ഗുരുവായൂർ ചുറ്റമ്പലത്തിന്‍റെ ഉള്ളിൽ നിന്ന്, ശ്രീകോവിലേക്ക് നീട്ടി നോക്കി തൊഴുന്ന നൂറ്റിച്ചില്ലാനും പേർ….
അതേ ശ്രീകൃഷ്ണനെ നോക്കി കയ്യുംകെട്ടിനിൽക്കുന്ന ഒരു ഒറ്റ മനുഷ്യൻ!
നിൽപ്പ് ന്ന് പറഞ്ഞാൽ ഏകദേശം ‘മിഥുന’ത്തിൽ നെടുമുടിവേണു തേങ്ങയുടയ്ക്കുമ്പോൾ, ഇന്നസെന്റ്റ് നിന്നിരുന്ന പോലൊരു നിൽപ്പ്! പ്രാർത്ഥിച്ചു കഴിഞ്ഞവരെ സെക്യൂരിറ്റികാര് തള്ളിമാറ്റിയിട്ടും, ടിയാൻ തിക്കിത്തിരക്കി വന്ന് വീണ്ടും അതേ നിൽപ്പ്!
പിരി കുറവുണ്ട് ന്ന് മനസ്സിലായി, പക്ഷെ അതെത്ര എണ്ണത്തിന്റെയാണ് എന്നറിയാനുള്ള ആകാംഷയോടെ ഞാൻ എല്ലാം കണ്ടുനിന്നു. ഇടയ്ക്കിടെ വരുന്ന മൂളലുകളുടെ കനം ഏറിയും കുറഞ്ഞും ഇരിക്കുന്നതൊഴിച്ചാൽ, ഏറെക്കുറെ സ്ഥായിയായ ഭാവം.
അവസാനം കലാപരിപാടി അവസാനിപ്പിച്ച് അദ്ദേഹം പോവാൻ നിൽക്കുമ്പോൾ ഞാൻ കാര്യം ചോദിച്ചു.
“എന്താ അവിടെ അങ്ങനെ നിന്നിരുന്നത്?”
“ഗുരുവായൂരപ്പന് പറയാനുള്ളത് കേൾക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ?”
പിരി കുറവുള്ളത് നമ്മൾക്കൊക്കെയാണ്.
Deepu Pradeep