പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിവസം. വിദ്യ മുട്ടറുക്കാനുള്ള തേങ്ങയും കൊണ്ട് സൈക്കിളും ചവിട്ടി അമ്പലത്തിലേക്ക് പോവുമ്പോഴാണ്, ആ ഇടവഴിയിൽ വെച്ച് ഞാനാദ്യമായി ആ കുട്ടിയെ കാണുന്നത്.
ഞാൻ ബെല്ലടിച്ചു, അവൾ തിരിഞ്ഞു നോക്കി .
വിട¬ര്‍ന്ന തെങ്ങിൻ പൂങ്കുലയുടെ നിറമുള്ള പെണ്‍കുട്ടി! അവളുടെ നെറ്റിയിലെ ചന്ദനക്കുറി , ആ നിറം കാരണം അവ്യക്തമായിരുന്നു!!
ഞാൻ കടന്നു പോകാൻ വേണ്ടി അവൾ മാറിയൊതുങ്ങിനിന്നു .
ഞാനും അവളും മാത്രമുള്ള ആ അമ്പലനടയിൽ വെച്ച്, അവളെന്റെ കണ്ണുകളുടെ ആഴമളക്കുന്നുണ്ടായിരുന്നു .
ഞാനടുത്തേക്ക് ചെന്നു. ആ നാളികേരം അവൾക്ക് നേരെ നീട്ടി, കൂടെ പൈസയും, എന്നിട്ട് ചോദിച്ചു ,
“പരീക്ഷയുണ്ട്, ശീട്ടാക്കാൻ ആള് വരാൻ കാത്തുനില്ക്കാൻ സമയമില്ല, ഇതൊന്ന് ശീട്ടാക്കി മുട്ടറുക്കുമോ ?”
അവൾ എന്റെ കണ്ണിലേക്കു നോക്കാതെ തലയാട്ടി അത് വാങ്ങി.
ഞാൻ പേര് പറഞ്ഞുകൊടുത്തു
അവൾ നാള് ചോദിച്ചു ;
“ഭരണി !”
തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ അവളെ ഞാൻ ഓര്‍മ്മിപ്പിച്ചു, ‘വിദ്യമുട്ട്’
ആ വാക്കവസാനിക്കുമ്പോൾ എനിക്കൊരു പുഞ്ചിരി കിട്ടി.
തിരികെ വീട്ടിലേക്കു സൈക്കിൾ ചവിട്ടുമ്പോൾ എന്റെ മനസ്സ് നിറച്ചും ഒരു തേങ്ങയുണ്ടാക്കാൻ പോകുന്ന ആ പ്രണയത്തെകുറിച്ചുള്ള ആലോചനകളായിരുന്നു. സത്യത്തിൽ സ്കൂളിൽ പോവാൻ ഇനീം സമയമുണ്ടായിരുന്നു, ഞാനൊരു നമ്പറിട്ടതല്ലേ!
പിന്നെ ഓരോ പരീക്ഷയുടെ അന്ന് രാവിലെയും ഞാൻ അമ്പലത്തിൽ പോവുന്നത് പതിവാക്കി. ആ ഇടവഴിയിലോ, അമ്പലത്തിലോ വെച്ച് ഞങ്ങൾ കണ്ടുമുട്ടും .
എന്‍റെ മുഖത്ത് ഒരു സ്മൈലിക്കും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റമുണ്ടായി, ഒരു ക്യാമറയ്ക്കും ഒപ്പിയെടുക്കാൻ പറ്റാത്ത ഭാവഭേദങ്ങളുടെ മിന്നലാട്ടങ്ങലുണ്ടായി.
ഓരോ തവണയും, അവൾ എന്തോ പറയാൻ വെമ്പികൊണ്ട് എന്‍റെ അരികിലേക്ക് വന്നു, പക്ഷെ ഞാൻ നിന്ന് കൊടുത്തില്ല. മനസ്സ് പറഞ്ഞു, ‘പരീക്ഷ കഴിയട്ടെ’
അവളുടെ നാവിന്‍റെ അറ്റം വരെയെത്തിയ ആ വാക്കുകൾ പുറത്തേക്കൊഴുകാത്തതിന്‍റെ വിഷമം ഞാനാ കണ്ണിൽ കണ്ടു, ഞാനെന്‍റെ കണ്ണു വെട്ടിച്ചുകളഞ്ഞു.
അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഒരു ദീപാരാധന സമയത്ത് ഞങ്ങൾ വീണ്ടും കണ്ടു.
അവളെന്‍റെ കണ്ണിലേക്ക് നടന്നുവന്നു. ഇത്തവണ ഞാൻ ഒഴിഞ്ഞു മാറിയില്ല. ആ രാവും നിലാവും അവളെന്നോട് പറയാൻ കാത്തുവെച്ച ആ വാക്ക് കേൾക്കാനായി കാതുകൂർപ്പിച്ചു….
അമ്പലത്തിന്‍റെ അകാൽ വിളക്കുകൾ തെളിയുന്ന ആ സന്ധ്യയിൽ അവൾ എന്നോട് പറഞ്ഞു
“അന്ന് ആ മുട്ടറുക്കാൻ പറ്റിയില്ല….. ആ തേങ്ങ എന്‍റെ കയ്യീന്ന് വീണുപൊട്ടി !!!!”
പിന്നെ പരീക്ഷയുടെ റിസൾട്ട് അറിയുന്നത് വരെ മുട്ടറുക്കുന്നതിനേക്കാൾ ശബ്ദത്തിലാണ് എന്‍റെ നെഞ്ചിടിച്ചത്!
Deepu Pradeep
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.