ഒരപകടം പറ്റിയതോര്‍മ്മയുണ്ട്, കിടക്കുന്നതൊരാശുപത്രിയിലാണെന്ന തിരിച്ചറിവുമുണ്ട്. എല്ലാ മുറിവുകളും അവസാനിക്കുന്നതവിടെയാണല്ലോ…….കുറെ തുന്നികെട്ടലുകളുമായി ജീവിതത്തിലേക്ക്, അല്ലെങ്കില്‍ മണ്ണിലേക്ക്.
അതിനപ്പുറം ഒന്നുമറിയില്ല, ഞാന്‍ മരിച്ചോ എന്നുപോലും ഉറപ്പിക്കാനാവാത്ത അവസ്ഥ.ഒരു മൃതിഗന്ധം ചുറ്റും പരന്നിട്ടുള്ളത് എനിക്ക് ശ്വസിക്കാം .
“പേരെന്താ ?”
വിരിഞ്ഞ തെങ്ങിന്‍ പൂങ്കുലയുടെ നിറമുള്ള ഒരു പെണ്‍കുട്ടി, അല്ല ആ ഡോക്ടര്‍ ചോദിച്ചു.
പെരവള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നാഗ്രഹമുണ്ട്, പക്ഷെ ഓര്‍ത്തെടുക്കാനാവുന്നില്ല.
എന്‍റെ പേര്, എന്‍റെ ഉള്ളിലെ ആഴങ്ങളിലെവിടെയോയാണ്
ആ ചോദ്യത്തിനോട്, അതിന്റെ മുഴക്കത്തോട് അടിയറവു പറഞ്ഞ്, നിസ്സംഗമായും നിര്‍വ്വികാരമായും ഞാന്‍ കിടന്നു.
ഉമിനീരുവറ്റിയ എന്‍റെ വായ ഉത്തരമേകാത്തതുകൊണ്ട് അവള്‍ ആ മുറിയില്‍ നിന്ന് മായുന്നത്, കണ്ണുകളെനിക്ക് കാണിച്ചുതന്നു.
ഞാനോലോചിച്ചു, ‘എന്‍റെ മനസ്സിന് മറവിയേറ്റിരിക്കുന്നുവോ?’. അതറിയാന്‍ വേണ്ടി ഭൂതകാലം എന്നിലവശേഷിപ്പിച്ച ഓര്‍മ്മകളോ , അട്ടിമറിക്കപെട്ട എന്‍റെ സ്വപ്നങ്ങളോ എനിക്ക് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷെ ഞാന്‍ ചെയ്തത് വേറൊന്നാണ് .
പലപ്പോഴായി ഞാനെഴുതി വെച്ച ഓരോ വരികളും ഞാന്‍ ഉരുവിടാന്‍ തുടങ്ങി. സാധ്യമാകുന്നുണ്ട് എനിക്ക് !!
വരികളോരോന്നും മുഴുവനാക്കാനും, അതടുക്കിവെച്ച് ആ കഥയുടെ അന്ത്യത്തിലേക്കെത്തിക്കാനും കഴിയുന്നുണ്ട് !
ഓരോ കഥയും ഓര്‍ത്തെടുക്കുമ്പോള്‍ എനിക്കൊന്നും പറ്റിയിട്ടില്ല എന്ന തോന്നല്‍ ശക്തമായികൊണ്ടിരിന്നു.
ആദ്യം പ്രണയമായിരുന്ന കഥകള്‍, പിന്നെ ഉന്മാദം മുറ്റി നിന്നിരുന്ന ചിന്തകളിലൂടെ മരണത്തെ പറഞ്ഞ കഥകള്‍, പിന്നീടെപ്പോഴോ ദിശയും, സത്തയും മാറ്റി, വായനകളെ ചിരിപ്പിക്കാന്‍ എഴുതിയ കഥകള്‍. ……ഒന്നൊഴിയാതെ ഞാന്‍ പറഞ്ഞു തീര്‍ത്തു. എനിക്ക് ചിരിയുണ്ടായി .
ആ ചിരികേട്ട് വേറൊരു ചിരിയുണര്‍ന്നു, എന്‍റെതല്ലാത്തൊരു ചിരി ആ മുറിയിലുണ്ടായിരുന്നു. അത് ആ പെണ്‍കുട്ടിയാണ്.
ഞാന്‍ ഞെട്ടി! അവള്‍ ആ മുറിവിട്ടു പോകുന്നത് ഞാന്‍ കണ്ടതാണ് . എന്‍റെ കണ്ണുകള്‍ എന്നോടാദ്യമായി നുണപറഞ്ഞിരിക്കുന്നു!!
“നിന്‍റെ പേരെനിക്കറിയാം ”
അവളതു പറഞ്ഞപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത്. ഞാനെഴുതിയ കഥകള്‍ മാത്രമാണ് എനിക്ക് ഓര്‍ത്തെടുക്കാനായത്. അതുവെച്ചാണ് ഞാന്‍ അഹങ്കരിച്ചത്, എന്‍റെ ഓര്‍മ്മ നഷ്ടപെട്ടിട്ടില്ലെന്ന്‍… പക്ഷെ ഈ നിമിഷംവരേയും എനിക്കെന്‍റെ പേരോര്‍ത്തെടുക്കാനായിട്ടില്ല. എനിക്കെന്‍റെ പേരറിയണം, ഞാന്‍ ചോദിച്ചു ,
“എന്താ ?”
“നുണയന്‍ !”
അവള്‍ വീണ്ടും പറഞ്ഞു ,
“നുണയനാണ് നീ. കഥയെഴുതുന്നവരെല്ലാം നുണയന്മാരാണ്, എല്ലാ കഥകളും നുണകളാണ് ”
അവള്‍ ആ മുറിയില്‍ നിന്ന്‍ വീണ്ടും മായുന്നത് കണ്ണുകള്‍ വീണ്ടും കാണിച്ചു തന്നു .
വീണ്ടുമൊരു കഥയുണ്ടായി. അല്ല നുണ !