുപ്പും പകുതി വെളുപ്പും നിറമുള്ള ചുവരുള്ള മുറിയിലേക്ക്, ഏത് താക്കോലിട്ടു തിരിച്ചാലും തുറക്കുന്ന തന്‍റെ ട്രങ്ക് പെട്ടി തുറന്ന് ചേക്കുട്ടി എന്തോ എടുത്തുവെക്കുമ്പോഴാണ് അവൻ കേറി ചെന്നത്. അയാൾ അതവന് കാണിച്ചുകൊടുത്തു, ഒരു വെളുത്ത കല്ലുവെച്ച മൂക്കുത്തി. “അതാണ് ശ്രീദേവി”. ചേക്കുട്ടി പറഞ്ഞു, അവനെ നോക്കി ശ്രീദേവി ചിരിച്ചു. മുറിയിലപ്പോൾ തേയില വാസനിക്കുന്നുണ്ടായിരുന്നു.

പോയ ഓരോ നാട്ടിൽ നിന്നും ചേക്കുട്ടി ഇങ്ങനെ ഒരോ ഓർമ്മ കൊണ്ടുവന്നിട്ടുണ്ടാവും. കശ്മീരിലെ തണുത്ത കൂരിരുട്ടിൽ ഒരു നാണക്കാരി പുതയ്ക്കാൻ കൊടുത്ത കോട്ടൻഷാൾ. ധനുഷ്കോടിയിൽ വെച്ച് കൈവെള്ളയിൽ തടഞ്ഞ ഹനുമാന്‍റെ കീ ചെയിൻ (ഹനുമാൻ ഉപയോഗിച്ചിരുന്നതല്ല), ബാഗാ അതിർത്തിയിൽ നിൽക്കുമ്പോൾ പാകിസ്ഥാനിൽ നിന്നും കാറ്റത്ത് പാറി വന്ന ഒരു വെള്ളത്തുണി (പുള്ളിയുള്ളത്). അങ്ങനെ താന്താങ്ങളുടെ ജീവചരിത്രമുള്ള കുറെ ജീവനില്ലാ വസ്തുക്കൾ. ‘ചേക്കുട്ടി മ്യൂസിയം’ എന്നാണ് ആ മുറിയെ നാട്ടുകാർ വിളിച്ചുപോന്നിരുന്നത്. പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടില്ലാത്തതുകൊണ്ട് ആർക്കും അവിടെ ടിക്കറ്റില്ലാതെ പ്രവേശിക്കാമായിരുന്നു..

ശ്രീദേവിയെ തിരിച്ചേൽപ്പിച്ച് അവൻ ചേക്കുട്ടിയോട് തന്‍റെ ആഗ്രഹം പറഞ്ഞു, ‘എനിക്ക് പൂനെ കാണണം’. എന്നെന്നേക്കുമായി നാടുവിടുകയാണെന്ന ലക്ഷ്യം അവൻ ചേക്കുട്ടിയിൽ നിന്ന് മറച്ചു. പൂനെയിലെത്തി ‘ചേക്കുട്ടിയുടെ കണ്ണുവെട്ടിച്ച് ആൾക്കൂട്ടങ്ങളുടെ മേഘങ്ങളിലേക്ക് ഒരപ്പൂപ്പൻതാടിയെപോലെ ചേരാനായിരുന്നു അവന്‍റെ ഉദ്ദേശ്യം, ശേഷം തീവണ്ടിയിലോ ബസ്സിലോ ആയി വല്യമ്മാമയുടെ ബോംബെ! അന്വേഷിച്ച് പുറപ്പെടുന്നവരുടെ വഴി തെറ്റിക്കലായിരുന്നു അവന്‍റെ പരമമായ ലക്‌ഷ്യം. പക്ഷെ വല്യമ്മമായുടെ രണ്ടു ഭാര്യ വീട്ടിലും പോവാതെ ആ നഗരത്തിന്‍റെ ഭാഗമാവണം.. അറുപ്പത്തിയഞ്ചു വയസ്സുവരെ വലിയമ്മമായെ പൊതിഞ്ഞു സംരക്ഷിച്ച ആ നഗരത്തെ അവൻ വിശ്വാസത്തിലെടുത്തിരുന്നു.

അവൻ പറഞ്ഞത് കേട്ടയുടൻ ചേക്കുട്ടി അടുത്തുവന്ന് കെട്ടിപ്പിടിച്ചു സന്തോഷത്തോടെ പിടിച്ച് കുലുക്കി.“ഇന്നാട്ടിൽ ആദ്യമായിട്ടാണ് ഒരാൾ എന്‍റെ കൂടെ യാത്ര വരണമെന്ന് പറയുന്നത്, ഞാൻ കൊണ്ടുപോവാടാ…”. ആ ആഹ്ളാദത്തിലവൻ വള്ളിക്കാവില് ചേക്കുട്ടിയുടെ പേരില്‍ കഠിനപായസവും രക്തപുഷ്പാഞ്ജലിയും നേർന്നു. യാത്ര വളരെ രഹസ്യമായിരിക്കണം എന്നാണ് അവൻ ചേക്കുട്ടിയുടെ അടുത്ത് വെച്ച ഒരേയൊരു നിബന്ധന. ചേക്കുട്ടി തിരിച്ചൊന്നും വെച്ചതുമില്ല. “പോവാൻ നേരമാവുമ്പോൾ ഞാൻ പറയാം…”

അസാധാരണമാംവിധം ഇഴഞ്ഞു നീങ്ങിയ ഒരു മാസം… തേങ്ങയും അടക്കയും പതിവില്ലാത്ത രീതിയിൽ കുറഞ്ഞത് കണ്ട് അവന്‍റെ അമ്മയ്ക്കും അമ്മമ്മയ്ക്കും സംശയം തോന്നിയില്ല. പാറയിലെ പറമ്പിലുണ്ടായിരുന്ന രണ്ടു ചന്ദനമരങ്ങൾ അപ്രത്യക്ഷമായതും അവരറിഞ്ഞില്ല. കാരണവന്മാര്‍ നട്ട കായ്‌ഫലങ്ങൾ അവന്‍റെ  യാത്രാ ഫണ്ട്  നിറയ്ക്കുകയായിരുന്നു…ചേക്കുട്ടിയ്ക്ക് അടുത്ത നൊസ്സ് വരാൻ അവൻ കാത്തിരുന്നു…

കല്യാണിക്കാവ് വേലയുടെ അന്ന്, ഇരട്ടക്കുളത്തിന് അടുത്തുള്ള പാടത്ത്‌ വെടിക്കെട്ട് കാണാൻ നിൽക്കുമ്പോൾ അവനെ തേടി പിന്നിലെ തെങ്ങിൻതോപ്പിലെ ഇരുട്ടില്‍ നിന്നൊരു വിളിയെത്തി, “ആകാശേ…” ആദ്യത്തെ കുഴിമിന്നിയില്‍ അവന്‍ ശബ്ദത്തെ കണ്ടു, ചേക്കുട്ടിയാണ്.“ഇപ്പൊ ഇറങ്ങണം, പതിനൊന്നരയ്ക്കാണ് തീവണ്ടി”. അപ്രതീക്ഷിതം! വെടിക്കെട്ടും ദീപാരാധനയും പാടവും കുളവും  കുന്നത്തെ വൈകുന്നേരങ്ങളും മില്ലുംപറമ്പിലെ വോളിബോൾ കളിയും താനിവിടെ ഉപേക്ഷിക്കുകയാണെന്നോർത്തപ്പോൾ അവന് സങ്കടമുണ്ടായി. പക്ഷെ ഭൂമി ഉപേക്ഷിച്ചു പോവുന്നതിനെക്കാള്‍ വലുതല്ലല്ലോ നാടുപേക്ഷിക്കുന്നത്. ചേക്കുട്ടി തന്‍റെ ട്രങ്ക് പെട്ടി നിറച്ചാണ് മുന്നില്‍ വന്നു നില്‍ക്കുന്നത്. നാട്ടുകൂട്ടം കമ്മിറ്റിയുടെ കരിമരുന്ന് പ്രയോഗം ആകാശത്ത് ചന്തം ചാര്‍ത്തുമ്പോള്‍ അവന്‍ തിരിഞ്ഞുപോലും നോക്കാതെ വീട്ടിലേക്ക് നടക്കുകയായിരുന്നു.  

നാടുവിടലിന്‍റെയും ആത്മഹത്യയുടെയും തൊട്ടുമുമ്പിലെ നിമിഷങ്ങൾക്ക് ഒരേ ഛായയാണെന്ന് തോന്നി അവന്. അത് അതിജീവിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും ചേക്കുട്ടി വീണ്ടും വീണ്ടും നാട്ടിലേക്ക് തിരിച്ചു വരുന്നത്. ചേക്കുട്ടിയെ പുറത്ത് കാത്തുനിര്‍ത്തി ബാഗും കാശുമെടുത്ത് അവന്‍ വീട്ടിൽനിന്നും വേഗത്തിലിറങ്ങി. ആറര അക്ഷരതെറ്റുകളുള്ള ഒരു യാത്രപറച്ചില്‍ കുറിപ്പ് അവന്‍ ചേക്കുട്ടി കാണാതെ ഉമ്മറത്ത് വെച്ച് ഇറങ്ങി…    ഇനിയൊരു മടക്കം ഉണ്ടാവുമോന്ന് ഉറപ്പില്ലാത്ത യാത്ര…. ദൂരെ, കല്യാണിക്കാവിലെ അവസാനത്തെ കുഴിമിന്നി അവനെ നോക്കി പൊട്ടി.

കുറ്റിപ്പുറത്തെ സ്റ്റേഷനിൽ അവൻ ആദ്യമായിട്ടായിരുന്നു. പട്ടരുടെ ഹോട്ടലില്‍ ചായകുടിക്കാന്‍ കയറിയപ്പോള്‍ ചേക്കുട്ടി അവിടെനിന്നൊരു ഒരു ഗ്ലാസ് എടുത്ത് പോക്കറ്റിലിടുന്നത് അവന്‍ ശ്രദ്ധിച്ചു.“എത്ര നാളാന്നെന്ന് വെച്ചാ പോകുന്ന തീവണ്ടികളെയും കണ്ട് ഇവനിങ്ങനെ ഈ സ്റ്റേഷനില്‍ ഇരിക്കുക. അവനും കാണട്ടെ ലോകം.” ചേക്കുട്ടി പലരെയും ഇങ്ങനെ നാട് കാണിക്കാറുണ്ടെന്നു അവനു മനസ്സിലായി. പണ്ടൊരിക്കല്‍ ചേക്കുട്ടി യാത്രയ്ക്ക് പോയ ഒരു ദിവസം തന്നെ ‘തന്‍റെ പൂച്ചയെ കാണാനില്ല’ എന്ന് കാര്‍ത്യായിനി പരാതി പറഞ്ഞത് അവനോര്‍ത്തു. ‘പുണ്യം ചെയ്ത പൂച്ച’! അതേ നിമിഷത്ത് ആ പൂച്ചക്കുട്ടി  വിജയവാഡയിലെ ഒരു ചേരിയിൽ, പുളിഹോര കഴിച്ച് മടുത്ത് കാര്‍ത്യായിനിയുടെ പഴങ്കഞ്ഞിയും സ്വപ്നം കണ്ടു താടിക്ക് കയ്യുംവെച്ച് കിടക്കുകയായിരുന്നു. പൂച്ചക്കുഞ്ഞിനെയോ ചായഗ്ലാസ്സിനെയോ പോലെയല്ല ഞാൻ, സ്വമനസ്സാലെ ചേക്കുട്ടിക്ക് ഒപ്പം ഇറങ്ങി തിരിച്ചതാണ്, എങ്കിലും, ആരെങ്കിലും തങ്ങളെ കണ്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്ക് മടങ്ങിയെത്തുന്ന ചേക്കുട്ടിയ്ക്കെതിരെ ഒരു പോലീസ് കേസ് വരാൻ സാധ്യതയുണ്ട്. സിന്ധു വല്യമ്മ എന്തായാലും പോയി സ്റ്റേഷനിൽ പരാതി കൊടുക്കുമെന്ന് ഉറപ്പാണ്. ചേക്കുട്ടിയോട് ചെയ്യുന്ന വഞ്ചനയ്ക്കുള്ള മാപ്പ് അവൻ അപ്പഴേ മനസ്സിൽ പറഞ്ഞുവെച്ചു.

അവന്‍റെ പോയ കാലങ്ങളുടെ നിറം പോലെ കറുത്തിരുണ്ട് നിന്നിരുന്ന  പാളത്തിലേക്ക് ഒരു പ്രകാശത്തോടെ പൂർണ്ണ എക്സ്പ്രസ് വന്നുനിന്നു. ഈ വണ്ടിയിൽ അവനെപോലെ നാടുവിടുന്നവര്‍ എത്രപേര്‍ കാണുമായിരിക്കും? വിശ്വാസങ്ങളുടെയും അനുഭവങ്ങളുടെയും കനം കൊണ്ട് നാടുപേക്ഷിക്കുന്ന താൻ മാത്രമേ കാണൂ. കെട്ടുപൊട്ടി ചിതറുന്ന അലസചിന്തകളുടെ മനോഗർത്തങ്ങൾ. അവനതിൽ ദിശാസൂചി ഇല്ലാതെ അലഞ്ഞുകൊണ്ടിരിക്കെ തീവണ്ടി ചൂളം വിളിച്ചതായി അഭിനയിച്ച് പതിയെ നീങ്ങി തുടങ്ങി.  നാട് കൊളുത്തി വലിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അവന്‍ കണ്ണടച്ച് ഇരുന്നു. ചെമ്പിക്കല്‍ എത്തും വരെ കൈവീശി യാത്രപറഞ്ഞുകൊണ്ട് പാളത്തിനൊപ്പമൊഴുകുന്ന ഭാരതപുഴയും, ചെല്ലൂര്‍ കുന്നും, തിരുനാവായയിലെ താമരപ്പാടങ്ങളും കഴിഞ്ഞ് തീവണ്ടി,  തിരൂരിന്‍റെ വെറ്റില മണക്കുന്ന പ്ലാറ്റ് ഫോമില്‍ തൊട്ടപ്പോള്‍  മാത്രമേ അവന്‍ കണ്ണ് തുറന്നുള്ളൂ… അരികിലൂടെ ഓടിവന്നൊരു ചായക്കാരനിൽ നിന്ന് കാപ്പി വാങ്ങികുടിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരാശ്വാസം. ഒന്നരകപ്പ് കാപ്പിയ്‌ക്ക്‌ ശേഷം പിന്നെ പുതിയ കാഴ്ചകള്‍ കാണാന്‍ മനസ്സ് പാകപ്പെട്ട ഒരു യാത്രികനായി മാറി അവന്‍.  

മുറിച്ച് കടക്കുന്ന ഓരോ സ്റ്റേഷനുകളും, ഓരോ പാലങ്ങളും മരണത്തിൽ നിന്നും ജീവിതത്തിലേക്കവനെ മടക്കികൊണ്ടുപോവുകയാണ്‌… തറവാട്ടിലെ അവനറിയാവുന്ന ജീവിച്ചിരുന്നവരെയും ജീവിച്ചിരിക്കുന്നവരെയും അവൻ ഓരോന്നായി ഓർത്തു. ശാപമേൽക്കുമെന്ന് ഭയന്ന് സിന്ധു വല്യമ്മയെ കല്യാണം കഴിക്കാൻ മടിച്ച് ജീവിക്കുന്ന ശക്തനെന്ന പോലീസുകാരനെയും ഓർത്തു. എല്ലാവരുമിപ്പോൾ തന്നെക്കുറിച്ചുള്ള ചർച്ചകളിലായിരിക്കും, ഇഹലോകത്തും പരലോകത്തും.

ഭട്കൽ കഴിഞ്ഞ് ഇന്ത്യൻ റയിൽവേക്കു പോലുമറിയാത്ത ഏതോ സ്റ്റോപ്പില്ലാത്ത ഒരു സ്റ്റേഷനിൽ തീവണ്ടി പിടിച്ചിട്ടപ്പോൾ, ‘ഇവിടെ നല്ല വട പാവ് കിട്ടും’ എന്ന് പറഞ്ഞ് ചേക്കുട്ടി അവനെയും കൂട്ടി ഇറങ്ങി. നടന്ന് വടാപ്പാവ് കടയുടെ മുന്നിൽ എത്തിയപ്പോഴേക്കും തീവണ്ടി ചൂളം വിളിച്ചു. തിരിഞ്ഞോടാൻ നിന്ന അവനെ ചേക്കുട്ടി തടഞ്ഞു, “നമുക്ക് അടുത്ത ട്രെയിനിന് പോവാം”ചേക്കുട്ടി പറഞ്ഞത് ശരിയായിരുന്നു, നല്ല അസ്സല് വടാപാവ്. പക്ഷെ അടുത്ത ട്രെയിൻ പിറ്റേന്ന് ഉച്ചക്കായിരുന്നു!! 

ആ രണ്ട് പേരില്ലൂരുകാരും അന്ന് റയിൽവേ സ്റ്റേഷനിൽ തന്നെ കിടന്നു, അന്നാട്ടിൽ വേറെ ഹോട്ടൽ ഇല്ലായിരുന്നുകൊണ്ട് സംഭവം കുശാലായിരുന്നു, ഉച്ചയ്ക്ക് വടാ പാവ്, രാത്രി വടാപാവ്, പിറ്റേന്ന് രാവിലെ പ്രാതൽ വടാപാവ്, ഉച്ചയ്ക്ക് പിന്നേം വടാപാവ്… ഉച്ചതിരിഞ്ഞ്, ആരുടെയോ സുകൃതം കൊണ്ടു നിർത്തിയൊരു ട്രെയിനിയിൽ കയറി സീറ്റ്‌ പിടിച്ച്, കനത്തില്‍ ഒരു ദീര്‍ഘനിശ്വാസം അവനോട് ചേക്കുട്ടി ചോദിച്ചു, “വടാപാവ് ഇഷ്ടപ്പെട്ടോ?” അവൻ തല വല്ലാണ്ട് ആട്ടിയില്ല…. ട്രെയിൻ നീങ്ങി തുടങ്ങിയിട്ടേയുള്ളൂ, ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാ തന്നെയും വിളിച്ചുകൊണ്ടു വീണ്ടും പുറത്തിറങ്ങാൻ സമയമുണ്ട്…

തീവണ്ടി ജനാലയ്ക്കപ്പുറത്തെ മാറികൊണ്ടിരുന്ന മണങ്ങളുടെയും നിറങ്ങളുടെയും മുഖങ്ങളുടെയും ഒഴുക്കിനിടയിലെപ്പോഴോ ചേക്കുട്ടിയെ നോക്കിയപ്പോള്‍, അയാള്‍ അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നതാണ് അവൻ കാണുന്നത്.  “നീ ഇനി നാട്ടിലേക്ക് തിരിച്ച് ഇല്ല അല്ലേ?” ചേക്കുട്ടിയുടെ മുഖത്ത് നിഗൂഢതയുടെ പേശികള്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നു അവനാദ്യമായി അറിഞ്ഞു. ആരോടും പുറത്ത് പറഞ്ഞിട്ടില്ലാത്ത രഹസ്യമെങ്ങനെ അയാൾ കണ്ടുപിടിച്ചെന്ന് ആശ്ചര്യപ്പെട്ടിരിക്കവേ ചേക്കുട്ടി തന്നെ വെളിപ്പെടുത്തി, “തോനെ യാത്ര ചെയ്ത് അനുഭവങ്ങളുള്ളവർക്ക്, യാത്രയ്ക്ക് പുറപ്പെട്ട ഒരുത്തന്‍റെ മുഖത്തേക്ക് നോക്കിയാലറിയാൻ കഴിയും, അവന്‍റെ യാത്ര എന്തിനാണെന്ന്”. അവൻ പതറി. “ആ മലയിൽ നിന്ന് ഈ തീവണ്ടി പോവുന്നത് കാണാൻ നല്ല രസമുണ്ടാവുമല്ലേ?”. വിഷയം മാറ്റാൻ വേണ്ടി തൊട്ടടുത്ത ഒരു മലയിലേക്ക് നോക്കി അവൻ പറഞ്ഞു.   “ന്നാ വാ… പോയിട്ട് കാണാം…” എന്ന് പറഞ്ഞു ചേക്കുട്ടി ചങ്ങല വലിച്ച് തീവണ്ടി നിർത്തി അവനെയും വലിച്ച് ഇറങ്ങി! അടുത്ത വിഭ്രമം!!കോഴിക്കോട് ക്രൗണിൽ നിന്ന് അവതാർ കണ്ടപ്പോ പോലും ഇങ്ങനെയൊരു മായലോകത്ത് പോയ അനുഭവമുണ്ടായിട്ടില്ല. പറഞ്ഞു മാത്രം കേട്ടിട്ടുള്ള ചേക്കുട്ടിയുടെ നൊസ്സ് അവൻ അറിഞ്ഞനുഭവിച്ചു തുടങ്ങുകയായിരുന്നു….

 

Part 02 : http://deepu.me/2024/07/13/purappettupoya_thari_02/