നാട്ടുകാരനായൊരു കൂട്ടുകാരനുണ്ട്, എടപ്പാളി¬ല്‍ ജെൻസ് വെയർ ഷോപ്പ് നടത്തുകയാണ്… പുതിയ സ്റ്റോക്ക് വരുമ്പൊ അവൻ എനിക്ക് പറ്റിയത് നോക്കി, ഫോട്ടോയെടുത്ത് വാട്സപ്പിൽ സ്നേഹത്തോടെ അയയ്ക്കും. അത് കണ്ട് എനിക്ക് അനുഭൂതി വരും… ആ അനുഭൂതി എന്നെകൊണ്ടാ ഷര്‍ട്ട് വാങ്ങിപ്പിക്കും.
കഴിഞ്ഞ ചെറിയപെരുന്നാളിന്‍റെ സമയത്ത് അവൻ പതിവുപോലെ ഷർട്ടിന്‍റെ ഫോട്ടോയയച്ചു.
‘എടാ… ബാംഗ്ലൂരിൽ സ്റ്റോക്കെടുക്കാൻ പോയിരുന്നു, ഈ ഷർട്ടു കണ്ടപ്പോൾ നിന്നെയാണ് ഓർമ്മവന്നത്. ഉടനെതന്നെ വാങ്ങി. നീ ഇതിട്ടാൽ ഒന്നുകൂടെ ലുക്കാവും’
അനുഭൂതി സ്ക്വയര്‍ ! പിന്നെയുണ്ടോ ഡിലേ? ഞാന്‍ ഉടനെ ബൈക്ക് എടുത്ത് എടപ്പാള്‍ പോയി സാധനം സ്വന്തമാക്കി.
അവൻ പറഞ്ഞത് ശരിയായിരുന്നു.. അതിട്ടപ്പോൾ ഞാൻ ഡബിള്‍ ലുക്കായി. കിടിലൻ ഡിസൈൻ ആന്‍റ് ഫിറ്റ്. പഹയന്‍റെ സെലക്ഷനെ അനുമോദിക്കാ¬ന്‍ ഞാ¬ന്‍ അവിടുന്ന് ഒരു ബോഡി സ്പ്രേ കൂടി വാങ്ങി.
പുതിയ ഷര്‍ട്ട് വാങ്ങിയാ¬ല്‍ പിന്നൊരു എരിപൊരിയാണ്… എത്രയും വേഗം ഏതെങ്കിലും ഒരു ഫങ്ങ്ഷന് ആ ഷര്‍ട്ട് ഇട്ട് കയ്യടി വാങ്ങിയാലെ അത് തീരൂ…
നാല് ദിവസം കഴിഞ്ഞപ്പോ തന്നെ ഒത്തു, നാട്ടില്‍ തന്നെയുള്ള ഒരു കല്യാണം. അവന്റെ കയ്യി¬ല്‍ നിന്നും വാങ്ങിയ അതേ സ്പ്രേ അടിച്ചിട്ട് തന്നെ പോയി..
സാധാരണ അവന്‍റെ കടയിൽ ഒരു ഷർട്ട്, നാല് പീസാണ് വരാറ്.. S,M,L,XL. അമ്പലത്തിൽ ചെന്നപ്പൊ ദേ നിക്കുന്നു അതിലെ S ഉം, M ഉം ! L ഞാനാണല്ലോ!!! ആഹാ… ഇരമ്പി.
ഞങ്ങള് പരസ്പരം മാറി മാറി നോക്കി. പിന്നെ കല്യാണത്തിന് വന്നവരൊക്കെ ഞങ്ങള്‍ ഡ്രസ്സ് കോഡുകാരെ മൊത്തത്തില്‍ നോക്കി. എന്‍റെ ആത്മാഭിമാനത്തിന്‍റെ ആദ്യതായ് വേരില്‍ താലപൊലിയുണ്ടായി. പായസം അടപ്രഥമനാണെന്ന ഒറ്റക്കാരണത്താ¬ല് ഞാ¬ന്‍ പിടിച്ചു നിന്നു. അപ്പൊ ഉണ്ട് ദേ വരുന്നു കല്യാണപെണ്ണ് ആന്‍റ് പാര്‍ട്ടി. പെണ്ണിന്‍റെ അച്ഛന്‍ XL !!
‘മണ്ഡപത്തിലേക്ക് കയറും മുന്‍പ് അച്ഛനും ആങ്ങളമാരും കൂടി നിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുക്കാം’ എന്ന് ഫോട്ടോഗ്രാഫ¬ര്‍ പറഞ്ഞതോടെ ഞാ¬ന്‍ അടപ്രഥമ¬ന്‍ വേണ്ടാന്നുവെച്ച്.
Deepu Pradeep