വളരെ പണ്ടാണ്…. പൊന്നാനി സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിവന്ന പുതിയ എസ്‌ഐ, വരവിനും മുൻപ് പൊന്നാനിയോളം തന്നെ കേട്ടറിഞ്ഞൊരു പേരുണ്ടായിരുന്നു അബ്ദു! ഓടികൊണ്ടിരിക്കുന്ന എഞ്ചിൻ പോലും അറിയാതെ അതിന്റെ പിസ്റ്റൺ അടിച്ചുമാറ്റുന്ന നല്ല എണ്ണം പറഞ്ഞൊരു പോക്കറ്റടിക്കാരൻ.
ചാർജെടുത്തതിന്റെ പിറ്റേന്ന്, എടപ്പാൾ അങ്ങാടിയിൽ ബീഡിയും വലിച്ചു നിൽക്കുകയായിരുന്ന അബ്ദു വിട്ട പുകയിലേക്ക് എസ്‌ഐ കേറി വന്നുനിന്നു. കേട്ടറിഞ്ഞ കൺകെട്ടിന്റെയും കൈവേഗതയുടെയും കഥകൾ സത്യമാണോ എന്നൊന്നറിയാൻ….
പരിചയപെട്ട് ഇരുവരും സംസാരം തുടങ്ങി. നല്ല സ്ഥലകാല ബോധത്തോടെ നിൽക്കുന്ന ഒരുത്തനെ പോക്കറ്റടിക്കുന്നതോടെ തീരും, അബ്ദുവും അബ്ദുവിനെക്കുറിച്ചുള്ള ഈ കഥകളും എന്ന് എസ്ഐ പറഞ്ഞപ്പോൾ, ഒന്ന് പുഞ്ചിരിച്ച ശേഷം അബ്ദു ചോദിച്ചു,
“സാറെ…. നമുക്കൊന്ന് പൊന്നാനി വരെ പോയാലോ? ”
“എന്തിനാ?”
“ബസ് ചമ്രവട്ടം ജംങ്കഷൻ എത്തും മുൻപ് സാറിന്റെ പോക്കറ്റിലിരിക്കുന്ന ഈ പേന ഞാൻ അടിച്ചിരിക്കും.!”.
തൊട്ടടുത്ത ബസിൽ എസ്‌ഐ മുന്നിലും അബ്ദു പിന്നിലുമായി കയറി. തിരക്ക് കൂടികൂടി വന്നു…. എസ്‌ഐ ഒരോ മിനുറ്റിലും നോക്കി പോക്കറ്റിലെ പേന അവിടെതന്നെയുണ്ടെന്ന് ഉറപ്പുവരുത്തികൊണ്ടിരുന്നു.
ബസ് ചമ്രവട്ടം ജംക്ഷനിലെത്തിയപ്പോൾ രണ്ട് പേരും ഇറങ്ങി. എസ്‌ഐ പോക്കറ്റിൽ കിടക്കുന്ന പേന അബ്ദുവിന്റെ നേരെ നീട്ടി പറഞ്ഞു,
“നീ എടുക്കണം എന്ന് ആഗ്രഹിച്ചതല്ലെ… വെച്ചൊ”
അബ്ദു ബീഡി കത്തിച്ചുകൊണ്ട് അടുത്ത പുഞ്ചിരി കൊടുത്തു.
“എനിക്കെഴുതാൻ റീഫില്ലറ് മതി, പേന സാറ് തന്നെ വെച്ചോ..”
അബ്ദു അത് പറഞ്ഞപ്പോഴാണ് എസ്‌ഐ യ്ക്ക്, അബ്ദു തന്റെ പോക്കറ്റടിച്ചെന്നും, അടിച്ച പേന റീഫല്ലറൂരി തിരിച്ചുവെച്ചെന്നും വരെ മനസ്സിലാവുന്നത്.
അതെ…. ഞങ്ങൾക്ക് അങ്ങനെയൊരു പോക്കറ്റടിക്കാരനുണ്ടായിരുന്നു. പോലീസുകാരനോട് ബെറ്റ് വെച്ച് ജയിച്ച പോക്കറ്റടിക്കാരൻ!
Deepu Pradeep
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.
