എറണാംകുളത്ത് നിന്നും വീട്ടിലേക്ക് പോവാനായി ഇടപ്പള്ളി സ്റ്റോപ്പിൽ ബസ് നോക്കിനിൽക്കുകയായിരുന്ന രാത്രി. അത്യാഹിതം അന്ന് സ്വരൂപിന്‍റെ രൂപത്തിലാണ് വന്നത്. ആകസ്മികമായ കൂട്ടിമുട്ടൽ!
നാല് ഷവർമ്മ ചിലവായ പരിചയം പുതുക്കലിനൊടുവിൽ സ്വരൂപ് പറഞ്ഞു,
“എടാ… നീ വീട്ടിലേക്കല്ലേ? എന്‍റെ ഒരു ഫ്രണ്ട് ഇന്ന് രാത്രി കോഴിക്കോട്ടേക്ക് കാറിൽ പോവുന്നുണ്ട്, വേണേൽ നിനക്കവന്‍റെ കൂടെ പോവാം”
“വേണം.”
ഷവർമ്മടെ കാശ് അപ്പൊ ലാഭത്തിലായി. അല്ലേലും ചില ലാറ്റിറ്റ്യൂഡുകളിൽ സ്വരൂപ് മുത്താണ്. അവൻ പിന്നെ എന്നെ സഹായിച്ച ചാരിതാർഥ്യത്തിൽ രണ്ട് ജ്യൂസ് കൂടെ കുടിച്ചു. മുത്തല്ല മുത്തല്ല…

അധികംവൈകാതെ അവന്‍റെ കൂട്ടുകാരൻ കാറും കൊണ്ട് അങ്ങോട്ടെത്തി. വരിക്കപ്ലാവിന്‍റെ വണ്ണവും, വാടാനംകുറിശ്ശിയുടെ നിഷ്കളങ്കതയുമുള്ള ഒരു സാധു, കുട്ടേട്ടൻ! ഞങ്ങൾ സ്വരൂപിനോടും എറണാകുളത്തോടും രണ്ട് യാത്ര വെച്ച് പറഞ്ഞു.
അങ്കമാലി വരെ ഞങ്ങൾ പാട്ടും പാടി പോന്നു. പെട്ടെന്ന്, മുന്നിൽ പോയ ഒരു കാറിൽ നിന്നും ഒരു പ്ലാസ്റ്റിക് കുപ്പി പുറത്തേക്ക് തെറിക്കുന്നത് കണ്ട് കുട്ടേട്ടൻ വണ്ടിനിർത്തി ഓടിപ്പോയി ആ കുപ്പിയുമായി തിരിച്ച് കാറിൽകയറി. എന്തോ തകരാറു പോലെ. ഞാൻ കാര്യം തിരക്കി,
“എന്താ കുട്ടേട്ടാ?”
“പ്ലാസ്റ്റിക് മാലിന്യം നാടിന് ആപത്താണ്”
ചക് ദേ ഇന്ത്യ!
തകരാറ് കുട്ടേട്ടനാണ്!!
ഞാൻ ഉടനെ ഫോണെടുത്ത് സ്വരൂപിന് ടെക്സ്റ്റ് ചെയ്തു.
“എടാ, ഇയാളെന്താ ഇങ്ങനെ?”
“അയാള് അങ്ങനെയാടാ….”
“എങ്ങനെ?”
“അങ്ങനെ! പണ്ട് ജിംഗാന ജിമ്മില് ട്രൈസെപ്സിന് കളിച്ചോണ്ടിരിക്കുമ്പൊ ഡമ്പല് മണ്ടയ്ക്ക് വീണ് കിളി വന്നതാ”
“കിളി വന്നതോ?!”
“അതെ, ജനിച്ചപ്പൊ കിളി ഉണ്ടായിരുന്നില്ല. പക്ഷെ വന്നപ്പൊ രണ്ടു കിളി അധികം വന്നു!!”

ഞാൻ സീറ്റ് ബെൽറ്റിട്ട് രാമനാമം ചൊല്ലി ഇരുന്നു. കുന്ദംകുളം കഴിഞ്ഞ് പെരുമ്പിലാവ് എത്തും മുൻപ് അതാ അടുത്തത്. കുട്ടേട്ടൻ വീണ്ടും എന്തോ കണ്ട് വണ്ടി സഡൻ ബ്രെയ്ക്കിട്ടു റിവേഴ്‌സെടുത്തു.
എന്താ കണ്ടത്? റോഡിന്റെ ഓരത്ത് വെറുതെ മരിച്ചു കിടക്കുന്ന ഒരു പട്ടി.
“നമുക്കതിനെ അതിനെ കുഴിച്ചിടണം!”
എന്‍റെ അഡ്രിനാലിൻ ഗ്രന്ഥി ഒരു കുരവയിട്ടു. ഞാൻ സമയമൊന്നു നോക്കി, മുതുപാതിര പതിനൊന്നര! കുഴിച്ചിടാൻ പറ്റിയ സമയം.
“കുട്ടേട്ടാ, റോഡിന്‍റെ അറ്റത്തല്ലേ അത് കിടക്കുന്നത്, ആ ഭാഗത്തൊക്കെ കൂടി ആര് വണ്ടി ഓടിക്കാനാ”
“ചില അവന്മാര് അതിലൂടെയേ ഓടിക്കൂ… ആ പട്ടിയല്ല, ഒരു പട്ടിയും റോഡിൽ വണ്ടികയറി അരഞ്ഞരഞ്ഞു പോവുന്നത് എനിക്ക് കണ്ടുനിൽക്കാൻ പറ്റില്ല. ശവശരീരങ്ങളൊട് നമ്മള് നീതി കാണിക്കണം”

വേറെ വർത്താനം ഉണ്ടായില്ല. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി ഒരു കൈകോട്ട് സംഘടിപ്പിക്കാനായി അടുത്ത് കണ്ട വീട്ടിലേക്ക് ചെന്നു. കുട്ടേട്ടൻ ബെല്ലടിച്ചു, ഞാൻ രണ്ട് സ്റ്റെപ്പ് മാറി നിന്നു. നട്ടപാതിരായ്ക്ക്, സ്വസ്ഥമായി ഇങ്ങനെ ഉറങ്ങികിടക്കുമ്പോ, ഒരുത്തൻ വന്ന് വാതില് മുട്ടീട്ട്, “കൈക്കോട്ടുണ്ടോ ചേട്ടാ ഒരെണ്ണം എടുക്കാൻ?” എന്ന് ചോദിച്ചാൽ ആരായാലും എടുത്ത് കൊടുക്കില്ലേ, മാധ്യമാവതി രാഗത്തിൽ ഒരാട്ടും, നാലും അഞ്ചും എട്ട് പുളിച്ച തെറിയും.
കുട്ടേട്ടൻ അതും വാങ്ങി പോക്കറ്റിലിട്ടു അടുത്ത വീട്ടിലേക്ക് യാതോരു സങ്കോചവുമില്ലാതെ നടന്നു. എനിക്ക് ആ സാധനമുണ്ടായിരുന്നത് ഞാൻ ചോദിച്ചു,
“കുട്ടേട്ടാ…. ഇനിയിപ്പൊ ഈ വീട്ടുകാരെയും ബുദ്ധിമുട്ടിക്കണോ?”
“ശരിയാ, ബുദ്ധിമുട്ടിക്കണ്ട; ഞാൻ അവരോട് ചോദിക്കാതെ പോയി കൈകോട്ട് എടുത്തിട്ട് വരാം!!”
ഞാൻ പിന്നെ കൂട്ടുപോയില്ല.

കുട്ടേട്ടൻ ഒരു കൈക്കൊട്ടും കൊണ്ടുവന്ന് പട്ടിയെ നോക്കി ഒരു നിമിഷം നിന്നു. മൗന പ്രാർത്ഥനയായിരിക്കണം. പിന്നെ അതിനെ അങ്ങ് കോരി എടുക്കലും, പട്ടി കുട്ടേട്ടനെ ചാടി ഒരു കടി കടിച്ചതും ഒരുമിച്ചായിരുന്നു.
“ഓടിക്കടാ, പട്ടി ചത്തിട്ടില്ല!” എന്ന് കുട്ടേട്ടൻ വിളിച്ചുപറഞ്ഞപ്പോഴേക്കും ഞാൻ കാറിനുള്ളിലെത്തിയിരുന്നു. ഞങ്ങൾ വണ്ടിയെടുത്ത് പോരുമ്പോഴും പട്ടി അവിടെനിന്ന് കുട്ടേട്ടനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
”ഒന്ന് കിടന്നുറങ്ങാനും സമ്മതിക്കില്ലേടാ മനുഷ്യന്‍റെ മോനേ…” എന്നായിരിക്കും.

കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ വീടെത്തി. ഷെയ്ക്ക് ഹാന്റ് ചെയ്ത് പിരിയാൻ നേരം കുട്ടേട്ടൻ പറഞ്ഞു,
“ഇത് വേണമെങ്കിൽ നീ എടുത്തോ ട്ടോ”
ഞാൻ നോക്കി, ബാക്ക് സീറ്റിലിരിക്കുന്നു ആ കൈക്കോട്ട്!! കടി കിട്ടിയ വെപ്രാളത്തിൽ അളിയൻ അതും കൊണ്ടാണ് ഓടി കാറിൽ കേറിയത്!
ആ സെക്കന്റിൽ ഒരു ഫ്‌ളാഷ് ന്യൂസാണ് എന്റെ മനസ്സിൽ തെളിഞ്ഞത്,
‘കൈക്കോട്ട് മോഷണം, തിരക്കഥാകൃത്ത് അറസ്റ്റിൽ!’

Deepu Pradeep