കാടും തോടും ആടും കൂടുമുള്ള കാലടി. ആ കാലടിയുടെ ഒരു വക്കത്ത്, എഴുതാന്‍ കഥയൊന്നുമില്ലാതെ ഞാനിങ്ങനെ താടിക്ക് കയ്യുംകൊടുത്ത് മാനത്തെ ഡ്രോണും നോക്കി ഇരിക്കുമ്പോഴാണ് ഊള സുഭാഷ്® എന്നെ നോക്കി ചിരിച്ച് ഹോണടിച്ച് കടന്നുപോയത്. ആ ചിരി കിട്ടിയപ്പോഴേ ഞാനുറപ്പിച്ചു, എനിക്കുള്ള കഥ അവന്‍ ഏറ്റിട്ടുണ്ടെന്ന്‍. ഞാന്‍ നേരെ ചെട്ടിയാരുടെ പീടികയില്‍ പോയി രണ്ട് ടെക്നോ ടിപ്പ് വാങ്ങി, ബ്ലൂ !
ഊള സുഭാഷ്®. മുകളിലൊരു ® കണ്ടോ ? പേര് രജിസ്റ്റേര്‍ഡാണ്, ഇനിയാര്‍ക്കും
അതുപയോഗിക്കാനാവില്ല. അപ്പൊ ഇവനെക്കാള്‍ ഊളയായ ഒരു സുഭാഷ് ഉണ്ടെങ്കിലോ? ഉണ്ടാവില്ല, ഞങ്ങള്‍ കാലടിക്കാര്‍ക്ക് അത്രയ്ക്കുറപ്പാണ്. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം, ഊള സുഭാഷ്® , ഇസ്ട്ടം.
സുഭാഷിന്റെ ആ പോക്ക്, ചരിത്രപരമായ ഒരു പോക്കായിരുന്നു. വണ്ടി നേരെചെന്ന് നിന്നത്, ‘ജിമ്മേ ജീവിതം’ എന്ന മോട്ടോയും കൊണ്ടുനടക്കുന്ന, നാട്ടിലെ ആദ്യത്തെ മള്‍ട്ടിയും, ബെസ്റ്റ് കട്ടയുമായ മള്‍ട്ടി മാനുവിന്റെ ‘ഹരിശ്രീ ജിംനേഷ്യ’ത്തിന്‍റെ മുന്നിലായിരുന്നു. അബു സലിം ഉദ്ഘാടനം ചെയ്ത, അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ചുമരലങ്കരിക്കുന്ന, ഹരിശ്രീ ജിമ്മിന്‍റെ കൌണ്ടറില്‍, പ്രോട്ടീന്‍ പൌഡറില്‍ അരിപ്പൊടി മിക്സ് ചെയ്യുകയായിരുന്ന മള്‍ട്ടി മാനുവിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീണ് സുഭാഷ് ഒരഡ്മിഷന്‍ എടുത്തു.
പിറ്റേന്ന് രാവിലെ അഞ്ചേ മുക്കാലിന്‍റെ കാറ്റും മഞ്ഞും കൊണ്ട് ജിമ്മിലെത്തിയ സുഭാഷ്, പത്തു പുഷ് അപ്പ് എടുത്ത് മസിലുകളുടെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചു. പിന്നെ ജിമ്മിലെ സകലമാന ഉപകരണങ്ങളും എടുത്ത് ഒരു വെരകലായിരുന്നു. മാനു പോലും അറിയാതെ വായും പൊളിച്ചു നിന്നുപോയ കുറേ വര്‍ക്ക്ഔട്ടുകള്‍. അവിടുള്ള എല്ലാവരുടെയും അറ്റന്‍ഷന്‍ അങ്ങോട്ടായി, കമന്‍റുകളും.
“ഏതെങ്കിലും പെണ്ണ് സിക്സ് പാക്കും കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ടാവും” പെക്ടക്ക് ചെയ്യുകയായിരുന്ന കുഞ്ഞുട്ടി.
“ഇങ്ങനെ വലിച്ചുവാരി ചെയ്താ, നുരയും പതയും വരും ചെക്കാ” പുള്ളപ്പിന്റെ ഇടയില്‍ പ്രകാശന്‍.
“ഡമ്പല് മണ്ടക്ക് വീഴുമ്പോ നിര്‍ത്തിക്കോളും” ചെസ്റ്റ് പ്രസ്സിനിടെ സുഗ്രീവന്‍.
അരമണിക്കൂര്‍ നീണ്ട ഉത്സാഹം കഴിഞ്ഞ് ഉലാത്താനായി സുഭാഷ് ജിമ്മിന്റെ വരാന്ത കം ബാല്‍ക്കണിയിലേക്ക് വന്നപ്പോഴാണ്, സുഭാഷ് ജിമ്മില്‍ ചേര്‍ന്നതിന്റെ പിറകിലെ ഇന്‍സ്പിരേഷന്‍ ചുമരിലിരുന്ന ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ക്ക് മനസ്സിലായത്. അത് ജോണ്‍ സീനയോ, ജോണ്‍ എബ്രഹാമോ, ജോണിക്കുട്ടനോ ആയിരുന്നില്ല, ജിമ്മിന്റെ തൊട്ടപ്പുറത്തെ വീട്ടിലെ മിലിട്ടറിക്കാരന്‍ ചന്ദ്രന്‍ നാപ്പത്തിയാറിന്‍റെ മോള് സുനിതയായിരുന്നു. അര്‍ണോള്‍ഡ് എന്തായാലും അറിഞ്ഞ കാര്യം ആരോടും പറയാന്‍ പോയില്ല. ഹി വാസ് ആ നൈസ് ഗയ്.
മള്‍ട്ടി മാനു ഡെയിലി ജിമ്മിലേക്കുള്ള കുടിവെള്ളം കോരുന്നത് സുനിതയുടെ വീട്ടിലെ കിണറ്റില്‍ നിന്നായിരുന്നു. രണ്ടാം നാള്‍, ബക്കറ്റുമായി പോവാനോരുങ്ങിയ മാനുവിനെ സുഭാഷ് തടഞ്ഞു.
“ഇന്‍സ്ട്രക്ടര്‍ അവിടെയിരിക്ക്, വെള്ളം ഞാന്‍ കൊണ്ടുവരാം”
‘മൂന്നു കൊല്ലത്തിനിടെ ഈ ജിമ്മില്‍ മസിലുണ്ടാക്കാന്‍ വന്ന ഒരുത്തനുപോലും തോന്നീട്ടില്ലാത്ത സ്നേഹം!!’ മാനുവിന്‍റെ കണ്ണില്‍ നിന്നും വെള്ളം വന്നു. അമ്പത്തിയാറ് കിലോ ഹെവി വെയിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മസിലു കോച്ചി മത്സരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ പോലും വരാത്ത വെള്ളം!
പിന്നെ സുഭാഷ് അതങ്ങ്ട് ഒരു പതിവാക്കി. പണ്ട് അരബക്കറ്റ് വെള്ളം പോലും തെകച്ച് ചിലവാവാത്ത ആ ജിമ്മില്‍, സുഭാഷ് വെള്ളം കൊണ്ടുവരാന്‍ തുടങ്ങിയശേഷം രണ്ടും മൂന്നും ബക്കറ്റ് വെള്ളമൊക്കെ പുട്ടുപോലെ ചിലവാവാന്‍ തുടങ്ങിയത് മാനു ശ്രദ്ധിച്ചു. ജിമ്മിലുള്ളവര്‍ വെള്ളംകുടി കൂട്ടിയത് കൊണ്ടാണെന്ന് കരുതി ആ ഇന്‍സ്ട്രക്ടര്‍ അഭിമാനംകൊണ്ടു. ചുമരിലെ അര്‍ണോള്‍ഡിന്‍റെ ഫോട്ടോ മാറ്റി സുഭാഷിന്‍റെ വെച്ചാലോ എന്നുവരെ മാനു ആലോചിച്ചു.
അണ്ടര്‍ടേക്കര്‍ വിരമിച്ച ദിവസം. ചന്ദ്രന്‍ നാപ്പത്തിയാറ് ആന്ന്വല്‍ ലീവിന് വന്നതറിയാതെ സുഭാഷ് ഗ്രൌണ്ട് എക്സര്‍സൈസ് കഴിഞ്ഞ് ബക്കറ്റ് എടുത്ത് ഇറങ്ങി. ജിമ്മിലെ സ്പീക്കറില്‍, റിക്കി മാര്‍ട്ടിന്‍ അപ്പോള്‍ കണ്ഠശുദ്ധിവരുത്തി ‘ഗോള്‍ ഗോള്‍ ഗോള്‍’ പാടാന്‍ ഒരുങ്ങുകയായിരുന്നു. ജനാല തുറന്നിട്ട് പഠിക്കാറുള്ള സുനിതയ്ക്ക് എന്നത്തേയും പോലെ, വെള്ളം കോരും മുന്പ് സുഭാഷ് കൊടുക്കാറുള്ള ആ പതിവ് ഫ്ലൈയിംഗ് കിസ്സ് അന്ന് പിടിച്ചെടുത്ത് ചന്ദ്രനായിരുന്നു. റിക്കി മൂപ്പര് ‘ആലേ ആലേ ആലേ’ യിലെത്തിയപ്പോഴാണ് അവിടെ അടി പൊട്ടുന്നത്. പീച്ചി ഡാമിന്റെ ഷട്ടറ് തുറന്നപോലെ പിന്നെ ചന്നം പിന്നം അടി. മാനുവിന്‍റെ ഹരിശ്രീ വരെ കുലുങ്ങി. സുഭാഷിന്‍റെ ജിം മേറ്റ്സ് ഓടി വന്നിട്ടും ചന്ദ്രന്‍ നിര്‍ത്തിയില്ല. പക്ഷെ അടിക്കുന്നതിനിടയില്‍ ചന്ദ്രന്‍ ഒരു കാര്യം ശ്രദ്ധിച്ചു, എത്ര കിട്ടിയിട്ടും ചെക്കന്‍ ഒന്ന്‍ കരയുന്നത് പോയിട്ട് ശബ്ദംമുണ്ടാക്കുന്നത് പോലുമില്ല. മാവോയിസ്റ്റുകളും, ബോഡോ തീവ്രവാദികളും വരെ കരഞ്ഞിട്ടുള്ള തന്‍റെ കയ്യിന്‍റെ ചൂടില്‍, സുഭാഷ് മാത്രം പിടിച്ചു നില്‍ക്കുന്നത് കണ്ട് ചന്ദ്രന്‍ അന്തംവിട്ടു. ആ അന്തംവിട്ട സമയത്ത്, സുഭാഷ് ഒന്ന് ചുണ്ടനക്കി. ഒരേയൊരു ലൈന്‍,
“സോമേട്ടന്‍ വരും!”
.
.
.
.
ചന്ദ്രന്‍ അവിടെ ഒന്ന് പകച്ചു. അമ്മേന്നു പോലും വിളിക്കാതെ, ‘നിന്നെ ഞാന്‍ കാണിച്ചുതരാമെടാ’ എന്ന് ഭീഷണിപെടുത്താതെ, അവന്‍ ആകെ പറഞ്ഞ, “സോമേട്ടന്‍ വരും” എന്ന വാക്യത്തില്‍ പന്തികേട് മണത്ത ആ പട്ടാള മനസ്സ്, സുഭാഷിനെ ഉടനെതന്നെ വിട്ടു.
പിന്നെ ചന്ദ്രന്‍റെ നെഞ്ചിടിപ്പാണ് കൂടിയത്. “ആരാണ് സോമേട്ടന്‍?”.
അധികം വൈകാതെ ചന്ദ്രന് പ്രൊഫൈല്‍ കിട്ടി. സുഭാഷിന്‍റെ കോയമ്പത്തൂരുള്ള വല്യച്ഛന്‍റെ മകനാണ് സോമന്‍. വാളയാര്‍ വാസു ഗുരിക്കളുടെ അടുത്ത് നിന്ന് അടി തട പഠിച്ച സോമന്‍, കളരിപയറ്റിന്‍റെ ബ്രൂസ് ലീ എന്നറിയപ്പെടുന്ന പെശക് സോമന്‍!
ചന്ദ്രന്‍റെ കൂടെ ലീവിന് വന്ന പാലക്കാട്ടുകാരന്‍ ചിന്നപ്പ കാര്യമറിഞ്ഞത് ഞെട്ടിയത് ഇങ്ങനെയായിരുന്നു.
“ദേവ്യേ…. വാസു ഗുരിക്കളുടെ അടുത്ത് നിന്ന് അടിതട പഠിച്ച ആളാണോ! എന്നാ നീ സൂക്ഷിക്കണം, ചന്ദ്രാ… ലീവ് ക്യാന്‍സലാക്കി തിരിച്ച് പോവുന്നതാണ് നല്ലത്, അതിര്‍ത്തികിടന്നു മരിച്ചാ ആനുകൂല്യങ്ങളെങ്കിലും കിട്ടും.” ചന്ദ്രനിലെ പട്ടാളക്കാരന്‍ പോലും ഒന്ന് വിരണ്ടു.
പിറ്റേന്ന്, കൂട്ടുകാരന്‍ നൌഫലിന്‍റെ ഒട്ടോര്‍ഷയില്‍ സുഭാഷും നൌഫലും കൂടി, പക്ഷിക്കാട്ട മഴപെയ്യുന്ന കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ പോയി കാത്തുനിന്നു. ഫാസ്റ്റ് മാത്രമില്ലാത്ത കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ നിന്നും മങ്കാത്ത ബിജിഎമ്മില്‍ ആ കാലുകള്‍ പുറത്തേക്ക് കുത്തി. അത് പിന്നെ പ്ലാറ്റ്ഫോര്‍മും കടന്ന് സുഭാഷും നൌഫലും നില്‍ക്കുന അന്തരീക്ഷത്തിലേക്ക് വന്നു. ക്യാമറ പതിയെ മുകളിലേക്ക് … പെശക് സോമന്‍! പക്ഷെ സോമേട്ടനെ കണ്ടിട്ട് നൌഫലിന്‍റെ വായീന്ന് വന്നത് ‘അയ്യേ’ എന്ന വാക്കായിരുന്നു.
സുഭാഷ് പതുക്കെ പറഞ്ഞു “ചിരിക്കല്ലേ നൌഫലേ… കളരിപയറ്റിന്റെ ബ്രൂസ് ലീയാണ്”
“ആര്? നിരാഹാരം കിടന്ന നച്ചലിയുടെ പോലെയുള്ള ഇയാളോ?”
“ബോഡി നോക്കണ്ട, ഫുള്ള് മെയ് വഴക്കമാണ്”
നൌഫലിന് വിശ്വാസം വന്നില്ല. ആ വിശ്വാസക്കുറവ് സോമേട്ടന്‍ കണ്ടു.
ശും ശും ശും. സോമേട്ടന്‍ വായുവില്‍ മൂന്ന്‍ പറന്നടികള്‍ കാണിച്ചുകൊടുത്ത ശബ്ദമാണാ കേട്ടത്. മാരക അടവ്! നൌഫലിന്റെ സംശയം മാറി, സുഭാഷിന്റെ കോണ്‍ഫിഡന്‍സും കൂടി.
“സോമേട്ടാ…. ഇത്രയ്ക്കൊന്നും വേണ്ടാട്ടോ, കുറച്ച് മയത്തില്‍ തല്ല്യാ മതി”
“ഉം…പരിഗണിക്കാം…”
അമ്പലത്തിലേക്കുള്ള വഴിയില്‍ വെച്ച് സംഘം ദൂരെ നിന്നും നടന്നുവരുന്ന ചന്ദ്രനെ കണ്ടു.
“സുഭാഷേ, ഞാന്‍ നേരെ ചെന്ന് അയാളുടെ അച്ഛനും അമ്മയ്ക്കും അങ്ങ് വിളിക്കും.”
“അതൊക്കെ വേണോ സോമേട്ടാ ?”
“വേണം. അത് ഞങ്ങള്‍ തല്ലുകാരുടെ ഒരു ടെക്നിക് ആണ്, എതിരാളിക്ക് മൂക്കണം. എന്നാലെ അടിക്ക് ഒരു പഞ്ചുണ്ടാവൂ”
സോമേട്ടന്‍ ഭൂമിയൊന്നു തൊട്ടുതൊഴുത് കണ്ണടച്ചു പ്രാര്‍ഥിച്ചു,
“എന്‍റെ കരാട്ടെ പരമ്പര ദൈവങ്ങളെ….”
“കളരിയല്ലേ സോമേട്ടാ?”
വറ്റി!
പിന്നെ സോമേട്ടന്‍ ഉരുണ്ടിട്ടാണെങ്കിലും തിരിച്ചുവന്നു.
“കരാട്ടയ്ക്കും ഉണ്ട്. തൊഴുമ്പൊ നമ്മള് എല്ലാരേം തൊഴണം.”
ചന്ദ്രന്‍ അവരെ കണ്ടു. എന്തുചെയ്യണം എന്നറിയാതെ ഒരുനിമിഷം ശങ്കിച്ച് നിന്നപ്പോള്‍ പെശക് സോമന്‍ അടുത്തേക്ക് നടന്നുചെന്നു. എന്നിട്ട് ചന്ദ്രന്‍റെ അച്ഛനെയും അമ്മയെയും മാത്രമല്ല, സുനിതയെപറ്റി വരെ ഒരപേജ് തെറി. ചന്ദ്രന്‍റെ പട്ടാളകണ്ണ് ഒരൊറ്റ ചുവക്കല്‍. ഠേ!!! ഒരു വെടിശബ്ദം സോമേട്ടന്‍ ചെവിടടച്ച് കേട്ടു. പിന്നെയങ്ങ് മുറുകിയില്ലേ… അടിതടയില്‍ ഡിഗ്രിയുള്ള സോമേട്ടന് ഒരടി പോലും തടുക്കാന്‍ കഴിഞ്ഞില്ല. വല്യച്ഛന്റെ മോന്‍ എന്തായാലും സുഭാഷിനെപോലെയായിരുന്നില്ല, അസ്സല് കരച്ചില് കരഞ്ഞു. ഓരോ അടിക്കും നല്ല പഞ്ചും. ഉണ്ടാവാതിരിക്ക്വോ, അമ്മാതിരി മൂപ്പിക്കലായിരുന്നില്ലേ. എന്തായാലും സോമേട്ടന് നല്ല മെയ് വഴക്കം ഉള്ളതുകൊണ്ട് എല്ലാ ബോഡിപാര്‍ട്ട്സിനും ഒന്നുവിടാതെ അടിവാങ്ങിച്ചെടുക്കാനും പറ്റി.
എല്ലാംകഴിഞ്ഞ് ചന്ദ്രന്‍ പോയപ്പോ, ഫുട്ബോള്‍ വീണ ചാണകം പോലെ ബോധമില്ലാതെ കിടന്നിരുന്ന സോമേട്ടന്‍റെ മുഖത്ത് രണ്ടു ബക്കറ്റ് വെള്ളം കോരി ഒഴിക്കേണ്ടിവന്നു സുഭാഷിന്. സോമേട്ടന്‍ വരാന്‍ ഇത്രയും പാടില്ലായിരുന്നു, സോമേട്ടന്‍റെ ബോധം വരാനായിരുന്നു പാട്. പട്ടാളക്കാരന്‍റെ കയ്യീന്ന് മര്‍മ്മത്ത് കിട്ടിയത് കൊണ്ടാവണം, ബോധം വന്നപ്പോ സോമേട്ടന്‍ ഫുള്‍ ഹിന്ദി.
” മേം കഹാ ഹും, മേം കോന്‍ ഹും?”
സുഭാഷ് ചൂടായി “ഇതിനാണോടോ പരട്ടേ നിങ്ങള് കോയമ്പത്തൂരീന്നു വന്നത്? റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണിച്ച സ്റ്റെപ്പൊക്കെ ഏത് അടുപ്പില്‍ പോയി കിടക്കായിരുന്നു??”
“സുഭാഷേ…അയാളിങ്ങനെ അടിക്കും എന്ന് ഞാന്‍ വിചാരിച്ചില്ല. എന്‍റെ സ്റ്റെപ്പ് പുറത്തെടുക്കാന്‍ അയാളുടെ ഒരടിയെങ്കിലും ഞാന്‍ തടുക്കണ്ടേ?”
“തടുത്തൂടെ? ഇങ്ങള് വാളയാര്‍ വാസു ഗുരിക്കളുടെ അടുത്തൂന്ന് അടിതട പഠിച്ചിട്ടുള്ളതല്ലേ?”
“ശരിയാണ് പക്ഷെ, അടി പഠിച്ച് കഴിഞ്ഞപ്പോഴേക്ക് ഫീസ് കൊടുക്കാത്തതിന് ഗുരിക്കള് പിടിച്ച് പുറത്താക്കി, തട പഠിക്കാന്‍ പറ്റീല.”