തിരക്കുള്ള ബസ്സിലോ ട്രെയിനിലോ കേറീട്ട്, സീറ്റ് കിട്ടണം എന്ന ത്വര ഉണ്ടെങ്കിൽ, അതൊപ്പിക്കാൻ മറ്റേ സാധനം മസ്റ്റാണ്, ഒബ്സർവേഷൻ.
തൃശൂർ-കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ്. കോഴിക്കോട്ടേക്ക് സഞ്ചരിക്കേണ്ട ഞാൻ, കുറ്റിപ്പുറം സ്റ്റാന്റിൽ നിന്നാണ് ആ വാഗൺ ട്രാജെഡിയിലേക്ക് കേറുന്നത്. കാലുകുത്താൻ ഇടല്ല്യ, എന്നാലും കണ്ടക്ടർ അതിനുള്ളിൽ ഫുഡ്ബോൾ കളികൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടക്ടർമാർക്ക് മാത്രം കിട്ടീട്ടുള്ള ഒരു കഴിവാണല്ലോ.
ബസ് വളാഞ്ചേരി എത്തിയപ്പോ മുന്നിലെ സീറ്റിൽ നിന്നെവിടെനിന്നോ ഞാനത് കേട്ടെടുത്തു, “ഉണ്ണിയേട്ടൻ എത്താറായിട്ടുണ്ട് ”
ആഹാ! രണ്ടു നിർമ്മാല്യം തൊഴുത സന്തോഷം!!
ഇതാണ് ഞാൻ നേരത്തെ പറഞ്ഞ മറ്റേ ഐറ്റത്തിന്റെ ഗുണം. പിന്നൊന്നും നോക്കീല, ഞാൻ ഓതിരം ചാടി, കടകവും മണ്ഡലവും പുറത്തെടുത്ത് ആ സീറ്റിന്റെ അടുത്തെത്തി റെഡ്യായി നിന്നു.
ബസ് പുത്തനത്താണി എത്തി, വീണ്ടും ഫോണ്‍.
“ഉണ്ണ്യേട്ടൻ ഇപ്പൊ എത്തും”.
‘ഹാവൂ’, ഞാൻ ഇറയത്ത് വെച്ചിരുന്ന ബാഗ് കയിലെടുത്ത് പിടിച്ച്, തൊട്ടടുത്ത സെക്കന്റിൽ ഇരിക്കാനായുള്ള മറ്റേ പോസിട്ട് നിന്നു.
സ്റ്റോപ്പുകളിങ്ങനെ കടന്നുപോയി,
കോട്ടക്കല്‍. “എത്താറായി”
കൊളപ്പുറം. “ഉണ്ണ്യേട്ടൻ എത്താറായെന്ന്”
യൂണിവേഴ്‌സിറ്റി. “ഉണ്ണ്യേട്ടൻ ഇപ്പൊ എത്തുടാ”
കാക്കഞ്ചേരി. “ദേടാ, ഇപ്പൊ എത്തും”
രാമനാട്ടുകര. “വന്നു,വന്നു…. നീ വീട് പൂട്ടി ഇറങ്ങിക്കോ”
ഫറൂക്ക്. “എത്തി, നീ വണ്ടിയിൽ കേറി ഇരുന്നോ, ഉണ്ണ്യേട്ടന്‍ എത്തി”
പക്ഷെ ഉണ്ണ്യേട്ടൻ എങ്ങോട്ടാണ് എത്തുന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല.
എന്‍റെ കൂടെ കേറിയവരും, ശേഷം കേറിയവരും വരെ ഇരുന്നു. ഞാൻ മാത്രം ഇങ്ങനെ ആൽഫാമുണ്ടാക്കാൻ നിർത്തിയ കോഴിയെ പോലെ ആ നിൽപ്പ് നിന്നു.
പിന്നെന്താ… ബസ് കോഴിക്കോട് സ്റ്റാന്റിലെത്തി. ഞാൻ ആ ഉണ്ണിട്ടാട്ടനെ ഒരു നോട്ടം നോക്കി. ഇല്ല, ഇപ്പഴും എഴുന്നേറ്റിട്ടില്ല.
വന്ന കലിപ്പിന് മറച്ചുവെച്ച്, ഇത്തിരി സർക്കാസം കൂട്ടികേറ്റി ഞാൻ പറഞ്ഞു, “ബസ് കോഴിക്കോട് എത്തിയിട്ടുണ്ട് ട്ടോ”
“ഞാൻ കണ്ണൂർക്കാ!!”
എന്‍റെ സാന്ദ്രകല്ലോലങ്ങൾ ചിതറിയോടി.
ഞാൻ സ്റ്റെപ്പിറങ്ങി പുറത്തേക്ക് നടക്കുമ്പോ, അയാൾ വീണ്ടും ഫോണിലായിരുന്നു,
“ഇതടാ… ഇവിടെ എത്തിയെടാ, ഉണ്ണ്യേട്ടൻ തൊട്ടടുത്ത് എത്ത്യടാ…”
ഞാൻ അപ്പൊ ഓർത്തത് എന്നെക്കുറിച്ചല്ല, ഫോണിന്‍റെ അങ്ങേതലയ്ക്കിലുള്ള ആ ജന്മത്തെ കുറിച്ചായിരുന്നു. അതുകൊണ്ട് ലേശം ആശ്വാസം കിട്ടി. അതുകൊണ്ടു മാത്രം.
Deepu Pradeep