പ്രിയപ്പെട്ട ഡോക്ടര്‍ ,
ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു വിചിത്രമായ അനുഭവത്തെക്കുറിച്ച് വിശദമായി അറിയാനാണ് ഞാനീ കുറിപ്പെഴുതുന്നത്.
പാതിരാത്രി , അപരിചിതമായൊരു ഒരു ഹൈവെയിലൂടെ ഒറ്റയ്ക്ക് കാറോടിച്ച് വരുകയായിരുന്നു ഞാന്‍. വിജനമായ ആ പരിസരം ഞാന്‍ ഒന്ന് വീക്ഷിച്ചു …ഭീകരതയോടെ റോഡിലേക്ക് തള്ളിനില്‍ക്കുന്ന കാട്ടുചെടികള്‍ , ഭയപെടുത്തുന്ന കനത്തഇരുട്ട് ,അന്തരീക്ഷത്തില്‍ പന്തലിച്ചുനില്‍ക്കുന്ന നിശബ്ദത!! പെട്ടെന്ന്‍ എന്റെ വണ്ടിയുടെ മുന്‍പിലായി സഞ്ചരിച്ചിരുന്ന ആ കാര്‍ അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടി നിര്‍ത്തി. ഒന്ന് അമ്പരന്നെങ്കിലും ഞാന്‍ എന്റെ വണ്ടി വെട്ടിച്ചെടുത്ത് മുന്നോട്ട് പോയി. പൊടുന്നനെ, ആകാശത്ത് നിന്ന്‍ അതിശക്തമായ ഒരു കൊള്ളിയാന്‍ മിന്നി. റിയര്‍ വ്യൂ മിററിലേക്ക് നോക്കിയ ഞാന്‍ കണ്ടത് എന്റെ പിറകിലായി വന്ന ഒരു ജീപ്പും എന്തോ കണ്ട് അവിടെ നിര്‍ത്തിയിടുന്നതാണ് . പിന്നെ അവിടെ നിന്ന് എങ്ങനെ വണ്ടിയോടിച്ച് രക്ഷപെട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
എന്തായിരിക്കും ഡോക്ടര്‍ അവിടെ സംഭവിച്ചിട്ടുണ്ടാവുക ? എന്തിനായിരിക്കും അവര്‍ വണ്ടി നിര്‍ത്തിയത്?ഞാന്‍ കാണാത്ത എന്തായിരിക്കും അവര്‍ കണ്ടിട്ടുണ്ടാവുക? ഇതെഴുതുമ്പോഴും എന്റെ ഞെട്ടല്‍ മാറിയിട്ടില്ല. പ്ലീസ് ഹെല്പ് മീ.
ഗിരീഷ്‌

പ്രിയപ്പെട്ട ഗിരീഷ്‌.
ആദ്യമേ തന്നെ പറയട്ടെ..താങ്കളുടെ വിചിത്രാനുഭവത്തെകുറിച്ചുള്ള ഈ കുറിപ്പ് അത്യന്തം ആകാംഷയോടെയാണ് ഞാന്‍ വായിച്ച് അവസാനിപ്പിച്ചത്. ഇത് തീര്‍ത്തും ഒറ്റപെട്ട ഒരു സംഭവമല്ല. കേരളത്തില്‍ തന്നെ പല സ്ഥലത്തും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്.
ഞങ്ങള്‍ ശാസ്ത്രലോകം ഇതിനെ ‘ട്രാഫിക് സിഗ്നല്‍ വയലേഷന്‍’ എന്നാണു വിളിക്കാറ്. ഇതില്‍ പേടിക്കതക്കതായി ഒന്നുമില്ല. അതിനാല്‍ ഗിരീഷിന് ഞെട്ടലില്‍ നിന്നും വിമുക്തമാകാവുന്നതാണ്. എന്നിരുന്നാലും, ഒരാഴ്ചയ്ക്ക് ശേഷം ഈ അത്ഭുദ പ്രതിഭാസത്തിന്റെ തുടര്‍ച്ച എന്നോണം, ആര്‍ട്ടിയൊ ഓഫീസില്‍ നിന്ന്‍ ഒരു ലെറ്റര്‍ വീട്ടിലേക്ക് വരുന്നതാണ്. അപ്പോഴത്തെ സൗകര്യം അനുസരിച്ച് ഗിരീഷിന് വേണമെങ്കില്‍ ഒന്നുകൂടെ ഞെട്ടാവുന്നതാണ് .
സ്നേഹത്തോടെ
ഡോക്ടര്‍