വേദി: സ്റ്റേഡിയം കോംപ്ലക്സിലെ കമ്പ്യൂട്ടർ ഷോപ്പ്
സമയം: അയിലൊന്നും ഒരു കാര്യല്ല്യ
കാട്രിഡ്ജിൽ ഇങ്ക് നിറയ്ക്കാൻ കൊടുത്ത് കാത്തിരിക്കുന്ന ഞാൻ. സീനിൽ ടെൻഷനില്ലാത്തതുകൊണ്ട് ഉലാത്തിയില്ല. ആ വരുന്നു ഒരു മഞ്ഞഷർട്ടുകാരൻ, അവർ മാൻ! വന്നപാട് അയാളിന്നലെ കൊടുത്ത പ്രിന്ററിന്റെ ക്ഷേമമന്വേഷിച്ചു. കടക്കാരൻ ചെക്കൻ അകത്തുനിന്നും ഒരു എ ഫോർ ഷീറ്റ് എടുത്തുകൊണ്ടു വന്ന്,
“ബ്ലേഡ് പോയതാ, മാറ്റി. ഇപ്പൊ നന്നായി പ്രിന്റ് വരുന്നുണ്ട്”
എന്നും പറഞ്ഞ് ആ പേപ്പർ അയാൾക്ക് കൊടുത്തിട്ട് പ്രിന്റർ എടുക്കാൻ പോയി.
ദാണ്ടടാ മഞ്ഞഷർട്ടുകാരൻ ആ പേപ്പറും നോക്കി മൈന് ചവിട്ടിയ മിലിട്ടിറിക്കാരനെ പോലെ നിക്കണു! നമുക്കീ ക്യൂരിയോസിറ്റിടെ അസ്കിതം ഉള്ളോണ്ട് ആ പേപ്പറിലേക്ക് ഏന്തി വലിഞ്ഞൊന്നു നോക്കി. ബില്ലാണ്, 48,000!! പടച്ചോനെ, ഇമ്മാരി ബില്ലൊക്കെയാണ് ഇവിടെയെങ്കിൽ ഞാൻ ഉലാത്തുന്നതായിരിക്കും ഉത്തമം!
മഞ്ഞഷർട്ടുകാരൻ ആ ബില്ലും കൊണ്ട് കസേരയിൽ തളർന്നിരുന്ന് മഞ്ഞഷര്‍ട്ടിന്റെ ബട്ടന്‍സ് തുറന്ന് നെഞ്ചുഴിഞ്ഞു. ആ സമയം കമ്പ്യൂട്ട¬ര്‍ ഷോപ്പിന്റെ സ്ലൈഡിംഗ് ഡോ¬ര്‍ ഉന്തിതുറന്ന് ഒരു ഹേര്‍ട്ട് അറ്റാക്ക് കേറിവരാ¬ന്‍ പോവുന്നതായി എനിക്ക് തോന്നി. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ സ്വന്തം ഹൃദയത്തെ രക്ഷിക്കാൻ സ്പോട്ടില് ഇറങ്ങി ഓടിയേനെ. സെൽഫിഷനെസ് അടുത്തുകൂടെ പോയിട്ടില്ലാത്ത പുവർ ഗയ്, ആ ഇരിപ്പ് തന്നെ. സോ സാഡ്.
ഒടുവില്‍ കടക്കാരൻ ചെക്കൻ മഞ്ഞഷര്‍ട്ടുകാരന്റെ പ്രിന്ററും കൊണ്ട് വന്നപ്പൊ, പ്രിൻസിപ്പാളിന്റെ മകളെ പ്രാപ്പോസ് ചെയുന്ന രണ്ടാം ക്ലാസുകാരനെ പോലെ അയാൾ വിക്കി വിക്കി ചോദിച്ചു,
“എന്താ ഇത്രേം കാശ്?”
ചുള്ളൻ ആ പേപ്പർ ഒന്ന് നോക്കിയ ശേഷം പറഞ്ഞു,
“അയ്യോ, ഞാനിത് പ്രിന്‍റ് നന്നായി വരുന്നുണ്ട് എന്ന് കാണിക്കാൻ തന്ന പേപ്പറാ, ബില്ലല്ല”
ഉഷാറായിട്ടുണ്ടടാ മിടുക്കാ!
എടുത്തുച്ചാട്ടമില്ലാത്ത ഹൃദയമായതോണ്ട് മാത്രമാണ് മഞ്ഞഷർട്ടുകാരൻ വടിയാവാതിരുന്നത്.
Deepu Pradeep
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.