പ്രിയപെട്ട ഡോക്ടർ,
വീണ്ടും ഗിരീഷാണ്.
മൂന്ന് ദിവസം മുൻപ് ഞാൻ മാത്രമല്ല,എന്‍റെ നാടുമുഴുവൻ ഞെട്ടിവിറങ്ങലിച്ച ഒരു സംഭവമുണ്ടായി..
ഏകദേശം അർധരാത്രിയോടെയാണ് ബൈക്കിൽ, നാട്ടിൻപുറത്തെ എന്റെ തറവാട്ടുവീട്ടിലേക്ക് ഞാൻ ചെല്ലുന്നത്. വീടെത്തും മുൻപ് കുട്ടിക്കാലത്ത് ഞാൻ നീന്തല് പഠിച്ച തോട് കണ്ടപ്പൊ എനിക്ക് നൊസ്റ്റാൾജിയയുണ്ടായി. ഞാൻ ബൈക്ക് നിർത്തി റോഡ് നിരപ്പിൽ നിന്നും ആറടി താഴ്ചയുള്ള ആ തോട്ടിൻ വക്കത്തേക്കിറങ്ങി നിന്ന് ഓർമ്മകൾ അയവിറക്കുകയായിരുന്നു.
അപ്പോള്‍ പെട്ടെന്ന് എന്റെ പിറകിലൂടെ ഒരു വെളിച്ചം വേഗത്തിൽ പാഞ്ഞു പോയി..ഞാൻ ഞെട്ടിത്തിരിഞ്ഞ് പിന്നിലേക്ക് നോക്കിയതും, എന്റെ മുഖത്തേക്കും ദേഹത്തേക്കും എവിടെനിന്നോ നിറയെ ചോര തെറിച്ചു…പിന്നാലെ തോട്ടിൽ ആഞ്ഞ ശബ്ദത്തോടെ എന്തോ വീണു !! അന്തരീക്ഷമാകെ വെളുത്ത പൊടിപടലങ്ങൾ…. അവിടെനിന്ന് അലറിവിളിച്ച് ബൈക്ക് പോലും എടുക്കാതെയാണ് ഞാൻ വീട്ടിലേക്കോടിയത്.
രണ്ട് തന്ത്രിമാരെ കൊണ്ട് രക്ഷ എഴുതികെട്ടിച്ചു…ഇനി അളിയന്റെ നാട്ടിലെ ഒരു മഠത്തില്‍ പോയി പൂജ കഴിക്കണം എന്നാണ് വീട്ടുകാർ പറയുന്നത്.
അവിടെ പോയാല്‍ എന്‍റെ പ്രശ്നങ്ങൾ മാറുമോ ഡോക്ടർ? എന്തിനായിരിക്കും പ്രേതം എന്നെ കൊല്ലാതെ വിട്ടത്? എന്റെ ദേഹത്ത് ബാധ കൂടിയിട്ടുണ്ടാവുമോ? ഉണ്ടെങ്കില്‍ എനിക്കിനി ഒരു ജീവിതമുണ്ടാവുമോ ?
ഡോക്ടറില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്.
സ്വന്തം ഗിരീഷ്
പ്രിയപ്പെട്ട ഗിരീഷ്,
നമ്മുടെ നാട്ടിലെ ഒഴിഞ്ഞ പറമ്പുകളിലും വഴിയോരങ്ങളിലും അർധരാത്രിയിൽ ഇത്തരം സംഭവങ്ങൾ സർവ്വ സാധാരണമാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഇരയായ താങ്കൾക്ക് എന്ത് സംഭവിച്ചുക്കാണും എന്ന ആകാംക്ഷയോടെയാണ് ഞാനീ കത്ത് വായിച്ചു തീർത്തത്.
ഇതിൽ പേടിക്കതക്കതായി ഒന്നുമില്ല..
അവരു വലിച്ചെറിഞ്ഞ കോഴി പാർട്ട്സിന്റെ ചാക്ക് നടുമ്പുറത്ത് കൊണ്ട് തോട്ടിൽ വീണ് ചാവാത്തത് ഗിരീഷിന്റെ ഭാഗ്യം എന്ന് കരുതി, മൂത്രമൊഴിച്ച് കിടന്നുറങ്ങിയാൽ മതി, ഭേദമുണ്ടാവും.
നിർത്തുന്നു.
ഡോക്ടർ.