കോളേജിൽ, രണ്ടാമത്തെ ഹവറു കഴിഞ്ഞുള്ള ഇന്റർവെല്ലിന്റെ സമയത്ത്, മെയിൻ ബ്ലോക്കിന്റെ ശ്രീലങ്ക പോലെ കിടക്കുന്ന മിൽമ ബൂത്താണ് രംഗം.
ഇനിയും പുറത്ത് വിട്ടിട്ടില്ലാത്ത ഞങ്ങളുടെ ഒരു തീസിസിന്റെ ഭാഗമായി, ലൈം കുടിക്കുന്ന പെണ്കുട്ടികളുടെ എണ്ണം എടുത്തുകൊണ്ട് നിൽക്കുമ്പോഴാണ്, സഹ ക്ലാസുകാരനായ അവൻ 1080×720 പിക്സലിൽ നടന്നുവരുന്നത് കാണുന്നത്. നമ്മക്കീ അബദ്ധം പറ്റലിന്റെ അസ്കിത ഉള്ളതുകൊണ്ട് ഒന്നു കുശലാന്വേഷണം നടത്താൻ തോന്നുമല്ലോ,
“എന്താടാ ലേറ്റ് ആയേ?”

“ഒന്നും പറയണ്ട. കുമ്പിടിയിൽ നിന്ന് മലമക്കാവ് വരാൻ രണ്ട് റൂട്ടാണുള്ളത്. മണ്ണിയംപെരുമ്പലത്ത് നിന്ന് റൈറ്റ് എടുത്ത് പോവുന്ന വഴിയാണ് കിലോമീറ്റർ ലാഭം. എന്നിട്ടും കുട്ടാട്ടെ സന്തോഷേട്ടൻ ആനക്കര വഴി കറങ്ങി പോയി, എന്തോണ്ടാ?

ഇവിടെ സന്തോഷേട്ടൻ ആരാന്ന് മനസ്സിലായിട്ടില്ല, അപ്പഴാണ് (ആത്മഗതം) “പാസ്”

“ഐഡിയ സ്റ്റാർ സിംഗർ ഒഡീഷന് പോയ ഉമേഷിന്റെ വീട്ടിൽ പടക്കം കൊണ്ടോയി കൊടുക്കാൻ, ഒഡീഷൻ കിട്ടുമ്പൊ അപ്പൊ പൊട്ടിക്കാൻ. സന്തോഷേട്ടൻ പോവുന്ന വഴി കുട്ടൻ മാഷിന്റെ അനിയൻ ബൈക്കിന്‌ ലിഫ്റ്റ് ചോദിച്ചു. കുട്ടിയോളല്ലേ, ബൈക്ക്മ്ന്ന് വീണ് കാല് പൊളിയണ്ടല്ലോ എന്ന് കരുതി സന്തോഷേട്ടൻ ലിഫ്റ്റ് കൊടുത്തില്ല. ആ വിഷമത്തിന് അവൻ പിന്നാലെ വന്ന നമ്മടെ ഉത്തമേട്ടന്റെ ഓട്ടോയിൽ കേറി വീട്ടിലേക്ക് വിടാൻ പറഞ്ഞു. പിന്നെ അവരുടെ ഓട്ടോർഷ അമ്പലകുളത്തിന് അടുത്ത് എത്തുമ്പൊ കാണുന്നത് എന്താ? സന്തോഷേട്ടൻ ജമന്തി ചേച്ചിക്ക് ലിഫ്റ്റ് കൊടുക്കുന്നു!”

‘ജമന്തി ചേച്ചി ബൈക്കിൽ നിന്നു വീഴുമായിരിക്കും’, എന്റെ മനസ്സ് മന്ത്രിച്ചു. എവടെ, അതും ഉണ്ടായില്ല.

“ഇത് കണ്ട ദേഷ്യത്തിൽ ചെക്കൻ ഉത്തമേട്ടനോട് അവരെ ഓവർടേക്ക് ചെയ്യാൻ പറഞ്ഞു. ഉത്തമേട്ടൻ ഒരു കത്തിക്കല്…. ചെക്കനറിയില്ലല്ലോ കൂട്ടകടവ് ഉള്ള അബ്ദുന് കൈക്കൂലി കൊടുത്തിട്ടാണ് ഉത്തമേട്ടന് ലൈസൻസ് കിട്ടീത് ന്…. വണ്ടി കണ്ഡ്രോള് പോയി സൂരജിന്റെ മുറ്റം വഴി മാനുക്കയുടെ പറമ്പിലേക്ക് ഒറ്റ പോക്ക്…. ഉത്തമേട്ടൻ മാനുക്കയുടെ പറമ്പില് ആദ്യം കണ്ട കവുങ്ങിലിടിച്ച് വണ്ടി നിർത്തി.”

“നീയും നിർത്തടാ! ഇതിലെന്താടാ നിന്റെ റോള്?”

“ഞാൻ എന്നും രാവിലെ വരാറുള്ള ബസ് ഓടിക്കുന്നത് മാനുക്കയല്ലേ”

“അതിന്?”

“മാനുക്ക ആ കവുങ്ങിന്റെ മോളിലുണ്ടായിരുന്നു!”

ബസ് വന്നില്ല, അയ്നാണ്. അയ്നാണ് അവനീ തൃത്താല താലൂക്കിലെ ജീവിച്ചിരിക്കുന്ന സകലരുടെയും ഓട്ടോബയോഗ്രാഫി സിമ്പലടിക്കാതെ പറഞ്ഞത്.
റിസൾട്ടോ, തിരിച്ച് ക്ലാസിലെത്തുമ്പോഴേക്ക് അവന്റെ തേർഡ് ഹവർ അറ്റന്റൻസ് കൂടി പോയിട്ടുണ്ടാവും, എന്റേം.

ശു കഴിഞ്ഞൊരു ഭം.

Deepu Pradeep